This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകബീജപത്രകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:34, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏകബീജപത്രകങ്ങള്‍

Monocotyledons

ആവൃതബീജികളിലെ (Angiosperms) അഗ്രഗത വിഭാഗം. ഈ വിഭാഗത്തിലെ ചെടികളുടെ വിത്തിനുള്ളിലെ ഭ്രൂണത്തിൽ ഒരു ബീജപത്രം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മറ്റൊരു വിഭാഗമായ ദ്വിബീജപത്രകങ്ങളിൽ ഭ്രൂണം രണ്ടു ബീജപത്രങ്ങളോടുകൂടിയതാണ്‌. ഏകദേശം 65-70 കുടുംബങ്ങളും 3,000 ഗോത്രങ്ങളും (orders) 50,000 സെ്‌പീഷീസുകളും ഏകബീജപത്രകങ്ങളായുണ്ട്‌. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷികവിളകളായ നെല്ല്‌, ഗോതമ്പ്‌, ചോളം, ബാർലി, ഓട്‌സ്‌ തുടങ്ങിയവ ഈ വിഭാഗത്തിൽപ്പെട്ടവയാണ്‌. ഈ വിഭാഗത്തിലെ തെങ്ങ്‌, കമുക്‌, എണ്ണപ്പന, വാഴ, ഇഞ്ചി, ഏലം തുടങ്ങിയ സസ്യങ്ങള്‍ക്ക്‌ വളരെയേറെ സാമ്പത്തിക പ്രാധാന്യമുണ്ട്‌. ഓർക്കിഡുകള്‍, ലില്ലിച്ചെടികള്‍ തുടങ്ങിയ ധാരാളം അലങ്കാര സസ്യങ്ങളും ഈ വിഭാഗത്തിൽ ഉള്‍പ്പെടുന്നു.

ഏകബീജപത്രകത്തിൽപ്പെടുന്ന ഗോതമ്പ്‌

പനവർഗത്തിൽപ്പെട്ടവയൊഴികെ മറ്റുള്ളവയെല്ലാംതന്നെ ഓഷധികളാണ്‌. പ്രാഥമികവേര്‌ വളരെവേഗം നശിച്ചു പോകുകയും ആ സ്ഥാനത്ത്‌ നാരുപോലുള്ള, ശാഖകളില്ലാത്ത ധാരാളം വേരുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. വേരുകള്‍ ഒരേ ആകൃതിയിലുള്ളവയാണ്‌. ദ്വിബീജപത്രക സസ്യങ്ങളിലേതിനെക്കാള്‍ ധാരാളം ഭൂകാണ്ഡങ്ങള്‍ കാണുന്നത്‌ ഏകബീജപത്രകങ്ങളിലാണ്‌. ഇഞ്ചി, മഞ്ഞള്‍, ചേമ്പ്‌, ചേന ഇവയെല്ലാം ഒറ്റപ്പരിപ്പുവർഗത്തിൽപ്പെടുന്ന ഭൂകാണ്ഡങ്ങളാണ്‌. ഇലകളിൽ സമാന്തര സിരാവിന്യാസമുണ്ടായിരിക്കും. വിരളമായി ചില സസ്യങ്ങളിൽ വലപോലുള്ള ക്രമീകരണവുമുണ്ട്‌ (ഉദാ. കാച്ചിലിന്റെ ഇല). നെല്ല്‌ മുതലായ ചെടികളിൽ ഇലയുടെ ചുവടു മുതൽ അഗ്രഭാഗം വരെ സിരകള്‍ സമാന്തരങ്ങളായിരിക്കും. വാഴയിലയിലും മറ്റും മധ്യസിരയ്‌ക്കു ലംബമായി മറ്റു സിരകള്‍ പരസ്‌പരം സമാന്തര രൂപത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഇലയുടെ ചുവട്‌ ഇലപ്പോളയായി കാണ്ഡത്തെ ചുറ്റിയിരിക്കും. സാധാരണയായി ഇലഞെട്ട്‌ ഉണ്ടായിരിക്കില്ല. ഉപപർണങ്ങളും ഇല്ല. മിക്കപ്പോഴും ലഘുപത്രങ്ങളായിരിക്കും. പനവർഗസസ്യങ്ങളിലേതുപോലെ ചിലപ്പോള്‍ സംയുക്ത പത്രങ്ങളും കാണാറുണ്ട്‌.

സാധാരണയായി കാണ്ഡത്തിൽനിന്നും ശാഖകള്‍ ഉണ്ടാകാറില്ല. സംവഹനവ്യൂഹങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്നു. ഇത്‌ ഒരു പോളകൊണ്ട്‌ പൊതിഞ്ഞിരിക്കുന്നു. കേമ്പിയം ഇല്ലാത്തതിനാൽ കാണ്ഡം വണ്ണം വയ്‌ക്കുന്നില്ല. ഫ്‌ളോയംപാരന്‍കൈമ ഇല്ല. കാണ്ഡത്തിന്റെ ഉള്‍ഭാഗത്തുള്ള സംവഹനകലകള്‍ പുറമേയുള്ളവയെക്കാള്‍ മൂന്നോ അതിന്റെ ഗുണിതങ്ങളോ ആയിരിക്കും. മിക്കകുടുംബങ്ങളിലും ഓർക്കിഡുകളിലേതുപോലെ പുഷ്‌പങ്ങള്‍ അസമമിതങ്ങള്‍ (irregular) ആണ്‌. ഓർക്കിഡുകളിലൊഴികെ മറ്റുള്ളവയിൽ ഭ്രൂണം വളരെ ചെറുതാണ്‌; ധാരാളം ബീജാന്നമുണ്ടായിരിക്കും. നെല്ല്‌, ഗോതമ്പ്‌ മുതലായവയുടെ ബീജാന്നത്തിൽ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്‌. ഇന്ന്‌ ഭൂമുഖത്തില്ലാത്ത വളരെ പുരാതനമായ ഒരു ദ്വിബീജപത്രകസ്റ്റോക്കിൽ നിന്നുമാണ്‌ ഏകബീജപത്രകങ്ങള്‍ ഉദ്‌ഭവിച്ചിട്ടുള്ളതെന്ന്‌ ഊഹിക്കപ്പെടുന്നു. അങ്ങനെയാണെങ്കിൽ ഏകബീജപത്രകസസ്യങ്ങള്‍ ദ്വിബീജ പത്രകങ്ങളെക്കാള്‍ കൂടുതൽ അഗ്രഗത(advanced)ങ്ങളാണെന്നു പറയേണ്ടിവരും. ഇക്കാരണംകൊണ്ട്‌ ബെസ്സി, ഹച്ചിന്‍സണ്‍ എന്നീ സസ്യവർഗീകരണശാസ്‌ത്രജ്ഞന്മാർ ദ്വിബീജപത്രകങ്ങള്‍ക്കു ശേഷമാണ്‌ ഇവയ്‌ക്ക്‌ സ്ഥാനം നല്‌കിയിരിക്കുന്നത്‌. വളരെ ലളിതങ്ങളായ പുഷ്‌പങ്ങള്‍ ധാരാളം ദളങ്ങളും കേസരങ്ങളും മറ്റുമുള്ള സങ്കീർണങ്ങളായ പുഷ്‌പങ്ങളെക്കാള്‍ ജാതിവൃത്തപരമായും (Phylogenetically) പരിണാമപരമായും ഏറ്റവും മുന്‍പന്തിയിൽ നിൽക്കുന്നതായി കരുതാം. ഹച്ചിന്‍സണി(1934)ന്റെ വർഗീകരണപ്രകാരം ഏകബീജപത്രക സസ്യവിഭാഗത്തിൽ 26 ഗോത്രങ്ങളും 68 കുടുംബങ്ങളും ഉണ്ട്‌. ബ്യൂട്ടോമേസീ, അലിസ്‌മാറ്റേസീ എന്നീ സസ്യകുടുംബങ്ങള്‍ ഹെല്ലബോറേസീ, റനന്‍കുലേസീ എന്നീ ദ്വിബീജപത്രകകുടുംബങ്ങളോട്‌ വളരെയധികം സാദൃശ്യമുള്ളവയാണ്‌. ഈ കുടുംബങ്ങളിലെല്ലാം അണ്ഡപർണ(carpel)ങ്ങള്‍ സ്വതന്ത്രങ്ങളാണ്‌. പരിണാമപരമായി ഇതൊരു പുരാതന സ്വഭാവമാകുന്നു. തന്മൂലം ഹച്ചിന്‍സണ്‍ സ്വതന്ത്ര അണ്ഡപർണങ്ങളുള്ള കുടുംബങ്ങള്‍ക്കാണ്‌ പ്രാരംഭസ്ഥാനം നൽകിയിട്ടുള്ളത്‌. സ്വതന്ത്രമായ അണ്ഡപർണങ്ങള്‍ക്കു പുറമേ കൂടുതൽ ആദിമങ്ങളായ കുടുംബങ്ങള്‍ക്ക്‌ പച്ചനിറമുള്ള ദളപുടവും ഉണ്ടായിരിക്കും. ഈ അടിസ്ഥാനത്തിൽ ഹച്ചിന്‍സണ്‍ ഏകബീജപത്രകങ്ങളെ വ്യക്തമായ ബാഹ്യദളപുടവും ദളപുടവുമുള്ള കാലിസിഫെറേ, ബാഹ്യദളപുടവും ദളപുടവും ചേർന്ന്‌ ഒറ്റ വൃത്തം മാത്രമുള്ള കൊറോളിഫെറേ, പരിദളപുഞ്‌ജം (perianth) തീരെ ചെറുതായിത്തീർന്നിട്ടുള്ള ഗ്ലൂമിഫെറേ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ബ്യൂട്ടോമേസീകുടുംബത്തിന്‌ പ്രാരംഭത്തിലും പോയേസിയേ (poaceae) കുടുംബത്തിന്‌ അന്ത്യത്തിലുമാണ്‌ സ്ഥാനം നല്‌കിയിട്ടുള്ളത്‌. ഏകബീജപത്രകങ്ങളിൽ ബെസ്സിയുടെ വർഗീകരണരീതിപ്രകാരം എട്ടു ഗോത്രങ്ങളുണ്ട്‌. പുഷ്‌പത്തിലെ അണ്ഡാശയത്തിന്റെ സ്ഥാനം അടിസ്ഥാനമാക്കിയുള്ളതാണിത്‌. ബെന്തം, ഹുക്കർ എന്നിവർ ഏകബീജപത്രകങ്ങളെ മൈക്രാസ്‌പേർമേ, എപ്പിഗൈനേ, കൊറോണേറിയേ, കാലിസിനേ, ന്യൂഡിഫ്‌ളോറേ, അപ്പോകാർപേ, ഗ്ലൂമേസീ എന്നിങ്ങനെ ഏഴ്‌ സീരീസുകളായി വിഭജിച്ചിരിക്കുന്നു. പുഷ്‌പഘടനയിലെ ലാളിത്യം സങ്കീർണതയിൽനിന്ന്‌ പരിണമിച്ചുണ്ടായതാണെന്ന വാദത്തെ നിരാകരിച്ചുകൊണ്ട്‌, ഒരു സാർവലൗകികസസ്യവർഗീകരണ രീതിയുടെ ഉപജ്ഞാതാവായ എങ്‌ഗ്ലർ ദ്വിബീജപത്രകങ്ങള്‍ക്കു മുമ്പാണ്‌ ഏകബീജപത്രകങ്ങള്‍ക്ക്‌ സ്ഥാനം നല്‌കിയിട്ടുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍