This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏഡെൽഫെൽറ്റ്, ആൽബർട്ട് ഗുസ്‌താവ് (1854 - 1905)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏഡെല്‍ഫെല്‍റ്റ്, ആല്‍ബര്‍ട്ട് ഗുസ്‌താവ് (1854 - 1905)
Edelfelt, Albert Gustav
ഫിന്നിഷ് ചിത്രകാരന്‍. 1854 ജൂല. 21-ന് ഹെല്‍സിങ്കിയില്‍ ജനിച്ചു. ആന്റുവെര്‍പ് അക്കാദമിയിലും പാരിസിലും ചിത്രകല അഭ്യസിച്ചു. പാരിസില്‍വച്ച് ഷാന്‍ലിയോണ്‍ ജെറോമിന്റെ ശിഷ്യത്വം സ്വീകരിച്ചു. ജീവിതത്തിന്റെ ഏറിയ പങ്കും ഇദ്ദേഹം ഫ്രാന്‍സില്‍ത്തന്നെ കഴിച്ചുകൂട്ടി. ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഒട്ടുവളരെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ലീജിയന്‍ ഡി ഓണര്‍ പദവിയില്‍ നൈറ്റ്, ഓഫീസര്‍ കമാന്‍ഡര്‍ (1901) എന്നീ സ്ഥാനങ്ങള്‍ ഇദ്ദേഹത്തിനു തുടര്‍ച്ചയായി ലഭിച്ചു.
ഉന്നതകുലജാതരായ പ്രഭുകുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് ഇദ്ദേഹം കൃത്യമായും രചിച്ചിരുന്നത്. കൂട്ടത്തില്‍ "പാസ്‌ചര്‍ ഇന്‍ ഹിസ് ലബോറട്ടറി' (പാസ്‌ചര്‍ തന്റെ പരീക്ഷണശാലയില്‍-1885) എന്ന ചിത്രവും ഉള്‍പ്പെടുന്നു. 1896-ല്‍ ഇദ്ദേഹം രചിച്ച സാര്‍ നിക്കോളാസ് II-ന്റെ ചിത്രം പ്രസിദ്ധമാണ്. ഫിന്‍ലന്‍ഡ്, റഷ്യ എന്നിവിടങ്ങളിലെ ജീവിതദൃശ്യങ്ങള്‍ യഥാതഥമായി രചിച്ച ചിത്രകാരന്‍ എന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ ചിത്രരചനാ വൈദഗ്‌ധ്യം പ്രശസ്‌തി ആര്‍ജിച്ചത്. ചിത്രരചനയിലെ പ്രകാശ വിന്യാസത്തെ സംബന്ധിച്ചിടത്തോളം ഏഡെല്‍ഫെല്‍റ്റിന്റെ ചിത്രങ്ങള്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. "ലക്‌സം ബര്‍ഗ് പൂന്തോട്ടത്തില്‍' (1887), "റൂവോ കൊലാത്തി ദേവാലയത്തിന്റെ മുന്നിലെ സ്‌ത്രീകള്‍' (1887) എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്‌ത ചിത്രങ്ങളാണ്. ഫിന്‍ലന്‍ഡില്‍ ഇദ്ദേഹം രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ചില ഭരണഘടനാ മാറ്റങ്ങള്‍ക്കെതിരായി 1889-ല്‍ ഏഡെല്‍ഫെല്‍റ്റ് ഒരു സമരം തന്നെ സംഘടിപ്പിക്കുകയുണ്ടായി. 1905 ആഗ. 18-ന് ഇദ്ദേഹം ബോര്‍ഗായില്‍ നിര്യാതനായി.
2004-ല്‍ 15-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇദ്ദേഹത്തിന്റെ പേരില്‍ ഒരു നാണയം പുറപ്പെടുവിക്കുകയുണ്ടായി.