This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏണ്‍സ്റ്റ്‌, പോള്‍ കാള്‍ ഫ്രഡറിക്‌ (1866 - 1933)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:36, 21 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏണ്‍സ്റ്റ്‌, പോള്‍ കാള്‍ ഫ്രഡറിക്‌ (1866 - 1933)

Ernst, Paul Karl Friedrich

പോള്‍ കാള്‍ ഫ്രഡറിക്‌ ഏണ്‍സ്റ്റ്‌

ജർമന്‍സാഹിത്യകാരന്‍; നോവലിസ്റ്റ്‌, നാടകകൃത്ത്‌, വിമർശകന്‍ എന്നീ നിലകളിൽ പ്രസിദ്ധന്‍. എൽബിനെറോഡിൽ ജനിച്ചു; ഖനിത്തൊഴിലാളിയായിരുന്നു പിതാവ്‌; എങ്കിലും ജീവിതസുഖസൗകര്യങ്ങള്‍ കുറവായിരുന്നില്ല. ചെറുപ്പത്തിൽത്തന്നെ വായനശീലം പ്രകടിപ്പിച്ചിരുന്നു. ഏണ്‍സ്റ്റിനെ പുരോഹിതനാക്കണമെന്നാണ്‌ പിതാവ്‌ ആഗ്രഹിച്ചത്‌. എന്നാൽ ദൈവശാസ്‌ത്രം പഠിക്കാന്‍ വിസമ്മതിച്ച ഏണ്‍സ്റ്റ്‌ സാമൂഹികപ്രവർത്തകനായി മാറുകയും ക്രമേണ രാഷ്‌ട്രതന്ത്രം, സാമ്പത്തികശാസ്‌ത്രം, സാമൂഹികശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളിൽ അവഗാഹം നേടുകയും ചെയ്‌തു. ഈ വിഷയങ്ങളെപ്പറ്റി ഒട്ടേറെ ലേഖനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഒരു മാർക്‌സിസ്റ്റു പത്രത്തിന്റെ അധിപനായി കുറേക്കാലം പ്രവർത്തിച്ചു; രാഷ്‌ട്രീയ പ്രവർത്തനത്തിലും ഈ സാഹിത്യകാരന്‍ പങ്കെടുക്കുകയുണ്ടായി.

പരശ്ശതം ചെറുകഥകളും ആറു നോവലുകളും 23 നാടകങ്ങളും രണ്ടു കവിതാസമാഹാരങ്ങളും രണ്ടു മഹാകാവ്യങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. കൂടാതെ രണ്ടു വാല്യങ്ങളുള്ള ആത്മകഥയും പ്രസിദ്ധീകരിച്ചു. ഈ കൃതികളിൽ 19-ാം നൂറ്റാണ്ടിന്റെ അന്തിമദശകങ്ങളിലെ സാമൂഹിക-സാമ്പത്തിക-രാഷ്‌ട്രീയ ജീവിതം വ്യക്തമായി പ്രതിഫലിച്ചിരിക്കുന്നു. ജർമന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍സാഹിത്യങ്ങളിലെ അമ്പതോളം ഗ്രന്ഥങ്ങള്‍ പരിശോധിച്ച്‌ ഇദ്ദേഹം ആമുഖസഹിതം പ്രകാശനം ചെയ്‌തിട്ടുണ്ട്‌. ഒരു ദാർശനികന്‍ കൂടിയായിരുന്നു പോള്‍ ഏണ്‍സ്റ്റ്‌. മാർക്‌സിസവും പിന്നീട്‌ നാച്വറലിസവുമായിരുന്നു ഇദ്ദേഹത്തിന്റെ ദർശനപദ്ധതിക്കു രൂപം നല്‌കിയത്‌; എന്നാൽ പില്‌ക്കാലത്ത്‌ അവയോട്‌ ഇദ്ദേഹം വിട പറഞ്ഞു. ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദൈവം ഒരു യാഥാർഥ്യമായിരുന്നില്ല; മാനസികപ്രക്രിയ മാത്രമായിരുന്നു.

രണ്ടു ചെറുകഥാസമാഹാരങ്ങള്‍ (Die Prinzessin des Ostens, 1903; Spitzbube ngeschichten, 1920); ആത്മകഥാപരമായ ഒരാഖ്യായിക (Der Schmale Weg zum Gluck, 1904); ചരിത്രപരമായ മറ്റൊരാഖ്യായിക (Der schatz in Morgenbrotstal, 1926); ജർമന്‍ ചക്രവർത്തികളുടെ അപദാനങ്ങളെ വാഴ്‌ത്തുന്ന അവസാനകൃതി (Das Kaiser buch, 1923-28) എന്നിവ ഏണ്‍സ്റ്റിന്റെ പ്രധാനകൃതികളാണ്‌.

ആസ്‌ട്രിയയിലെ സെന്റ്‌ ജിയോർജനിൽ വച്ച്‌ പോള്‍ ഏണ്‍സ്റ്റ്‌ 1933 മേയ്‌ 13-ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍