This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐവാനോവ്‌ (1866 - 1949)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഐവാനോവ്‌ (1866 - 1949)

Ironov

റഷ്യന്‍ കവിയും സാഹിത്യകാരനും. വിയാക്കസ്ലാവ്‌ ഐവാനോവിച്‌ ഐവാനോവ്‌ 1866 ഫെ. 16-ന്‌ മോസ്‌കോയില്‍ ജനിച്ചു; ബര്‍ലിന്‍, റോം, ആഥന്‍സ്‌, ലണ്ടന്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇദ്ദേഹത്തിന്റെ ആദ്യകാലകൃതികളില്‍ ശ്രദ്ധേയമായത്‌ ഗ്രീക്കു പുരാണത്തെ സംബന്ധിച്ച ഒരു പഠനമാണ്‌ (Hellenistic Religion of a Suffering God) ക്രമേണ കവിതാരചനയിലേക്കു തിരിഞ്ഞ ഇദ്ദേഹം റഷ്യന്‍ കവിതയിലെ സിംബോളിക്‌ പ്രസ്ഥാനത്തിന്റെ പ്രണേതാവായി മാറി. ഇദ്ദേഹത്തിന്റെ പൈലറ്റ്‌ സ്റ്റാര്‍സ്‌ (Pilot Stars) തുടങ്ങിയ ഗീതകസമാഹാരങ്ങള്‍ റഷ്യന്‍ സാഹിത്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുകയുണ്ടായി.

നീഷേയുടെ ദര്‍ശനപദ്ധതിയുമായി അടുപ്പമുള്ള ഐവാനോവിന്റെ സിംബോളിക്‌ കവിതകള്‍ ആധ്യാത്മിക പരിവേഷംകൊണ്ട്‌ ധന്യമാണ്‌. പുരാതന സംസ്‌കാരവുമായി ആത്മബന്ധമുള്ള കവിതകളാണ്‌ ഇദ്ദേഹം രചിച്ചത്‌. മതപരമായ സാങ്കല്‌പികകഥകളിലെ പ്രതീകങ്ങള്‍ക്ക്‌ വ്യാഖ്യാനം ചമയ്‌ക്കുക എന്നതാണ്‌ ഒരു കവിയുടെ പരമോന്നതലക്ഷ്യം എന്ന ആശയമാണ്‌ തത്ത്വചിന്താപരവും സൗന്ദര്യാത്മകവും വിമര്‍ശനപരവുമായ തന്റെ കൃതികളില്‍ ഇദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നത്‌. ദാന്തേ, പെട്രാര്‍ക്ക്‌, ബൈറണ്‍ തുടങ്ങിയവരുടെ കൃതികള്‍ ഇദ്ദേഹം റഷ്യനിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. പ്രശസ്‌ത ഭാഷാശാസ്‌ത്രപണ്ഡിതന്‍ കൂടിയായിരുന്ന ഐവാനോവ്‌ 1949 ജൂല. 16-ന്‌ റോമില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍