This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐക്യയൂറോപ്യന്‍ പ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:26, 21 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐക്യയൂറോപ്യന്‍ പ്രസ്ഥാനം

European Unification Movement

യൂറോപ്പിലെ ജനങ്ങളെ രാഷ്‌ട്രീയമായും സാമ്പത്തികമായും ഏകീകരിക്കുവാനായി രൂപവത്‌കൃതമായ പ്രസ്ഥാനം. ഇതിനുള്ള നിരവധി നിർദേശങ്ങള്‍ നൂറ്റാണ്ടുകളായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. ഒന്നാം ലോകയുദ്ധത്തിനുശേഷം ഫ്രഞ്ചുധനകാര്യമന്ത്രി അരിസ്റ്റെഡ്‌ ബ്രിയാന്‍ഡ്‌, ഒരു "യൂറോപ്യന്‍ ഐക്യനാടുകള്‍' രൂപവത്‌കരിക്കണമെന്ന്‌ അഭിപ്രായപ്പെടുകയുണ്ടായി. 1923-ൽ കൗണ്ട്‌ റിച്ചാർഡ്‌ കൗഡന്‍ഹോവ്‌ കലേർജി എന്ന ആസ്‌ട്രിയക്കാരന്‍ ഒരു സാർവയൂറോപ്യന്‍ യൂണിയനു(Pan-European Union)വേണ്ടി വാദിച്ചു. ഈ ശ്രമങ്ങളൊന്നും ഫലവത്തായില്ല.

രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലെ രാജ്യങ്ങള്‍ കമ്യൂണിസ്റ്റ്‌, കമ്യൂണിസ്റ്റിതരം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. തുടർന്ന്‌ പശ്ചിമയൂറോപ്യന്‍ ഏകീകരണത്തിനു ശക്തമായ നീക്കങ്ങളുണ്ടായി. ലോക രാഷ്‌ട്രീയത്തിൽ യു.എസ്സിനോടും യു.എസ്‌.എസ്‌.ആറിനോടും കിടനിൽക്കത്തക്കവിധം യൂറോപ്പിന്റെ നില ഭദ്രമാക്കുവാനുള്ള അഭിലാഷം, ഒരു ഏകീകൃതസമ്പദ്‌വ്യവസ്ഥയുടെ ഗുണം ലഭിക്കണമെന്ന ആഗ്രഹം ഇവയായിരുന്നു ഐക്യപ്രസ്ഥാനത്തിന്റെ പ്രരകോപാധികള്‍. പശ്ചിമയൂറോപ്യന്‍ സംഘടനകള്‍. 1944-ൽ ബെൽജിയം, നെതർലന്‍ഡ്‌സ്‌, ലക്‌സംബർഗ്‌ എന്നീ രാജ്യങ്ങളുടെ "ഒളി' ഗവണ്‍മെന്റുകള്‍ ലണ്ടനിൽച്ചേർന്ന്‌ ആഭ്യന്തരതടസ്സങ്ങള്‍ നീക്കി ഇതരരാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക്‌ ഒരു "പൊതുതീരുവ' ഏർപ്പെടുത്തിക്കൊണ്ട്‌ ഒരു കസ്റ്റംസ്‌ യൂണിയന്‍ രൂപവത്‌കരിക്കുവാന്‍ തീരുമാനിച്ചു. വിമോചനത്തിനുശേഷം 1946-ൽ ഒരു സമ്പൂർണ സാമ്പത്തികയൂണിയന്‍ സൃഷ്‌ടിക്കുന്നതിന്‌ അവർ സമ്മതിച്ചു. "ബെനെലക്‌സ്‌' (Benelux- ബെൽജിയം, നെതർലന്‍ഡ്‌സ്‌, ലക്‌സംബർഗ്‌ ഇവയെ സൂചിപ്പിക്കുന്ന പേര്‌) വളരെ പുരോഗതി നേടിയെങ്കിലും സാമ്പത്തികലയനത്തെ മന്ദീഭവിപ്പിച്ച പല ബുദ്ധിമുട്ടുകളും ഇതിന്‌ നേരിടേണ്ടിവന്നു.

1947-ൽ യു.എസ്‌. സഹായ വാഗ്‌ദാനത്തിന്റെ അടിസ്ഥാനത്തിൽ പുനരുദ്ധാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്‌ മിക്ക പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളും ഒത്തുചേർന്നു. 1948-ൽ അവർ "ഓർഗനൈസേഷന്‍ ഫോർ യൂറോപ്യന്‍ ഇക്കണോമിക്‌ കോ-ഓപ്പറേഷന്‍ (യൂറോപ്യന്‍ സാമ്പത്തിക സഹകരണസംഘടന-ഒ.ഇ.ഇ.സി.) സംഘടിപ്പിച്ചു. ഒ.ഇ.ഇ.സി.-ക്ക്‌ ദേശീയ സാമ്പത്തിക നയങ്ങളിന്മേൽ ഒരളവുവരെ സ്വാധീനതയുണ്ടായിരുന്നു. 1950-ൽ ഇതിലെ അംഗരാജ്യങ്ങള്‍ യൂറോപ്യന്‍ പേമെന്റ്‌സ്‌ യൂണിയന്‍ (ഇ.പി.യു.) രൂപവത്‌കരിച്ചു. ഇ.പി.യു. അന്തർയൂറോപ്യന്‍വ്യാപാരത്തെയും "പണമൊടുക്കി'(Payment)നെയും അനായാസമാക്കി. 1958 അവസാനത്തിൽ മിക്ക യൂറോപ്യന്‍ നാണയങ്ങളുടെയും വിദേശവിനിമയക്ഷമത (external-convertibility)

പുനഃസ്ഥാപിക്കപ്പെട്ടതോടെ ഇ.പി.യു.വിനു പകരം യൂറോപ്യന്‍ മോണിറ്ററി എഗ്രിമെന്റ്‌ സംസ്ഥാപിതമായി.

ഇതിനിടയ്‌ക്ക്‌ 1948-ൽ "ബെനെലക്‌സ്‌' രാജ്യങ്ങളും ഫ്രാന്‍സും ബ്രിട്ടനും ചേർന്ന്‌ "ബ്രസ്സൽസ്‌ ട്രീറ്റി ഓർഗനൈസേഷന്‍' രൂപവത്‌കരിച്ചു. ആക്രമണകാലത്ത്‌ പരസ്‌പരസഹായം നൽകുക, സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക സഹകരണം ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. 1954-ൽ പശ്ചിമജർമനിയെയും ഇറ്റലിയെയും അംഗങ്ങളായി ചേർത്തുകൊണ്ട്‌ ഇതിനെ വെസ്റ്റേണ്‍ യൂറോപ്യന്‍ യൂണിയന്‍ (ഡബ്ല്യു.ഇ.യു.) എന്ന പേരിൽ പുനഃസംഘടിപ്പിച്ചു. 1940 ആരംഭത്തിൽ വിന്‍സ്റ്റണ്‍ ചർച്ചിൽ ഉന്നയിച്ച നിർദേശങ്ങളെ മുഖ്യമായും ആധാരമാക്കി ഒരു അനൗദ്യോഗികസംഘടനയായ "യൂറോപ്യന്‍ മൂവ്‌മെന്റ്‌' നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 1949 മേയ്‌ 5-ന്‌ "കൗണ്‍സിൽ ഒഫ്‌ യൂറോപ്പ്‌' രൂപവത്‌കരിക്കപ്പെട്ടു. "പൊതുതാത്‌പര്യമുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ച ചർച്ചകളിലൂടെയും സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക-ശാസ്‌ത്രീയനിയമ ഭരണപരകാര്യങ്ങളിൽ സമാന പ്രവർത്തനത്തിലുള്ള യോജിപ്പിലൂടെയും' യൂറോപ്യന്‍ ഐക്യം ഊട്ടിവളർത്തുകയായിരുന്നു ഇതിന്റെ ഉന്നം. ടർക്കി, ആസ്‌ട്രിയ, ബെൽജിയം, സൈപ്രസ്‌, ഡെന്മാർക്ക്‌, ഫ്രാന്‍സ്‌, ഐസ്‌ലന്‍ഡ്‌, പശ്ചിമജർമനി, ഗ്രീസ്‌, അയർലണ്ട്‌, ഇറ്റലി, ലക്‌സംബർഗ്‌, മാള്‍ട്ട, നെതർലന്‍ഡ്‌സ്‌, നോർവേ, സ്വീഡന്‍, സ്വിറ്റ്‌സർലണ്ട്‌, ബ്രിട്ടന്‍ എന്നീ 18 രാജ്യങ്ങളാണ്‌ ഇതിലെ അംഗങ്ങള്‍. ഈ കൗണ്‍സിൽ ആരംഭിച്ച വളരെ കുറച്ചു പരിപാടികളിൽ പ്രധാനമായത്‌ "മനുഷ്യാവകാശങ്ങളും മൗലികസ്വാതന്ത്യ്രങ്ങളും സംരക്ഷിക്കുന്നതിനുള്ള കണ്‍വെന്‍ഷന്‍' ആയിരുന്നു. എന്നാൽ യൂറോപ്പിന്റെ രാഷ്‌ട്രീയ ഏകീകരണത്തിന്റെ കേന്ദ്രബിന്ദുവായിത്തീരാന്‍ ഈ സംഘടനയ്‌ക്ക്‌ സാധിച്ചില്ല.

ചെറിയ യൂറോപ്പ്‌ (Little Europe). ഒ.ഇ.ഇ.സി.-യുടെയും കൗണ്‍സിൽ ഒഫ്‌ യൂറോപ്പിന്റെയും പൊതുസ്വഭാവം അവയുടെ രണ്ടിന്റെയും മിക്ക നടപടികള്‍ക്കും എല്ലാ തത്‌പരരാഷ്‌ട്രങ്ങളുടെയും അംഗീകാരം ആവശ്യമായിരുന്നു എന്നതാണ്‌. കാര്യങ്ങള്‍ കുറേക്കൂടെ ശീഘ്രമായി നടക്കണമെന്നാഗ്രഹിച്ച ആറു രാഷ്‌ട്രങ്ങള്‍ ഫ്രാന്‍സ്‌, പശ്ചിമജർമനി, ഇറ്റലി, ബെനെലക്‌സ്‌ രാജ്യങ്ങള്‍-ചേർന്ന്‌, തങ്ങളുടെ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം ദൃഢതരമാക്കുന്നതിന്‌ പല നടപടികളുമെടുത്തു. ഈ ആറു രാജ്യങ്ങളും ചേർന്ന "ലിറ്റിൽ യൂറോപ്പ്‌' 1950-മേയിൽ ആരംഭിച്ചു. യൂറോപ്യന്‍ കോള്‍ ആന്‍ഡ്‌ സ്റ്റീൽ കമ്യൂണിറ്റി (ഇ.സി.എസ്‌.സി.-1952), യൂറോപ്യന്‍ ഡിഫെന്‍സ്‌ കമ്യൂണിറ്റി (ഇ.ഡി.സി.), യൂറോപ്യന്‍ പൊളിറ്റിക്കൽ കമ്യൂണിറ്റി (ഇ.പി.സി.) എന്നീ സംഘടനകളുടെ രൂപവത്‌കരണം ചെറിയ യൂറോപ്പ്‌ പ്രസ്ഥാനത്തിന്റെ ഫലമാണ്‌. 1957-ൽ റോമിൽവച്ച്‌ ഒപ്പുവച്ച രണ്ടു കരാറുകളനുസരിച്ച്‌ യൂറോപ്യന്‍ ഇക്കണോമിക്‌ കമ്യൂണിറ്റി (ഇ.ഇ.സി.), യൂറോപ്യന്‍ അറ്റോമിക്‌ എനർജികമ്യൂണിറ്റി (യുറാറ്റം-EURATOM) എന്നീ രണ്ടു സംഘടനകള്‍ക്കുകൂടി രൂപംനല്‌കി.

ബ്രിട്ടനും ഏഴ്‌ പുറംരാജ്യങ്ങളും. ഒ.ഇ.ഇ.സി.യുടെ പ്രവർത്തനങ്ങളിൽ ബ്രിട്ടന്‍ ക്രിയാത്മകമായി പങ്കെടുത്തിരുന്നുവെങ്കിലും ഇ.സി.എസ്‌.സി., ഇ.ഇ.സി., "യുറാറ്റം' എന്നീ സംഘടനകളിൽനിന്നും അകന്നുനിന്നു. കാരണം, ഈ സംഘടനകളുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്‌കരിക്കുവാന്‍ ദേശീയപരമാധികാരം ഭാഗികമായി ഉപേക്ഷിക്കുകയും യൂറോപ്യന്‍ ഫെഡറേഷന്‍ എന്ന ലക്ഷ്യം അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ബ്രിട്ടന്‍ ഇതിന്‌ തയ്യാറായിരുന്നില്ല. ബ്രിട്ടന്‍, സ്വീഡന്‍, ഡെന്മാർക്ക്‌, നോർവേ, സ്വിറ്റ്‌സർലണ്ട്‌, ആസ്‌ട്രിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങള്‍ 1959-ൽ ഇ.ഇ.സി.ക്കു പുറത്തു തങ്ങളുടേതായ ഒരു സ്വതന്ത്രവ്യാപാരമേഖല രൂപവത്‌കരിച്ചു. ഇ.ഇ.സി.യുമായി, ഒരു പുതിയ വിദേശവ്യാപാരക്രമത്തെ സംബന്ധിച്ച്‌ കൂടിയാലോചിക്കുന്നതിനായി ഈ രാജ്യങ്ങള്‍ ചേർന്ന്‌ 1960 മേയ്‌ 3-ന്‌ ഒരു യൂറോപ്യന്‍ ഫ്രീട്രഡ്‌ അസോസിയേഷന്‌ (ഇ.എഫ്‌.റ്റി.എ.-എഫ്‌റ്റാ) രൂപം നല്‌കി.

യൂറോപ്യന്‍ കമ്യൂണിറ്റികള്‍. യൂറോപ്യന്‍ കോള്‍ ആന്‍ഡ്‌സ്റ്റീൽ കമ്യൂണിറ്റി, യൂറോപ്യന്‍ ഇക്കണോമിക്‌ കമ്യൂണിറ്റി (കോമണ്‍ മാർക്കറ്റ്‌), യൂറോപ്യന്‍ അറ്റോമിക്‌ എനർജികമ്യൂണിറ്റി എന്നിവ കൂടിച്ചേർന്ന കൂട്ടായ സംജ്ഞയാണ്‌ യൂറോപ്യന്‍ കമ്യൂണിറ്റികള്‍. 1967 ജൂല. 1-ന്‌ നിലവിൽവന്ന ഈ സംഘടനയുടെ ആസ്ഥാനം ബെൽജിയത്തിലെ ബ്രസ്സൽസ്‌ ആണ്‌. ബെൽജിയം, ഡെന്മാർക്ക്‌, ഫ്രാന്‍സ്‌, ഫെഡറൽ റിപ്പബ്ലിക്ക്‌ ഒഫ്‌ ജർമനി, അയർലണ്ട്‌, ഇറ്റലി, ലക്‌സംബർഗ്‌, നെതർലന്‍ഡ്‌സ്‌, ബ്രിട്ടന്‍ എന്നിങ്ങനെ ഒമ്പതു യൂറോപ്യന്‍ രാഷ്‌ട്രങ്ങളാണ്‌ ഇതിലുള്ളത്‌.

ഏകീകരണം കിഴക്കന്‍യൂറോപ്പിൽ. കമ്യൂണിസ്റ്റ്‌ നിയന്ത്രണവും യു.എസ്‌.എസ്‌.ആറിന്റെ പ്രാമുഖ്യവും കിഴക്ക്‌ യൂറോപ്പിന്റെ ഐക്യത്തെ പടിഞ്ഞാറന്‍ യൂറോപ്പിന്റേതിൽനിന്നും രാഷ്‌ട്രീയമായി വളരെ വ്യത്യസ്‌തമാക്കിയിരുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥയിന്മേലുള്ള കർശനമായ ഗവണ്‍മെന്റ്‌ നിയന്ത്രണവും സമഗ്രമായ ദേശീയ പദ്ധതികളും ഈ വ്യത്യാസത്തിന്‌ കാരണമായി. ഈ രാജ്യങ്ങളിലെ സാമ്പത്തിക കരാറുകളിൽ മിക്കവയും ദ്വിപക്ഷ കൂട്ടുകെട്ടുകളിലൂടെ സൃഷ്‌ടിച്ചവയായിരുന്നു. 1949 ആരംഭത്തിൽ ഒ.ഇ.ഇ.സി.-ക്കു പകരമെന്ന നിലയിൽ യു.എസ്‌.എസ്‌.ആർ., പോളണ്ട്‌, ചെക്ക്‌സ്ലോവാക്കിയ, പൂർവജർമനി, ബള്‍ഗേറിയ, റുമാനിയ, ഹംഗറി, അൽബേനിയ എന്നീ രാജ്യങ്ങള്‍ ചേർന്ന്‌ കൗണ്‍സിൽ ഒഫ്‌ മ്യൂച്വൽ ഇക്കണോമിക്‌ എയ്‌ഡ്‌ (സി.എം.ഇ.എ.) എന്നൊരു സംഘടന ഉണ്ടാക്കി. ഇതിന്റെ സ്ഥിരം സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം നടത്തിയിരുന്നത്‌ മോസ്‌കോയിൽ സമ്മേളിക്കുന്ന അംഗരാജ്യപ്രതിനിധിസഭയുടെ നിർദേശപ്രകാരമായിരുന്നു.

യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്റെ നാഴികക്കല്ലുകളായ മൂന്ന്‌ ഉടമ്പടികളാണ്‌ മാസ്‌ട്രിച്ചന്റ്‌ ഉടമ്പടി (1992 - 93), ആംസ്റ്റർഡാം ഉടമ്പടി (1997 - 99), നൈസ്‌ ഉടമ്പടി (2001-03) എന്നിവ. യൂറോപ്യന്‍ യൂണിയന്‍ 2009-ൽ ഒപ്പുവച്ച ലിസ്‌ബണ്‍ ഉടമ്പടി നവീകരണ ഉടമ്പടി എന്ന പേരിൽ അറിയപ്പെടുന്നു. യൂറോപ്പിലെ 27 രാഷ്‌ട്രങ്ങള്‍ ഇപ്പോള്‍ ഇതിൽ അംഗങ്ങളാണ്‌. അംഗത്വം ലഭിക്കുന്നതിനായി ആറുരാജ്യങ്ങള്‍ അപേക്ഷ നല്‌കി കാത്തിരിക്കുന്നുണ്ട്‌. അംഗരാജ്യങ്ങള്‍ തമ്മിൽ സാമ്പത്തിക, രാഷ്‌ട്രീയ കൂട്ടായ്‌മകളിൽ ഏർപ്പെട്ടിരിക്കുന്നു. സാമ്പത്തിക സഹകരണം ഊട്ടിയുറപ്പിക്കുന്നതിലൂടെ പരസ്‌പരാശ്രയത്വം വർധിക്കുകയും സംഘർഷങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു. യൂണിയനാകമാനം ഒറ്റമാർക്കറ്റും അതിന്റെ വിനിമയത്തിനായി യൂറോയും (പൊതുനാണയം) ഏർപ്പെടുത്തി.

അരനൂറ്റാണ്ടിലേറെയായി സമാധാനവും സുസ്ഥിരതയും വികസനവും ഉയർന്ന ജീവിതനിലവാരവും നിലനിർത്തുന്നതിൽ ഈ പ്രസ്ഥാനം വിജയിച്ചിട്ടുണ്ട്‌. അംഗരാജ്യങ്ങള്‍ തമ്മിൽ അതിർത്തി നിയന്ത്രണങ്ങള്‍ ഇല്ലാതാകുകയാൽ ഇതിൽ ഏതു രാജ്യത്തേക്കു പോകുന്നതിനും ജോലി ചെയ്യുന്നതിനും ജീവിക്കുന്നതിനും സാധ്യമായിരിക്കുന്നു. എല്ലാ അംഗരാജ്യവുമംഗീകരിച്ചിട്ടുള്ള നിയമവ്യവസ്ഥയിലധിഷ്‌ഠിതമാണ്‌ ഭരണസംവിധാനം.

ലോകമെമ്പാടും മനുഷ്യാവകാശ പ്രവർത്തനങ്ങള്‍ വ്യാപിപ്പിക്കുക, അഭിമാനം, സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം, നിയമവാഴ്‌ച, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവ ഇതിന്റെ പ്രധാന ലക്ഷ്യങ്ങളാണ്‌. 2009-ലെ ലിബ്‌സന്‍ ഉടമ്പടിയോടെ മേല്‌പ്പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചാർട്ടർ ഒഫ്‌ ഫണ്ടമെന്റൽ റൈറ്റ്‌സ്‌ നിയമപരമായി അനുസരിക്കാന്‍ അംഗരാജ്യങ്ങള്‍ ബാധ്യസ്ഥരാവുകയായിരുന്നു.

അംഗരാജ്യങ്ങളിലെ പാർലമെന്റുകളെ നിലനിർത്തിക്കൊണ്ടുതന്നെ യൂറോപ്യന്‍ പാർലമെന്റ്‌ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ബ്രസൽസ്‌, ലക്‌സംബർഗ്‌, സ്റ്റ്രാസ്‌ബർഗ്‌ എന്നിവിടങ്ങളിലാണ്‌ ഇതിന്റെ ആസ്ഥാനങ്ങള്‍. ജനാധിപത്യരീതിയിൽ ഇലക്ഷന്‍ സംവിധാനത്തിലൂടെയാണ്‌ അംഗങ്ങളെ (മെമ്പർ ഒഫ്‌ യൂറോപ്യന്‍ പാർലമെന്റ്‌) തിരഞ്ഞെടുക്കുന്നത്‌. അംഗരാജ്യങ്ങളിലെ ഗവണ്‍മെന്റുകളെ പ്രതിനിധീകരിക്കുന്ന അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ്‌ കൗണ്‍സിൽ ഒഫ്‌ യൂറോപ്യന്‍ യൂണിയന്‍. ഇതിന്റെ ആസ്ഥാനം ബ്രസൽസിൽ ആണ്‌. റൊട്ടേഷന്‍ വ്യവസ്ഥയിൽ അംഗരാജ്യങ്ങളിൽനിന്ന്‌ ഇതിന്റെ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നു. എല്ലാ അംഗരാജ്യങ്ങളുമുള്‍പ്പെടുന്നതാണ്‌ യൂറോപ്യന്‍ കമ്മിഷന്‍. ബ്രസൽസ്‌, ലക്‌സംബർഗ്‌ എന്നിവിടങ്ങളിലാണ്‌ ഇതിന്റെ ആസ്ഥാനങ്ങള്‍. ഈ മൂന്നുവിഭാഗങ്ങളും (യൂറോപ്യന്‍ പാർലമെന്റ്‌, കൗണ്‍സിൽ ഒഫ്‌ യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ കമ്മിഷന്‍) ചേർന്നാണ്‌ രാഷ്‌ട്രീയകാര്യങ്ങള്‍, നിയമനിർമാണം, ഭരണനിർവഹണം എന്നിവ പ്രാവർത്തികമാക്കുന്നത്‌.

ബ്രസൽസ്‌ ആസ്ഥാനമായ യൂറോപ്യന്‍ കോർട്ട്‌ ഒഫ്‌ ജസ്റ്റിസും കോർട്ട്‌ ഒഫ്‌ ഓഡിറ്റേഴ്‌സും ആണ്‌ മറ്റു പ്രധാനപ്പെട്ട രണ്ടു സ്ഥാപനങ്ങള്‍. ഇത്‌ കൂടാതെ യൂറോപ്യന്‍ എക്കണോമിക്‌ ആന്‍ഡ്‌ സോഷ്യൽ കമ്മിറ്റി, യൂറോപ്യന്‍ സെന്‍ട്രൽ ബാങ്ക്‌, യൂറോപ്യന്‍ ഓംബുഡ്‌സ്‌മാന്‍, യൂറോപ്യന്‍ സ്‌കൂള്‍ ഒഫ്‌ അഡ്‌മിനിസ്‌ട്രഷന്‍, യൂറോപ്യന്‍ എക്‌സ്റ്റേണൽ ആക്ഷന്‍ സർവീസ്‌, യൂറോപ്യന്‍ പെഴ്‌സണൽ സെലക്ഷന്‍ ഓഫീസ്‌ തുടങ്ങിയവയാണ്‌ മറ്റു പ്രധാന ഏജന്‍സികള്‍. യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളിൽ നിന്നായി 4,000 ജീവനക്കാർ യൂറോപ്യന്‍ യൂണിയന്റെ വിവിധ ഓഫീസുകളിലായി ജോലിചെയ്യുന്നു. യൂറോപ്യന്‍ പെഴ്‌സണൽ സെലക്ഷന്‍ (EPSO) ഓഫീസാണ്‌ പൊതുമത്സരപരീക്ഷകളിലൂടെ നിയമനച്ചുമതലകള്‍ നിർവഹിക്കുന്നത്‌. അംഗരാജ്യങ്ങളിലെ വ്യക്തികള്‍ക്ക്‌ ഇതിനപേക്ഷിക്കാവുന്നതാണ്‌.

നീലപശ്ചാത്തലത്തിൽ പന്ത്രണ്ട്‌ നക്ഷത്രങ്ങളെ ഉള്‍ക്കൊള്ളുന്ന വൃത്തമാണ്‌ യൂറോപ്യന്‍ യൂണിയന്റെ ഔദേ്യാഗിക ചിഹ്നം. ബിഥോവന്‍ (Beethovan)1823-ൽ കമ്പോസ്‌ ചെയ്‌ത "നയന്‍ത്‌ സിംഫണിയാണ്‌' യൂറോപ്യന്‍ ദേശീയഗാനം. മേയ്‌ 9 ആണ്‌ യൂറോപ്യന്‍ ഡേ ആയി തെരഞ്ഞെടുത്തിരിക്കുന്നത്‌. 1950 മേയ്‌ 9-ന്‌ ഫ്രഞ്ച്‌ വിദേശകാര്യ മന്ത്രിയായിരുന്ന റോബർട്ട്‌ ഷൂമാന്‍ ആണ്‌ ഇത്തരമൊരാശയം ആദ്യമായി മുന്നോട്ടുവച്ചത്‌.

നാനാത്വത്തിലും ഒന്നിച്ചുനില്‌ക്കുക (യുണൈറ്റഡ്‌ ഇന്‍ഡൈവേഴ്‌സിറ്റി) എന്നതാണ്‌ യൂറോപ്യന്‍ യൂണിയന്റെ മോട്ടോ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍