This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയ്‌ഡ്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:32, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എയ്‌ഡ്‌സ്‌

AIDS

മനുഷ്യന്റെ പ്രതിരോധശേഷിയെ തകർത്തുകളയുന്ന ഒരു പകർച്ചവ്യാധി. അക്വയേഡ്‌ ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രാം(Acquired Immune Defficiency Syndrome) എന്നതിന്റെ ചുരുക്കരൂപമാണ്‌ എയ്‌ഡ്‌സ്‌ (AIDS). മനുഷ്യനെ ഇന്ന്‌ ഏറ്റവുംകൂടുതൽ ഭയപ്പെടുത്തുന്ന മഹാമാരിയാണ്‌ എയ്‌ഡ്‌സ്‌. ഇനിയും കാര്യമായ പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല.

1980-ൽ അമേരിക്കയിലാണ്‌ ആദ്യമായി ഈ രോഗം കണ്ടെത്തിയത്‌. ലോകപ്രശസ്‌തരായ വ്യക്തികള്‍ ഈ രോഗബാധയേറ്റു മരണമടഞ്ഞതോടെയാണ്‌ എയ്‌ഡ്‌സിന്റെ ഭീകരതയെക്കുറിച്ച്‌ ലോകം ശ്രദ്ധിച്ചത്‌. പ്രതിവിധിയില്ലാത്ത ഈ രോഗമുണ്ടെന്നറിഞ്ഞ്‌ നിരവധിപേർ ആത്മഹത്യചെയ്‌തു. ഫ്രഞ്ചു വൈറേളജിസ്റ്റായ മൊണ്ടാഗ്നിയർ ആണ്‌ എയ്‌ഡ്‌സിനു കാരണമായ ഹ്യൂമന്‍ ഇമ്യൂണോ വൈറസ്‌ കണ്ടുപിടിച്ചത്‌. എച്ച്‌.ഐ.വി. (HIV) എന്ന ചുരുക്കപ്പേരിലാണ്‌ ഈ വൈറസ്‌ അറിയപ്പെടുന്നത്‌. എയ്‌ഡ്‌സ്‌ രോഗകാരണത്തെക്കുറിച്ച്‌ മൊണ്ടാഗ്നിയർ നടത്തിയ പഠനങ്ങളാണ്‌ എച്ച്‌.ഐ.വി. എന്ന വൈറസാണ്‌ ഇതിന്റെ മൂലകാരണമെന്നു തെളിയിച്ചത്‌. പാസ്‌ചർ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസർച്ചുവിഭാഗം മേധാവിയായിരുന്നു മൊണ്ടാഗ്നിയർ. കഴിഞ്ഞ മൂന്നു ദശാബ്‌ദങ്ങളായി എയ്‌ഡ്‌സിനെതിരെ ഫലപ്രദമായ ഔഷധമോ എയ്‌ഡ്‌സിനെ പ്രതിരോധിക്കാന്‍ വാക്‌സിനോ കണ്ടുപിടിക്കാന്‍ തീവ്രഗവേഷണം നടക്കുകയാണ്‌. ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ്‌മൂലം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശക്തി നശിക്കുമ്പോള്‍ ഏതു രോഗവും പിടിപെടാനുള്ള സാധ്യത വർധിക്കുന്നു. മുപ്പതുവർഷത്തെ ഗവേഷണഫലമായി രോഗത്തിന്റെ ശക്തിയും വ്യാപ്‌തിയും കുറയ്‌ക്കാന്‍ കഴിവുള്ള ഔഷധങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും ഇന്നും വാക്‌സിന്‍ നിർമിക്കാന്‍ സാധിച്ചിട്ടില്ല. തന്നെയുമല്ല പ്രതിദിനം എയ്‌ഡ്‌സ്‌ ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയും ചെയ്യുന്നു. വികസ്വരരാജ്യങ്ങളിലാണ്‌ ഇന്ന്‌ എയ്‌ഡ്‌സ്‌ വലിയ ഭീഷണിയുയർത്തുന്നത്‌.

എയ്‌ഡ്‌സ്‌ ലോഗോ

ആഫ്രിക്കയിലാണ്‌ എയ്‌ഡ്‌സിന്റെ ഉദ്‌ഭവം എന്നു വിശ്വസിക്കപ്പെടുന്നു. കുരങ്ങുകളുടെ ഉമിനീരിൽ നിന്നും മനുഷ്യരിലേക്കു പകർന്നുകിട്ടിയതാണത്ര ഈ വൈറസ്‌. മനുഷ്യരിൽ നിന്ന്‌ മനുഷ്യരിലേക്ക്‌ ശരീരദ്രവങ്ങളിലൂടെ ലോകമെമ്പാടും പടർന്നുപിടിക്കുകയായിരുന്നു ഈ മഹാരോഗം. 1981-ലാണ്‌ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്‌. ലോസ്‌ ഏഞ്ചൽസിലെ സ്വവർഗാനുരാഗികള്‍ക്കിടയിൽ അസാധാരണമായി പടർന്നു പിടിച്ച ന്യുമോണിയ, ത്വക്ക്‌ കാന്‍സർ എന്നിവയുടെ കാരണമന്വേഷിച്ചപ്പോള്‍, എയ്‌ഡ്‌സ്‌ ആണെന്നു കണ്ടെത്തുകയായിരുന്നു. രണ്ടുവർഷത്തിനുശേഷം എച്ച്‌.ഐ.വി. എന്ന വൈറസിനെ വേർതിരിച്ചെടുത്തു.

പ്രതിരോധവ്യവസ്ഥയിലെ കോശങ്ങളെ എച്ച്‌.ഐ.വി. ആക്രമിച്ച്‌ ദുർബലമാക്കുകയും അണുബാധ, കാന്‍സർ എന്നിവയെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി നഷ്‌ടപ്പെടുകയും ചെയ്യുന്നു. എച്ച്‌.ഐ.വി. ബാധയുള്ള വ്യക്തികള്‍ക്ക്‌ മാസങ്ങളോളം രോഗലക്ഷണങ്ങള്‍ ഒന്നും പ്രത്യക്ഷപ്പെടണമെന്നില്ല. ചിലപ്പോള്‍ ഇടവിട്ടുള്ള അണുബാധ കണ്ടുവെന്നുവരാം. പ്രതിരോധശേഷി പൂർണമായി നശിക്കുമ്പോള്‍ ആ വ്യക്തിക്ക്‌ എയ്‌ഡ്‌സ്‌ ബാധിച്ചുവെന്നു പറയാം. ആരോഗ്യമുള്ള വ്യക്തികള്‍ക്ക്‌ ദോഷകരമല്ലാത്ത അണുക്കള്‍പോലും എയ്‌ഡ്‌സ്‌ ബാധിച്ചവർക്ക്‌ ഗുരുതരമായ രോഗങ്ങള്‍ക്കു കാരണമാകും. ചിലയിനം കാന്‍സറുകള്‍വരാനും സാധ്യതയേറുന്നു.

ഔഷധചികിത്സമൂലം 1995 മുതൽ എയ്‌ഡ്‌സ്‌ മരണനിരക്ക്‌ കുറഞ്ഞിട്ടുണ്ട്‌. എന്നാൽ ആഫ്രിക്കയിൽ ഇപ്പോഴും ഏറ്റവും വലിയ മരണകാരണം എയ്‌ഡ്‌സ്‌ തന്നെയാണ്‌. ഔഷധലഭ്യത കുറവുള്ള വികസ്വര രാഷ്‌ട്രങ്ങളിൽ എയ്‌ഡ്‌സ്‌ പൊതുജനാരോഗ്യത്തിനു വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നു.

എയ്‌ഡ്‌സ്‌ പകരുന്നവിധം. രക്തം, ശുക്ലം, യോനീദ്രവങ്ങള്‍, ഉമിനീര്‌, മുലപ്പാൽ തുടങ്ങിയ ശരീരദ്രവങ്ങളിൽ എച്ച്‌.ഐ.വി. വൈറസ്‌ ഉണ്ടായിരിക്കും. ലൈംഗികബന്ധത്തിലൂടെയാണ്‌ സാധാരണഗതിയിൽ വൈറസ്‌ ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്ക്‌ സംക്രമിക്കുന്നത്‌. കുത്തിവയ്‌പിനുപയോഗിക്കുന്ന സൂചി വഴിയും ഈ രോഗം പകരാം. ഒരേ സൂചിയുപയോഗിച്ച്‌ മയക്കുമരുന്ന്‌ കുത്തിവയ്‌ക്കുന്ന മയക്കുമരുന്നടിമകള്‍ക്കിടയിൽ ഈ രോഗം പെട്ടെന്ന്‌ വ്യാപിക്കുന്നു. ആരോഗ്യപ്രവർത്തകർ രോഗികളുടെ ശരീരദ്രവങ്ങളുമായി അപകടകരമായ സ്‌പർശം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്‌.

എച്ച്‌.ഐ.വി. ബാധയുള്ള ഗർഭിണിയിൽ നിന്നു ഗർഭസ്ഥശിശുവിന്‌ രോഗം ബാധിക്കാം. അതുപോലെ മുലയൂട്ടൽ വഴിയും രോഗം പകരാം. അവയവമാറ്റിവയ്‌ക്കൽശസ്‌ത്രക്രിയ, രക്തം കുത്തിവയ്‌ക്കൽ എന്നീ മാർഗങ്ങളിലൂടെയും രോഗം സംക്രമിക്കാം. എന്നാൽ സാധാരണഗതിയിലുള്ള പരസ്‌പരസമ്പർക്കംകൊണ്ട്‌ ഈ രോഗം പകരില്ല. ഹസ്‌തദാനം, ആലിംഗനം, ചുമ, തുമ്മൽ എന്നിവകൊണ്ടൊന്നും ഈ രോഗം സംക്രമിക്കുകയില്ല. എയ്‌ഡ്‌സ്‌ രോഗമുള്ളവരുമൊത്തു ജോലി ചെയ്യുന്നതിനോ അവരുമായി സഹവസിക്കുന്നതിനോ തടസ്സമൊന്നുമില്ല.

രോഗകാരണം. സിഡി-4 റിസപ്‌റ്റർ ഉള്ള കോശങ്ങളെയാണ്‌ എച്ച്‌.ഐ.വി. ആക്രമിക്കുന്നത്‌. ഇവയിൽ അധികവും സിഡി-4 ലിംഫോസൈറ്റുകള്‍ ആയിരിക്കും. അണുബാധയെ നേരിടുന്ന കോശങ്ങളാണിവ. മുന്നണിപ്പോരാളികളെത്തന്നെ ആക്രമിച്ച്‌ പ്രതിരോധത്തിന്റെ മുനയൊടിക്കുകയാണ്‌ വൈറസ്‌ ചെയ്യുന്നത്‌. ആദ്യഘട്ടത്തിൽ പ്രതിരോധവ്യവസ്ഥ കാര്യമായ തകരാറില്ലാതെ പ്രവർത്തിക്കും. ചിലപ്പോള്‍ വർഷങ്ങളോളം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടില്ല. എന്നാൽ ഈ ഘട്ടത്തിൽ ചികിത്സ തുടങ്ങിയില്ലെങ്കിൽ കൂടുതൽ സിഡി-4 ലിഫോസൈറ്റുകള്‍ നശിച്ചുപോവുകയും രോഗത്തിന്റെ ആസുരത പ്രകടമാവുകയും ചെയ്യും. രോഗലക്ഷണങ്ങള്‍. സാധാരണഗതിയിൽ വൈറസ്‌ ബാധിച്ച്‌ ആറ്‌ ആഴ്‌ചയ്‌ക്കുള്ളിൽ ആദ്യലക്ഷണം പ്രത്യക്ഷപ്പെടാറുണ്ട്‌. ചിലപ്പോള്‍ ഒരു പനിമാത്രമാവും ഉണ്ടാവുക. ലിംഫ്‌ഗ്രന്ഥികള്‍ക്കു വീക്കം, പേശീവേദന, തൊണ്ടവേദന, ക്ഷീണം എന്നിവയും കണ്ടേക്കാം. മിക്കവരിലും ഏതാനും ആഴ്‌ചകള്‍കൊണ്ട്‌ ഈ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാവും. എന്നാൽ മറ്റു ചിലരിൽ ലിംഫ്‌ഗ്രന്ഥികളുടെ വീക്കം കൂടുകയും വായ്‌പ്പുണ്ണ്‌, വായിൽ ഫംഗസ്‌, മോണരോഗം, ഹെർപിസ്‌ അണുബാധ, ജനനേന്ദ്രിയഭാഗത്ത്‌ വാർട്ട്‌, ത്വക്കിന്‌ വരള്‍ച്ച, തൂക്കക്കുറവ്‌ എന്നിവ പ്രത്യക്ഷപ്പെടുകയും ചെയ്യും. എച്ച്‌.ഐ.വി. അണുബാധയുണ്ടായശേഷം എയ്‌ഡ്‌സ്‌ പ്രത്യക്ഷപ്പെടാന്‍ എടുക്കുന്ന കാലയളവ്‌ ഓരോ വ്യക്തിയിലും വ്യത്യസ്‌തമാണ്‌. ഇത്‌ ഒരു വർഷം മുതൽ 10 വർഷംവരെയാകാം. താന്‍ ഒരു മഹാമാരിയുടെ വിത്തുമായിട്ടാണ്‌ ഇത്രയുംകാലം ജീവിച്ചതെന്ന്‌ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മാത്രമാണ്‌ പലരും അറിയുന്നത്‌. സി.ഡി.-4 ലിംഫോസൈറ്റുകളുടെ എണ്ണം ഒരു നിശ്ചിത എണ്ണത്തിൽ കുറയുമ്പോഴാണ്‌ എയ്‌ഡ്‌സ്‌ പ്രത്യക്ഷപ്പെടുക. അണുബാധയ്‌ക്കു പുറമേ ഓർമക്ഷയം, ചിലയിനം കാന്‍സറുകള്‍, നാഡീരോഗങ്ങള്‍, സ്വഭാവവ്യതിചലനങ്ങള്‍ എന്നിവയും കാണാറുണ്ട്‌.

പ്രതിരോധശക്തി നഷ്‌ടപ്പെടുമ്പോള്‍, നിരുപദ്രവകാരികളായ അണുക്കള്‍പോലും രോഗകാരികളായി മാറാറുണ്ട്‌. പ്രാട്ടോസോവ, ഫംഗസ്‌, വൈറസ്‌, ബാക്‌റ്റീരിയ തുടങ്ങി ഏതു സൂക്ഷ്‌മജീവികളും പ്രശ്‌നം സൃഷ്‌ടിക്കാം. ന്യൂമോസിസ്റ്റിസ്‌കാരിനി എന്ന പരാദം ശ്വാസകോശത്തിൽ അണുബാധയുണ്ടാക്കുന്നത്‌ എയ്‌ഡ്‌സ്‌ രോഗികളിൽ സാധാരണമാണ്‌. അതുപോലെ തന്നെ സാധാരണവ്യക്തികളിൽ നിസ്സാരമായ ത്വഗ്‌രോഗമുണ്ടാക്കുന്ന കാന്‍ഡിഡാ ആൽബിക്കന്‍സ്‌ എന്ന ഫംഗസ്‌, എയ്‌ഡ്‌സ്‌ രോഗികളിൽ മാരകമായിത്തീരാം.

ക്ഷയരോഗം, സെപ്‌റ്റിസീമിയ, ഹെർപിസ്‌ സിംപ്‌ളക്‌സ്‌ മൂലമുള്ള മെനിഞ്ചയിറ്റിസ്‌, വൈറൽ എന്‍സഫലൈറ്റിസ്‌, ന്യൂമോണിയ തുടങ്ങി മാരകമായ പല രോഗങ്ങളും വളരെ പെട്ടെന്ന്‌ എയ്‌ഡ്‌സ്‌ രോഗികളെ ആക്രമിക്കും.

എയ്‌ഡ്‌സ്‌ രോഗികളെ ബാധിക്കുന്ന ഒരു പ്രത്യേകതരം അർബുദമാണ്‌ കാപോസി സാർക്കോമ. ത്വക്കിൽ കാണപ്പെടുന്ന ഈ കാന്‍സർ വായിലും ആന്തര അവയവങ്ങളിലും ബാധിക്കാം. ശ്വാസകോശത്തെയാണ്‌ ഇത്‌ കൂടുതലായി ആക്രമിക്കുന്നത്‌. നോണ്‍ ഹോഡ്‌കിന്‍സ്‌ ലിംഫോമ, ഗർഭാശയഗള കാന്‍സർ എന്നിവയും അപൂർവമായി എയ്‌ഡ്‌സ്‌ രോഗികളിൽ കാണാറുണ്ട്‌.

രോഗനിർണയം. എച്ച്‌.ഐ.വി. അണുബാധയുണ്ടെങ്കിൽ അതിനെതിരെയുള്ള ആന്റിബോഡികള്‍ അഥവാ പ്രതിവസ്‌തുക്കള്‍ രക്തത്തിൽ ഉണ്ടാവും. അതു കണ്ടുപിടിച്ചാൽ രോഗം സ്ഥിരീകരിക്കാം. അണുബാധയുണ്ടായി എന്ന്‌ സംശയമുണ്ടെങ്കിലോ, എയ്‌ഡ്‌സിന്റെ അനുബന്ധലക്ഷണങ്ങള്‍ കണ്ടാലോ ഈ രക്തപരിശോധന നടത്താറുണ്ട്‌. ആദ്യപരിശോധന നെഗറ്റീവ്‌ ആണെങ്കിൽ മൂന്ന്‌ മാസം കഴിഞ്ഞ്‌ ഒരു പരിശോധനകൂടി നടത്തണം. വൈറസിനെതിരെയുള്ള പ്രതിവസ്‌തുക്കള്‍ രക്തത്തിൽ വ്യാപിക്കാന്‍ ഇത്രയും സമയം വേണ്ടിവരും. ന്യൂമോസൈറ്റിസ്‌ പോലെയുള്ള ശ്വാസകോശ അണുബാധയുള്ള രോഗികളിൽ രക്തത്തിലെ സിഡി-4 ലിംഫോസൈറ്റുകളുടെ എണ്ണം കുറയുകയാണെങ്കിലും എയ്‌ഡ്‌സ്‌ സംശയിക്കേണ്ടിയിരിക്കുന്നു.

ചികിത്സ. സിഡി-4 ലിംഫോസൈറ്റുകളുടെ എണ്ണം കുറയുകയോ എച്ച്‌.ഐ.വി. ടെസ്റ്റ്‌ പോസിറ്റീവ്‌ ആവുകയോചെയ്‌താൽ ഔഷധചികിത്സ ആരംഭിക്കും. വൈറസിന്റെ പെരുക്കം തടയാനുള്ള ആന്റിവൈറൽ ഔഷധങ്ങളാണ്‌ ചികിത്സയുടെ പ്രധാനഭാഗം. പ്രതിരോധശേഷിക്കുറവുമൂലമുണ്ടാകുന്ന അണുബാധയ്‌ക്കും ഇതോടൊപ്പം ചികിത്സ നല്‌കുന്നു. അണുബാധ തടയാനായി ദീർഘകാലം നീണ്ടുനില്‌ക്കുന്ന പ്രതിരോധചികിത്സകളുമുണ്ടാകും. രോഗിക്ക്‌ വൈകാരികവും സാമൂഹികവുമായ പിന്തുണ നല്‌കാനുള്ള കൗണ്‍സിലിങ്ങും ചികിത്സയുടെ ഭാഗമാണ്‌.

മൊണ്ടാഗ്നിയർ

രോഗശമനക്ഷമത. എച്ച്‌.ഐ.വി. അണുബാധയ്‌ക്ക്‌ ഫലപ്രദമായ ചികിത്സയില്ലെന്നതാണു വസ്‌തുത. എന്നാൽ രോഗം അതിവേഗം മൂർച്ഛിക്കുന്നതുതടഞ്ഞ്‌ രോഗവ്യാപനം സാവധാനത്തിലാക്കാന്‍ ഇന്നും ഔഷധചികിത്സകൊണ്ടു കഴിയുന്നു. ആന്റിവൈറൽ ചികിത്സമൂലം മരണനിരക്ക്‌ ഗണ്യമായി കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. എന്നാൽ വികസ്വരരാജ്യങ്ങളിൽ ഔഷധലഭ്യത കുറവായതിനാൽ അവിടെ എയ്‌ഡ്‌സ്‌ വൈറസ്‌ ബാധിച്ച്‌ 10 വർഷത്തിനുള്ളിൽ മരണപ്പെടുന്നവർ 50 ശതമാനത്തിൽ ഏറെയാണ്‌.

എയ്‌ഡ്‌സ്‌ പ്രതിരോധിക്കാനുള്ള മാർഗങ്ങള്‍. ബോധവത്‌കരണമാണ്‌ എയ്‌ഡ്‌സ്‌ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. ലൈംഗികബന്ധം വഴിയാണ്‌ കൂടുതലായി രോഗം സംക്രമിക്കുന്നത്‌ എന്നതിനാൽ അപരിചിതരുമായുള്ള ശാരീരികവേഴ്‌ച ഒഴിവാക്കുകയോ സുരക്ഷാകവചമെന്ന നിലയിൽ ഉറകള്‍ ഉപയോഗിക്കുകയോ ചെയ്യണം. ഒന്നിലധികം ലൈംഗികപങ്കാളികള്‍ ഉള്ളത്‌ അപകടസാധ്യത വർധിപ്പിക്കും. സുരക്ഷിതമല്ലാത്ത ബന്ധങ്ങളിൽ ഏർപ്പെടുംമുമ്പ്‌ ഇണകളുടെ എച്ച്‌.ഐ.വി. പരിശോധന നടത്തുന്നതും അഭികാമ്യമാണ്‌. ഒരേ സൂചി ഉപയോഗിച്ച്‌ ഒന്നിലധികം പേർക്ക്‌ കുത്തിവയ്‌പു നടത്തുന്നത്‌ ഒഴിവാക്കണം. അണുനശീകരണം നടത്തിയ ഡിസ്‌പോസിബിള്‍ സിറിഞ്ച്‌ ഉപയോഗിച്ചുമാത്രമേ രക്തം കുത്തിയെടുക്കുകയോ മരുന്നു കുത്തിവയ്‌ക്കുകയോ ചെയ്യാവൂ.

എച്ച്‌.ഐ.വി. അണുബാധയുള്ളവർ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ ശരീരദ്രവം അവരുടെ ദേഹത്തു പുരളാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ആരോഗ്യപ്രശ്‌നങ്ങളുമായി ആശുപത്രിയിൽ പോകുമ്പോള്‍ എച്ച്‌.ഐ.വി. പോസിറ്റീവ്‌ ആണെന്നുള്ള കാര്യം അറിയിക്കേണ്ടതാണ്‌. അതുപോലെതന്നെ രക്തദാതാക്കളുടെ ടെസ്റ്റ്‌ നിർബന്ധമായും ചെയ്യേണ്ടതാണ്‌. ചെറുശസ്‌ത്രക്രിയകള്‍ ചെയ്യുന്നതിനുമുന്‍പായി എച്ച്‌.ഐ.വി. പരിശോധന നിർബന്ധമാക്കിയാൽ ആശുപത്രിവഴി എച്ച്‌.ഐ.വി. പടരുന്നതു തടയാന്‍ സാധിക്കും. രക്തം കുത്തിവയ്‌ക്കുന്നതിനുമുമ്പ്‌ എച്ച്‌.ഐ.വി. അണുബാധ ഇല്ലെന്ന്‌ ഉറപ്പുവരുത്താനുള്ള ടെസ്റ്റ്‌ രക്തബാങ്കുകളിലും ചെയ്യുന്നുണ്ട്‌.

ആന്റിറെട്രാ വൈറൽ ചികിത്സകൊണ്ട്‌ എച്ച്‌.ഐ.വി. പോസിറ്റീവ്‌ രോഗികളുടെ ജീവിതദൈർഘ്യം വർധിപ്പിക്കാനും ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്‌ എന്നതിൽ തർക്കമില്ല. എന്നാൽ എയ്‌ഡ്‌സ്‌ രോഗത്തിന്‌ ഒരൊറ്റമരുന്ന്‌ എന്ന സ്വപ്‌നം ഇനിയും യാഥാർഥ്യമായിട്ടില്ല. അതുപോലെതന്നെ എയ്‌ഡ്‌സിനെ പ്രതിരോധിക്കാനുള്ള വാക്‌സിനും പരീക്ഷണഘട്ടത്തിലാണ്‌. അനതിവിദൂരഭാവിയിൽത്തന്നെ എയ്‌ഡ്‌സിന്റെ ഭീഷണിയിൽനിന്നു ലോകത്തെ മോചിപ്പിക്കാന്‍ ശാസ്‌ത്രജ്ഞർക്കു കഴിയുമെന്ന്‌ പ്രത്യാശിക്കാം.

(സുരേന്ദ്രന്‍ ചുനക്കര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍