This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐക്‌മാന്‍, അഡോള്‍ഫ്‌ (1906 - 62)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:19, 21 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐക്‌മാന്‍, അഡോള്‍ഫ്‌ (1906 - 62)

Aikman, Adolf

ജർമന്‍ നാസി ഉദ്യോഗസ്ഥന്‍. നാസി സിദ്ധാന്തങ്ങളിലേക്കാകൃഷ്‌ടനായ ഐക്‌മാന്‍ 1932-ൽ ആസ്റ്റ്രിയന്‍ നാസി പാർട്ടിയിൽ ചേർന്നു. പിന്നീട്‌ ജർമനിയിൽപ്പോയി അവിടെനിന്നും യഹൂദ ചരിത്രവും ഹീബ്രൂ, യിദ്ദിഷ്‌ ഭാഷകളും അഭ്യസിച്ചു. ഹിറ്റ്‌ലറുടെ (1889-1945) സഹായികളിലൊരാളായ ഗോറിങ്‌ (Goering) 1933-ൽ സ്ഥാപിച്ച ഗസ്റ്റാപ്പോ (രഹസ്യപോലീസ്‌)വിന്‌ ജർമന്‍ പൊലീസ്‌ സംവിധാനത്തിൽ നിർണായകസ്ഥാനമുണ്ടായിരുന്നു. അതിന്റെ ശാഖോപശാഖകള്‍ ജനങ്ങളുടെ ഇടയിലും എല്ലാ ഡിപ്പാർട്ടുമെന്റുകളിലും സൈന്യത്തിലും നാസിപാർട്ടിക്കുള്ളിലും വ്യവസായ മേധാവികളുടെ ഇടയിലും ഗസ്റ്റാപ്പോക്കുള്ളിൽത്തന്നെയും ഗൂഢമായി പ്രവർത്തിച്ചു.

ആസ്റ്റ്രിയയിലെ യഹൂദരെ നാടുകടത്തുന്നതിൽ ഐക്‌മാന്‍ പ്രകടിപ്പിച്ച സാമർഥ്യംകാരണം അദ്ദേഹത്തിന്‌ ഗസ്റ്റപ്പോവിലെ യഹൂദവിഭാഗത്തിന്റെ തലവനായി നിയമനം ലഭിച്ചു. യഹൂദരെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുന്നതിന്‌ ഗ്യാസ്‌ ചേംബറുകളുടെ ഉപയോഗം പ്രാത്സാഹിപ്പിച്ചതും തടങ്കൽപ്പാളയങ്ങള്‍ ഏർപ്പെടുത്തിയതും ഐക്‌മാനായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ 60,00,000 യഹൂദർ കൂട്ടക്കൊലയ്‌ക്കിരയായി എന്നാണ്‌ കരുതപ്പെടുന്നത്‌. ഈ കൂട്ടക്കൊലയുടെയും നാടുകടത്തലുകളുടെയും പീഡനങ്ങളുടെയും മേൽനോട്ടം വഹിച്ചത്‌ ഐക്‌മാനായിരുന്നു.

1945-ൽ സഖ്യകക്ഷികള്‍ ഐക്‌മാനെ തടവിലാക്കി. അവിടെനിന്നും രക്ഷപ്പെട്ട ഇദ്ദേഹം 1950-ഓടുകൂടി അർജന്റീനയിൽ പാർപ്പുറപ്പിച്ചു. 1960-ൽ ഇസ്രയേലികള്‍ ഇദ്ദേഹത്തെ കണ്ടുപിടിക്കുകയും ഇസ്രയേലിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്‌തു. ഐക്‌മാന്‍ യഹൂദജനതയ്‌ക്കും മാനവരാശിക്കും എതിരെ കുറ്റം ചെയ്‌തുവെന്ന്‌ ഇസ്രയേലി കോടതിവിധി പ്രസ്‌താവിച്ചതിന്റെ ഫലമായി 1962-ൽ ഇദ്ദേഹം തൂക്കിക്കൊല്ലപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍