This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐ-ഐ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:52, 21 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐ-ഐ

Aye-aye

ഐ-ഐ

കുരങ്ങുകളുടെ ഗോത്രത്തിൽ (Primates) ഡോബന്റോണിയിഡേ കുടുംബത്തിലെ ഒരേ ഒരംഗം. ശാ.നാ. ഡോബന്റോണിയ മഡഗാസ്‌കാറിയന്‍സിസ്‌ (Daubentonia madagascariensis) മെഡഗാസ്‌കറിൽ മാത്രം കാണപ്പെടുന്നതിലാണ്‌ ഈ പേരു ലഭിച്ചത്‌. 22 പല്ലുകള്‍ മാത്രമുള്ള ഇതിന്റെ കോമ്പല്ലുകളും (canines) അവയോടു തൊട്ടുള്ള അണപ്പല്ലുകളിൽ (premolars) ചിലതും നഷ്‌ടമായിരിക്കുന്നു. ഈ ജന്തുവിന്റെ ശ്രദ്ധേയമായ ഒരു പ്രത്യേകതയാണ്‌ ഇത്‌. അണ്ണാന്‍ തുടങ്ങിയ റോഡന്റുകളുടേതുപോലെ ചേർന്നിരിക്കുന്നതും അകവശത്ത്‌ ഇനാമലില്ലാത്തതുമായ ഉളിപ്പല്ലുകളാണ്‌ ഇവയുടേത്‌. കരണ്ടുതിന്നുന്ന ശീലമാണ്‌ ഇവയ്‌ക്കുള്ളത്‌. ബഫണ്‍, കൂവിയേ എന്നീ ശാസ്‌ത്രജ്ഞന്മാർ ഈ പ്രത്യേകതകള്‍മൂലം ഇവയെ റോഡന്റുകളുടെ വകുപ്പിൽപ്പെടുത്തിയിരുന്നു. വളരെക്കാലത്തിനുശേഷം മാത്രമാണ്‌ കുരങ്ങുകളോട്‌ ഇവയ്‌ക്കുള്ള സാദൃശ്യം മനസ്സിലാക്കി ഇവയെ ഒരു പ്രത്യേക കുടുംബമായി ഗണിച്ചു തുടങ്ങിയത്‌.

രാത്രിയിൽ സഞ്ചരിക്കുന്നതും കുരങ്ങിനെപ്പോലുള്ളതുമായ "ലീമർ' (lemur)എന്ന ജീവിയോട്‌ ഐ-ഐക്ക്‌ ബാഹ്യപ്രകൃതിയിൽ സാമ്യമുണ്ട്‌. ഒരു പൂച്ചയോളം വലുപ്പം വരുന്ന ഇതിന്‌ ശരീരത്തിൽ കട്ടികൂടിയതും വെള്ളിപോലെ തിളങ്ങുന്നതുമായ രോമങ്ങളും നീണ്ട്‌ രോമനിബിഡമായ വാലുമുണ്ട്‌. കാലുകളെക്കാള്‍ വളരെ നീളം കുറഞ്ഞതാണ്‌ കൈകള്‍. വലുപ്പമേറിയ കണ്ണുകളും കനം കുറഞ്ഞ്‌ വൃത്താകൃതിയിലുള്ള വലിയ ചെവികളും ഒട്ടും മാംസളമല്ലാത്ത, നേർത്ത വിരലുകളും ഇതിന്റെ മറ്റു പ്രത്യേകതകളാണ്‌. കുഴികളിലും മറ്റുംനിന്ന്‌ ഇന്‍സെക്‌റ്റ്‌ ലാർവകളെ തോണ്ടിയെടുക്കുന്നതിനും മുളങ്കൂമ്പിന്റെയും കരിമ്പിന്റെയും ഉള്ളിൽനിന്ന്‌ നീരെടുക്കുന്നതിനും ഇതിന്റെ നേർത്ത്‌ കമ്പിപോലുള്ള മൂന്നാമത്തെ വിരൽ പ്രയോജനപ്പെടുന്നു. പകൽസമയം മുഴുവനും ഇവ വൃക്ഷത്തലപ്പുകളിലുള്ള കൂടുകളിൽ കഴിഞ്ഞുകൂടുന്നു. രാത്രിയാകുന്നതോടെ ആണും പെണ്ണും ചേർന്ന്‌ ജോടിയായി വൃക്ഷങ്ങള്‍ക്കിടയിൽ പതുങ്ങിനടക്കുന്നു. കീടങ്ങള്‍, മരത്തൊലി, ഫലവർഗങ്ങള്‍, പക്ഷിമുട്ടകള്‍, തേന്‍ എന്നിവയാണ്‌ പ്രധാന ആഹാരം. ഇവയെ ഇണക്കിവളർത്താനുമാകും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%90-%E0%B4%90" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍