This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകാദശി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:24, 19 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏകാദശി

ഹിന്ദുക്കള്‍ അനുഷ്‌ഠിക്കുന്ന വ്രതം. പ്രതിപദം മുതൽക്കുള്ള തിഥികളിൽ 11-ാമത്തേത്‌. പാപങ്ങളെ ഭസ്‌മീകരിക്കുവാന്‍ ഏകാദശിവ്രതം അനുഷ്‌ഠിച്ചാൽ മതിയാവും എന്നു വിശ്വസിക്കപ്പെടുന്നു. ഈ വ്രതം അനുഷ്‌ഠിക്കുന്നവർ ദശമി ദിവസം ഒരു നേരമേ ഭക്ഷണം കഴിക്കാവൂ. മെത്തമേലുറങ്ങരുത്‌; വെറും തറയിൽ ശയിക്കണം; സഹശയനം ഒഴിവാക്കണം; ഏകാദശിദിനത്തിൽ പുലർകാലത്തു കുളിച്ച്‌ കായശുദ്ധവരുത്തി വെള്ളവസ്‌ത്രം ധരിക്കണം. വിഷ്‌ണുഭഗവാനെ ധ്യാനിച്ച്‌ വിഷ്‌ണുക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്‌തു കഴിച്ചുകൂട്ടണം. ഉണ്ണുവാനോ ഉറങ്ങുവാനോ പാടില്ല. തൈലതാംബൂലാദികളും സ്‌ത്രീസേവയും കോപവും ത്യജിക്കണം. തുളസീതീർഥം മാത്രം സേവിക്കുന്നത്‌ ഉത്തമം. ജലംപോലും ത്യജിക്കുകയാണ്‌ അത്യുത്തമം എന്നു കരുതപ്പെടുന്നു. ഇത്‌ പ്രയാസമെങ്കിൽ ഫലമൂലാദികള്‍ ഭുജിക്കാം. ജീവധാരണത്തിനുവേണ്ടി ഒരു നേരം ശാല്യന്നം ഒഴിച്ചുള്ള ആഹാരം കഴിക്കാം. മൗനം ആചരിക്കുന്നതുനന്ന്‌. യഥാവിധി ബ്രാഹ്മണർക്കു ദാനം ചെയ്യണം. വെറും നിലത്തിലേ ഇരിക്കാവൂ. ദ്വാദശിദിനത്തിൽ കുളിച്ച്‌ ദിനകൃത്യങ്ങളും കഴിച്ച്‌ വിഷ്‌ണുപൂജ ചെയ്യണം. ബ്രാഹ്മണരെ പാദക്ഷാളനം ചെയ്‌ത്‌ വേദവിധിയനുസരിച്ച്‌ പൂജിച്ച്‌ ഭുജിപ്പിക്കണം. അവർക്കു വസ്‌ത്രം, സ്വർണം തുടങ്ങിയവ ഭക്തിയോടെ ദാനം ചെയ്യണം. അതിനുശേഷം മാത്രമേ പാരണ നടത്താവൂ. ആ ദിവസം പിന്നീട്‌ ഭുജിക്കരുത്‌. ഇപ്രകാരം മൂന്നുദിവസം കഴിച്ചുകൂട്ടുകയാണെങ്കിൽ വൈകുണ്‌ഠലോകത്തെ പ്രാപിക്കാമെന്ന്‌ ഏകാദശി മാഹാത്മ്യത്തിൽ പറയുന്നു.

ബഹുവിധങ്ങളായ യാഗകർമങ്ങളനുഷ്‌ഠിക്കുന്നതിനെക്കാള്‍ ശ്രഷ്‌ഠമാണ്‌ ഏകാദശീവ്രതാനുഷ്‌ഠാനം. ദ്വാദശിയും ഏകാദശിയും ചേർന്നിരിക്കുന്ന ദിവസം വിഷ്‌ണുവിന്റെ സാന്നിധ്യമുള്ള ദിനമായി കരുതപ്പെടുന്നു. അതിനെ ഹരിവാസരം എന്നുപറയാറുണ്ട്‌. അന്നാണ്‌ പുണ്യപ്രദമായിട്ടുള്ള നിരവധി യജ്ഞങ്ങള്‍ ചെയ്യേണ്ടത്‌. വിധവകള്‍ ഏറെക്കുറെ നിർബന്ധമായും മറ്റുള്ളവർ സ്വേച്ഛപോലെയും ഏകാദശി നോറ്റുവരുന്നു. ഏകാദശിദിവസം ശ്രാദ്ധം വന്നാൽ കവ്യം ഭക്ഷിക്കുന്നതുകൊണ്ട്‌ വ്രതഭംഗമുണ്ടാകുകയില്ല.

ഏകാദശി അവസാനിക്കുന്ന ദിവസമാണ്‌ വ്രതം അനുഷ്‌ഠിക്കേണ്ടത്‌. വ്രതാനുഷ്‌ഠാനത്തിന്‌ ദിവസാരംഭത്തെക്കുറിച്ചുള്ള അഭിപ്രായഭേദമുണ്ട്‌. സൂര്യോദയം മുതൽക്കാണ്‌ ദിവസം ആരംഭിക്കുന്നതെന്നും സൂര്യോദയത്തിന്‌ നാലുനാഴിക മുമ്പുതന്നെ ദിവസം ആരംഭിക്കുന്നുവെന്നും അഭിപ്രായമുണ്ട്‌.

മഹാവിഷ്‌ണു ഒരു വർഷത്തിൽ നാലുമാസക്കാലം നിദ്രയിലാണെന്നൊരു പരാമർശം പുരാണങ്ങളിലുണ്ട്‌. ആഷാഢമാസത്തിലെ വെളുത്തപക്ഷത്തിലാണ്‌ നിദ്ര തുടങ്ങുന്നത്‌. അക്കാരണത്താൽ അതിന്‌ ശയനൈകാദശി എന്ന പേരുലഭിച്ചു. ഈ നിദ്ര കാർത്തികമാസത്തിലെ ശുക്ലപക്ഷഏകാദശിനാളിൽ അവസാനിക്കും. അത്‌ ഉത്ഥാനൈകാദശി എന്നപേരിൽ അറിയപ്പെടുന്നു (നോ. ഉത്ഥാനൈകാദശി). മാഘമാസത്തിലെ ശുക്ലപക്ഷ-ഏകാദശിക്ക്‌ പരിവർത്തന ഏകാദശി എന്നും ധനുമാസത്തിലെ ശുക്ലപക്ഷ-ഏകാദശിക്ക്‌ സ്വർഗവാതിൽ ഏകാദശിയെന്നും പേരുണ്ട്‌.

അംബരീഷന്‍, രുഗ്മാംഗദന്‍ എന്നിവരുടെ കഥകള്‍ ഏകാദശി മാഹാത്മ്യത്തെ പ്രകീർത്തിക്കുന്നവയാണ്‌. കുംഭമാസത്തിലെ കൃഷ്‌ണപക്ഷ-ഏകാദശി പ്രധാനമായി ആഘോഷിക്കുന്നതിനാൽ തൃശൂർജില്ലയിലെ തിരുവില്വാമലക്ഷേത്രത്തിന്‌ "ഏകാദശ്യചലം' എന്നൊരു പേരുണ്ട്‌. വൃശ്ചികമാസത്തിലെ ശുക്ലപക്ഷ-ഏകാദശി ഗുരുവായൂർ ക്ഷേത്രത്തിലെ ആട്ടവിശേഷങ്ങളിൽ മുഖ്യപങ്കുവഹിക്കുന്നതിനാൽ അതിനെ "ഗുരുവായൂർ ഏകാദശി' എന്നു പറഞ്ഞുവരുന്നു. അംബരീഷചരിതം ഗദ്യം (ഒരു പ്രാചീന മലയാളകൃതി), ഏകാദശീമാഹാത്മ്യം കിളിപ്പാട്ട്‌, അംബരീഷചരിത്രം കഥകളി, അംബരീഷചരിതം തുള്ളൽ, രുഗ്മാംഗദചരിതം കഥകളി, രുഗ്മാംഗദചരിതം മഹാകാവ്യം തുടങ്ങിയവ ഏകാദശീമാഹാത്മ്യം പ്രതിപാദിക്കുന്ന സാഹിത്യകൃതികളാണ്‌.

(അരുമാനൂർ നിർമലാനന്ദന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%95%E0%B4%BE%E0%B4%A6%E0%B4%B6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍