This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എബ്രായ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:33, 4 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എബ്രായ ഭാഷയും സാഹിത്യവും

Hebrew Language and Literature

ആഫ്രാ-ഏഷ്യാറ്റിക്‌ ഭാഷാഗോത്രത്തിലെ ഉത്തര പശ്ചിമ സെമിറ്റിക്‌ ഉപസമൂഹത്തിൽ കനാനൈറ്റ്‌ ശാഖയിൽപ്പെട്ട ഭാഷ. കനാൽ (പലസ്‌തീന്‍) പ്രദേശത്താണ്‌ ഇതു പ്രധാനമായും സംസാരിക്കുന്നത്‌. ഏകദേശം മൂന്ന്‌ ദശലക്ഷം ജനങ്ങളുടെ സംസാരഭാഷയാണ്‌ എബ്രായ(ഹീബ്രു)ഭാഷ. ഈ ഭാഷയും ഈ വിഭാഗത്തിൽപ്പെട്ട ഇതര ഭാഷകളും സിറിയ മുതൽ അറേബ്യന്‍ മരുഭൂമി വരെ വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശങ്ങളിൽ വളരെ പ്രാചീനകാലം മുതൽ തന്നെ പ്രചരിച്ചിരുന്നു. ക്രി.മു. 12-ാം ശ. മുതൽ എബ്രായ ഭാഷാചരിത്രം ആരംഭിക്കുന്നു. വരമൊഴിയിൽനിന്ന്‌ സംസാരഭാഷയായും കാലാന്തരത്തിൽ ഇസ്രയേലിലെ ഔദ്യോഗിക ഭാഷയായും ഈ ഭാഷയ്‌ക്ക്‌ പ്രചാരം സിദ്ധിച്ചു. ലോകത്തിലെ ഏറ്റവും പുരാതന ഭാഷകളിലൊന്നായ എബ്രായ ഭാഷ മൂവായിരത്തിലേറെ വർഷങ്ങള്‍ പിന്നിട്ടിട്ടും കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ പ്രയോഗത്തിലിരിക്കുന്നു. മൂന്ന്‌ സഹസ്രാബ്‌ദങ്ങളായി യഹൂദരുടെ മതപരവും സാഹിത്യപരവും ലൗകികവുമായ ആശയവിനിമയം എബ്രായഭാഷയിലൂടെയാണ്‌ നിർവഹിച്ചിരുന്നത്‌. വിശുദ്ധ ബൈബിളിന്റെ ആദ്യഭാഗമായ "പഴയ നിയമം' എബ്രായഭാഷയിൽ തന്നെയാണ്‌ എഴുതപ്പെട്ടത്‌. ക്രിസ്‌തുവർഷാരംഭത്തിനുശേഷം അരാമയ്‌ക്‌ എന്ന ഒരു സംസാരഭാഷ രൂപംകൊള്ളാന്‍ എബ്രായഭാഷ വഴിയൊരുക്കിയെങ്കിലും ഇതിന്റെ മതപരമായ ഉപയോഗം തുടർന്നുപോന്നു.

സിറിയയുടെ വടക്കെ അറ്റത്തുള്ള റാസ്‌ഷമ്‌റയിൽനിന്ന്‌ ഉത്‌ഖനനം ചെയ്‌തെടുത്തിട്ടുള്ള ഉഗാരിത്‌ഫലകങ്ങളിലെ (ക്രി.മു. 14-ാം ശ.) ഭാഷയോടു സാദൃശ്യം പുലർത്തുന്ന ഒന്നാണ്‌ പഴയ നിയമത്തിൽ പ്രയോഗിച്ചിട്ടുള്ളത്‌. പഴയ നിയമത്തിന്റെ ഗ്രീക്‌ വിവർത്തകർ ഇതിനെ ഇബ്രിത്‌ എന്നു വിളിച്ചുപോന്നതോടു കൂടിയാണ്‌ എബ്രായ (ഹീബ്രു) എന്ന നാമം സ്ഥിരപ്രതിഷ്‌ഠ നേടിയത്‌. ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായഭാഷയും ഇസ്രായേലിലെ വർത്തമാനപത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയിലെ ഭാഷയും തമ്മിൽ വ്യത്യാസമില്ല.

19-ാം ശതകത്തിൽ എബ്രായ ഭാഷയുടെ നവോത്ഥാനത്തിനുവേണ്ടി യത്‌നിച്ചവരിൽ പ്രഥമഗണനീയനാണ്‌ എലിസെർബെന്‍ യഹൂദ. ഈ ഭാഷയിൽ ധാരാളം പുതിയ പദങ്ങള്‍ ഇദ്ദേഹം കൂട്ടിച്ചേർത്തു. പലസ്‌തീനിൽ വാസമുറപ്പിച്ച യഹൂദരുടെയിടയിൽ എബ്രായ ഭാഷയ്‌ക്ക്‌ പ്രചാരം വർധിക്കുകയും 1948-ൽ ഇസ്രായേൽ രൂപീകരണത്തെത്തുടർന്ന്‌ ഇവിടത്തെ ഔദ്യോഗിക ഭാഷയായി തീരുകയും ചെയ്‌തു.

വേദഭാഷ. ദൈവഭാഷയായി വിശേഷിക്കപ്പെട്ടിരുന്ന എബ്രായഭാഷ ആദിമ ഭാഷയായും കരുതിപ്പോന്നു. എന്നാൽ ആധുനിക ഭാഷാശാസ്‌ത്രഗവേഷണഫലമായി ഉത്തര പശ്ചിമ സെമിറ്റിക്‌ ഗോത്രത്തിലെ ഒരു ഭാഷയായി എബ്രായ ഭാഷ അംഗീകരിക്കപ്പെട്ടു. ഹ്രസ്വമായ അടിസ്ഥാനപദാവലി, സമസ്‌തപദങ്ങളുടെയും ഭാവനാമങ്ങളുടെയും അഭാവം ആദിയായവ വേദഭാഷയായ എബ്രായയുടെ സവിശേഷതകളാണ്‌. സഹോദര ഭാഷകളിലേതുപോലെ മൂന്ന്‌ വ്യഞ്‌ജനങ്ങള്‍ ചേർന്ന മൂലരൂപം ഈ ഭാഷയുടെ പ്രത്യേകതയത്ര. മൂന്ന്‌ വ്യഞ്‌ജനങ്ങള്‍ക്കിടയിൽ വ്യാജമായി സ്വരങ്ങളെ ധ്വനിപ്പിക്കുന്ന ശബ്‌ദങ്ങള്‍ ചേർത്ത ഭേദകങ്ങളും സംയുക്ത വ്യഞ്‌ജനാക്ഷരങ്ങളുടെ രൂപവും ചേർന്നാണ്‌ സമ്പൂർണപദങ്ങള്‍ രൂപംകൊള്ളുന്നത്‌. ഇന്തോ-യൂറോപ്യന്‍ ഭാഷകളുടെതിൽ നിന്നു വ്യത്യസ്‌തമായ ക്രിയാവ്യവസ്ഥയാണ്‌ എബ്രായ ഭാഷയിലുള്ളത്‌.

ആരംഭത്തിൽ വ്യഞ്‌ജനാക്ഷരങ്ങള്‍ മാത്രമാണ്‌ എബ്രായഭാഷയിലുണ്ടായിരുന്നത്‌. ക്രിസ്‌തുവിന്‌ മുമ്പ്‌ അഞ്ചാം ശതകത്തോടെ സ്വരങ്ങളെന്ന്‌ അനുമാനിക്കുന്ന മൂന്ന്‌ ശബ്‌ദങ്ങള്‍ (അ, എ/ഇ, ഒ/ഉ) പലപ്പോഴും ചേർത്തിരുന്നു. ക്രി,പി. ഏഴാം ശതകമായപ്പോഴേക്കും സ്വരങ്ങളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങള്‍ ഉപയോഗത്തിൽവന്നു. ഈ വ്യവസ്ഥയിൽ വ്യഞ്‌ജനാക്ഷരങ്ങള്‍ക്കു മുകളിലോ താഴെയോ ശേഷമോ ഈ ചിഹ്നങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ക്രി.മു. മൂന്നാം ശ. വരെ സംസാരഭാഷയായിരുന്ന എബ്രായ ഭാഷ ആധുനിക യുഗത്തിൽ സാഹിത്യഭാഷയായി പ്രചാരത്തിലിരിക്കുന്നു. യഹൂദരുടെ സംസാര ഭാഷയായി പ്രചാരം സിദ്ധിച്ച എബ്രായ ഭാഷയിൽ അരാമയ്‌ക്‌, അറബി, ചില ഇന്തോ-യൂറോപ്യന്‍ഭാഷകള്‍ എന്നിവയുടെ സ്വാധീനം അനുഭവപ്പെടുകയും പല മാറ്റങ്ങള്‍ വന്നു കൂടുകയും ചെയ്‌തിട്ടുണ്ട്‌.

പൂർവ യൂറോപ്പിലേക്കുള്ള യഹൂദരുടെ പലായനത്തിനുശേഷം വികസിച്ചു വന്ന ഒരു ഭാഷയാണ്‌ യിദ്ദിഷ്‌. ഗ്രന്ഥഭാഷയെന്ന നിലയിൽ ഇതിനെ യഹൂദരുടെ മറ്റു സംസാരഭാഷകള്‍ സ്വാധീനിച്ചിട്ടുണ്ട്‌. ഗ്രീക്‌ പഠനം പുനരുജ്ജീവിപ്പിച്ചതുകാരണം സാങ്കേതികപദങ്ങളുടെ ആവശ്യകത അനുഭവപ്പെട്ടു. സാഹിത്യഭാഷയിലും മാറ്റങ്ങള്‍ സംഭവിച്ചു.

മധ്യകാലഘട്ടത്തിനും 18-ാം ശതകത്തിനുമിടയ്‌ക്ക്‌ യിദ്ദിഷ്‌ ഭാഷാസ്വാധീനം കൂടാതെ പല വികാസങ്ങളും എബ്രായ ഭാഷയ്‌ക്കുണ്ടായി. 1882-ൽ യഹൂദരുടെ ഇസ്രയേലിലെ പുനരധിവാസം എബ്രായ ഭാഷാവികാസത്തിനും ഒരു പൊതുഭാഷാരൂപീകരണത്തിനും സഹായകമായി. വാക്യഘടന, വ്യാകരണവ്യവസ്ഥ മുതലായവയെ സംബന്ധിച്ചിടത്തോളം അസീറൊ-ബാബിലോണിയന്‍, അരാമയ്‌ക്‌, കനാനൈറ്റ്‌, ഒരളവുവരെ ഈജിപ്‌ഷ്യന്‍ മുതലായ ഭാഷകള്‍ എബ്രായ ഭാഷയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്‌.

അക്ഷരമാല. എബ്രായ ഭാഷയിൽ 22 വ്യഞ്‌ജനാക്ഷരങ്ങള്‍ മാത്രമാണുള്ളത്‌. ഇവയിൽ അഞ്ച്‌ അക്ഷരങ്ങള്‍ക്ക്‌ പദാന്ത്യത്തിൽവരുമ്പോള്‍ മറ്റൊരു രൂപം കൂടി ഉണ്ട്‌. സ്വരാക്ഷരങ്ങളില്ലാത്ത ഈ ഭാഷയിൽ വലത്തുനിന്ന്‌ ഇടത്തോട്ട്‌ എഴുതുന്ന രീതിയാണ്‌ നിലവിലുള്ളത്‌. എബ്രായ ഭാഷ വശമില്ലാത്തവരെ സംബന്ധിച്ചിടത്തോളം എഴുത്തു രൂപത്തിൽനിന്ന്‌ ഉച്ചാരണം മനസ്സിലാക്കുക പ്രയാസമാണ്‌. ക്രി.മു. ഒന്‍പതാം ശതകത്തിലെ മോശയുടെ മൊവാബൈറ്റ്‌ ശിലാലിഖിതങ്ങളിൽ എബ്രായ ലിപിയുടെ ആദ്യ മാതൃകകള്‍ കാണാം. ക്രിസ്‌തുവിന്‌ മുമ്പ്‌ അഞ്ചാം ശതകത്തിൽ ചതുര വടിവിൽ എഴുതുന്ന രീതി പ്രാബല്യത്തിൽവന്നു. വായനാ സൗകര്യത്തിനായി പലപ്പോഴും അ,എ/ഇ, ഒ /ഉ എന്നീ സ്വരങ്ങളെ പ്രതിനിധീകരിച്ച്‌ അർധ സ്വരങ്ങള്‍ ഇടയ്‌ക്ക്‌ ഉപയോഗിക്കുന്ന രീതിയും ഈ കാലഘട്ടത്തിൽ പരീക്ഷിക്കപ്പെട്ടു. ഏകദേശം ഏഴാം ശ. ആയപ്പോഴേക്കും സ്വരങ്ങളെ സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചു. ടൈബീരിയന്‍ സ്വാധീനം ഈ പ്രക്രിയയിൽ അനുഭവപ്പെട്ടു. എട്ടാം ശതകത്തിൽ സ്വരങ്ങളെ പ്രതിനിധീകരിക്കുന്ന വിധത്തിൽ വ്യഞ്‌ജനാക്ഷരങ്ങളുടെ മുകളിലും താഴെയും കുത്തുകളും വരകളും ഉപയോഗിക്കാന്‍ തുടങ്ങി. ഈ വ്യവസ്ഥിതി ഇപ്പോഴും നിലനില്‌ക്കുന്നു. പാഠപുസ്‌തകങ്ങള്‍, പ്രാർഥനാ പുസ്‌തകങ്ങള്‍, ദിനപത്രങ്ങള്‍, മാസികകള്‍, വിദേശീയർക്കു വേണ്ടിയുള്ള പുസ്‌തകങ്ങള്‍ ആദിയായവയിൽ പ്രധാനമായും ഈ വ്യവസ്ഥിതി നിലവിലിരിക്കുന്നു. ആമേന്‍, സാത്താന്‍, ഹല്ലേലുയ്യാ ആദിയായ പദങ്ങള്‍ എബ്രായഭാഷയിൽ നിന്നുള്ള സംഭാവനകളാണ്‌. എബ്രായ ഭാഷയുടെ ഉച്ചാരണം രണ്ടുരീതിയിലായിരുന്നു. ജർമന്‍കാരും പോളണ്ടുകാരും സിറിയക്‌ ഭാഷപോലെയും സ്‌പെയിന്‍കാരും പോർച്ചുഗീസുകാരും അറബിപോലെ വലത്തുനിന്ന്‌ ഇടത്തേക്ക്‌ എന്ന രീതി ആണ്‌ എഴുത്തു വ്യവസ്ഥയിൽ സ്വീകരിച്ചിരുന്നത്‌. എഴുതുന്നതിനും വായിക്കുന്നതിനും സഹായകമെന്ന നിലയിൽ മാത്രമല്ല, വിരാമ ചിഹ്നങ്ങളെ ദ്യോതിപ്പിക്കാന്‍ വേണ്ടിയും ഒരു സ്വരാഘാത (accent) സേംവിധാനം ഈ ഭാഷയിൽ ഉപയോഗിച്ചു.

എബ്രായ വ്യാകരണം വളരെ ലളിതമാണ്‌. നാമ വിഭക്തികള്‍ ഇല്ലെന്നു തന്ന പറയാം. സ്വരീകരണം (vocalisation) കൊണ്ട്‌ പ്രധാന നാമങ്ങളെ സംബന്ധികാവിഭക്തി ആക്കാന്‍ സാധിക്കുന്നു. സാധാരണ "എത്‌' എന്ന നിപാതം ചേർത്ത്‌ പ്രതിഗ്രാഹികാവിഭക്തിയും പദാന്ത്യത്തിൽ വരുന്ന വ്യത്യാസം കൊണ്ട്‌ ലിംഗഭേദവും സൂചിപ്പിക്കുന്നു. "ഇനം' എന്ന പ്രത്യയം പുല്ലിംഗബഹുവചനത്തെയും "ഓത്‌' സ്‌ത്രീലിംഗബഹുവചനത്തെയും കുറിക്കുന്നു. ക്രിയകള്‍ക്ക്‌ ആജ്ഞാസൂചകം, നിശ്ചയാർഥകം എന്നിങ്ങനെ രണ്ടു പ്രകാരങ്ങളും ഭൂതം, ഭാവി എന്നീ കാലങ്ങള്‍ കാണിക്കാന്‍ യഥാക്രമം പൂർണം, അപൂർണം എന്നിങ്ങനെ രണ്ട്‌ കാലങ്ങളും ഉണ്ട്‌. "വവ്‌' എന്ന രൂപം ചേർത്ത്‌ കാലവ്യത്യാസം കാണിക്കാന്‍ സാധിക്കും. സംയോജക രഹിത (paratactic) സമുച്ചയ ശബ്‌ദങ്ങള്‍ എബ്രായഭാഷയിൽ ഏഴെണ്ണം ഉണ്ട്‌. മൂന്നുതരം കർത്തരി പ്രയോഗങ്ങളും കർമണി പ്രയോഗങ്ങളും ഒരു നിജവാചി (reflexive) ക്രിയയും ഉള്ളവയാണ്‌ ധാതുക്കളെല്ലാം. ഓരോന്നിലും സമുച്ചയനിപാതം ഓരോ തരത്തിൽ പ്രത്യക്ഷപ്പെടുന്നു.

എബ്രായ ബൈബിളിൽ പ്രയുക്തമായിട്ടുള്ള ശബ്‌ദസമൂഹത്തിൽ ക്രിയാവിശേഷണങ്ങളും ഗുണനാമങ്ങളും സമുച്ചയനിപാതങ്ങളും വളരെ കുറവാണ്‌. പഴയ നിയമത്തിൽ കാണാത്ത നൂറുകണക്കിനു പദങ്ങള്‍ മിഷ്‌നായിലും അതിന്റെ വിവൃതരൂപങ്ങള്‍ യഹൂദനിയമസംഹിതയായ താൽമൂദിലും കണ്ടെത്താന്‍ കഴിയുന്നു. അരാമയ്‌ക്‌, ഗ്രീക്‌, ലത്തീന്‍ എന്നീ ഭാഷകളിൽനിന്നു വന്ന നിരവധി പദങ്ങള്‍ അവയുടെ മൂലരൂപത്തിലോ എബ്രായവത്‌കരിച്ചോ ഈ കൃതികള്‍ സ്വീകരിച്ചിരിക്കുന്നു. വിവിധ ശാസ്‌ത്രശാഖകളിൽ ഉപയോഗിച്ചു തുടങ്ങിയ സാങ്കേതിക പദങ്ങള്‍ എബ്രായ ശബ്‌ദശേഖരത്തെ വികസിപ്പിച്ചു. 19-ാം ശതകത്തിൽ എബ്രായ സാഹിത്യത്തിനുണ്ടായ നവോത്ഥാനവും പലസ്‌തീനിലേക്കുള്ള ജൂതന്മാരുടെ പ്രത്യാഗമനവും ഈ ഭാഷയുടെ വികസനത്തിനു സഹായകമായി. 1948-ൽ ഇസ്രയേൽ എന്ന ജൂതരാഷ്‌ട്രത്തിന്റെ പുനഃപ്രതിഷ്‌ഠാപനത്തോടുകൂടി എബ്രായ ഭാഷ അഭൂതപൂർവമായ കരുത്താർജിച്ച്‌ ഒരു ജീവത്‌ ഭാഷയായിത്തീരുകയും വിവിധ ഭാഷകളിൽനിന്നുള്ള പദങ്ങളുടെയും പ്രയോഗങ്ങളുടെയും ശൈലികളുടെയും ആദാനം അതിനെ ശക്തമായ ആശയവിനിമയോപാധിയാക്കി ഉയർത്തുകയും ചെയ്‌തു.

സാഹിത്യം. ഏകദേശം മൂവായിരം വർഷത്തെ വികാസപരിണാമങ്ങള്‍ക്കുശേഷമാണ്‌ എബ്രായ സാഹിത്യം ഇന്നത്തെ നിലപ്രാപിച്ചിരിക്കുന്നത്‌. ആദികാലം മുതൽ ഇന്നുവരെ എബ്രായ സാഹിത്യത്തിൽ ഉണ്ടായിട്ടുള്ള സാഹിത്യസൃഷ്‌ടികള്‍ എല്ലാംതന്നെ രണ്ടു വിഭാഗങ്ങളിലായി ചരിത്രകാരന്മാർ വർഗീകരിച്ചിരിക്കുന്നു. ഈ വിഭാഗങ്ങള്‍ തമ്മിൽ നേരിയ വ്യത്യാസം മാത്രമേ ഉള്ളൂ: (1) എബ്രായ ലിപി ഉപയോഗിച്ച്‌ സെമിറ്റിക്‌ ഭാഷയിൽ രചിച്ചവ. (2) യഹൂദന്മാർ മതപരമായ വിഷയങ്ങളെക്കുറിച്ച്‌ ഏതെങ്കിലും ഭാഷയിൽ ഈ ഭാഷയുടെ ലിപിയിൽ രചിച്ചവ.

എബ്രായ ഭാഷയുടെ പ്രഭവകേന്ദ്രം പഴയ നിയമമാണെന്നുള്ളത്‌ പരക്കെ അംഗീകരിക്കപ്പെട്ട സത്യമത്ര. ചരിത്രം, മതം, പഴഞ്ചൊല്ലുകള്‍, നിയമം, ആഖ്യാനങ്ങള്‍, കവിത, ഗുണദോഷകഥകള്‍ ആദിയായ സാഹിത്യരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സാഹിത്യസൃഷ്‌ടി സുദീർഘമായ സാഹിത്യശൃംഖലയുടെ അവസാന കണ്ണിയാണ്‌. ഇതിൽ അടങ്ങിയിരിക്കുന്ന വിവിധ കൃതികള്‍ തമ്മിലുള്ള അന്യോന്യാപേക്ഷികതയെയും രചനാകാലത്തെയും സംബന്ധിച്ച്‌ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്‌.

സാഹിത്യഭാഷയായി മറ്റു പല ഭാഷകളും യഹൂദർ ഉപയോഗിച്ചിരുന്നു. സെമിറ്റിക്‌ വിഭാഗത്തിൽപ്പെട്ട അരാമയ്‌ക്‌ ബൈബിളിൽ പ്രയോഗിച്ചു കാണുന്നു. ഹെലനിസത്തിന്റെ ആവിർഭാവത്തോടുകൂടി ഗ്രീക്കിൽ പുസ്‌തകങ്ങള്‍ രചിക്കാനും ബൈബിള്‍ ഗ്രീക്കിലേക്കു വിവർത്തനം ചെയ്യാനും തുടങ്ങി. ഫ്‌ളാവിയസ്‌ ജോസഫ്‌സും അലക്‌സാന്‍ഡ്രിയയിലെ ഫിലോയും ഈ രംഗത്ത്‌ പ്രവർത്തിച്ചവരത്ര. മധ്യകാലഘട്ടമായപ്പോഴേക്കും വിവിധ രാജ്യങ്ങളിൽ നിവസിച്ചിരുന്ന യഹൂദർ അതാതു രാജ്യങ്ങളിലെ ഭാഷ സംസാരഭാഷയായും സാഹിത്യഭാഷയായും ഉപയോഗിക്കാന്‍ തുടങ്ങി. യഹൂദരുടെ സാഹിത്യ വികാസത്തിന്‌ ഈ ഘടകങ്ങളെല്ലാം സഹായകമായി. ക്രി. മു. 200 മുതൽ 200 വരെയുള്ള കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന എഴുത്തുഭാഷയാണ്‌ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്‌. അക്കാലത്തെ മറ്റു പുസ്‌തകങ്ങളിൽ ഈ ഭാഷ പ്രയോഗിച്ചിരുന്നെങ്കിലും പില്‌ക്കാലത്ത്‌ അവ നഷ്‌ടപ്പെട്ടുപോയി. എബ്രായ വേദപുസ്‌തകത്തിൽ തോറ (ന്യായപ്രമാണം), നെബിയിം (പ്രവാചകന്മാർ), കൊത്തുവിം (എഴുത്തുകാർ) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്‌. എബ്രായ വേദപുസ്‌തകത്തിന്റെ ഗ്രീക്‌ വിവർത്തനത്തിൽ മോശയുടെ ന്യായപ്രമാണം എന്നറിയപ്പെടുന്ന ആദ്യത്തെ അഞ്ച്‌ ഗ്രന്ഥങ്ങള്‍ (Penta teuch), പ്രവാചക ഗ്രന്ഥങ്ങള്‍ (Prophetic books), വൈദിക നിയമാവലികളും പ്രവാചകചരിത്രങ്ങളും ഒഴികെയുള്ള ഗ്രന്ഥങ്ങള്‍ (Hagiographa) എന്നിവയാണ്‌ അവ. മതപ്രാധാന്യമുള്ള പല രചനകളും ഇക്കാലത്തുണ്ടായി. പ്രണയഗീതങ്ങള്‍, നാടന്‍പാട്ടുകള്‍, വീരചരിത വർണനകള്‍ തുടങ്ങി പല സാഹിത്യസൃഷ്‌ടികളും പഴയ നിയമത്തിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. സൃഷ്‌ടി മുതലുള്ള ലോകചരിത്രം, അബ്രാഹാമിന്റെ ജീവിതം, ഇസ്രയേൽ ജനത ഈജിപ്‌തിൽ അനുഭവിച്ച അടിമത്തം, അവരുടെ വാഗ്‌ദത്ത ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങിയവ ആദ്യത്തെ അഞ്ചു ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ഇവയുടെ കാലഘട്ടം ക്രി. മു. 8-9 ശതകങ്ങളാണെന്ന്‌ അനുമാനിക്കുന്നു. രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന പ്രവാചകഗ്രന്ഥങ്ങളെ പ്രാചീന പ്രവാചകരെന്നും ആധുനിക പ്രവാചകരെന്നും രണ്ടായി തിരിച്ചിരിക്കുന്നു. പലസ്‌തീന്‍ കീഴടക്കിയതു മുതലുള്ള യഹൂദചരിത്രം, ഭരണകൂടത്തിന്റെ തകർച്ച, ധാരാളം യഹൂദകഥകള്‍ ആദിയായവ പ്രതിപാദ്യ വിഷയങ്ങളാണ്‌. ഭക്തി, നാടകം, ചരിത്രം, തത്ത്വശാസ്‌ത്രം തുടങ്ങിയ വിഷയങ്ങള്‍ സമ്മിശ്രമായി പ്രതിപാദിക്കുന്ന പ്രസിദ്ധീകരണങ്ങളാണ്‌ മൂന്നാമത്തെ വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ഇതിഹാസ കാവ്യമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഴയ നിയമത്തിലെ ചില ഭാഗങ്ങള്‍ വിലാപകാവ്യഗീതി ഛന്ദസ്സി (Hagiographa)ലാണു രചിച്ചിട്ടുള്ളത്‌. പ്രമഗീതങ്ങൽ, ഇതിഹാസങ്ങള്‍, നാടന്‍ പാട്ടുകള്‍ എന്നിവയുടെ പ്രാചീന രൂപങ്ങള്‍ പഴയ നിയമത്തിൽ ലഭ്യമാണ്‌. ഗദ്യവിഭാഗത്തിനുപോലും പ്രത്യേകമായ രചനാഭംഗിയും കാവ്യാത്മകതയുമുണ്ട്‌.

ബൈബിളിലെ ആദ്യഭാഗമായ, മോശയുടെതെന്നു കരുതപ്പെടുന്ന അഞ്ചുഗ്രന്ഥങ്ങളും പുനർപഠനത്തിനു വിധേയമായിട്ടുണ്ട്‌. ഈ മേഖലയിൽ പ്രവർത്തിക്കാന്‍ താത്‌പര്യം കാണിച്ചവരെ പ്രാത്സാഹിപ്പിച്ചതോടൊപ്പം അവരുടെ ഭാവനാസൃഷ്‌ടികളെ മൗലകിമായി നിയന്ത്രിക്കുകയും ചെയ്‌തിരുന്നു, ബൈബിളിനെ സൂക്ഷ്‌മമായി വ്യാഖ്യാനിക്കാനുപയോഗിച്ചിട്ടുള്ള 13 പ്രാമാണിക നിയമങ്ങള്‍ "മിഡ്‌നോട്‌' എന്നറിയപ്പെടുന്നു. ബൈബിളിന്റെ സൂക്ഷ്‌മ പഠനഫലമായി "ഹലാകാ' എന്നും "ഹഗ്ഗഡ' (അഗദ) എന്നും രണ്ടു പ്രസ്ഥാനങ്ങള്‍ നിലവിൽവന്നു. ഇതിൽ ആദ്യത്തെത്‌ മോശയുടെ കല്‌പനകളിലെ നിയമവ്യവസ്ഥകളെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും ഉപയോഗിച്ചിരുന്നു. രണ്ടാമത്തെ പ്രസ്ഥാനമാകട്ടെ ധർമനീതികളെ ഉയർത്തിപ്പിടിക്കുന്നവയായിരുന്നു. ഈ രണ്ടു നിയമാവലികള്‍ സമാഹരിച്ച്‌ ക്രി.പി. രണ്ടാം ശതകത്തിൽ ജൂഡാഹനാസി എന്ന പണ്ഡിതന്‍ മിഷ്‌നാ എന്ന നിയമ ശാസ്‌ത്രത്തിനു രൂപംകൊടുത്തു. റാബി അകിമ്പായും അദ്ദേഹത്തിന്റെ അനുചരന്മാരുമാണ്‌ ഈ നിയമശാസ്‌ത്രത്തിന്റെ ഏറിയഭാഗവും രചിച്ചത്‌.

മിഷ്‌നായിലെ ഉള്ളടക്കത്തെ ആറ്‌ പുസ്‌തകങ്ങ(കല്‌പന)ളായി വിഭജിച്ചിരിക്കുന്നു. ഇവ പല അധ്യായങ്ങളായും ഖണ്ഡികകളായും തിരിച്ചിട്ടുണ്ട്‌. മിഷ്‌നായ്‌ക്ക്‌ പൂരകമായും വരും തലമുറയുടെ പഠനങ്ങളെ ആസ്‌പദമാക്കിയും പണ്ഡിതന്മാർ രചനകള്‍ നടത്തി. ഇവയിൽ പലതും നഷ്‌ടപ്പെട്ടുപോയി. ബരെയ്‌ത, റ്റോസെഫ്‌റ്റാ എന്നിവ ഉദാഹരണങ്ങളാണ്‌. നിരവധി പണ്ഡിതന്മാർ പല തലമുറകളായി മിഷ്‌നാ എന്ന നിയമശാസ്‌ത്രത്തിനു വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും നല്‌കിയിരുന്നു. മിഷ്‌നായും ഇവയുടെ വ്യാഖ്യാനങ്ങളും "താൽമൂദ്‌' എന്നറിയപ്പെട്ടു. ക്രി.പി. നാലാം ശതകത്തിനും അഞ്ചാം ശതകത്തിനും ഇടയ്‌ക്ക്‌ ഇവ ലിഖിതരൂപത്തിൽ പ്രസാധനം ചെയ്‌തു. ബാബിലോണിയയിലും പലസ്‌തീനിലും ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ രൂപംകൊണ്ടു. ക്രി.പി. 500-ൽ റാബി ആഷിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ചേർന്ന്‌ ബാബിലോണിയ താൽമൂദ്‌ പ്രസാധനം ചെയ്‌തു. മിഷ്‌നായുടെ വ്യാഖ്യാനങ്ങളെന്നതിലുപരി, മിഷ്‌നാ പ്രസാധനം ചെയ്യുന്നതിനു മുമ്പുള്ള പഠനങ്ങളുടെ ഒരു ഭണ്ഡാഗാരം തന്നെയാണ്‌ ബാബിലോണിയന്‍ താൽമൂദ്‌. ഒരേ കാലഘട്ടത്തിലാണ്‌ പലസ്‌തീനിലും ബാബിലോണിയയിലും പ്രസാധനപ്രവർത്തനങ്ങള്‍ ആരംഭിച്ചത്‌. പലസ്‌തീനിയന്‍ താൽമൂദ്‌ അഥവാ, യരുശലേം താൽമൂദ്‌ എന്നറിയപ്പെടുന്ന നിയമ വ്യാഖ്യാന ഗ്രന്ഥം ക്രി.പി. 423-ലാണ്‌ പ്രസാധനം ചെയ്‌തത്‌. അരാമയ്‌ക്‌ ഭാഷയിലാണ്‌ എഴുതപ്പെട്ടതെങ്കിലും എബ്രായ സ്വാധീനം വളരെയേറെയുണ്ട്‌. എബ്രായ ഭാഷയുടെ പശ്ചിമ പൂർവ ഭാഷാഭേദങ്ങള്‍ യഥാക്രമം പലസ്‌തീനിയന്‍ താൽമൂദിനെയും ബാബിലോണിയന്‍ താൽമൂദിനെയും സ്വാധീനിച്ചു. പല ശതാബ്‌ദങ്ങള്‍ക്കുശേഷമാണ്‌ ലോകമെമ്പാടുമുള്ള യഹൂദർക്ക്‌ ബാബിലോണിയന്‍ താൽമൂദിലെ ചില നിയമങ്ങള്‍ സ്വീകാര്യമായത്‌. 600-നും 1200-നും ഇടയ്‌ക്ക്‌ മിഷ്‌നായുടെ ധാരാളം വിശദീകരണങ്ങള്‍ തയ്യാറായി. മിദ്രാഷ്‌ റബ്ബാ എന്ന കൃതിയാണ്‌ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്‌.

എബ്രായ സാഹിത്യത്തിന്റെ മധ്യഘട്ടത്തിൽ വൈവിധ്യം നിറഞ്ഞ പല സൃഷ്‌ടികളും ഉണ്ടായി. ബൈബിള്‍ പഠനങ്ങള്‍, ശബ്‌ദശാസ്‌ത്രം, നിരുക്തം, കവിത തുടങ്ങി പല ശാഖകളിലും എബ്രായഭാഷ പുഷ്‌ടി പ്രാപിച്ചു. ഈ കാലഘട്ടത്തിലെ എല്ലാ സാഹിത്യരചനകളും എബ്രായ ഭാഷയിലായിരുന്നില്ല. അറബി, ഗ്രീക്‌ എന്നീ ഭാഷകളിൽ എഴുതപ്പെട്ട രചനകളും എബ്രായസാഹിത്യത്തിന്റെ വളർച്ചയിൽ ഗണ്യമായ പങ്കുവഹിച്ചു. ദൈവ മഹത്ത്വത്തെയും കാരുണ്യത്തെയും പ്രതിപാദിക്കുന്ന "പിയ്യൂത്‌' എന്ന കവിതാശാഖ പലസ്‌തീന്‍, ബാബിലോണിയ എന്നിവിടങ്ങളിൽ ആവിർഭവിച്ച്‌ ഈജിപ്‌ത്‌, സ്‌പെയിന്‍ എന്നിവിടങ്ങളിലേക്കു വ്യാപിച്ചു.

ഹീബ്രു ഭാഷയിൽ രചിച്ച ഒരു പഴയനിയമ ബൈബിളിന്റെ പേജ്‌

എബ്രായ സാഹിത്യവികാസത്തിന്റെ മധ്യകാലഘട്ടത്തിൽ ബൈബിളിന്റെ അനേകം വ്യാഖ്യാനങ്ങളും പുനർ വ്യാഖ്യാനങ്ങളും ഉണ്ടായി. ഈ പ്രവർത്തനം ഇന്നും അനുസ്യൂതം തുടർന്നു പോകുന്നു. ക്രി.മു. 11-ാം ശതകത്തിൽ ഫ്രഞ്ചുകാരനായ സോളമന്‍ബെന്‍ ഐസക്‌ (റാഷി) ബൈബിള്‍, താൽമൂദ്‌ എന്നിവയുടെ വ്യാഖ്യാനങ്ങള്‍ രചിച്ചു. താൽമൂദ്‌ കൃതികളുടെ അനന്തര പഠനങ്ങള്‍ക്ക്‌ ആധാരമായിത്തീർന്നത്‌ റാഷിയുടെ വ്യാഖ്യാനങ്ങളാണ്‌. ക്രി.പി. 12, 14 കാലഘട്ടത്തിൽ തോസഫിസ്റ്റ്‌ എന്നറിയപ്പെടുന്ന വിഭാഗക്കാർ റാഷിയുടെ വ്യാഖ്യാനങ്ങളെ വിമർശിക്കുകയുണ്ടായി. ആഫ്രിക്കയുടെ ഉത്തര ഭാഗങ്ങളിലും സ്‌പെയിനിലും ഇസ്‌ലാമിക പണ്ഡിതന്മാരുടെ നേതൃത്വത്തിൽ താൽമൂദ്‌ പഠനങ്ങളും വ്യാഖ്യാനങ്ങളും നടന്നു. മോസസ്‌ ബെന്‍മെയ്‌മോണ്‍ (1135-1204) മിഷ്‌നായുടെ വ്യാഖ്യാനം അറബിയിലും യഹൂദനിയമസംഹിത എബ്രായ ഭാഷയിലും രചിച്ചു. ക്രി.മു. 13-ാം ശതകത്തിൽ യഹൂദ ജനതയ്‌ക്ക്‌ ഉപയോഗപ്രദമായ രീതിയിൽ ജേക്കബ്‌ ബെന്‍ ആഷർ തുറിം എന്ന നിയമപുസ്‌തകം (നാലുഭാഗങ്ങള്‍) തയ്യാറാക്കി. എബ്രായ നിയമസംഹിതകള്‍ക്കാധാരമായിത്തീർന്ന പ്രധാനപ്പെട്ട ഗ്രന്ഥമാണിത്‌. ഇസ്‌ലാമിക അധീനതയിൽ കഴിഞ്ഞിരുന്ന യഹൂദരിൽ 10-ാം ശ. ആയപ്പോഴേക്കും ഗ്രീക്‌ സംസ്‌കാരങ്ങളുടെ സ്വാധീനം കണ്ടുതുടങ്ങി. മധ്യകാല എബ്രായ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം കവിതകളാണ്‌ ഏറ്റവും പ്രാധാന്യമർഹിക്കുന്നവ. അറബിഭാഷാവൃത്തങ്ങളെ അനുകരിച്ച്‌ യഹൂദകവികള്‍ വിവിധരീതികളിലുള്ള കവിതകള്‍ രചിച്ചു. 10 മുതൽ 13 വരെയുള്ള ശതകങ്ങളിൽ മതേതരവും ലൗകികവുമായ സൃഷ്‌ടികള്‍ക്കായിരുന്നു പ്രാധാന്യം. പ്രമം, യുദ്ധം എന്നിവ പ്രധാന പ്രതിപാദ്യ വിഷയങ്ങളായിരുന്നെങ്കിലും അറബി സാഹിത്യത്തിന്റെ സ്വാധീനം വളരെ കൂടുതലുണ്ടായിരുന്നു. 950-നും 1200-നും ഇടയ്‌ക്കുള്ള കാലഘട്ടത്തിൽ വൃത്തം, ഛന്ദസ്സ്‌, താളം എന്നിവയെ ആധാരമാക്കിയുള്ള കവിതാരചനകളായിരുന്നു അധികവും. സാമുവൽ ഇബ്‌ന്‍ നാഗ്രല (993-1055), ജൂഡാ-ഹാ-ലെവി (1085-1140), സോളമന്‍ ഇബ്‌ന്‍ ഗബിറോള്‍ (1021-58), മോസസ്‌ ഇബ്‌ന്‍ എസ്ര (മ. 1140), മീയർ ഇബ്‌ന്‍ എസ്ര (1092-1167) എന്നിവരുടെ സംഭാവനകള്‍ പ്രാധാന്യമർഹിക്കുന്നു. യുദ്ധഗീതങ്ങളും സൂത്രവാക്യങ്ങളും രചിക്കുന്നതിൽ തത്‌പരനായിരുന്നു നഗ്രല. ലഘുകവിതകളിലൂടെ തന്റെ ശോകപൂർണമായ അനുഭവങ്ങള്‍ വർണിക്കുകയാണ്‌ മോസസ്‌ ഇബ്‌ന്‍ എസ്ര. താൽമൂദ്‌ ആദിയായ ധർമസംഹിതകള്‍ക്ക്‌ പഠനങ്ങളും ഭാഷ്യങ്ങളും ഈ കാലഘട്ടത്തിൽ ഉണ്ടായി. "ജിയോനി' എന്ന പണ്ഡിതസമൂഹം നടത്തിയിരുന്ന സൂറ, "പുംബദീത' എന്നീ പഠനകേന്ദ്രങ്ങളിലെ മേധാവികളാണ്‌ ഈ പഠനങ്ങള്‍ നടത്തിയത്‌. ഷെരീറ (920-1000), ഹായ്‌ (969-1038) എന്നിവർ ഈ പഠനങ്ങളിലൂടെ ശ്രദ്ധേയരായി. ഈ പഠനങ്ങളെ സ്‌മരിക്കത്തക്ക രീതിയിൽ "ജിയോനിക' എന്നും ഈ കാലയളവ്‌ അറിയപ്പെടുന്നു. ഈ സാംസ്‌കാരിക പ്രവർത്തനം ഉത്തര ആഫ്രിക്ക, ഇറ്റലി, ജർമനി, ഫ്രാന്‍സ്‌, സ്‌പെയിന്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിച്ചു.

ഈ കാലഘട്ടത്തിൽ സ്‌പെയിനിലെ ഗദ്യസാഹിത്യം വികാസം പ്രാപിക്കുകയും എബ്രായ സാഹിത്യത്തെ ഒരളവുവരെ സ്വാധീനിക്കുകയും ചെയ്‌തു. എബ്രായപദ്യങ്ങളിൽ ദൃശ്യമാകുന്ന പ്രത്യേക രീതിയും ഗുണവിശേഷങ്ങളും ഗദ്യസൃഷ്‌ടികളിൽ കാര്യമായ സ്വാധീനത ചെലുത്തി. ജൂഡാ ആൽ-ഹരീസി, ജോസഫ്‌ സബാറ, ഷെംതോവ്‌ ഇബ്‌ന്‍ ഫലാക്വേറ ആദിയായവർ ഗദ്യസാഹിത്യത്തിൽ സ്‌മരണീയരാണ്‌. വ്യാകരണം, നിഘണ്ടു നിർമാണം എന്നിവയിൽ പ്രഗല്‌ഭനായിരുന്നു സാദ്യാഹ്‌ബെന്‍ ജോസഫ്‌. ഉത്തര ആഫ്രിക്ക, ഇറ്റലി, ജർമനി, ഫ്രാന്‍സ്‌, സ്‌പെയിന്‍ എന്നിവിടങ്ങളിൽ എബ്രായഭാഷയും സാഹിത്യവും പുഷ്‌ടിപ്പെടുത്താനുള്ള സാംസ്‌കാരിക പ്രവർത്തനഫലമായി എബ്രായഭാഷയ്‌ക്ക്‌ നവോത്ഥാനം ഉണ്ടായി. ശുദ്ധപാഠത്തിന്റെ കാവൽഭടന്മാർ എന്നർഥം വരുന്ന "മിസോറിറ്റിസ്‌' എന്ന ഒരു പണ്ഡിതസമൂഹം താൽമൂദിലും മിദ്രാഷിമിലും ഉപയോഗിച്ചിരുന്ന എബ്രായ അരാമയ്‌ക്‌ സങ്കരഭാഷ നവീകരിക്കുകയും ശുദ്ധമായ എബ്രായ ഭാഷയ്‌ക്കു രൂപംകൊടുക്കുകയും ചെയ്‌തു. ശാവൊണ്‍ സാദിയബെന്‍ ജോസഫ്‌ (892-942) ആദ്യത്തെ എബ്രായ നിഘണ്ടുവും ജുഡാ ഇബ്‌നു-കോറിഷ്‌ എബ്രായ ഭാഷയ്‌ക്ക്‌ മറ്റു സെമിറ്റിക്‌ ഭാഷകളുമായുള്ള ബന്ധം വ്യക്തമാക്കുന്ന ഗ്രന്ഥവും തയ്യാറാക്കി. ഇതിനുശേഷം ഈ ഭാഷയിൽ ധാരാളം ഭാഷാ ശാസ്‌ത്രകൃതികളും നിഘണ്ടുക്കളും രചിക്കപ്പെട്ടു. പഴയ നിയമത്തെക്കുറിച്ചും ചില പഠനങ്ങള്‍ നടന്നു.

എട്ടാം ശതകത്തിന്റെ അന്ത്യത്തിൽ കാരൈറ്റ്‌ പണ്ഡിതന്മാർ താൽമൂദിനെയും ജൂത പുരോഹിതന്മാരുടെ സിദ്ധാന്തങ്ങളെയും നിഷേധിക്കുകയും വേദപുസ്‌തകമനുസരിച്ച്‌ ഒരു സാംസ്‌കാരിക പ്രസ്ഥാനം ആരംഭിക്കുകയും ചെയ്‌തു. 10-ാം ശതകത്തിൽ ജീവിച്ചിരുന്ന ബെഞ്ചമിന്‍ അൽ-നഹാ-വാന്‍സി-ജോസഫ്‌, അൽ-ബസീർ, ജൂഡാ ഹഡാസി, ആരോണ്‍ ബന്‍-ജോസഫ്‌ എന്നിവർ സ്‌മരണീയരാണ്‌. ഇതേത്തുടർന്ന്‌ യഹൂദ ദർശനങ്ങളെയും ദൈവശാസ്‌ത്രത്തെയും പറ്റിയുള്ള അനേകം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ചരിത്രം, ഭൂമിശാസ്‌ത്രം, വൈദ്യം, ജ്യോതിഷം തുടങ്ങിയ വിജ്ഞാനശാഖകളിലും ധാരാളം കൃതികള്‍ മധ്യകാലഘട്ടത്തിൽ ഉണ്ടായി. മതപ്രാധാന്യമുള്ളതും ഭക്തിരസപ്രധാനവുമായ ഗ്രന്ഥങ്ങളും രചിക്കപ്പെട്ടു.

15, 16 ശതകങ്ങളിലുണ്ടായ നവോത്ഥാനത്തിന്റെയും പരിഷ്‌കരണത്തിന്റെയും ഫലമായി എബ്രായസാഹിത്യത്തിൽ പല വ്യതിയാനങ്ങളും സംഭവിച്ചു. പുരാതനവിശിഷ്‌ടസാഹിത്യകൃതികളും വിശുദ്ധവേദപുസ്‌തകങ്ങളും പഠനവിധേയമായി. പിക്കോഡെല്ലാമിറാന്ദോള എബ്രായഭാഷയിലുള്ള കൈയെഴുത്തു പ്രതികള്‍ ശേഖരിച്ചു. ജോണ്‍സ്‌ വോണ്‍വുച്ചിലിന്‍ എബ്രായഭാഷയ്‌ക്ക്‌ ആധുനിക വ്യാകരണഗ്രന്ഥം തയ്യാറാക്കി. ജർമനിക്കാരായ ജോഹന്നസ്‌, ബക്‌സ്റ്റോർഫ്‌ താർഗം, താൽമൂദ്‌ എന്നിവർ യഹൂദരുടെ ചരിത്രവും ആചാരവും പഠനവിധേയമാക്കി. ഈ കാലഘട്ടത്തിലുണ്ടായ ഇറ്റാലിയന്‍ സ്വാധീനം എബ്രായസാഹിത്യത്തിനു പുതിയൊരു ഉണർവ്‌ പ്രദാനം ചെയ്‌തു. കവിയും നാടകകൃത്തുമായ മോസസ്‌ ഹയ്യിം ലുസാറ്റോ (1707-47)യുടെ സംഭാവനകള്‍ അമൂല്യമത്ര.

ആധുനികയുഗത്തിന്റെ ആരംഭത്തിൽത്തന്നെ സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക വ്യതിയാനങ്ങള്‍ ലോകമെമ്പാടും ദൃശ്യമായി. തത്‌ഫലമായി യഹൂദരും എബ്രായസാഹിത്യവും ആധുനികതയുമായി താദാത്മ്യം പ്രാപിക്കാനായി പല മാറ്റങ്ങളും ഉള്‍ക്കൊണ്ടു. 18-ാം ശതകത്തിന്റെ മധ്യത്തോടുകൂടി എബ്രായസാഹിത്യം നവജീവന്‍ ഉള്‍ക്കൊണ്ടു. എബ്രായസാഹിത്യപുരോഗതിക്കു നേതൃത്വം വഹിച്ചവരിൽ പ്രമുഖനാണ്‌ മോസസ്‌ മെന്‍ഡൽസ്സോന്‍ (1729-86). യഹൂദജനതയുടെ ഉന്നമനം എബ്രായഭാഷയിലുണ്ടാകുന്ന മതേതരസാഹിത്യത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന്‌ മെന്‍ഡൽസ്സോന്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. പുതിയ ഉണർവിനും പ്രകാശത്തിനും വേണ്ടിയുള്ള യഹൂദജനതയുടെ ആവേശം എബ്രായസാഹിത്യത്തിൽ പ്രത്യക്ഷപ്പെട്ടു. അങ്ങനെ 19-ാം ശതകത്തിന്റെ ആരംഭം മുതൽ യഹൂദജനത പഴയ വിശ്വാസങ്ങളിൽനിന്നു വ്യതിചലിക്കാന്‍ തുടങ്ങി. മെന്‍ഡൽസ്സോന്‍ പ്രദാനം ചെയ്‌ത പുതിയ ലക്ഷ്യബോധം തന്നെയാണ്‌ എബ്രായസാഹിത്യത്തിന്‌ ഇദ്ദേഹത്തിന്റെ മഹത്തായ സംഭാവന.

ഉപന്യാസങ്ങള്‍, കവിതകള്‍, ചരിത്രസംഭവങ്ങള്‍ ആദിയായവ ഉള്‍ക്കൊള്ളുന്ന ഒരു പ്രതിമാസ പ്രസിദ്ധീകരണം ഈ കാലഘട്ടത്തിൽ ആരംഭിച്ചു. സാഹിത്യം, ശാസ്‌ത്രം, മതം എന്നീ രംഗങ്ങളിൽ ഉണ്ടായ വികാസപരിണാമങ്ങള്‍ എബ്രായ സാഹിത്യരംഗത്തിന്‌ അടിത്തറ പ്രദാനം ചെയ്‌തു. നഫ്‌താലി വെസ്സിലി (1725-1805), ജൂഡാബെന്‍സീവ്‌ (1764-1811), മെനാഹൊം വെഫിന്‍ (1749-1826) ആദിയായ എഴുത്തുകാർ ഈ കാലഘട്ടത്തിൽ സ്‌മരണീയരാണ്‌. ഹമീസെ എന്ന മാസികയാണ്‌ ഈ നവോത്ഥാനത്തിന്റെ ഫലമായി ആദ്യം രൂപം കൊണ്ടത്‌. കവിത, ഉപന്യാസം, ചരിത്രം മുതലായവ ഉള്‍ക്കൊള്ളുന്ന ഈ രചന ഹസ്‌കലാ (പുതിയ വെളിച്ചം) എന്ന പേരിൽ അറിയപ്പെട്ടു. തത്‌ഫലമായി ലോക ത്തെമ്പാടും ഈ പരിവർത്തനങ്ങള്‍ ദ്രുതഗതിയിൽ വ്യാപിച്ചു. 19-ാം ശതകത്തിന്റെ അവസാനഘട്ടത്തിൽ രൂപംകൊണ്ട സിയോണിസ്റ്റ്‌ പ്രസ്ഥാനങ്ങളും പലസ്‌തീനിലെ യഹൂദാധിവാസവും എബ്രായഭാഷയെ ഒരു ആധുനിക വ്യവഹാരഭാഷയാക്കി മാറ്റി.

ഇറ്റലിയുടെ നവോത്ഥാനകാലഘട്ടം എബ്രായ ഭാഷയെ സംബന്ധിച്ചിടത്തോളം സുവർണകാലമായിരുന്നു. ഈ കാലയളവിലെ കവികളിൽ പ്രഥമഗണനീയനെന്നു കരുതപ്പെടുന്ന മോസസ്‌ ഹായ്യിം ലുസാറ്റോ (1707-47) ജീവിതത്തെയും പ്രകൃതിയെയും സംബന്ധിക്കുന്ന നൂതന ആശയങ്ങള്‍ പ്രതിപാദ്യമാക്കി. ഈശ്വര ജ്ഞാനം, യുവതലമുറയെ സ്‌പർശിക്കുന്ന വിഷയങ്ങള്‍ ആദിയായവ ഇദ്ദേഹത്തിന്റെ കവിതകളിലും നാടകങ്ങളിലും വിഷയീഭവിച്ചിട്ടുണ്ട്‌. നാഫ്‌താലി വെസ്‌ലി (1725-1805) ബൈബിളിനെ ഉപജീവിച്ച്‌ 20 സർഗങ്ങളിലായി രചിച്ച ഒരു മഹാകാവ്യമാണ്‌ ഷിരേതിഫേരത്‌. എബ്രഹാം ഡോബ്‌ ലോബന്‍സ്‌ സോനും അദ്ദേഹത്തിന്റെ പുത്രനായ മിഖാഹും പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ഉപാഖ്യാനങ്ങള്‍ സ്വീകരിച്ച്‌ കാവ്യസൃഷ്‌ടി നടത്തി. ഹയിം നാച്‌മാന്‍ ബിയാലിക്കും (1873-1934) സാള്‍ ചെർണിച്ചോവ്‌സ്‌കിയും (1875-1943) ജേക്കബ്‌ കാഹ്നും (ജ. 1881) ജേക്കബ്‌ ഷിമോത്താവിറ്റ്‌സും (ജ. 1884) ആധുനിക കവികളിൽ സ്‌മരണീയരത്ര. ഇവരിൽ ബിയാലിക്കിന്‌ ദേശീയ കവി എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്‌.

എബ്രഹാം ലെബന്‍സോനും (1794-1878) ഇദ്ദേഹത്തിന്റെ പുത്രനായ മികാഹ്‌ ജോസെഫും ഈ കാലയളവിലെ അനുഗൃഹീത കവികളാണ്‌. യഹൂദരുടെ ജീവിതദുരന്തവും ജീവിതചര്യയിൽ അവശ്യം വരുത്തേണ്ട മാറ്റങ്ങളും ജൂഡാ ലോബ്‌ ഗോർഡന്‍ കവിതാരൂപത്തിൽ പ്രതിപാദിച്ചു. എബ്രഹാം മാപൂ(1808-67)വിന്റെ അഹബാത്‌ സിയോണ്‍ എന്ന കൃതിയാണ്‌ ആധുനിക നോവലിലെ ആദ്യ സൃഷ്‌ടി. പെരസ്‌മോഇന്‍സ്‌കിന്‍ (1842-85), റുബന്‍ ആഷർ ബ്രാഡ്‌സ്‌ (1851-1903), ഷാലോം ജേക്കബ്‌ അബ്രാമോവിറ്റ്‌സ്‌ (1835-1917) എന്നിവർ മാപുവിനു ശേഷമുള്ള പ്രമുഖ നോവലിസ്റ്റുകളാണ്‌. ഡേവിഡ്‌ ഫ്രിഷ്‌മാന്‍ (1860-1922), മോർഡേകായ്‌ ഇസഡ്‌ഫ്രീയർ ബർഗ്‌ (1874-99), ജൂഡോ സ്റ്റീന്‍ബർഗ്‌ (1863-1908), എസ്‌ബന്‍ സിയോണ്‍ (1860-1932) എന്നിവർ അടുത്ത തലമുറയിൽപ്പെട്ട സാഹിത്യകാരന്മാരത്ര. ചെറുകഥ, നോവൽ എന്നിവയിലൂടെ ഇവർ യഹൂദജീവിതത്തിന്റെ വിവിധ പ്രശ്‌നങ്ങളെ കലാപരമായി ചിത്രീകരിച്ചു. എബ്രഹാം പാവെർനോ, യൂറികോവ്‌നർ ആദിയായവർ എബ്രായ സാഹിത്യ നിരൂപകന്മാരിൽ പ്രധാനികളാണ്‌. ജോസഫ്‌ ചെയിംബ്രിണർ (1881-1921), യിത്‌സ്‌ഷോക്‌ ഡി. ബർകോവിറ്റ്‌സ്‌ (ജ. 1885), ജെർഷാം ഷൊഫ്‌മാന്‍ (ജ. 1880), എയ്‌റന്‍ കബാക്ക്‌ എന്നിവർ റിയലിസ്റ്റിക്‌ കഥകള്‍ സംഭാവന ചെയ്‌തു.

ഉപന്യാസം, സാഹിത്യ വിമർശനം, ചരിത്രം എന്നീ മേഖലകളിലും ധാരാളം കൃതികള്‍ രചിക്കപ്പെട്ടു. സോളമന്‍ ജെ. രാജാപോർട്ട്‌ (1790-1867) യഹൂദ സംസ്‌കാരം, മഹാന്മാരുടെ ജീവചരിത്രം, ബൃഹദ്‌ വിജ്ഞാനകോശം ആദിയായവ രചിച്ച്‌ വിശ്വവിഖ്യാതി നേടി. യഹൂദ രാഷ്‌ട്രീയ ചരിത്രവും എബ്രായ സാഹിത്യ ചരിത്രവും ഒരേ ഗ്രന്ഥത്തിൽ പ്രതിപാദിച്ച്‌ പ്രസിദ്ധി നേടിയ സാഹിത്യകാരനാണ്‌ നാച്‌മാന്‍കോച്‌മാന്‍ (1785-1840). യഹൂദദർശനം, കവിതകള്‍, ഉപന്യാസങ്ങള്‍ ആദിയായവ സംഭാവന ചെയ്‌ത്‌ എബ്രായ സാഹിത്യരംഗം പുഷ്‌ടിപ്പെടുത്തിയ സാഹിത്യകാരനാണ്‌ സാമുവൽ ഡേവിഡ്‌ ലൂസ്സാറ്റൊ (1800-65). അതിപ്രാചീനകാലം മുതൽ 1500 വരെയുള്ള കാലഘട്ടത്തിലെ വിജ്ഞാനസൃഷ്‌ടികള്‍ മുഴുവന്‍ ഐസക്‌ എച്ച്‌.പീയസ്‌ (1815-1905) സമാഹരിച്ചു. യഹൂദചരിത്രം വളരെ വിസ്‌തരിച്ച്‌ ഒന്‍പതു വാല്യങ്ങളിലായി വൂള്‍ഫ്‌ യാ വൈറ്റ്‌സ്‌ (1847-1924) പ്രതിപാദിച്ചു. വിമർശനാത്മക ഉപന്യാസങ്ങള്‍ രചിച്ച്‌ ജോസഫ്‌ ക്ലാസ്‌നർ (1874-1958) ഖ്യാതി നേടി.

യു.ഇസഡ്‌. ഗ്രീന്‍ബർഗ്‌

ഡേവിഡ്‌ പ്രഷ്‌മാന്‍ (1860-1922), റ്യൂബള്‍ ബ്രയിനിൽ (1862-1939), നാഹും സൊകൊലുവ്‌ (1861-1936), വിവാജോസഫ്‌ ബർഡിചെവ്‌സ്‌കി (1865-1922), സാള്‍ ഐ. ഹെർവിറ്റ്‌സ്‌ (1862-1922), മോസസ്‌ ലീയബ്‌ ലിലിയന്‍ ബ്യൂം (1843-1910) മുതലായവരും എബ്രായ സാഹിത്യരംഗത്ത്‌ സ്‌മരണീയരാണ്‌. യു.എസ്‌., പലസ്‌തീന്‍ എന്നിവിടങ്ങളിൽനിന്നും എബ്രായസാഹിത്യത്തിനു പല സംഭാവനകളും ലഭിച്ചിട്ടുണ്ട്‌. ഗെർഷോണ്‍ റോസന്‍സ്‌ വീഗ്‌ (1861-1914), ബെഞ്ചമിന്‍ നാഹും സിൽകിനർ (1882-1934), എഫ്രം ലിസീറ്റ്‌സ്‌കി (ജ. 1885), ഇസ്രായേൽ എഫ്രാസ്‌ (ജ. 1891), സൈമണ്‍ ഹാൽകിന്‍ മുതലായവർ യു.എസ്സിലെ യഹൂദസാഹിത്യകാരന്മാരിൽ സ്‌മരണീയരാണ്‌. എബ്രഹാം ഷോർ (1889-1939), ജൊഹാനന്‍ ട്വെർസ്‌കി (ജ. 1900) എന്നിവർ ചെറുകഥ, നോവൽ എന്നീ തലങ്ങളിലും മേനോചെം റിബാലോവ്‌ (1899-1959), സാമുവൽ മെലാമെഡ്‌ (1885-1939), സെവിഷാർഫ്‌സ്റ്റീന്‍ (ജ. 1884) ആദിയായവർ ഉപന്യാസം, വിമർശനം എന്നീ ശാഖകളിലും പ്രശസ്‌തി നേടി.

എസ്‌.വൈ.അഗ്നന്‍

നോവലിസ്റ്റായ ജെ. ബർലാ (ജ. 1888), കവിയായ ഡി. ഷിമൊനി (1886-1956), യേശുക്രിസ്‌തുവിനെക്കുറിച്ച്‌ ആഖ്യായിക എഴുതിയ എ. ഏകബാക്‌ (1881-1945), പലസ്‌തീനിലെ യഹൂദരുടെ ജീവിതക്ലേശങ്ങള്‍ ചിത്രീകരിച്ച എ. ബറാഷ്‌, പ്രഗല്‌ഭ ഗദ്യകാരനായ ശ്‌മുവേൽ യോസഫ്‌, അഗ്നന്‍ (നോ. അഗ്നന്‍, ശ്‌മുവേൽ യോസഫ്‌) മുതലായവർ പലസ്‌തീന്‍ സാഹിത്യകാരന്മാരിൽ ശ്രദ്ധേയരാണ്‌.

കാവ്യശാഖയിൽ തദ്ദേശീയ ജീവിതത്തിനാണ്‌ പ്രാധാന്യം നല്‌കിയിരുന്നത്‌. ആർ. ബ്ലൊവ്‌സ്റ്റീന്‍ (1890-1931), യു.ഇസഡ്‌. ഗ്രീന്‍ബർഗ്‌ (1894-1981), എ. ഷ്‌ളോണ്‍സിതി (ജ. 1900) എന്നിവർ സ്വന്തം നാടുകളിലെ സാംസ്‌കാരികവും സാമൂഹികവും രാഷ്‌ട്രീയവുമായ കാര്യങ്ങള്‍ വിഷയമാക്കി കവിതകള്‍ രചിച്ചു. രണ്ടാം ലോകയുദ്ധം, ഇസ്രയേൽ രാഷ്‌ട്രപ്പിറവി, അറബി-ഇസ്രയേൽ യുദ്ധം ആദിയായവയിൽനിന്നു പ്രചോദനം കൊണ്ട്‌ കവികള്‍ സൃഷ്‌ടികള്‍ സംഭാവന ചെയ്യുന്നുണ്ട്‌. ഒന്നാം ലോകയുദ്ധത്തിനുശേഷം പലസ്‌തീനിലേക്കു കുടിയേറ്റക്കാരുടെ ഒരു പ്രവാഹം തന്നെയുണ്ടായി. ഇത്തരത്തിൽ കുടിയേറിയവരിൽ പ്രമുഖനാണ്‌ കവിയായ ഐസക്‌ ലാംഡന്‍. "മസാഡാ' എന്നറിയപ്പെടുന്ന ദേശീയ ഇതിഹാസഗാനം ഇദ്ദേഹം രചിച്ചതാണ്‌. ഇസ്രാേയലിലെ കുട്ടികള്‍ ഒന്നടങ്കം ഈ ഗാനം ഉരുവിടുന്നുണ്ട്‌.

20-ാം ശതകത്തിന്റെ ആദ്യഘട്ടങ്ങളിലും യൂറോപ്യന്‍ എഴുത്തുകാരാണ്‌ എബ്രായ ഭാഷയിൽ സാഹിത്യ സൃഷ്‌ടികള്‍ നടത്തിയിരുന്നത്‌. 1966-ൽ ഇദംപ്രഥമമായി ഇസ്രയേൽകാരനായ എസ്‌.വൈ.അഗ്നന്‍ (1888-1970) സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന്‌ അർഹനായി. പൗരാണിക എബ്രായസാഹിത്യത്തെയും ആധുനിക യൂറോപ്യന്‍ സാഹിത്യത്തെയും കൂട്ടിയിണക്കുന്ന കണ്ണിയായി ഇദ്ദേഹത്തെ ആദരിക്കുന്നു. ഹക്‌നസാറ്റ്‌ കല്ലാഹ്‌ (1922), ഒറീച്ച്‌നറ്റസലൂന്‍ (1945) ആദിയായവ ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളാണ്‌. തദ്ദേശീയരിൽനിന്നും ചരിത്രം, നിരൂപണം എന്നീ ശാഖകളിലും സംഭാവനകള്‍ ലഭിച്ചിട്ടുണ്ട്‌. രണ്ടാം ലോകയുദ്ധത്തിനുശേഷം കവിതയിലും ഗദ്യത്തിലും സ്വാതന്ത്യ്രവും പരമാധികാരവും തുടങ്ങിയ വിഷയങ്ങള്‍ ഏറെ പ്രതിപാദിക്കപ്പെട്ടു. വിസ്‌തീർണത്തിൽ ചെറിയൊരു രാജ്യമാണെങ്കിലും നാനാശാഖയിലും തനതായ സാഹിത്യസമ്പത്ത്‌ ഇസ്രയേലിനുണ്ട്‌. അഗ്നനു ലഭിച്ച അംഗീകാരം എബ്രായ സാഹിത്യത്തിനു മൊത്തത്തിൽ ലഭിച്ച അംഗീകാരമായി കരുതപ്പെടുന്നു.

(ആർ.എസ്‌.എ.)

താളിന്റെ അനുബന്ധങ്ങള്‍