This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏണ്‍സ്റ്റ്, പോള്‍ കാള്‍ ഫ്രഡറിക് (1866 - 1933)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏണ്‍സ്റ്റ്, പോള്‍ കാള്‍ ഫ്രഡറിക് (1866 - 1933)
Ernst, Paul Karl Friedrich
ജര്‍മന്‍സാഹിത്യകാരന്‍; നോവലിസ്റ്റ്, നാടകകൃത്ത്, വിമര്‍ശകന്‍ എന്നീ നിലകളില്‍ പ്രസിദ്ധന്‍. എല്‍ബിനെറോഡില്‍ ജനിച്ചു; ഖനിത്തൊഴിലാളിയായിരുന്നു പിതാവ്; എങ്കിലും ജീവിതസുഖസൗകര്യങ്ങള്‍ കുറവായിരുന്നില്ല. ചെറുപ്പത്തില്‍ത്തന്നെ വായനശീലം പ്രകടിപ്പിച്ചിരുന്നു. ഏണ്‍സ്റ്റിനെ പുരോഹിതനാക്കണമെന്നാണ് പിതാവ് ആഗ്രഹിച്ചത്. എന്നാല്‍ ദൈവശാസ്‌ത്രം പഠിക്കാന്‍ വിസമ്മതിച്ച ഏണ്‍സ്റ്റ് സാമൂഹികപ്രവര്‍ത്തകനായി മാറുകയും ക്രമേണ രാഷ്‌ട്രതന്ത്രം, സാമ്പത്തികശാസ്‌ത്രം, സാമൂഹികശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹം നേടുകയും ചെയ്‌തു. ഈ വിഷയങ്ങളെപ്പറ്റി ഒട്ടേറെ ലേഖനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഒരു മാര്‍ക്‌സിസ്റ്റു പത്രത്തിന്റെ അധിപനായി കുറേക്കാലം പ്രവര്‍ത്തിച്ചു; രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും ഈ സാഹിത്യകാരന്‍ പങ്കെടുക്കുകയുണ്ടായി.
പരശ്ശതം ചെറുകഥകളും ആറു നോവലുകളും 23 നാടകങ്ങളും രണ്ടു കവിതാസമാഹാരങ്ങളും രണ്ടു മഹാകാവ്യങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ രണ്ടു വാല്യങ്ങളുള്ള ആത്മകഥയും പ്രസിദ്ധീകരിച്ചു. ഈ കൃതികളില്‍ 19-ാം നൂറ്റാണ്ടിന്റെ അന്തിമദശകങ്ങളിലെ സാമൂഹിക-സാമ്പത്തിക-രാഷ്‌ട്രീയ ജീവിതം വ്യക്തമായി പ്രതിഫലിച്ചിരിക്കുന്നു. ജര്‍മന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍സാഹിത്യങ്ങളിലെ അമ്പതോളം ഗ്രന്ഥങ്ങള്‍ പരിശോധിച്ച് ഇദ്ദേഹം ആമുഖസഹിതം പ്രകാശനം ചെയ്‌തിട്ടുണ്ട്.
ഒരു ദാര്‍ശനികന്‍ കൂടിയായിരുന്നു പോള്‍ ഏണ്‍സ്റ്റ്. മാര്‍ക്‌സിസവും പിന്നീട് നാച്വറലിസവുമായിരുന്നു ഇദ്ദേഹത്തിന്റെ ദര്‍ശനപദ്ധതിക്കു രൂപം നല്‌കിയത്; എന്നാല്‍ പില്‌ക്കാലത്ത് അവയോട് ഇദ്ദേഹം വിട പറഞ്ഞു. ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദൈവം ഒരു യാഥാര്‍ഥ്യമായിരുന്നില്ല; മാനസികപ്രക്രിയ മാത്രമായിരുന്നു.
രണ്ടു ചെറുകഥാസമാഹാരങ്ങള്‍ (Die Prinzessin des Ostens, 1903; Spitzbube ngeschichten, 1920); ആത്മകഥാപരമായ ഒരാഖ്യായിക (Der Schmale Weg zum Gluck, 1904); ചരിത്രപരമായ മറ്റൊരാഖ്യായിക (Der schatz in Morgenbrotstal, 1926); ജര്‍മന്‍ ചക്രവര്‍ത്തികളുടെ അപദാനങ്ങളെ വാഴ്‌ത്തുന്ന അവസാനകൃതി (Das Kaiser buch, 1923-28) എന്നിവ ഏണ്‍സ്റ്റിന്റെ പ്രധാനകൃതികളാണ്.
ആസ്‌ട്രിയയിലെ സെന്റ് ജിയോര്‍ജനില്‍ വച്ച് പോള്‍ ഏണ്‍സ്റ്റ് 1933 മേയ് 13-ന് അന്തരിച്ചു.