This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിയറ്റ്‌, റ്റോമസ്‌ സ്റ്റേണ്‍സ്‌ (1888 - 1965)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എലിയറ്റ്‌, റ്റോമസ്‌ സ്റ്റേണ്‍സ്‌ (1888 - 1965)

Eliot, Thomas Stearns

റ്റോമസ്‌ സ്റ്റേണ്‍സ്‌ എലിയറ്റ്‌

ഇംഗ്ലീഷ്‌ കവിയും നാടകകൃത്തും നിരൂപകനും. 1888-ല്‍ അമേരിക്കയിലെ മിസൗറിയില്‍ ഒരുന്നതകുടുംബത്തില്‍ ജനിച്ചു. സ്‌മിത്‌ അക്കാദമിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസമാരംഭിച്ച ഇദ്ദേഹം ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റിയില്‍ ഉപരിവിദ്യാഭ്യാസം നടത്തി. ആദ്യം സ്‌കൂള്‍ അധ്യാപകനായും പിന്നീട്‌ ബാങ്ക്‌ ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചു. 1915-ല്‍ പോയട്രി എന്ന മാസികയില്‍ എലിയറ്റിന്റെ ആദ്യകൃതികളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ദ്‌ ലവ്‌ സോങ്‌ ഒഫ്‌ ജെ. ആല്‍ഫ്രഡ്‌ പ്രൂഫോക്‌ പ്രകാശിതമായി. 1917 മുതല്‍ രണ്ടുവര്‍ഷം ഇമേജിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മുഖപത്രമായ ഇഗോയ്‌സ്റ്റിന്റെ അസിസ്റ്റന്റ്‌ എഡിറ്ററായി ജോലിനോക്കി. 1919-ല്‍ പോയംസ്‌ എന്ന കവിതാസമാഹാരവും 1922-ല്‍ ദ്‌ സെയ്‌ക്രഡ്‌ വുഡ്‌ എന്ന ഉപന്യാസസമാഹാരവും ദ്‌ വെയ്‌സ്റ്റ്‌ ലാന്‍ഡ്‌ എന്ന സുപ്രസിദ്ധകൃതിയും പ്രസിദ്ധീകരിച്ചു. ആ വര്‍ഷംതന്നെ സ്വന്തം പേരില്‍ ക്രറ്റീറിയന്‍ എന്ന മാസികയും തുടങ്ങി. ആ മാസിക 17 വര്‍ഷം പ്രചരിക്കുകയുണ്ടായി. 1925-ല്‍ പോയംസ്‌ 1909-25 എന്ന സമാഹാരം പ്രസിദ്ധീകരിച്ചു. 1927-ല്‍ ബ്രിട്ടീഷ്‌ പൗരത്വം സ്വീകരിച്ച എലിയറ്റ്‌ ജീവിതത്തിന്റെ ശേഷിച്ച ഭാഗത്തിലധികവും ബ്രിട്ടനില്‍ത്തന്നെ കഴിച്ചു. ബ്രിട്ടീഷ്‌ പൗരത്വസിദ്ധിക്കുശേഷം അമേരിക്ക സന്ദര്‍ശിച്ച എലിയറ്റ്‌ കവിതാവിഭാഗം പ്രാഫസറായി ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റിയില്‍ നിയമിക്കപ്പെട്ടു. 1932-ല്‍ സെലക്‌റ്റഡ്‌ എസെയ്‌സ്‌ 1917-32 എന്ന ഉപന്യാസഗ്രന്ഥം പ്രകാശിതമായി. എലിയറ്റ്‌ രചിച്ച മറ്റു പ്രധാനകൃതികള്‍: ആഷ്‌ വെനസ്‌ഡേ (1930), ഫോര്‍ ക്വാര്‍ട്ടറ്റ്‌സ്‌ (1943), കുട്ടികളുടെ കൃതിയായ ഓള്‍ഡ്‌ പോസംസ്‌ ബുക്‌ ഒഫ്‌ പ്രാക്‌റ്റിക്കല്‍ കാറ്റ്‌സ്‌ (1930) എന്നിവയാണ്‌.

സാഹിത്യത്തില്‍ താന്‍ ഒരു ക്ലാസിസ്സിസ്റ്റും മതകാര്യങ്ങളില്‍ ആംഗ്ലോ കത്തോലിക്കനും രാഷ്‌ട്രീയകാര്യങ്ങളില്‍ റോയലിസ്റ്റുമാണെന്ന്‌ ഇദ്ദേഹംതന്നെ ഒരിക്കല്‍ പ്രസ്‌താവിക്കുകയുണ്ടായി. അങ്ങനെ സാഹിത്യത്തിലും മത-രാഷ്‌ട്രീയമണ്ഡലങ്ങളിലും യാഥാസ്ഥിതികത്വവും പാരമ്പര്യവും ഉയര്‍ത്തിക്കാട്ടിയ എലിയറ്റ്‌ ഭാഷയുടെയും കവിതാരൂപങ്ങളുടെയും പരീക്ഷണങ്ങളുടെ പാതയിലൂടെയാണ്‌ സഞ്ചരിച്ചത്‌. ആ പരീക്ഷണങ്ങളുടെ പരിണതഫലമാണ്‌ 1922-ല്‍ രണ്ടായിരം ഡോളര്‍ ഡെയ്‌ല്‍ അവാര്‍ഡിനര്‍ഹമായ ദ്‌ വെയ്‌സ്റ്റ്‌ ലാന്‍ഡ്‌ എന്ന കൃതി. ലോകപ്രസിദ്ധമായ പ്രസ്‌തുത കൃതിയിലൂടെയാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്‌തി ഉച്ചകോടിയിലെത്തിയത്‌. പരസ്‌പരബന്ധമില്ലാത്ത പ്രതീകങ്ങളുടെ കൂമ്പാരമാണ്‌ ഈ കവിത എന്ന നിരൂപകമതം വായനക്കാരനനുഭവപ്പെടുന്ന ബുദ്ധിമുട്ടിനെ വ്യക്തമാക്കുന്നു. ഭൂത-വര്‍ത്തമാന കാലങ്ങളിലെ അനേകം യൂറോപ്യന്‍ സാഹിത്യകാരന്മാരില്‍ നിന്നും ഇന്ത്യന്‍ വേദോപനിഷത്തുകളില്‍ നിന്നും അനായാസമെടുത്തിട്ടുള്ള ഉദ്ധരണികളുടെ ബഹുലതയാണ്‌ വായനക്കാരനെ വിഷമിപ്പിക്കുന്നത്‌. ഒരു നൂതനശൈലിയില്‍ 400 വരികളില്‍ രചിച്ചിരിക്കുന്ന ഈ കവിത ഭൗതികത്വത്തിലധിഷ്‌ഠിതവും വിശ്വാസപ്രമാണശൂന്യവുമായ യുദ്ധാനന്തര യൂറോപ്യന്‍ സംസ്‌കാരത്തിന്റെ അധഃപതനത്തെയും പഴമയുടെ ഗരിമയെയും എടുത്തുകാട്ടുന്ന ഒരുത്തമകാവ്യസൃഷ്‌ടിയാണ്‌. സ്വന്തം ആശയങ്ങള്‍ വിവിധകഥാപാത്രങ്ങളിലൂടെ (ചിലപ്പോള്‍ കവിതന്നെ, ചില വേളകളില്‍ മദ്യശാലയിലെ ഒരംഗന, ചിലപ്പോള്‍ ഒരു വേശ്യ, മറ്റവസരങ്ങളില്‍എല്ലാ സ്‌ത്രീ പുരുഷന്മാരെയും പ്രതിനിധാനം ചെയ്യുന്ന ഗ്രീക്‌ ഇതിഹാസകഥാപാത്രമായ റ്റൈറീസിയസ്‌) ഏറ്റവും നാടകീയമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇതിനെ ഈ ശതകത്തിലെ ഏറ്റവും വലിയ ഒരു ചെപ്പടിവിദ്യയായി കാണുന്നവരുണ്ട്‌. എന്തായാലും ആധുനിക സാഹിത്യലോകത്തെ ഈ കവിത വളരെ സ്വാധീനിച്ചിട്ടുണ്ട്‌ എന്നത്‌ ഒരു പരമാര്‍ഥമാണ്‌. അതിന്‌ മതിയായ തെളിവാണ്‌ വിവിധലോകഭാഷകളിലേക്കുള്ള ഇതിന്റെ തര്‍ജുമ, ഫ്രഞ്ച്‌ സിംബലിസ്റ്റു കവികളുടെയും ജെയിംസ്‌ ജോയ്‌സ്‌ എന്ന നോവലിസ്റ്റിന്റെയും കവിയും സുഹൃത്തുമായ എസ്രാ പൗണ്ഡിന്റെയും സ്വാധീനം ഈ കവിതയില്‍ ദൃശ്യമാണ്‌.

പദ്യനാടകങ്ങള്‍ക്ക്‌ എലിയറ്റിന്റെ കൃതികളിലൂടെ പുനര്‍ജന്മം ലഭിച്ചു. ആദ്യകൃതിയായ സ്വീനി ആഗോനിസ്റ്റീസ്‌ (Sweeney Agonistes) 1932-ല്‍ പ്രകാശിതമായി. അരിസ്റ്റോഫനീസിന്റെ സ്‌തോഭജനകങ്ങളായ നാടകങ്ങളെ അനുകരിച്ചുള്ള അപൂര്‍ണകൃതി ആധുനികസാഹിത്യത്തിലെ നരകത്തിന്റെ ഏറ്റവും ബീഭത്സമായ ചിത്രം അവതരിപ്പിക്കുന്നു. ദ്‌ റോക്‌ എന്ന നാടകം 1934-ല്‍ പുറത്തുവന്നു. ഏറ്റവും പ്രസിദ്ധമായ ദ്‌ മേര്‍ഡര്‍ ഇന്‍ ദ്‌ കഥീഡ്രല്‍ എന്ന നാടകം 1935-ലും. കാന്റര്‍ബറി ദേവാലയത്തിലെ റ്റോമസ്‌ ബെക്കറ്റ്‌ എന്ന ഒരു ആര്‍ച്ച്‌ ബിഷപ്പിന്റെ അവസാന ദിവസങ്ങളെയും അന്ത്യപ്രലോഭനങ്ങളെയും മാനസിക സംഘര്‍ഷത്തെയും രക്തസാക്ഷിത്വത്തെയും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. നാടകകൃതികളില്‍ ഏറ്റവും മെച്ചപ്പെട്ട ഈ കലാസൃഷ്‌ടി എല്ലാ കാവ്യലക്ഷണങ്ങളും ഒത്തിണങ്ങിയതത്ര. മറ്റു നാടകകൃതികള്‍ ദ്‌ ഫാമിലി റിയൂണിയന്‍ (1939), ദ്‌ കോക്‌റ്റെയ്‌ല്‍ പാര്‍ട്ടി (1949), ദ്‌ കോണ്‍ഫിഡന്‍ഷ്യല്‍ ക്ലെര്‍ക്‌ (1955) എന്നിവയാകുന്നു. ഇവയെല്ലാം താരതമ്യേന കാവ്യലക്ഷണങ്ങള്‍ കുറഞ്ഞവയാണ്‌. കഥാനായകന്റെ തെറ്റിനു കുടുംബം മുഴുവനും ശിക്ഷയനുഭവിക്കുന്നതിനെയും അന്ത്യമായി പാപപരിഹാരം മകന്റെ പ്രായശ്ചിത്തത്തിലൂടെ നേടുന്നതിനെയും ഫാമിലി റിയൂണിയനില്‍ ഹൃദയസ്‌പൃക്കായി ചിത്രീകരിച്ചിരിക്കുന്നു. ദ്‌ കോക്‌റ്റെയ്‌ല്‍ പാര്‍ട്ടി ദാര്‍ശനികവീക്ഷണംകൊണ്ടും ദ്‌ കോണ്‍ഫിഡന്‍ ഷ്യല്‍ ക്ലെര്‍ക്‌ കാവ്യഗുണങ്ങള്‍കൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്നു.

കവിതയെപ്പോലെ നിരൂപണകലയെയും നവീകരിച്ച എലിയറ്റ്‌ മൂന്നു ദശകങ്ങളിലായി 500-ലധികം വിമര്‍ശനലേഖനങ്ങളും ആസ്വാദനകൃതികളും റേഡിയോ പ്രഭാഷണങ്ങളും രചിച്ചിട്ടുണ്ട്‌. തന്റെ ഉപന്യാസങ്ങളില്‍ ഡ്രഡന്‍, മില്‍റ്റന്‍, ആന്‍ഡ്രൂ മാര്‍വെല്‍, ഡാന്റേ എന്നീ കവികളെ പുതിയ വീക്ഷണങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ഡണ്‍, ഡ്രഡന്‍ എന്നീ കവികള്‍ പ്രശംസയ്‌ക്കും മില്‍റ്റന്‍ വിമര്‍ശനത്തിനും പാത്രമായിരിക്കുന്നു. കൃതികള്‍ വായിച്ചുണ്ടാകുന്ന അനുഭവത്തില്‍നിന്നും നിരൂപണബോധത്തെ ഉത്തേജിപ്പിക്കുക എന്ന ശൈലിയാണ്‌ എലിയറ്റ്‌ സ്വീകരിച്ചിട്ടുള്ളത്‌. മറ്റു പ്രധാന നിരൂപണകൃതികള്‍ എലിസബെഥന്‍ എസെയ്‌സ്‌ (1934), എസെയ്‌സ്‌ എയ്‌ന്‍ഷ്യന്റ്‌ ആന്‍ഡ്‌ മോഡേണ്‍ (1936), ദി യൂസ്‌ ഒഫ്‌ പോയട്രി ആന്‍ഡ്‌ ദി യൂസ്‌ ഒഫ്‌ ക്രിറ്റിസിസം (1933); ആഫ്‌റ്റര്‍ സ്‌ട്രയ്‌ഞ്‌ജ്‌ ഗോഡ്‌ (1933), ദി ഐഡിയ ഒഫ്‌ ക്രിസ്റ്റ്യന്‍ സൊസൈറ്റി (1940), നോട്‌സ്‌ റ്റുവേഡ്‌സ്‌ ഡെഫിനിഷന്‍സ്‌ ഒഫ്‌ കള്‍ച്ചര്‍ (1949) എന്നിവയാണ്‌.

1948-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും ബ്രിട്ടനിലെ ഏറ്റവും ഉന്നതബഹുമതിയായ ഓര്‍ഡര്‍ ഒഫ്‌ മെരിറ്റും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. 1965 ജ. 4-ന്‌ ലണ്ടനിലെ ടി.എസ്‌. എലിയറ്റ്‌ അന്തരിച്ചു. ദ്‌ ലെറ്റേഴ്‌സ്‌ ഒഫ്‌ ടി.എസ്‌. എലിയറ്റ്‌ ഒന്നാം ഭാഗം 1988-ലും രണ്ടാംഭാഗം 2009-ലും പ്രസിദ്ധീകരിച്ചു.

(ഡോ.എന്‍. വിശ്വനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍