This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏദന്‍തോട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:56, 19 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏദന്‍തോട്ടം

ആദിമനുഷ്യനായ ആദാമിനുവേണ്ടി ദൈവം നിർമിച്ചുകൊടുത്തതായി ബൈബിളിൽ പ്രകീർത്തിതമായിരിക്കുന്ന ഉദ്യാനം. ഈ ഉദ്യാനത്തിൽ വളർന്നിരുന്ന വൃക്ഷങ്ങള്‍ കാണാന്‍ കൗതുകമുള്ളവയും അവയുടെ ഫലങ്ങള്‍ ഭക്ഷണത്തിന്‌ ഉപയോഗിക്കാവുന്നവയുമായിരുന്നു. ഇതിൽ ജീവന്റെ വൃക്ഷവും നന്മയെയും തിന്മയെയും തിരിച്ചറിയുന്ന അറിവിന്റെ വൃക്ഷവും ഉണ്ടായിരുന്നു. ബൈബിളിൽ പലയിടത്തും ഈ പ്രദേശം "പറുദീസ' എന്ന പദംകൊണ്ടാണ്‌ പരാമൃഷ്‌ടമായിട്ടുള്ളത്‌. ഏദന്‍തോട്ടത്തിൽനിന്ന്‌ ഒരു നദി ഒഴുകിയിരുന്നെന്നും പിശോന്‍, ഗീഹോന്‍, ഹിദ്ദേക്കൽ, ഫ്രാത്ത്‌ (യൂഫ്രട്ടീസ്‌) എന്നീ നാലു ശാഖകള്‍ അതിനുണ്ടായിരുന്നെന്നും വിശ്വസിച്ചുപോരുന്നു. ഇവയിൽ പിശോന്‍പൊന്നിന്റെ നാടായ ഹവിലദേശത്തേക്കും ഗീഹോന്‍ കൂശ്‌ ദേശത്തേക്കും ഹിദ്ദേക്കൽ "അശ്ശൂരി' (Assyria)ന്റെ കിഴക്കുഭാഗത്തേക്കുമാണ്‌ ഒഴുകിയിരുന്നത്‌. വിലക്കപ്പെട്ട കനി ഭക്ഷിച്ച്‌ പുറത്താക്കപ്പെടുന്നതുവരെ ആദാമും ഹൗവയും ഈ തോട്ടത്തിൽ താമസിച്ചിരുന്നതായിട്ടാണ്‌ പറയപ്പെടുന്നത്‌. പുരാണ പ്രതിപാദിതമായ ഈ വിശുദ്ധസ്ഥലം എവിടെയാണെന്നു സ്‌പഷ്‌ടമായിപ്പറയുവാന്‍ പ്രാചീനകാലം മുതൽ ഇന്നുവരെയുള്ള ഗവേഷകന്മാർക്ക്‌ സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ പലരും പല അഭിപ്രായക്കാരാണ്‌ ഹിദ്ദേക്കലും യൂഫ്രട്ടീസും ഉള്‍പ്പെടെ അനവധി നദികള്‍ ഉദ്‌ഭവിക്കുന്ന അർമേനിയയുടെ പർവതനിരകളിൽ "ഏദന്‍' എന്ന സ്ഥലം കണ്ടുപിടിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. എന്നാൽ ഈ നദികളെല്ലാംതന്നെ പല സ്ഥലങ്ങളിൽനിന്നും ഉദ്‌ഭവിക്കുന്നതായി കണ്ടതോടുകൂടി ആ ശ്രമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്‌. പലസ്‌തീനു കിഴക്കുള്ള പ്രദേശമാണ്‌ ഏദന്‍ എന്നു വിശ്വസിക്കുന്ന പണ്ഡിതന്മാരും കുറവല്ല. പുരാതനകാലത്തെ തീരപ്രദേശമായി പരിഗണിച്ചിരുന്ന ഇറിദുവിന്റെ പരിസരത്തുനിന്നും കിട്ടിയ ചില കളിമണ്‍ നിർമിത ലിഖിതങ്ങളിൽ ഇതിന്റെ പരിസരത്ത്‌ ഒരു തോട്ടം ഉണ്ടായിരുന്നതായും അതിൽ പരിപാവനമായ ഒരു ഈന്തപ്പന വളർന്നിരുന്നതായും രേഖപ്പെടുത്തിക്കാണുന്നു. ഈ പ്രദേശമാണ്‌ ഏദന്‍തോട്ടത്തിന്റെ ശരിയായ സ്ഥാനമെന്നു വിശ്വസിക്കുന്നവരും കുറവല്ല. പുരാതന ബാബിലോണിയയുടെ കുറച്ചുവടക്കായി യൂഫ്രട്ടീസ്‌, ഹിദ്ദേക്കൽ എന്നീ നദികള്‍ വളരെ അടുത്തും തോടുകള്‍വഴി ബന്ധപ്പെട്ടും ഒഴുകിയിരുന്നു. ഈ പ്രദേശമാണ്‌ ഏദന്‍തോട്ടത്തിന്റെ ശരിയായ സ്ഥാനം എന്നാണ്‌ ചരിത്രഗവേഷകനായ ഡെലിറ്റ്‌ഷ്‌ (Delitzsch) കരുതിയിരുന്നത്‌.

വേദപുസ്‌തകത്തിൽ പറയുന്ന "ഉത്തരദിക്കിന്റെ അതിർത്തിയിലുള്ള സാമാഗമപർവതത്തിൽ മേഘോന്നതങ്ങള്‍ക്കു മീതേ' (യെശയ്യാവു 14:13)യുള്ള സ്ഥലവും "വിശുദ്ധദേവപർവതത്തിൽ അഗ്നിമയരഥങ്ങളുടെ മധ്യേയുള്ള... ദൈവത്തിന്റെ തോട്ടമായ ഏദനും' (യെഹെസ്‌കേൽ 28: 13-14) ആദിമമാനവന്റെ ആരാമവും ആരംഭഭൂമിയുമായിരുന്നെന്ന്‌ അഭ്യൂഹിക്കുന്ന പല പുരോഹിതപണ്ഡിതന്മാരുമുണ്ട്‌. ഏദന്‍ ഒരു സാങ്കല്‌പികസ്ഥാനം മാത്രമാണെന്നു വാദിക്കുന്നവരും ഇല്ലാതില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍