This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഷ്യാനെറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:34, 20 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏഷ്യാനെറ്റ്‌

മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനൽ. ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ്‌ കമ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡിന്റെ ഒന്നാമത്തെ ചാനലാണ്‌ ഏഷ്യാനെറ്റ്‌. തിരുവനന്തപുരം ആസ്ഥാനമാക്കി 1993-ൽ സംപ്രക്ഷണം ആരംഭിച്ചു. ഇപ്പോള്‍ (2013) പ്രമുഖ വ്യവസായിയും കർണാടകത്തിൽനിന്നുള്ള രാജ്യസഭാംഗവുമായ രാജീവ്‌ ചന്ദ്രശേഖർ ചെയർമാനും കെ. മാധവന്‍ എംഡിയുമാണ്‌. ഏഷ്യാനെറ്റ്‌, ഏഷ്യാനെറ്റ്‌ ന്യൂസ്‌, ഏഷ്യാനെറ്റ്‌ പ്ലസ്‌, ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റ്‌, എഷ്യാനെറ്റ്‌ മൂവീസ്‌ എന്നിങ്ങനെ മലയാളത്തിൽത്തന്നെ നാലു വ്യത്യസ്‌ത ചാനലുകള്‍ പ്രസ്‌തുത കമ്പനിക്കുണ്ട്‌. സീരിയലുകള്‍, സംഗീതം, ടോക്‌ഷോ, ടാലന്റ്‌-ഹണ്ട്‌, ജനപ്രീതിയാർജിച്ച സിനിമകള്‍ തുടങ്ങിയവ ഏഷ്യാനെറ്റിൽ സംപ്രഷണം ചെയ്‌തുവരുന്നു. ഇന്ത്യ, ശ്രീലങ്ക, തെക്കു കിഴക്കന്‍ ഏഷ്യ, മിഡിൽ ഈസ്റ്റ്‌, യൂറോപ്പ്‌, അമേരിക്ക, റഷ്യ എന്നിവിടങ്ങളിൽ ഏഷ്യാനെറ്റ്‌ സംപ്രഷണം ലഭ്യമാണ്‌. മലയാളത്തിലെ ആദ്യത്തെ ന്യൂസ്‌ ചാനലാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌. ഏഷ്യാനെറ്റ്‌ കമ്യൂണിക്കേഷന്‍സിന്റെ രണ്ടാമത്തെ ചാനലാണിത്‌. ഏഷ്യാനെറ്റ്‌ ഗ്ലോബൽ എന്നായിരുന്നു ഇതിന്റെ ആദ്യത്തെ പേര്‌. ഓരോ മണിക്കൂറിലും വാർത്താബുള്ളറ്റിനുകള്‍, ബിസിനസ്സ്‌ വിശേഷങ്ങള്‍, വർത്തമാനവിഷയങ്ങളെക്കുറിച്ചുള്ള പരിപാടികള്‍, വാർത്താവിശകലനങ്ങള്‍ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികള്‍ ഈ ചാനലിലൂടെ സംപ്രക്ഷണം ചെയ്യുന്നു. ഏഷ്യാനെറ്റ്‌ വാർത്താവിഭാഗത്തിന്‌ കേരളത്തിലെല്ലായിടത്തും ചെന്നൈ, മുംബൈ, ഡൽഹി, ഗള്‍ഫ്‌ എന്നിവിടങ്ങളിലും ന്യൂസ്‌ ബ്യൂറോകളുണ്ട്‌. ഏഷ്യാനെറ്റ്‌ കുടുംബത്തിലെ മൂന്നാമത്തെ ചാനലാണ്‌ ഏഷ്യാനെറ്റ്‌ പ്ലസ്‌. ഇരുപത്തിനാലുമണിക്കൂറും യുവാക്കള്‍ക്കുവേണ്ടി പ്രവർത്തിക്കുന്ന മലയാളം ടെലിവിഷന്‍ ചാനലാണിത്‌. "ആഘോഷിക്കൂ ഓരോ നിമിഷവും' എന്നതാണ്‌ ഈ ചാനലിന്റെ ആപ്‌തവാക്യം. സംഗീതം, ഫാഷന്‍, സിനിമ, കളികള്‍, യാത്രാവിവരണങ്ങള്‍, ഹാസ്യം എന്നിവയാണ്‌ ഇതിലെ പ്രധാന വിഭവങ്ങള്‍. മേല്‌പറഞ്ഞ മലയാളം ചാനലുകള്‍ക്കു പുറമേ കന്നഡ, തെലുഗു, തമിഴ്‌ ഭാഷകളിലും ഏഷ്യാനെറ്റ്‌ സംപ്രക്ഷണം ചെയ്യുന്നുണ്ടണ്ട്‌.

ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ്‌ കമ്യൂണിക്കേഷന്‍സിന്റെ ഉപ കമ്പനിയാണ്‌ ഏഷ്യാനെറ്റ്‌ ഡാറ്റാലൈന്‍. കേബിള്‍, ടെലിവിഷന്‍ ശൃംഖലകള്‍ വഴി ബ്രാഡ്‌ബാന്‍ഡ്‌ ഇന്റർനെറ്റ്‌ സേവനങ്ങള്‍ ഏഷ്യാനെറ്റ്‌ നല്‌കിവരുന്നു. 4.mbps ആണ്‌ പരമാവധി വേഗത. വോയിസ്‌ ഓവർ, ഐ.പി. സേവനങ്ങളും ലഭ്യമാണ്‌. കൊച്ചിയിലും തിരുവനന്തപുരത്തും അന്തർദേശീയ "ഗേറ്റ്‌വേ'കള്‍ ഇതിനായി ഏഷ്യാനെറ്റ്‌ സ്ഥാപിച്ചിട്ടുണ്ട്‌. കേരളത്തിലെ മിക്ക നഗരങ്ങളിലും ഈ ബ്രാഡ്‌ബാന്റ്‌ സേവനം ലഭ്യമാണ്‌. കേബിള്‍ ഉപയോഗിച്ച്‌ ഇന്റർനെറ്റ്‌ ലഭ്യമാക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. കേരളത്തിലെ ഏറ്റവും വലിയ കേബിള്‍ ശൃംഖലയുള്ള കമ്പനിയാണിത്‌.

(എം.ആർ.കെ. മോഹന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍