This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസോമെറിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:13, 5 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐസോമെറിസം

Isomarism

വ്യത്യസ്‌ത രാസപദാർഥങ്ങള്‍ക്ക്‌ ഒരേ തന്മാത്രാഫോർമുല (തന്മൂലം ഒരേ തന്മാത്രാഭാരവും) ഉണ്ടായിരിക്കുക എന്ന പ്രതിഭാസം. തന്മാത്രയുടെ അന്തർഭാഗത്ത്‌ ഒരേ അണുക്കള്‍ വിവിധരീതിയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നതിനാലാണ്‌ പദാർഥങ്ങള്‍ക്കു വ്യത്യാസമുണ്ടാകുന്നത്‌. ഓർഗാനികയൗഗികങ്ങളിലും കോംപ്ലക്‌സ്‌ യൗഗികങ്ങളിലും ഐസോമെറിസം സർവസാധാരണമായി കാണപ്പെടുന്നു. ഒരേ ഭാരമുള്ളവ എന്ന അർഥത്തിലാണ്‌ "ഐസോമെർ' എന്ന പേർ നല്‌കിയിരിക്കുന്നത്‌; ഒരേ തന്മാത്രാഭാരമുള്ള വ്യത്യസ്‌ത പദാർഥങ്ങളിൽ ഒന്നു മറ്റുള്ളവയുടെ ഐസോമെർ ആണെന്നു പറയുന്നു; ഒരു ഐസോമെർ മറ്റൊന്നായി പരിവർത്തനം ചെയ്യുന്ന പ്രക്രിയയ്‌ക്ക്‌ ഐസോമെറീകരണം എന്നും. ചില ഐസോമെറുകളുടെ അന്യോന്യപരിവർത്തനം പ്രയാസമില്ലാതെ നടക്കുന്നു; ഇവ തമ്മിൽ ഊർജവ്യത്യാസം അധികം ഉണ്ടാവുകയില്ല. പ്രക്രിയയുടെ ഉത്തേജന-ഊർജവും വളരെ കുറവാണ്‌.

പ്രസിദ്ധ രസതന്ത്രജ്ഞനായിരുന്ന ബേഴ്‌സിലിയസ്‌ ആണ്‌ ഐസോമെറിസം എന്ന പ്രതിഭാസം കണ്ടുപിടിച്ചത്‌ (19-ാം ശ.). എന്നാൽ അപരരൂപത (allotropism) ബഹുരൂപത(polymerism)യും ഐസോമെറിസവും തമ്മിൽ ആദ്യകാലത്ത്‌ ഒന്നായി തെറ്റിദ്ധരിക്കപ്പെട്ടിരുന്നു.

ഐസോമെറിസത്തെ പ്രധാനമായി മൂന്നിനമാക്കാം: (1) സംരചനാ (structural) ഐസോമെറിസം; (2) സ്റ്റിറിയോ ഐസോമെറിസം; (3) അയോണീകരണ-ഐസോമെറിസം. ഇവയെ വീണ്ടും പലതായി തരംതിരിച്ചും പറയാറുണ്ട്‌.

1. സംരചനാഐസോമെറിസം. വാസ്‌തവത്തിൽ എല്ലാ ഐസോമെറിസത്തിനും സംരചനാ-വ്യത്യാസം തന്നെയാണ്‌ കാരണം. എങ്കിലും ഈ ഇനത്തിൽ ഉള്‍പ്പെടുത്തുന്നത്‌ തൊടുക്കപ്പെട്ട അണുക്കളുടെ പരമ്പരയിലെയോ തന്മാത്രയുടെ ഘടകങ്ങളായി കരുതാവുന്ന റാഡിക്കലുകളുടെ ഘടനാപരമ്പരയിലെയോ വ്യത്യാസത്താൽ സംജാതമാകുന്ന ഐസോമെറിസത്തെയാകുന്നു. ഇത്‌ പല തരത്തിലുണ്ടാകാം.

സ്ഥാനീയ(positional) ഐസോമെറിസം. ഇതിൽ ഐസോമെറുകള്‍ തമ്മിലുള്ള വ്യത്യാസം ഒന്നോ രണ്ടോ ഗ്രൂപ്പുകളുടെ അഥവാ അണുക്കളുടെ ഘടിതസ്ഥാനത്തിലുള്ള വ്യത്യാസമാകുന്നു. ഡൈപ്രതിസ്ഥാപിത(disubtituted)മായ ബെന്‍സീന്‍ വ്യുത്‌പന്നങ്ങള്‍ ഇതിനുദാഹരണമാണ്‌; 1, 2 ഡൈനൈട്രാ ബെന്‍സീന്‍ (ഓർഥോ വ്യുത്‌പന്നം), 1, 3 ഡൈനെട്രാബെന്‍സീന്‍ (മെറ്റാവ്യുത്‌പന്നം), 1, 4 ഡൈ നൈട്രാ ബെന്‍സീന്‍ (പാരാ വ്യുത്‌പന്നം) എന്നിവ ദൃഷ്‌ടാന്തമായെടുക്കാം. അതുപോലെ 1:3 പെന്റാ ഡൈ ഈനും (diene) 1:4 പെന്റാ ഡൈ ഈനും തമ്മിലുള്ള വ്യത്യാസവും ഇതിൽപ്പെടുന്നു. വലയ-ശൃംഖലാ(ring chain) ഐസോമെറിസം. വലയസംരചനയുള്ള യൗഗികവും തുറന്ന ശൃംഖലാ(open chain)സംരചനയുള്ള യൗഗികവും ഒരേ തന്മാത്രാഫോർമുലയോടുകൂടി വരുന്നത്‌ ഇതിൽപ്പെടുന്നു. ഉദാ.

മെറ്റാമെറിസം. ഒരേ ഗ്രൂപ്പുകളുള്ള യൗഗികങ്ങളിൽ ആൽക്കേന്‍ ഗ്രൂപ്പുകളുള്ള യൗഗികങ്ങളിൽ ആൽക്കേന്‍ ഗ്രൂപ്പുകളിൽ വ്യത്യാസം വരുന്ന പ്രതിഭാസം.

ലവണ(salt) ഐസോമെറിസം. കോംപ്ലക്‌സ്‌ ലവണങ്ങളിൽ ഉപസഹസംയോജിതമായ ഗ്രൂപ്പുകള്‍ ഐസോമെറുകളാകുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസവും മറ്റും ഈ ഇനത്തിൽപ്പെടുന്നു.

ടാറ്റോമെറിസം (Tautomerism). രണ്ട്‌ ഐസോമെറുകള്‍ തമ്മിൽ അന്യോന്യ ഐസോമെറീകരണ-സന്തുലനമുള്ളപ്പോള്‍ അവയെ ടാറ്റോമെറുകള്‍ എന്നാണ്‌ പറയുന്നത്‌; രണ്ടും തമ്മിൽ അണുസ്ഥാനവ്യത്യാസം ഉണ്ടാകും.

2. സ്റ്റിറിയോ ഐസോമെറിസം. ഈ ഇനത്തിൽ മുഖ്യമായും മൂന്ന്‌ ഉപഗണങ്ങളാണുള്ളത്‌. അണുക്കളുടെ പരമ്പരയിലും ഗ്രൂപ്പുകളിലും അണുബന്ധങ്ങളിലും തുല്യതയുണ്ടെങ്കിലും വിന്യാസത്തിൽ വ്യത്യാസമുണ്ടാകാം. ഇത്തരത്തിൽ മൂന്നു സന്ദർഭങ്ങള്‍ വരുന്നു: (1) ഓപ്‌റ്റിക്കൽ ഐസോമെറിസം (നോ. ഓപ്‌റ്റിക്കൽ ആക്‌റ്റിവിറ്റി). (2) ജ്യാമിതീയ-ഐസോമെറിസം അഥവാ സിസ്‌-ട്രാന്‍സ്‌ ഐസോമെറിസം. ഇതിൽ ദ്വിബന്ധത്തിന്റെ അഗ്രത്തിൽ ഉള്ള രണ്ട്‌ അണുക്കളിലെ ഗ്രൂപ്പുകള്‍ ദ്വിബന്ധ ബദ്ധങ്ങളായ അണുക്കളുടെ ദിശയെ ആധാരമാക്കി ഓരോ വശത്തും ഇരുവശങ്ങളിലായും വരുന്ന സംരചനകളാണുള്‍പ്പെടുന്നത്‌. ഗ്രൂപ്പുകള്‍ ഒരേ വശത്ത്‌-അടുത്തടുത്ത്‌-വരുമ്പോള്‍ യൗഗികം സിസ്‌ എന്നും എതിർവശങ്ങളിൽ (അകലെ) ആകുമ്പോള്‍ ട്രാന്‍സ്‌ എന്നും മുന്‍കുറിപ്പുകളാലാണ്‌ ഐസോമെറുകള്‍ വിവരിക്കപ്പെടുക. മലെയിക്‌ ആസിഡും ഫ്യുമെറിക്‌ ആസിഡും ഇത്തരം ഐസോമെറുകളാണ്‌.

ഓക്‌സീമുകളിലെ സിന്‍-ആന്റി രൂപങ്ങളും ജ്യാമിതീയ ഐസോമെറുകളാകുന്നു. ദ്വിബന്ധത്താൽ തന്മാത്ര ദൃഢമാകുന്നതിനാലാണ്‌ ഇതുണ്ടാകുന്നത്‌. (3) ഏകബന്ധങ്ങളുള്ള ചില യൗഗികങ്ങളിൽ ഒരു കാർബണ്‍ അണു മറ്റുള്ളവയെ അപേക്ഷിച്ച്‌ ഘൂർണനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചില സംരചനകള്‍ക്ക്‌ സ്ഥിരത കൂടുതലായിരിക്കും. ഇത്തരം "കണ്‍ഫോർമേഷനു'കള്‍ കൊണ്ട്‌ ഘൂർണന-ഐസോമെറുകള്‍ ഉണ്ടാകുന്നു. സൈക്ലോഹെക്‌സേന്‍ വ്യുത്‌പന്നങ്ങള്‍ക്ക്‌ തോണി (boat) രേൂപവും കസേര (chair) രൂപവും ഉണ്ടാകുന്നതിങ്ങനെയാണ്‌.

3. അയോണീകരണ-ഐസോമെറിസം. ഒരേ തന്മാത്രയിൽ അയോണികവും സഹസംയോജകവുമായ രണ്ടുഭാഗങ്ങള്‍ ഉള്ളപ്പോള്‍ അയോണായും സഹസംയോജിതമായും ഉള്ള ഗ്രൂപ്പുകള്‍ അന്യോന്യം മാറ്റപ്പെട്ടു കിട്ടുന്ന ഐസോമെറുകളാണിവ.

(ഡോ. കെ. പി. ധർമരാജയ്യർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍