This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐക്യകേരള പ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:21, 21 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐക്യകേരള പ്രസ്ഥാനം

ഭാഷയിലും സംസ്‌കാരത്തിലും ആചാരങ്ങളിലും ഐകരൂപ്യമുള്ള തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മൂന്നു ഭൂവിഭാഗങ്ങളെ കൂട്ടിച്ചേർത്ത്‌ ഒരേ ഭരണത്തിന്‍ കീഴിൽ കൊണ്ടുവരാനായി പ്രക്ഷോഭം നടത്തുകയും അതു സാധിതപ്രായമാക്കുകയും ചെയ്‌ത പ്രസ്ഥാനം.

തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ സാമന്തരാജ്യങ്ങളായിരുന്നു; മലബാർ ബ്രിട്ടീഷ്‌ ഭരണത്തിന്‍കീഴിലും. മലബാറിനെ അപേക്ഷിച്ചു താരതമ്യേന സാമ്പത്തികസ്ഥിതിയിലും വിദ്യാഭ്യാസത്തിലും ആരോഗ്യസംരക്ഷണത്തിലും മറ്റു രണ്ടു പ്രദേശങ്ങള്‍ കൂടുതൽ പുരോഗമിച്ചിരുന്നു. സ്വാതന്ത്യ്രലബ്‌ധിക്കു മുന്‍പും പിന്‍പും മദ്രാസ്‌ ഗവണ്‍മെന്റ്‌ മലബാർ പ്രവിശ്യയോടു പ്രദർശിപ്പിച്ചുപോന്ന അനാസ്ഥമൂലം പിന്നാക്കപ്രദേശമെന്ന നിലയിൽ മലബാറിന്‌ പല അവശതകളും അനുഭവിക്കേണ്ടിവന്നു. ഇക്കാരണത്താൽ ഐക്യകേരളത്തിനു വേണ്ടിയുള്ള തീവ്രമായ പ്രചാരണവും പ്രക്ഷോഭവും ആരംഭിച്ചത്‌ മലബാറിൽ തന്നെയായിരുന്നു. ഇതുപോലെ, ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസിന്റെ സ്വാതന്ത്യ്രസമരപരിപാടികള്‍ കൂടുതൽ ശക്തിയോടെ ആഞ്ഞടിച്ചതും കൊച്ചിയെയും തിരുവിതാംകൂറിനെയും അപേക്ഷിച്ച്‌ ബ്രിട്ടീഷ്‌ ആധിപത്യത്തിലുള്ള മലബാറിലായിരുന്നു.

1921 ജൂല. 29, 30, 31 തീയതികളിൽ ബോംബെയിൽ സമ്മേളിച്ച അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി സംഘടനാപരമായ ആവശ്യങ്ങള്‍ക്കായി സംസ്ഥാനങ്ങളെ ഭാഷയുടെ അടിസ്ഥാനത്തിൽ വിഭജിച്ചത്‌ ഭാഷാ സംസ്ഥാനങ്ങള്‍ സംഘടിപ്പിക്കണമെന്നുള്ള വാദത്തിന്‌ അംഗീകാരമായിട്ടാണ്‌ പരിഗണിക്കപ്പെട്ടത്‌. ഈ നിശ്ചയത്തിന്റെ ഫലമായി കേരളത്തിൽ ഇദംപ്രഥമമായി ഒരു പ്രാദേശിക കോണ്‍ഗ്രസ്‌ കമ്മിറ്റി രൂപവത്‌കരിക്കപ്പെട്ടു. ഈ കമ്മിറ്റിയിൽ തിരുവിതാംകൂറിനും കൊച്ചിക്കും മലബാറിനും ഒരേ സംസ്ഥാനമെന്ന നിലയിൽ പ്രാതിനിധ്യം ലഭിച്ചിരുന്നു. സ്വാതന്ത്യ്രലബ്‌ധിക്കു ശേഷമല്ലാതെ കോണ്‍ഗ്രസ്സിന്റെ നിശ്ചയമനുസരിച്ച്‌ ഭാഷാ സംസ്ഥാനങ്ങള്‍ക്കു രൂപം കൊടുക്കുക സാധ്യമല്ലായിരുന്നു; എങ്കിലും ഒരു ലക്ഷ്യമെന്ന നിലയിൽ സമകാലങ്ങളിൽ ഐക്യകേരളം ഒരു യാഥാർഥ്യമായിത്തീരുകതന്നെ ചെയ്‌തു.

1935-ലെ ഇന്ത്യന്‍ ഭരണപരിഷ്‌കാരം നടപ്പിൽ വന്നപ്പോള്‍ പ്രാദേശിക സ്വയംഭരണത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞുവന്നു. തുടർന്ന്‌ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ ഒരു ശാഖാസമിതി തിരുവനന്തപുരത്തു രൂപംകൊണ്ടു. പ്രസ്‌തുത സമിതിയുടെ ആഭിമുഖ്യത്തിൽ 1937 ന. 27-നു തിരുവനന്തപുരത്ത്‌ ഡോ. പട്ടാഭി സീതാരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഒരു രാഷ്‌ട്രീയ സമ്മേളനം തിരുവിതാംകൂറും കൊച്ചിയും മലബാറും ഉള്‍പ്പെടുത്തി ഒരു സബ്‌ ഫെഡറേഷന്‍ രൂപവത്‌കരിക്കണമെന്ന ഒരു പ്രമേയം ഐകകണ്‌ഠേന അംഗീകരിച്ചു. അപ്രായോഗികവും അസാധ്യവുമായ ഒരു തീരുമാനമായിരുന്നുവെങ്കിലും ഇത്‌ കേരള സംസ്ഥാന രൂപവത്‌കരണത്തിനുള്ള അഭിലാഷപ്രകടനമെന്ന നിലയിൽ സ്വാഗതാർഹമായിരുന്നു. ഇതിനു രണ്ടു ദിവസങ്ങള്‍ക്കു മുമ്പ്‌ തൃശൂരിൽ ചേർന്ന ഒരു രാഷ്‌ട്രീയ സമ്മേളനത്തെക്കൊണ്ട്‌ ഇങ്ങനെ ഒരു പ്രമേയമംഗീകരിപ്പിച്ചതിനു ശേഷമാണ്‌ ഡോ. പട്ടാഭി തിരുവനന്തപുരത്തു വന്നത്‌.

കോണ്‍ഗ്രസിന്റെ ഹരിപുരാ സമ്മേളനത്തിനുശേഷം ഉത്തരവാദ ഭരണപ്രക്ഷോഭമാരംഭിക്കുവാന്‍ 1938 ഫെബ്രുവരിയിൽ തിരുവിതാംകൂർ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ എന്ന പേരിൽ ഒരു സംഘടന സ്ഥാപിതമായി. സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്‌ ഒരു കേരള സംസ്ഥാനത്തിനു രൂപംനല്‌കുക എന്നുള്ളതായിരുന്നു. അല്‌പകാലത്തിനുള്ളിൽ കൊച്ചിയിൽ രൂപവത്‌കൃതമായ പ്രജാമണ്ഡലവും ഐക്യകേരളത്തെ അതിന്റെ ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചു. എന്നാൽ തുടർന്നുണ്ടായ നിയമലംഘനാദി സമരപരിപാടികള്‍ ഉത്തരവാദ ഭരണത്തിനുവേണ്ടിയായിരുന്നുതുകൊണ്ട്‌ ഐക്യകേരളപ്രശ്‌നം തത്‌കാലം അപ്രധാനമായിത്തീർന്നു.

മലബാറിൽ കേളപ്പന്റെ അധ്യക്ഷത്തിൽ ഒരു ഐക്യകേരള കമ്മിറ്റി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈ കമ്മിറ്റി പ്രചാരണം നടത്തിയും ഡെലിഗേഷനുകള്‍ വഴി നിവേദനങ്ങള്‍ സമർപ്പിച്ചും ഐക്യകേരള രൂപവത്‌കരണത്തിനുവേണ്ടി തീവ്രമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. പ്രസ്‌തുത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 1946-ൽ തൃശൂരിൽവച്ച്‌ ഒരു ഐക്യകേരള സമ്മേളനം വിപുലമായ തോതിൽ നടന്നു. കൊച്ചി മഹാരാജാവാണ്‌ പ്രസ്‌തുത സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. അന്നത്തെ സാഹചര്യങ്ങളിൽ ഒരു നാട്ടുരാജാവ്‌ ഇത്തരം സമ്മേളനത്തിൽ സംബന്ധിക്കുകയെന്നത്‌ വിപ്ലവാത്മകമായ ഒരു സംഭവമായിരുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നു ധാരാളം പ്രതിനിധികള്‍ സമ്മേളനത്തിൽ പങ്കുകൊണ്ടു. സമ്മേളനം ഐക്യകേരളപ്രമേയം ഐകകണ്‌ഠേന അംഗീകരിച്ചു.

1947 ആഗ. 15-നു ഇന്ത്യയുടെ സ്വാതന്ത്യ്രം ബ്രിട്ടന്‍ അംഗീകരിക്കുകയും അധികാരം ജനപ്രതിനിധികള്‍ക്കു കൈമാറുകയും ചെയ്‌തു. 1948 ഫെ. 2-നു ആലുവയിൽവച്ചു നടന്ന ഐക്യകേരള കണ്‍വെന്‍ഷന്‍ ഐക്യകേരള പ്രസ്ഥാനത്തിന്‌ ഒരു പുതിയ ഉണർവുണ്ടാക്കി. ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്റ്റേറ്റ്‌ മിനിസ്‌ട്രിയുടെ നാട്ടുരാജ്യ സംയോജന നിയമമനുസരിച്ച്‌ 1949 ജൂല. 1-നു തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിക്കപ്പെട്ടു. അന്ന്‌ സ്റ്റേറ്റ്‌സ്‌ മിനിസ്‌ട്രിയുടെ സെക്രട്ടറിയായിരുന്ന വി.പി. മേനോന്റെ പരിശ്രമംകൊണ്ടാണ്‌ ആ സംയോജനം നടന്നത്‌. കൊച്ചിമഹാരാജാവ്‌ സ്ഥാനമൊഴിഞ്ഞു; തിരുവിതാംകൂർ മഹാരാജാവ്‌ രാജപ്രമുഖനായി നിയമിക്കപ്പെട്ടു. പുതിയ സംസ്ഥാനത്തിന്‌ തിരുവിതാംകൂർ-കൊച്ചി എന്നാണ്‌ നാമകരണം ചെയ്‌തത്‌. വിസ്‌തൃതിയിൽ കൊച്ചി വളരെ ചെറിയ ഒരു നാട്ടുരാജ്യമായതുകൊണ്ടാണ്‌ തിരുവിതാംകൂറിനോടു സംയോജിക്കപ്പെട്ടതെങ്കിലും ഇത്‌ ചിരപ്രതീക്ഷിതമായിരുന്ന കേരളസംസ്ഥാന രൂപവത്‌കരണത്തിന്റെ മുന്നോടിയായി ജനങ്ങള്‍ സ്വാഗതം ചെയ്‌തു. തിരു-കൊച്ചി സംയോജനത്തിനു ശേഷം കേളപ്പന്‍ ഐക്യകേരളകമ്മിറ്റിയിൽ നിന്നും രാജിവച്ചപ്പോള്‍ കെ.പി. കേശവമേനോനെ കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. കേരളസംസ്ഥാനം ഒട്ടും താമസിക്കാതെ രൂപവത്‌കരിക്കുവാന്‍ കേന്ദ്രഗവണ്‍മെന്റിനോട്‌ അപേക്ഷിക്കുവാനും അതു സംബന്ധമായി വേണ്ടതു പ്രവർത്തിക്കാനും ഒരു സബ്‌കമ്മിറ്റിയെ ഏർപ്പെടുത്തുകയും ചെയ്‌തു. കെ.എ. ദാമോദരമേനോന്‍, മാണിക്കത്ത്‌ നാരായണമേനോന്‍, കെ.പി. മാധവന്‍നായർ, ജി. ശങ്കരന്‍നായർ, ഡോ. സി.ആർ. കൃഷ്‌ണപിള്ള എന്നിവരായിരുന്നു അതിലെ അംഗങ്ങള്‍. അതിനിടയ്‌ക്ക്‌ 1952 ജൂണിൽ കേരളപ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി രണ്ടായിപ്പിരിഞ്ഞു: തിരു-കൊച്ചി പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയും മലബാർ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയും. ഐക്യകേരളത്തെ സംബന്ധിച്ച്‌ ഇതുവരെ ഉണ്ടായിരുന്ന നയത്തിൽ സാരമായ മാറ്റം വരുന്നതിന്‌ ഇത്‌ കാരണമായി. 1953 ഏപ്രിലിൽ പാലക്കാടു ചേർന്ന മലബാർ പ്രദേശ്‌ രാഷ്‌ട്രീയ കോണ്‍ഫറന്‍സ്‌ ദക്ഷിണ സംസ്ഥാന (തിരു-കൊച്ചി സ്റ്റേറ്റും മദ്രാസും ചേർത്തുള്ള ഒരു ദക്ഷിണ സംസ്ഥാനം)ത്തെ അനുകൂലിച്ചുകൊണ്ടുള്ള ഒരു പ്രമേയം പാസ്സാക്കി. ഇത്‌ പുതിയ തടസ്സങ്ങള്‍ സൃഷ്‌ടിച്ചു. എങ്കിലും ഐക്യകേരളകമ്മറ്റിയുടെ പ്രവർത്തനം തുടരുകതന്നെ ചെയ്‌തു. ഐക്യകേരള കോണ്‍ഫറന്‍സ്‌ 1949 ന. 6-ന്‌ പാലക്കാടുവച്ചുചേർന്ന്‌ പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടു. ഈ സന്ദർഭത്തിൽ ആന്ധ്രസംസ്ഥാനം മദ്രാസിൽ നിന്നു വേർപെടുത്തുവാന്‍ വേണ്ടി പോറ്റി ശ്രീരാമുലു ഉപവാസം വരിച്ച്‌ മരണമടഞ്ഞപ്പോള്‍ കേന്ദ്രഗവണ്‍മെന്റ്‌ ഭാഷാസംസ്ഥാനങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച്‌ പര്യാലോചിച്ചു.

ഭാഷാസംസ്ഥാനങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചന്വേഷിച്ചു റിപ്പോർട്ടു ചെയ്യുവാന്‍ 1953 ഡി. 29-നു സെയിദ്‌ ഫസൽ അലി ചെയർമാനായും പണ്ഡിറ്റ്‌ ഹൃദയനാഥ്‌കുന്‍സ്രു, സർദാർ കെ.എം. പണിക്കർ എന്നിവർ അംഗങ്ങളായും ഇന്ത്യാ ഗവണ്‍മെന്റ്‌ ഒരു കമ്മിഷനെ നിയമിച്ചു. ദീർഘമായ അന്വേഷണങ്ങള്‍ക്കുശേഷം 1955 ജൂണിൽ കമ്മിറ്റി റിപ്പോർട്ടു സമർപ്പിച്ചു. തെക്കന്‍ തിരുവിതാംകൂറിലെ തമിഴർക്ക്‌ ഭൂരിപക്ഷമുള്ള തോവാള,

അഗസ്‌തീശ്വരം, കൽക്കുളം, വിളവംകോട്‌ എന്നീ നാലു താലൂക്കുകളും കിഴക്കു ചെങ്കോട്ടയും ഗൂഡല്ലൂരും മദ്രാസ്‌ സംസ്ഥാനത്തിൽ ലയിപ്പിച്ചുകൊണ്ടും തിരുവിതാംകൂറിന്റെ ബാക്കിഭാഗങ്ങള്‍ കൊച്ചി, മലബാർ, ദക്ഷിണകാനറയിലെ കാസർകോട്‌ താലൂക്ക്‌ എന്നീ പ്രദേശങ്ങളും ഒന്നിച്ചുചേർത്ത്‌ കേരളസംസ്ഥാനം സംഘടിപ്പിച്ചുകൊണ്ടും ഇന്ത്യാഗവണ്‍മെന്റ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു. 1956 ന. 1-ന്‌ കേരളസംസ്ഥാനം നിലവിൽവന്നു. അങ്ങനെ മലയാളികളുടെ ചിരകാലപ്രതീക്ഷ സാക്ഷാത്‌കരിക്കപ്പെട്ടു. നോ. കേരളചരിത്രം

(സി. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍