This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐശ്വര്യറായ്‌ (1973 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:09, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐശ്വര്യറായ്‌ (1973 - )

Aishwarya Rai

ഐശ്വര്യറായ്‌

ഇന്ത്യന്‍ ചലച്ചിത്രനടിയും "മിസ്‌വേള്‍ഡ്‌' ജേതാവും. 1973 ന. 1-ന്‌ കർണാടകയിലെ മംഗലാപുരം പ്രദേശത്തെ ഒരു തുളുവംശകുടുംബത്തിലാണ്‌ ജനനം. പിതാവായ കൃഷ്‌ണരാജ്‌ ഒരു സമുദ്രജീവശാസ്‌ത്രകാരനും മാതാവായ ബ്രിന്ദ്യ വീട്ടമ്മയുമായിരുന്നു. മർച്ചന്റ്‌ നേവിയിൽ എന്‍ജിനീയറായ ആദിത്യറായ്‌ ആണ്‌ ഏക ജ്യേഷ്‌ഠസഹോദരന്‍.

മുംബൈയിലേക്കു താമസം മാറ്റിയതോടെ റായ്‌, ആര്യമന്ദിർ ഹൈസ്‌കൂളിൽ ചേർന്നു. പിന്നീട്‌ ഒരു വർഷക്കാലം ജയ്‌ഹിന്ദ്‌ കോളജിൽ ഇന്റർമീഡിയറ്റ്‌ പഠനം നടത്തിയശേഷം മാട്ടുംഗപ്രദേശത്തെ ഡി.ജി. രൂപാരെൽ കോളജിൽ ചേർന്നു. എച്ച്‌.എസ്‌.സി. പരീക്ഷയിൽ റായ്‌ 90 ശതമാനം മാർക്ക്‌ നേടിയിരുന്നു. ബാല്യകാലത്തുതന്നെ അഞ്ചുവർഷത്തോളം ക്ലാസ്സിക്കൽ നൃത്തത്തിലും സംഗീതത്തിലും പരിശീലനം നേടിയിരുന്നു. ജന്തുശാസ്‌ത്രമായിരുന്നു പ്രിയപ്പെട്ട വിഷയമെന്നതിനാൽ വൈദ്യശാസ്‌ത്രപഠനം തുടങ്ങണമെന്ന്‌ റായ്‌ ആദ്യകാലത്ത്‌ കരുതിയിരുന്നു. എന്നാൽ പിന്നീട്‌ ആർക്കിടെക്‌റ്റ്‌ മേഖലയിൽ പ്രാവീണ്യം നേടാനായി രഹേജാ കോളജിൽ ചേർന്നുവെങ്കിലും മോഡലിങ്‌ രംഗത്ത്‌ തൊഴിൽ ലഭിക്കുന്നതിനായി വിദ്യാഭ്യാസത്തിനു വിരാമം കുറിക്കുകയാണുണ്ടായത്‌. ഒന്‍പതാം ക്ലാസ്‌ വിദ്യാർഥിനിയായിരിക്കുമ്പോഴാണ്‌ റായ്‌ക്ക്‌ ആദ്യത്തെ മോഡലിങ്‌ അവസരം കൈവന്നത്‌. ജയ്‌ഹിന്ദ്‌ കോളജിൽ പഠിക്കുന്ന അവസരത്തിൽ പ്രാഫസർമാരിലൊരാള്‍ റായ്‌യുടെ ചിത്രങ്ങളെടുത്ത്‌ വിവിധ മാസികകള്‍ക്ക്‌ പ്രസിദ്ധീകരണത്തിനായി നല്‌കുകയുണ്ടായി. 1991-ൽ ഫോർഡ്‌ സൂപ്പർ മോഡൽ മത്സരത്തിൽ റായ്‌ പങ്കെടുക്കുകയും വോഗ്‌ മാസികയിൽ മൂന്നുപ്രാവശ്യം റായ്‌യുടെ പടം കവർചിത്രമായി പ്രത്യക്ഷപ്പെടാന്‍ ഇടയാകുകയും ചെയ്‌തു. ആമിർഖാനോടൊപ്പം "പെപ്‌സി' കമ്പനിയുടെ പരസ്യചിത്രത്തിൽ വന്നതോടെയാണ്‌ റായ്‌ ജനശ്രദ്ധ നേടുന്നത്‌. ലോഞ്ചിന്‍സ്‌ വാച്ചുകള്‍, കൊക്കാകോള, ലാക്‌മെ, കാഷേ്യാ, ഫിലിപ്‌സ്‌, "പാമോലിവ്‌' തുടങ്ങിയ കമ്പനികള്‍ക്കുവേണ്ടി റായ്‌ മോഡലിങ്‌ നടത്തിയിട്ടുണ്ട്‌. അക്കാലത്തുതന്നെ ഡി ബെയേഴ്‌സ്‌ രത്‌നങ്ങളുടെ ഇന്ത്യയിലെ ഔദ്യോഗിക ബ്രാന്‍ഡ്‌ അംബാസഡർ പദവിയിലേക്ക്‌ റായ്‌ നാമനിർദേശം ചെയ്യപ്പെടുകയും ചെയ്‌തു.

1994-ലെ മിസ്‌ ഇന്ത്യാ മത്സരത്തിൽ സുസ്‌മിതാ സെന്നിനോടു പരാജിതയായി റായ്‌യ്‌ക്ക്‌ രണ്ടാംസ്ഥാനംകൊണ്ടു തൃപ്‌തിപ്പെടേണ്ടിവന്നിട്ടുണ്ട്‌. എന്നാൽ, അതേവർഷംതന്നെ മിസ്‌വേള്‍ഡ്‌ പട്ടം റായ്‌യെ തേടിയെത്തുകയാണുണ്ടായത്‌. വിശ്വസുന്ദരിയായി അവരോധിക്കപ്പെട്ടതോടെ റായ്‌ പഠനം ഉപേക്ഷിക്കുകയും ലണ്ടനിൽ വാസമുറപ്പിക്കുകയും ചെയ്‌തു. തുടർന്നും മോഡലിങ്‌ രംഗത്തു മികവു പ്രകടിപ്പിച്ച ഇവർ ചലച്ചിത്ര രംഗത്തു പ്രവേശിക്കുകയും പ്രശസ്‌തി കൈവരിക്കുകയും ചെയ്‌തു.

"വിശ്വസുന്ദരി'യായി വാഴ്‌ത്തപ്പെട്ട റായ്‌ മണിരത്‌നത്തിന്റെ ഇരുവർ (1997) എന്ന ചലച്ചിത്രത്തിലൂടെയാണ്‌ സിനിമാരംഗത്തു തുടക്കം കുറിച്ചത്‌. 1998-ൽ പുറത്തുവന്ന തമിഴ്‌ചിത്രമായ "ജീന്‍സ്‌' മികച്ച വ്യാവസായിക വിജയം കൈവരിച്ച ചിത്രവുമായിരുന്നു. സഞ്‌ജയ്‌ ലീലാ ബന്‍സാൽ സംവിധാനം ചെയ്‌ത "ഹം ദിൽ കെ ചുകെസനം' (1999) റായ്‌യുടെ ഹിന്ദി സിനിമാരംഗത്തേക്കുള്ള പ്രവേശനം സാധ്യമാക്കിത്തീർത്തു. മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും റായ്‌ക്കു സമ്മാനിക്കപ്പെട്ടു. 2002-ൽ ബന്‍സാലിന്റെ തന്നെ "ദേവദാസ്‌' എന്ന സിനിമയിലെ അഭിനയത്തിന്‌ റായ്‌ക്ക്‌ രണ്ടാമത്തെ ഫിലിംഫെയർ അവാർഡും ലഭിക്കുകയുണ്ടായി.

2003-05 കാലഘട്ടത്തിൽ റായ്‌യുടെ സിനിമാജീവിതത്തിനു നേരിയ മങ്ങലേല്‌ക്കുകയുണ്ടായി. രബീന്ദ്രനാഥടാഗൂറിന്റെ നോവലിനെ ആസ്‌പദമാക്കി റിതുപണോഘോഷ്‌ സംവിധാനം ചെയ്‌ത ബംഗാളി ചിത്രമായ "ചൊഖോർബാലി', ബോളിവുഡ്‌ സിനിമകളായ "ദിൽകാരിഷ്‌താ', "കുഛ്‌ ന കഹോ' എന്നിവയ്‌ക്കു വേണ്ടത്ര പ്രക്ഷകശ്രദ്ധ ലഭിക്കാതെ പോകുകയാണുണ്ടായത്‌. 2004-ൽ മാർട്ടിന്‍ ഹെന്‍ഡേഴ്‌സണോടൊപ്പം ഇവർ ഗുരിന്ദർ ഛാദയുടെ ബോളിവുഡ്‌ ശൈലിയിലുള്ള ഇംഗ്ലീഷ്‌ ചിത്രമായ "ബ്രഡ്‌ ആന്‍ഡ്‌ പ്രിജുഡിസ്‌ (Bride and Prejudice)-ൽ പ്രത്യക്ഷപ്പെട്ടു. 2005-ൽ സഞ്‌ജയ്‌ദത്ത്‌, സയെദ്‌ഖാന്‍ എന്നിവരോടൊപ്പം ഒരു ത്രികോണ പ്രണയം വിഷയമാക്കുന്ന "ശബ്‌ദ്‌' എന്ന ചിത്രത്തിൽ റായ്‌ വേഷമിട്ടു. നിരൂപകരിൽനിന്നും ശരാശരി നിലവാരത്തിലുള്ള പ്രതികരണം മാത്രമാണ്‌ ഈ ചിത്രത്തിന്‌ ലഭിച്ചത്‌. തുടർന്ന്‌ പുറത്തുവന്ന പോള്‍ മയേഡ ബെർഗെസിന്റെ "ദി മിസ്‌ട്രസ്‌ ഒഫ്‌ സ്‌പൈസസ്‌' എന്ന ചിത്രം കടുത്ത വിമർശനങ്ങളെ നേരിടേണ്ടിവന്നതിനെത്തുടർന്ന്‌ കനത്ത പരാജയം ഏറ്റുവാങ്ങുകയാണുണ്ടായത്‌.

മൂന്നുവർഷക്കാലത്തോളം തുടർന്നുവന്ന പരാജയചരിത്രത്തിനുശേഷം 2006-ൽ പുറത്തുവന്ന "ധൂം-2' (Dhoom-2) ഇന്ത്യയിലെങ്ങും വമ്പിച്ച പ്രദർശനവിജയമാണ്‌ കൈവരിച്ചത്‌. തുടർന്ന്‌ റായ്‌ അഭിനയിച്ച ഗുരു (2007), ജോധാ അക്‌ബർ (2008), യന്തിരന്‍ (2010) തുടങ്ങിയ ചിത്രങ്ങള്‍ വിജക്കൊടി പാറിച്ചതോടൊപ്പം തന്നെ വിമർശകശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി. ബോളിവുഡിലെ പ്രശസ്‌ത നടിമാർക്കിടയിൽ മുന്‍നിരക്കാരിയായിത്തന്നെ റായ്‌ ഇതിനോടകം സ്ഥാനം നേടിക്കഴിഞ്ഞിട്ടുണ്ട്‌.

സിനിമാഭിനയത്തോടൊപ്പം സാമൂഹികക്ഷേമ പ്രവർത്തനങ്ങളിലും റായ്‌ ഊർജസ്വലയായി ഇടപെടുന്നുണ്ട്‌. വിവിധങ്ങളായ ജീവകാരുണ്യ സംഘടനകളുടെ പ്രചാരണപരിപാടികള്‍ക്ക്‌ ബ്രാന്‍ഡ്‌ അംബാസിഡർ ദൗത്യം നിർവഹിക്കുന്നതു മഹത്തരകർമമായി റായ്‌ സ്വീകരിച്ചിട്ടുണ്ട്‌.

തന്നോടൊപ്പം ഒട്ടേറെ സിനിമകളിൽ നായകവേഷം അഭിനയിച്ചിരുന്ന അഭിഷേക്‌ ബച്ചനാണ്‌ റായ്‌യുടെ ഭർത്താവ്‌. ഇവർക്ക്‌ 11-11-11 -ൽ ഒരു കുഞ്ഞ്‌ ജനിച്ചു. 2009-ൽ ഐശ്വര്യറായ്‌ക്ക്‌ പദ്‌മശ്രീ പുരസ്‌കാരം നല്‌കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍