This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസ്‌ക്രീം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:13, 14 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐസ്‌ക്രീം

Icecream

പാൽ, പഞ്ചസാര, മുട്ട, ക്രീം (നോ: ക്രീം), സുഗന്ധവസ്‌തുക്കള്‍ എന്നിവ ചേർത്ത്‌ ശീതീകരിച്ച്‌ ഉണ്ടാക്കുന്ന ഒരു ഭക്ഷ്യവസ്‌തു. യൂറോപ്പിൽ നിന്നാണ്‌ ഇത്‌ ലോകമെമ്പാടും പ്രചരിച്ചത്‌; വ്യാവസായികാടിസ്ഥാനത്തിൽ മിക്ക രാജ്യങ്ങളിലും വന്‍തോതിൽ ഇന്ന്‌ നിർമിച്ചുവരുന്നു. വളരെ പോഷകപ്രദവും അത്യന്തം രൂചികരവുമായ ഒരു ഭക്ഷ്യവസ്‌തുവാണിത്‌.

തയ്യാർ ചെയ്യുന്നവിധം. പാകം ചെയ്‌ത സ്റ്റാർച്ച്‌; ജലാറ്റിന്‍, മുട്ട, പാൽ, പഞ്ചസാര, എസ്സെന്‍സ്‌ എന്നിവ ചേർത്ത്‌ നന്നായി യോജിപ്പിച്ച മിശ്രിതം തണുപ്പിച്ച്‌ കട്ടിയാക്കിയാണ്‌ ഇതുണ്ടാക്കുന്നത്‌. തണുപ്പിക്കുന്ന പ്രക്രിയ നടക്കുമ്പോള്‍ത്തന്നെ ഇവ വീണ്ടും വീണ്ടും മഥിച്ചു യോജിപ്പിക്കാനുള്ള സജ്ജീകരണം ഉണ്ടെങ്കിലേ നല്ലതരം ഐസ്‌ക്രീം തയ്യാറാക്കാന്‍ സാധിക്കുകയുള്ളൂ. ഐസ്‌ തരികള്‍ രൂപം കൊള്ളാതിരിക്കുന്നതിനും വായു ചേർക്കുന്നതിനും തണുപ്പിക്കൽ പ്രക്രിയ വേഗത്തിലാക്കുന്നതിനും ഇതു സഹായിക്കുന്നു.

ഗൃഹാവശ്യത്തിനായുണ്ടാക്കുന്ന ഐസ്‌ക്രീം റഫ്രിജറേറ്ററിൽവച്ചോ പ്രത്യേക ഐസ്‌പാത്രത്തിൽ വച്ചോ തയ്യാറാക്കാം. റഫ്രിജറേറ്ററിൽവച്ചാണ്‌ തണുപ്പിക്കുന്നതെങ്കിൽ മിശ്രിതം കൂടെക്കൂടെ വെളിയിലെടുത്ത്‌ മഥിച്ചു യോജിപ്പിക്കേണ്ടതുണ്ട്‌. പ്രത്യേക ഐസ്‌ബക്കറ്റിലാണെങ്കിൽ പുറത്തെ തടികൊണ്ടുള്ള അറയിൽ ഐസും ഉപ്പും നിറച്ചിരിക്കും. ലോഹംകൊണ്ടുള്ള അകത്തെ അറയിൽ ഐസ്‌ക്രീം നിറയ്‌ക്കാം. ഇതിൽ കൈകൊണ്ട്‌ തിരിക്കാവുന്ന ഒരു മിക്‌സർ ഘടിപ്പിച്ചിട്ടുണ്ട്‌. മിശ്രിതം കട്ടിയാകുന്നതുവരെ ഇത്‌ കൈകൊണ്ട്‌ തിരിച്ചുകൊണ്ടിരിക്കണം. റഫ്രിജറേറ്റർ കണ്ടുപിടിക്കുന്നതിനുമുമ്പ്‌ ഈ ഉപകരണമാണ്‌ ഐസ്‌ക്രീം ഉണ്ടാക്കുന്നതിനുപയോഗിച്ചിരുന്നത്‌.

വ്യാവസായികമായി ഐസ്‌ക്രീം തയ്യാർചെയ്യുമ്പോള്‍ അതിൽ മുട്ടയോ സ്റ്റാർച്ചോ സാധാരണയായി ചേർക്കാറില്ല. പകരം ജലാറ്റിന്‍, പശ (ട്രാഗാകാന്ത്‌ ഗം) തുടങ്ങിയ വസ്‌തുക്കള്‍ ചേർക്കുന്നു. മിശ്രിതം - 6.70 C-ൽ തയ്യാറാക്കി - 17.80C-ൽ തണുപ്പിച്ചെടുക്കുകയാണ്‌ പതിവ്‌. തണുപ്പിച്ച്‌ കട്ടിയാക്കുന്നതിനുമുമ്പ്‌ മിശ്രിതം പാസ്‌ചറൈസ്‌ ചെയ്യാറുണ്ട്‌. ജലാറ്റിന്‍, ഗം മുതലായവ ഐസ്‌ തരികള്‍ രൂപംകൊള്ളുന്നതിനെ തടയും. ഇങ്ങനെ തയ്യാറാക്കപ്പെടുന്ന ഐസ്‌ക്രീം കടലാസ്‌, പ്ലാസ്റ്റിക്‌ തുടങ്ങിയവകൊണ്ടു പ്രത്യേകം തയ്യാറാക്കപ്പെട്ടിട്ടുള്ള പാത്രങ്ങളിൽ നിറച്ച്‌ ഫ്രീസിങ്‌ സൗകര്യമുള്ള വാഹനങ്ങളിൽ കയറ്റി കട-കമ്പോളങ്ങളിൽ എത്തിക്കുന്നു. ഉപഭോക്താവിന്‌ ലഭിക്കുവോളം ശീതീകരണത്തിനു തടസ്സം നേരിടരുതെന്നത്‌ ഐസ്‌ക്രീം വ്യവസായത്തിൽ പ്രത്യേകം പ്രാധാന്യമർഹിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലാണ്‌ ഐസ്‌ക്രീമിന്‌ ലോകവ്യാപകമായ പ്രചാരം ലഭിച്ചത്‌. വായുവിന്റെ അളവ്‌ വർധിപ്പിച്ച്‌ ഐസ്‌ക്രീമിന്‌ മൃദുത്വം നല്‌കുന്ന സമ്പ്രദായമാണ്‌ ഇതിനുമുഖ്യകാരണം. മുപ്പതിലേറെ ഫ്‌ളേവറുകളിലായി ആയിരത്തിലധികം വകഭേദങ്ങള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍