This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഷ്യാമൈനർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:51, 14 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഏഷ്യാമൈനര്‍

Asia Minor

ഏഷ്യാവന്‍കരയുടെ പടിഞ്ഞാറരികിലുള്ള വിസ്‌തൃതമായ ഉപദ്വീപ്‌. തുര്‍ക്കി റിപ്പബ്ലിക്കിന്റെ ഏറിയഭാഗവും ഏഷ്യാമൈനറിലാണ്‌. വടക്ക്‌ കരിങ്കടല്‍, പടിഞ്ഞാറ്‌ ഈജിയന്‍ കടലും മര്‍മറാകടലും തെക്ക്‌ മെഡിറ്ററേനിയന്‍ കടല്‍ എന്നിങ്ങനെ മൂന്നുവശവും കടലുകള്‍ ചൂഴ്‌ന്ന ഏഷ്യാമൈനറിന്റെ കിഴക്കേ അതിര്‍ത്തി ആന്റിടാറസ്‌ മലനിരകളായി നിര്‍വചിക്കപ്പെട്ടിരിക്കുന്നു. പ്രാക്കാലം മുതല്‌ക്കേ സാംസ്‌കാരികവും രാഷ്‌ട്രീയവും ഭരണപരവും ആയ അതിക്രമങ്ങളെ ചെറുക്കുവാന്‍ ഈ മലനിരകള്‍ക്കു കഴിഞ്ഞിട്ടുള്ളതു കൊണ്ടു കൂടിയാണിത്‌. ഉപദ്വീപിന്റെ വിസ്‌തൃതി ഉദ്ദേശം 1,99,300 ച.കി.മീ. ആണ്‌.

എ.ഡി. അഞ്ചാം ശതകത്തില്‍ വിരചിതമായ ഹിസ്റ്റോറിയ അഡ്‌വേഴ്‌സസ്‌ പാഗനോസ്‌ എന്ന ഗ്രന്ഥത്തിലാണ്‌ ഏഷ്യാമൈനര്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചു കാണുന്നത്‌; ഏഷ്യാ വന്‍കരയിലെ റോമന്‍ പ്രവിശ്യയെ വ്യതിരിക്തമാക്കുവാനാണ്‌ ഈ വിശേഷനാമം സ്വീകരിച്ചത്‌. ഈ ഉപദ്വീപിന്‌ അനാതോലിയ എന്ന പേരും പ്രചാരണത്തിലുണ്ടായിരുന്നു. തുര്‍ക്കികള്‍ "അനാദോല്‍' എന്നാണ്‌ ഇതിനെ വിളിച്ചുപോന്നത്‌. തന്മൂലം ഏഷ്യാമൈനര്‍ എന്ന നാമം ലുപ്‌തപ്രചാരമായിത്തീര്‍ന്നു.

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

ഉപദ്വീപിന്റെ മധ്യ-ഉന്നതതടത്തിന്‌ സമുദ്രനിരപ്പില്‍നിന്ന്‌ 900-1500 മീ. ഉയരമുണ്ട്‌. പൊതുവേ നിരപ്പുള്ള പ്രദേശമാണെങ്കിലും അങ്ങിങ്ങായി സ്‌തൂപികാകൃതിയുള്ളവയും ചെങ്കുത്തായി ഗോപുരം പോലെ എഴുന്നുനില്‌ക്കുന്നവയുമായ കുന്നുകള്‍ കാണപ്പെടുന്നു. ഉന്നതതടത്തിന്റെ തെക്കുപടിഞ്ഞാറ്‌ ടാറസ്‌പര്‍വത ശൃംഖലയില്‍ ഉള്‍പ്പെട്ട സുല്‍ത്താന്‍ ദാഗ്‌ലാരി, എമീര്‍ ദാഗ്‌ലാരി എന്നീ പര്‍വതങ്ങളും ഏര്‍സിയാസ്‌ ദാഗി, ഹസന്‍ ദാഗ്‌, കാരക്കാദാഗ്‌, കാരാദാഗ്‌ തുടങ്ങിയ നിര്‍ജീവ അഗ്നിപര്‍വതങ്ങളുമാണുള്ളത്‌. ഇവയില്‍ ഏര്‍സിയാസ്‌ ദാഗി (3,919മീ.) ആണ്‌ ഏഷ്യാമൈനറിലെ ഏറ്റവും ഉയരം കൂടിയ ഭാഗം. ഉന്നതതടത്തിന്റെ തെക്കുഭാഗത്ത്‌ ഫ്രിജിയയില്‍ ആരംഭിച്ച്‌ ചാപാകാരമായി കിടക്കുന്ന ടാറസ്‌-ആന്റിടാറസ്‌ പര്‍വതനിരകള്‍ ഏഷ്യാമൈനറിനു പുറത്ത്‌ സൈപ്രസ്സിലേക്ക്‌ വ്യാപിച്ചു നില്‍ക്കുന്നു. ഉപദ്വീപിന്റെ വടക്കുഭാഗത്തുള്ള പോണ്ടിസ്‌ പര്‍വതം കരിങ്കടല്‍ തീരത്തിന്‌ സമാന്തരമായി രണ്ടു നിരകളായി കിടക്കുന്നു; ടാറസ്സിനെയും ആന്റിടാറസ്സിനെയും അപേക്ഷിച്ച്‌ പൊക്കം കുറഞ്ഞവയാണ്‌ ഇവ. ഉന്നതതടത്തിന്റെ പടിഞ്ഞാറുഭാഗത്ത്‌ കിഴക്കുപടിഞ്ഞാറ്‌ ദിശയില്‍ സമാന്തരങ്ങളായി കിടക്കുന്ന ഉയരം കുറഞ്ഞ മലനിരകള്‍ കാണാം. ഇവയ്‌ക്കിടയിലുള്ള താഴ്‌വാരങ്ങള്‍ പ്രായേണ വിസ്‌തൃതങ്ങളും തീരപ്രദേശത്തു നിന്ന്‌ ഉന്നതതടങ്ങളിലേക്ക്‌ സുഗമമായ പാതയൊരുക്കുന്നവയുമാണ്‌; ഇവയില്‍ പ്രധാനപ്പെട്ടവ മെന്‍ഡെരെസ്‌, ഗെഡിസ്‌ എന്നീ താഴ്‌വരകളാണ്‌.

മധ്യഭാഗത്തുനിന്നു നീളുന്ന മലനിരകള്‍ ഏഷ്യാമൈനറിന്റെ പടിഞ്ഞാറും തെക്കുപടിഞ്ഞാറും തീരങ്ങള്‍ വരെ ചെന്നെത്തുന്നു; തന്മൂലം ഈ ഭാഗത്തെ തടരേഖ സങ്കീര്‍ണമായി കാണപ്പെടുന്നു. തെക്ക്‌ പടിഞ്ഞാറുഭാഗത്ത്‌ അനേകം നൈസര്‍ഗിക തുറമുഖങ്ങളുണ്ട്‌.

ഭൂവിജ്ഞാനം

ഭൂവിജ്ഞാനപരമായി വീക്ഷിക്കുമ്പോള്‍ ടെര്‍ഷ്യറി കല്‌പത്തില്‍ രൂപംകൊണ്ട്‌ പോര്‍ച്ചുഗല്‍ മുതല്‍ മലയാ ഉപദ്വീപുവരെ നീണ്ടുകിടക്കുന്ന വലിയ പര്‍വത (ആല്‍പ്‌സ്‌-ഹിമാലയ)ശൃംഖലയിലെ ഒരു കണ്ണിയാണ്‌ ഏഷ്യാമൈനര്‍ എന്നു വ്യക്തമാകുന്നതാണ്‌. സമുദ്രാധഃസ്ഥിതമായിരുന്ന അവസാദപടലങ്ങള്‍, വന്‍കരവിസ്ഥാപന(continental drift)ത്തിന്റെ ഫലമായി ഭൂഖണ്ഡങ്ങള്‍ പരസ്‌പരം അടുത്തപ്പോള്‍, ഞെരുങ്ങി മടങ്ങി ഒടിഞ്ഞ്‌ ഉയര്‍ത്തപ്പെട്ടാണ്‌ മേല്‌പറഞ്ഞ പര്‍വതങ്ങളുടെ ശൃംഖല ഉണ്ടായിട്ടുള്ളത്‌. തുടര്‍ന്ന്‌ ഇവയില്‍ ചില ഭാഗങ്ങള്‍ നെടുനാളായുള്ള അപരദനത്തിനു വഴിപ്പെട്ട്‌ നിലംപരിശാവുകയും അവയുടെ സാനുക്കളില്‍ നിക്ഷേപണം മൂലം സമതലങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തു. മേല്‌പറഞ്ഞ പ്രാത്ഥാന (upheaval) പ്രക്രിയഘട്ടങ്ങളായാണ്‌ പൂര്‍ത്തിയായിട്ടുള്ളത്‌. ഇക്കാരണത്താല്‍ ആദ്യഘട്ടങ്ങളില്‍ ഉയര്‍ത്തപ്പെട്ട ഭാഗങ്ങള്‍ ടെഥിസ്‌ എന്ന പ്രാചീന സമുദ്രത്തിലെ ദ്വീപുകളായിത്തീര്‍ന്നിട്ടുണ്ടാവണം. ഇവയോടനുബന്ധിച്ച്‌ ശാഖകളെന്നോണം പില്‌ക്കാലവലന(folding)ത്തിലൂടെ സമുദ്രാന്തരിത കടകങ്ങള്‍ (ridges) സൃഷ്‌ടിക്കപ്പെട്ടിരിക്കാം. കാലാന്തരത്തില്‍ ഇത്തരം ഭൂരൂപങ്ങള്‍ ഒന്നാകെ ഉയര്‍ത്തപ്പെട്ട്‌ കരയായിത്തീര്‍ന്നിട്ടുണ്ടാവണം. ഏതാണ്ട്‌ ഈ രീതിയിലുള്ള ഭൂഘടനയാണ്‌ ഏഷ്യാമൈനറില്‍ കാണപ്പെടുന്നത്‌. ഈ ഉപദ്വീപിന്റെ മധ്യത്തിലുള്ള ഉന്നതതടം ടെഥിസ്സിലെ ഒരു ദ്വീപായിരുന്നുവെന്നതിന്‌ സൂചനകള്‍ ലഭിച്ചിട്ടുണ്ട്‌. ഇതിനു ചുറ്റുമായി നാനാദിശകളില്‍ നീളുന്ന സങ്കീര്‍ണങ്ങളായ മലനിരകള്‍ കാണാം; വടക്കു ഭാഗത്തുള്ള പോണ്ടിസ്‌, ദക്ഷിണദിശയിലുള്ള ടാറസ്‌, ആന്റിടാറസ്‌ എന്നിവയാണ്‌ പ്രധാനപര്‍വതങ്ങള്‍.

പര്‍വതനത്തെ തുടര്‍ന്ന്‌ അവതലനവും അനുബന്ധിച്ചുള്ള ഭ്രംശങ്ങളും ഉണ്ടായി. ഈജിയന്‍ കടല്‍ ഒന്നാകെത്തന്നെ കരഭാഗം ഇടിഞ്ഞുതാണുണ്ടായതാണ്‌. ഭൂകമ്പമേഖലയായ ഏഷ്യാമൈനറില്‍ സജീവ അഗ്നിപര്‍വതങ്ങള്‍ ഇല്ലെന്നിരിക്കിലും ചൂടുറവകളും പങ്കോദ്‌ഗാര(Mud volcano)ങ്ങളും ധാരാളമായുണ്ട്‌.

അപവാഹം

ഋതുഭേദമനുസരിച്ച്‌ നീരൊഴുക്കില്‍ വരുന്ന ഏറ്റക്കുറച്ചിലുകളും മണ്ണടിവുമൂലം നദീമാര്‍ഗങ്ങളില്‍ വന്നുചേരുന്ന ആഴവ്യത്യാസവും നിമിത്തം ഏഷ്യാമൈനറിലെ നദികള്‍ തീരെ ഗതാഗതക്ഷമമല്ല. എന്നാല്‍ ജലസേചനത്തിന്‌ ഇവ ഉപയുക്തങ്ങളാണ്‌. ഉപദ്വീപിന്റെ പടിഞ്ഞാറും തെക്കുപടിഞ്ഞാറും ഭാഗങ്ങളിലെ ഗെഡിസ്‌, മെന്‍ഡെരെസ്‌, കോസ തുടങ്ങിയ നദികള്‍ ഭൂപ്രകൃതിയിലെ ഉച്ചാവചത്തിനനുസരിച്ച്‌ ഒഴുകുന്നുവയാണ്‌. എന്നാല്‍ ഉത്തര ഏഷ്യാമൈനറിലെ നദികള്‍ പ്രത്യേകിച്ച്‌ സകാരിയ, ഹാലിസ്‌, ഐറിസ്‌ എന്നീ പ്രധാന നദികള്‍-മലനിരകളെ മുറിച്ചൊഴുകുന്നു. ഇവയില്‍ ഹാലിസ്‌ ഏതാണ്ട്‌ ചാപാകാരമായ ഒരു ഗതിയാണ്‌ അവലംബിക്കുന്നതെങ്കിലും വിസ്‌തൃതമായ തടം സൃഷ്‌ടിച്ചിരിക്കുന്നു. മധ്യ ഉന്നതതടം ദ്രാണിരൂപത്തില്‍ വര്‍ത്തിക്കുന്നതിനാല്‍ അതിന്റെ കേന്ദ്രം ലക്ഷ്യമാക്കിയുള്ള ആന്തരിക അപവാഹക്രമ(internal drainage)വും നിലവിലുണ്ട്‌.

കാലാവസ്ഥ

പര്‍വതങ്ങള്‍ ചൂഴ്‌ന്ന മധ്യപീഠഭൂമി അത്യുഷ്‌ണവും അതിശൈത്യവും അനുഭവപ്പെടുന്ന മേഖലയാണ്‌. ശീതകാലത്ത്‌ മൂന്നുനാലുമാസങ്ങളോളം മഞ്ഞു മൂടിക്കിടക്കുന്നതും ഉഷ്‌ണകാലത്ത്‌ അതികഠിനമായ ചൂടും വരള്‍ച്ചയും അനുഭവപ്പെടുന്നതും സാധാരണമാണ്‌. ശക്തിയായി വീശുന്ന കാറ്റ്‌ നീരാവി കുറഞ്ഞവയാകയാല്‍ മിക്കപ്പോഴും മഴ പെയ്യാറില്ല. പീഠഭൂമിയില്‍ സ്റ്റെപ്പ്‌ മാതൃകയിലുള്ള കാലാവസ്ഥയാണുള്ളത്‌. ശീതകാലത്ത്‌ പീഠഭൂമി തണുത്ത വായുപിണ്ഡങ്ങളുടെ ആസ്ഥാനമായിത്തീരുന്നു. ഇവിടെ നിന്ന്‌ നാനാഭാഗത്തേക്കും വീശുന്ന കാറ്റ്‌ മലഞ്ചരിവുകളിലൂടെ താഴോട്ടുനീങ്ങുമ്പോള്‍ താപം സമാര്‍ജിക്കുന്നതുമൂലം താഴ്‌വാരങ്ങളിലും തീരപ്രദേശങ്ങളിലും ശീതകാലത്തിന്റെ കാഠിന്യം കുറയ്‌ക്കുവാന്‍ പര്യാപ്‌തമായിത്തീരുന്നു. എന്നാല്‍ ശക്തിയോടെ വീശുന്ന കാറ്റ്‌ ഈദൃശമായ പരിവര്‍ത്തനത്തിന്‌ വഴിപ്പെടാറില്ല; തന്മൂലം ഓറഞ്ച്‌ തുടങ്ങിയ വിളകള്‍ക്ക്‌ തികച്ചും നാശകരമായി ഭവിക്കാറുണ്ട്‌.

ശീതകാലത്ത്‌ പശ്ചിമവാതങ്ങളില്‍നിന്ന്‌ തീരപ്രദേശങ്ങളിലും വാതാഭിമുഖമായ മലഞ്ചരിവുകളിലും സാമാന്യമായ തോതില്‍ മഴ ലഭിക്കുന്നു; ചക്രവാതങ്ങളുടെ സ്വാധീനത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്‌ പടിഞ്ഞാറന്‍ തീരത്തും അനുബന്ധിച്ചുള്ള താഴ്‌വാരങ്ങളിലുമാണ്‌; ഉഷ്‌ണകാലത്ത്‌ ഉപദ്വീപ്‌ ഒന്നാകെത്തന്നെ വരള്‍ച്ച ബാധിതമായിത്തീരുന്നു. പോണ്ടിസ്സിന്റെ വടക്കേച്ചരിവുകളില്‍ ഉഷ്‌ണകാലത്തും ശീതകാലത്തും ഒരുപോലെ മഴപെയ്യുന്നതിനാല്‍ ആ ഭാഗത്ത്‌ നിത്യഹരിതവനങ്ങള്‍ കാണപ്പെടുന്നു.

സസ്യജാലവും ജന്തുവര്‍ഗങ്ങളും

ഏഷ്യാമൈനറില്‍ സമൃദ്ധമായ ഒരു സസ്യശേഖരം ഉണ്ടെങ്കിലും അവയെക്കുറിച്ചുള്ള വിശദമായ പഠനം ഇനിയും സാധ്യമായിട്ടില്ല. നിത്യഹരിതവനങ്ങള്‍ മുതല്‍ അര്‍ധ-മരുഭൂപ്രകൃതി വരെയുള്ള വൈവിധ്യം നിറഞ്ഞ പ്രകൃതിദൃശ്യങ്ങള്‍ ഉപദ്വീപിന്റെ വിവിധ ഭാഗങ്ങളിലായി കാണാം.

പൈന്‍, ഓക്‌ തുടങ്ങിയ നിത്യഹരിത വൃക്ഷങ്ങളും കുറ്റിച്ചെടികള്‍, ഓഷധികള്‍, വള്ളിച്ചെടികള്‍ എന്നിവയും ഉപദ്വീപിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ കാണാം. ഉപദ്വീപിന്റെ ഉള്‍ഭാഗത്തേക്കു കടക്കുന്തോറും ഈ സസ്യപ്രകൃതി ഓക്‌, ചെസ്‌നട്ട്‌, ബ്ലാക്ക്‌പൈന്‍ എന്നീ മരങ്ങള്‍ക്കു പ്രാമുഖ്യമുള്ള തുറന്ന കാടുകളിലേക്കു സംക്രമിക്കുന്നു. വൃക്ഷരേഖ(Tree line)യ്‌ക്കും മുകളില്‍ എഴുന്നിട്ടുള്ള ഗിരിശിഖരങ്ങളില്‍ ബെര്‍ബറി, ജൂണിപ്പര്‍, ബ്രൂം, അസ്റ്റ്രഗാലി തുടങ്ങിയവ സമൃദ്ധമായി വളരുന്ന കുറ്റിക്കാടുകള്‍ കാണപ്പെടുന്നു. ഉപദ്വീപിന്റെ വടക്കരികിലും പൊതുവേ മെഡിറ്ററേനിയന്‍ മാതൃകാസസ്യങ്ങളാണുള്ളത്‌. എന്നാല്‍ പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ടു നീങ്ങുന്തോറും സസ്യങ്ങളില്‍ ഗണ്യമായ ഇനംതിരിവ്‌ പ്രകടമായറിയാം. ഏഷ്യാമൈനറിന്റെ കിഴക്കന്‍ ഭാഗങ്ങളിലുള്ള മലമ്പ്രദേശം പ്രായേണ സസ്യരഹിതമാണ്‌. ഉപദ്വീപിന്റെ മധ്യഭാഗത്തെ അത്യുഷ്‌ണവും അതിശൈത്യവും അനുഭവപ്പെടുന്ന ഉന്നതതടം പൊതുവേ സ്റ്റെപ്പ്‌ മാതൃകയിലുള്ള പുല്‍മേടുകളാണ്‌. താഴ്‌വാരങ്ങളിലും അനുകൂല പരിതഃസ്ഥിതിയുള്ള കുന്നിന്‍ചരിവുകളിലും ജൂണിപ്പര്‍, ഓക്‌, ബദാം, നെറ്റിന്‍, പീയര്‍ തുടങ്ങി ഉയരംകുറഞ്ഞ വൃക്ഷങ്ങള്‍ കാണപ്പെടുന്നു.

ഏഷ്യാമൈനറിന്റെ പടിഞ്ഞാറും തെക്കും ഭാഗങ്ങളില്‍ മെഡിറ്ററേനിയന്‍ വര്‍ഗങ്ങളിലുള്ള ജന്തുക്കളും മധ്യ-പൂര്‍വഭാഗങ്ങളില്‍ ഏഷ്യാറ്റിക്‌-സ്റ്റെപ്പ്‌ (ഇറാനോ-തുറാനിയന്‍) വര്‍ഗങ്ങളുമാണുള്ളത്‌. വടക്ക്‌ പോണ്ടിസ്‌ പര്‍വതഭാഗങ്ങളില്‍ യൂറോ-സൈബീരിയന്‍ വര്‍ഗത്തില്‍പ്പെട്ട ജന്തുക്കള്‍ കടന്നു കയറിയിട്ടുള്ളതായും കാണാം; ഈ ഭാഗങ്ങളിലെ കരളുന്ന ഇനം ജന്തുക്കളില്‍ കാണപ്പെടുന്ന വര്‍ണവൈചിത്യ്രങ്ങള്‍ വര്‍ഗസങ്കരത്തിന്റെ സൂചന നല്‌കുന്നു. സവിശേഷങ്ങളായ അനേകയിനം ജന്തുക്കളെ പോണ്ടിസ്‌ മേഖലയില്‍ അധിവസിക്കുന്നു.

ഏഷ്യാമൈനറില്‍ കാലികളെ പ്രധാനമായും ഉഴവുമൃഗങ്ങളായാണ്‌ ഉപയോഗിച്ചുവരുന്നത്‌. ഉന്നതതടത്തിലെ അങ്കാറ ആടുകളുടെ രോമം പ്രസിദ്ധിയാര്‍ജിച്ചതാണ്‌. ഉപദ്വീപിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തു മാത്രമാണ്‌ മഹിഷവര്‍ഗം കാണപ്പെടുന്നത്‌. ചുമട്ടുമൃഗമെന്ന നിലയില്‍ ഒട്ടകം ഉപദ്വീപിലെമ്പാടും വളര്‍ത്തപ്പെടുന്നു. മലമ്പ്രദേശങ്ങളിലെ വ്യവഹാരത്തിനിണങ്ങിയ ഒരിനം കുതിരകളും ഇവിടെ ധാരാളമായുണ്ട്‌. അങ്കാറ പൂച്ച നീണ്ടു പട്ടുപോലുള്ള രോമങ്ങളുള്ള ഒരു വിശേഷയിനം ജീവിയാണ്‌; ഇരപിടിയന്‍ വര്‍ഗങ്ങളുള്‍പ്പടെ നിരവധി ഇനം പക്ഷികളെ ഈ ഉപദ്വീപില്‍ കണ്ടെത്താം. വെട്ടുകിളിയുടെ ആവാസകേന്ദ്രമാണ്‌ ഈ പ്രദേശം. ഏഷ്യാമൈനറില്‍ പാമ്പുകള്‍ ധാരാളമുണ്ട്‌. എന്നാല്‍ ഇവയില്‍ വിഷമുള്ള ഒരിനം (Vipera xanthina) മാത്രമേ ഉള്ളൂ. തീരക്കടലുകളും ഉള്‍നാടന്‍ ജലാശയങ്ങളും സമൃദ്ധമായ മത്സ്യശേഖരം ഉള്‍ക്കൊള്ളുന്നു.

ചരിത്രം

ഏകദേശം ബി.സി. 3000-ാമാണ്ടോടെ ഏഷ്യാമൈനറിന്റെ അറിയപ്പെടുന്നചരിത്രം ആരംഭിക്കുന്നു. ബി.സി. 2000-ത്തിനും 1200-നുമിടയ്‌ക്ക്‌ ഈ രാജ്യം അനാര്യ വംശജരായ ഹിറ്റൈറ്റുകളുടെ അധീനതയിലായിരുന്നു. ഉത്‌ഖനനങ്ങളിലൂടെ ലഭിച്ച തെളിവുകളിൽനിന്നും ഏഷ്യാമൈനർ കിഴക്കും പടിഞ്ഞാറുമുള്ള അയൽ രാജ്യങ്ങളിൽനിന്ന്‌ സാംസ്‌കാരികമായി വേറിട്ടുനിന്നുവെന്ന്‌ അനുമാനിക്കപ്പെടുന്നു. നവീന ശിലായുഗകാലം മുതൽ ഹിറ്റൈറ്റ്‌ സാമ്രാജ്യത്തിന്റെ തകർച്ചവരെയും മോണോക്രാം പാത്രനിർമിതിയുടെ പാരമ്പര്യമാണ്‌ ഈ പ്രദേശം പുലർത്തിപ്പോന്നിരുന്നത്‌. ചെമ്പുയുഗത്തിൽ ഏഷ്യാമൈനർ സംസ്‌കാരം മുമ്പത്തേക്കാള്‍ ഏകതാനമായിരുന്നു. ഈ സംസ്‌കാരം പുറംലോകത്തെ സ്വാധീനിച്ചത്‌ ഇക്കാലത്താണ്‌. അലാക്കാഹുയുക്കിലെ സമാധിമന്ദിരങ്ങളായിരുന്നു ചെമ്പുയുഗ സംസ്‌കാരത്തിന്റെ ശ്രദ്ധേയമായ അവശിഷ്‌ടങ്ങള്‍.

ഹിറ്റൈറ്റ്‌ സാമ്രാജ്യം

(സു.ബി.സി. 1850-1200) ഹിറ്റൈറ്റ്‌ സാമ്രാജ്യം പീഠഭൂമിയിൽ ആണ്‌ കേന്ദ്രീകരിച്ചിരുന്നത്‌. തീരപ്രദേശം പൊതുവേ മൈസീനിയന്‍ സ്വാധീനതയിൽപ്പെട്ടിരുന്നു. മൈസീനിയന്‍ സംസ്‌കാരം (സു.ബു.സി. 2500-1100) ഹിറ്റൈറ്റ്‌ സംസ്‌കാരത്തോളം കേന്ദ്രീകൃതമായിരുന്നില്ല. കടൽ മാർഗവ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന സമുദായങ്ങളുടെ കോണ്‍ഫെഡറേഷനായിരുന്നു അത്‌. ബി.സി. 15 മുതൽ 13 വരെ ശതകങ്ങളിൽ മെഡിറ്ററേനിയന്‍ കടൽത്തീരപ്രദേശങ്ങള്‍ ഒട്ടുമിക്കവയും മൈസീനിയന്‍ സംസ്‌കാരത്തിന്റെ സ്വാധീനതയിലായിരുന്നു. ബി.സി. 1882-ൽ കപ്പഡോഷ്യയിൽ രേഖപ്പെടുത്തിയ കളിമണ്‍ഫലകങ്ങളാണ്‌ ഏഷ്യാമൈനറിൽ കണ്ടെത്തിയ ഏറ്റവും ആദ്യത്തെ ലിഖിതരേഖ.

ഫ്രിജിയന്‍, യുറാർതിയന്‍, നിയോഹിറ്റൈറ്റ്‌ കാലഘട്ടങ്ങള്‍

പടിഞ്ഞാറുനിന്നും ത്രയിസ്യന്മാർ (ഇന്തോ-യൂറോപ്യന്‍വംശം), കിഴക്കുനിന്നും ഫ്രിജിയന്മാർ, അർമീനിയർ തുടങ്ങിയ പ്രാകൃതവർഗങ്ങളുടെ ആക്രമണങ്ങളുടെ ഫലമായി ഹിറ്റൈറ്റ്‌ സാമ്രാജ്യം നിലംപതിച്ചു. സമുദ്ര തീരങ്ങളിലെ മൈസീനിയന്‍ സംസ്‌കാരവും തകർച്ചയിലെത്തി. കുഴപ്പം നിറഞ്ഞ ഒരു ഹ്രസ്വകാലഘട്ടത്തിനുശേഷം ഏഷ്യാമൈനറിലെ വിവിധപ്രദേശങ്ങളിൽ ഫ്രിജിയന്‍ യുറാർതിയന്‍, നിയോഹിറ്റൈറ്റ്‌ തുടങ്ങിയവരുടെ ഭരണം നിലവിൽവന്നു. പീഠഭൂമിയുടെ മുഖ്യഭാഗവും കൈയടക്കിയത്‌ ഫ്രിജിയന്മാരായിരുന്നു. ബി.സി. ഏഴാം ശതകത്തിന്റെ ആരംഭത്തിൽ ആക്രമണകാരികളായ സിമ്മേരിയർ ഫ്രിജിയന്‍ സാമ്രാജ്യത്തെ തകർത്തു.

ലിഡിയ, കാരിയ, ലൈബിയ സംസ്‌കാരങ്ങള്‍

ഫ്രിജിയന്‍ സംസ്‌കാരത്തിന്റെ ചില അവശിഷ്‌ടങ്ങള്‍ നിലനിന്നുവെങ്കിലും ലിഡിയ (സു.ബി.സി. 700-550), കാരിയ (ബി.സി. നാലാം ശ.), ലൈസിയ (സു.ബി.സി. അഞ്ചാം ശ.) തുടങ്ങിയ സംസ്‌കാരങ്ങള്‍ നിലവിൽ വന്നു. ഏഷ്യാമൈനറിൽ ഈ സംസ്‌കാരങ്ങള്‍ പുഷ്‌ടിപ്രാപിച്ച കാലത്തു തന്നെയാണ്‌ ഇയോലിക്‌ (Aeolic), അയോണിക്‌ (Ionic), ഡോറിക്‌ (Doric) എന്നീ ഗ്രീക്കുകോളനികള്‍ ഏജിയന്‍തീരത്ത്‌ സ്ഥാപിക്കപ്പെട്ടത്‌. ഫ്രിജിയ ഗ്രീക്കുലോകവുമായി ബന്ധപ്പെട്ടിരുന്നുവെന്നും അയോണിയന്‍ നഗരങ്ങള്‍ക്ക്‌ സമീപത്തുള്ള ഉള്‍നാടന്‍ രാജ്യങ്ങളോട്‌ ബന്ധമുണ്ടായിരുന്നുവെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ലിഡിയർക്കുശേഷം ഏഷ്യാമൈനർ പേർഷ്യാക്കാരുടെ അധീനതയിലായി.

പേർഷ്യന്‍, ഗ്രീക്ക്‌ ഭരണകാലം

ഹിറ്റൈറ്റ്‌ സാമ്രാജ്യത്തിലെ ഹാത്തുഷ ദേവാലയത്തിന്റെ അവശിഷ്‌ടങ്ങള്‍

ബി.സി. 546-ൽ പേർഷ്യയിലെ സൈറസ്‌ ചക്രവർത്തി ലിഡിയ പിടിച്ചടക്കി. ഇതോടെ ഏഷ്യാമൈനർ വീണ്ടും ഏകീകൃത ഭരണത്തിന്‍ കീഴിലായി. ബി.സി. നാലാം ശതകത്തിൽ അലക്‌സാണ്ടറുടെ ആക്രമണത്തോടെ പേർഷ്യന്‍ ആധിപത്യം താത്‌കാലികമായി അവസാനിച്ചു. എന്നാൽ അലക്‌സാണ്ടറുടെ മരണ(ബി.സി. 323)ശേഷം പേർഷ്യാക്കാർ ക്രമേണ ഏഷ്യാമൈനറിന്റെ കിഴക്കുഭാഗത്ത്‌ തങ്ങളുടെ ഭരണം പുനഃസ്ഥാപിച്ചു. അലക്‌സാണ്ടറെയും പിന്‍ഗാമികളെയുംപോലെ പേർഷ്യാക്കാർ ഏഷ്യാമൈനർ സംസ്‌കാരത്തെ മാറ്റി മറിച്ചില്ല. ബി.സി. നാലാം ശതകത്തിന്റെ ആരംഭത്തോടെ ഹിരാപൊളീസ്‌ പോലെയുള്ള അനത്തോളിയന്‍ മതകേന്ദ്രങ്ങള്‍ പുനർനിർമിച്ച്‌ പുതിയ പേരുകള്‍ നൽകി. ഇതോടൊപ്പം ലയോഡീഷ്യ, ലൈസസ്‌ മുതലായ പുതിയ നഗരങ്ങള്‍ നിർമിക്കപ്പെടുകയുമുണ്ടായി. ഏഷ്യാമൈനറിന്റെ പടിഞ്ഞാറ്‌ തീരപ്രദേശങ്ങളിൽ ഏറിയപങ്കും ടോളമിമാരുടെ (മാസിഡോണിയന്‍ രാജവംശം) നിയന്ത്രണത്തിലായിരുന്നു. ഗ്രീക്കു സ്വാധീനതയുടെ പാരമ്യത്തിൽ (സു.ബി.സി. 1000-500) ഏഷ്യാമൈനറിന്റെ പശ്ചിമഭാഗം പടിഞ്ഞാറുനിന്നുവന്ന ഗോത്രങ്ങളുടെയും, പ്രധാന വാണിജ്യ കേന്ദ്രങ്ങളുടെയും സ്വാധീനതാമേഖലയായി വിഭജിക്കപ്പെട്ടിരിക്കുന്നു.

റോമന്‍ ക്രസ്‌തവ കാലഘട്ടം

ബി.സി. 190-ൽ മഗ്നീഷ്യയിൽവച്ച്‌ സിപ്പിയോ സഹോദരന്മാരിൽനിന്നും സെല്യൂസിദ്‌ രാജാവായ അന്റിയോക്കസ്‌ കകക-നുണ്ടായ പരാജയം ഏഷ്യാമൈനറിൽ റോമന്‍ ഭരണം സ്ഥാപിക്കുന്നതിനു കാരണമായി. 1000 വർഷത്തോളം ഏഷ്യാമൈനറിൽ റോമന്‍ഭരണം നിലനിന്നു. ബി.സി. 133-ൽ പശ്ചിമ ഏഷ്യാമൈനർ ഉള്‍പ്പെടുന്ന "ഏഷ്യ' എന്ന പേരിലുള്ള ആദ്യത്തെ റോമന്‍ പ്രവിശ്യ രൂപവത്‌കരിച്ചു. മിത്രഡേറ്റിസ്‌ (സു.ബി.സി. 131-63) വടക്കുകിഴക്കന്‍ ഏഷ്യാമൈനറിൽ സ്ഥാപിച്ച പൊന്തസ്‌ രാജ്യം കുറേനാള്‍ റോമാഭരണത്തിനു ഭീഷണിയായി വർത്തിച്ചു. എന്നാൽ പോംപി (ബി.സി. 106-48) മിത്രഡേറ്റിസിനെ തുരത്തുകയും ഉപദ്വീപിന്റെ ഏറിയപങ്കും റോമാസാമ്രാജ്യത്തിന്റെ ഭാഗമാക്കിത്തീർക്കുകയും ചെയ്‌തു. റോമന്‍ ഭരണത്തിന്‍ കീഴിൽ ഏഷ്യാമൈനർ സമ്പന്നമായി. നഗരങ്ങളുടെ വലുപ്പം വർധിക്കുകയും അവ ആർഭാടപൂർണമാവുകയും ചെയ്‌തു. എഡേസയിൽ ജസ്റ്റീനിയന്‍ നിർമിച്ച കിടങ്ങ്‌, വെസ്‌പേസിയനും ടൈറ്റസും നിർമിച്ച ജലസേചന പദ്ധതികള്‍ എന്നിവ ഈ കാലഘട്ടത്തിലെ സാങ്കേതിക വൈദഗ്‌ധ്യത്തിന്റെ നിദർശനങ്ങളാണ്‌.

എഫേസസ്സിലെ സെവന്‍ സ്ലീപ്പേഴ്‌സ്‌ ഗുഹ

ഡയോക്ലീഷ്യന്‍ ചക്രവർത്തി (ഭ.കാ.എ.ഡി. 284-305) ഈ പ്രദേശത്തെ മുഴുവനും ഡയോസിസ്‌ എന്ന പേരിലുള്ള മേഖലകളാക്കി. ഏഷ്യയിലെ ഏഴു ക്രസ്‌തവ സഭകള്‍ ധഎഫേസസ്‌, സ്‌മിർണാ, പെർഗമം, ധിയാതിറാ, സാർഡ്രിസ്‌, ഫിലഡൽഫിയ (ലിഡിയ), ലയോഡീഷ്യ (ഫ്രിജിയ) എന്നിവയെ സംബന്ധിച്ച്‌ ബൈബിളിലെ വെളിപാടു പുസ്‌തകത്തിൽ പരാമർശമുണ്ട്‌പ കെട്ടിപ്പടുത്തത്‌ ഇക്കാലത്താണ്‌. എഫേസസ്സിലെ "സെവന്‍ സ്ലീപ്പേഴ്‌സ്‌ ഗുഹ', ബിന്‍ബിർ കിർസിയിലെ "ആയിരത്തി ഒന്നു പള്ളികള്‍' എന്നിവയാണ്‌ ഇക്കാലത്തുനിർമിച്ച രണ്ടു ക്രസ്‌തവ സ്‌മാരകങ്ങള്‍.

സെൽജുക്‌ തുർക്കി ഭരണകാലം

എ.ഡി. 668-ൽ അറബികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉപരോധിക്കുകയും ഏഷ്യാമൈനറിലെ റോമന്‍ ഭരണത്തിനെതിരെ ഭീഷണിയുയർത്തുകയും ചെയ്‌തു. മധ്യേഷ്യയിൽനിന്നും മെസപ്പൊട്ടേമിയന്‍ സമതലത്തിലേക്ക്‌ ഓടിക്കപ്പെട്ട സെൽജൂക്‌ തുർക്കികള്‍ 11-ാം ശതകത്തിൽ (സു.എ.ഡി. 1071) ഏഷ്യാമൈനർ ആക്രമിച്ചു. ഈ ശതകത്തിന്റെ അവസാനം അവർ പൂർവ ഏഷ്യാമൈനറിലെ കപ്പഡോഷ്യയിലും നിക്കേയായിലും താവളമുറപ്പിച്ചു. 12-ാം ശതകത്തിൽ ഏഷ്യാമൈനറിലെ പല പ്രദേശങ്ങളും സെൽജൂക്കുകളുടെ ഭരണത്തിന്‍ കീഴിലായിത്തീർന്നു. വിവിധ തുർക്കിവംശങ്ങള്‍ അധികാരത്തിനും മേധാവിത്വത്തിനും വേണ്ടി പരസ്‌പരം യുദ്ധം ചെയ്‌തു. ഒട്ടോമന്‍ തുർക്കികള്‍ ആനുഷംഗികമായി ആധിപത്യം നേടുകയും ക്രമേണ ഏഷ്യാമൈനറിലുടനീളം തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കുകയും ചെയ്‌തു. 15-ാം ശതകത്തിന്റെ ആരംഭത്തിൽ മംഗോളിയന്‍ ആക്രമണകാരികള്‍ തുർക്കിഭരണത്തിനു താത്‌കാലിക വിരാമമിട്ടുവെങ്കിലും നീണ്ടുനിന്ന യുദ്ധങ്ങളിലൂടെ അതു പുനഃസ്ഥാപിതമായി. 1453-ൽ തുർക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കുകയും റോമന്‍ ആധിപത്യം അവസാനിപ്പിക്കുകയും ചെയ്‌തു. 15-ാം ശതകത്തിനുശേഷമുള്ള ഏഷ്യാമൈനറിന്റെ ചരിത്രം തുർക്കിയുടെയും ഒട്ടോമന്‍ സാമ്രാജ്യത്തിന്റെയും ചരിത്രമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍