This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഫിക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:10, 20 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എഫിക്‌

Efik

നൈജീരിയയിലെ ഒരു ജനവിഭാഗം. നൈജീരിയയുടെ തെക്കുകിഴക്കന്‍ മേഖലകളെ അധിവസിക്കുന്ന ഇവരുടെ ഭാഷയുടെ പേരും എഫിക്‌ എന്നുതന്നെ. 1961-ലെ ഹിതപരിശോധനയുടെ അടിസ്ഥാനത്തിൽ നൈജീരിയയുടെ ഒരു ഭാഗം കാമറൂണിൽ ചേർക്കപ്പെട്ടതോടെ ഇവർ രണ്ടു രാജ്യങ്ങിലായി വിഭജിക്കപ്പെട്ടു. ഇബിബിയോ, അണാങ്‌, ഓറോണ്‍, ബിയാസ്‌, അകാങ്‌പാ, ഉറ്വാന്‍, എകേത്‌ എന്നീ ഗോത്രങ്ങള്‍ തമ്മിൽ പരസ്‌പര ബന്ധമുള്ളവരാണ്‌. ഇതിൽ ഇബിബിയോ വർഗക്കാരുടെ ഒരു വിഭാഗമാണ്‌ എഫിക്കുകള്‍. 17-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടുകൂടി ഇവർ ക്രാസ്‌ നദിയുടെ തീരത്തേക്ക്‌ കുടിയേറി. മത്സ്യബന്ധനം മുഖ്യതൊഴിലാക്കിയിരുന്ന ഇവർ ഗ്രീക്‌ ടൗണ്‍, ഡ്യൂക്ക്‌ ടൗണ്‍, മറ്റധിവാസകേന്ദ്രങ്ങള്‍ എന്നിവ പടുത്തുയർത്തി. യൂറോപ്യന്മാർക്കുണ്ടായ ഒരു തെറ്റിദ്ധാരണയുടെ ഫലമായി എഫിക്കുകളുടെ ആവാസകേന്ദ്രം ഓള്‍ഡ്‌ കലബാർ എന്നറിയപ്പെട്ടു. 19-ാം നൂറ്റാണ്ടായപ്പോഴേക്കും ഓള്‍ഡ്‌ കലബാർ ഒരു പ്രധാന വാണിജ്യകേന്ദ്രമായി വികസിച്ചു. യൂറോപ്പിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കു പകരമായി അടിമകളെ നല്‌കിയിരുന്നത്‌ അവസാനിപ്പിക്കുകയും പാമോയിൽ നല്‌കിത്തുടങ്ങുകയും ചെയ്‌തു. യൂറോപ്പിൽനിന്ന്‌ കച്ചവട ആവശ്യത്തിനായി എത്തുന്ന കപ്പലുകള്‍ "കോമി' എന്നറിയപ്പെടുന്ന ചുങ്കം എഫിക്‌ പ്രധാനിക്കു നല്‌കേണ്ടിയിരുന്നു.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവരിൽ നല്ലൊരു ശതമാനവും ടൗണുകളിൽനിന്ന്‌ വനപ്രദേശങ്ങളിലെ വില്ലേജ്‌ കൃഷിയിടങ്ങളിലേക്ക്‌ കുടിയേറി. മരച്ചീനി, ചേന, ചേമ്പ്‌, ചോളം, പഴം, പച്ചക്കറികള്‍, മത്സ്യം എന്നിവയാണ്‌ ഇവരുടെ പ്രധാന ആഹാരങ്ങള്‍.

എഫിക്‌ ജനങ്ങള്‍

ഒരു പുരുഷനും ഒന്നിലേറെ ഭാര്യമാരും അവരുടെ മക്കളുമടങ്ങുന്നതാണ്‌ ഒരു കുടുംബം. ബഹുഭാര്യാത്വം ഇവരുടെ ഇടയിൽ ഇപ്പോള്‍ തീരെ കുറവാണ്‌. കുറേ കുടുംബങ്ങള്‍ ചേർന്ന്‌ "ഹൗസ്‌' എന്ന യൂണിറ്റുണ്ടാക്കുന്നു. പ്രായത്തിലുപരിയായി മികവിന്റെ അടിസ്ഥാനത്തിൽ ഈ ഹൗസിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന നേതാവാണ്‌ ഇവരെ നയിക്കുന്നത്‌. ഓരോ ഹൗസിൽനിന്നുള്ള തലവന്മാർ ചേർന്ന്‌ സമുദായ നേതാവിനെ തിരഞ്ഞെടുക്കുന്നു. ഒബൂങ്‌ എന്നറിയപ്പെടുന്ന ഈ ഗോത്രമുഖ്യന്‍ എപ്‌കേ എന്ന ഇവരുടെ സാമൂഹ്യ കൂട്ടായ്‌മയെ നയിക്കുന്നു. വനദേവതമാരെ പ്രീതിപ്പെടുത്തുന്നതിനുള്ള അനുഷ്‌ഠാനങ്ങള്‍ ഇവർ നടത്താറുണ്ട്‌. ഇത്തരം ചടങ്ങുകള്‍ സമൂഹത്തിന്റെ ഉന്നതിക്കു കാരണമാകുമെന്ന്‌ അവർ വിശ്വസിക്കുന്നു.

പുരുഷാധിപത്യമുള്ളതും വ്യത്യസ്‌ത ശ്രണി(ഗ്രഡ്‌)കളിലായി തിരിച്ചിട്ടുള്ളതുമായ സമൂഹത്തിൽ ശിക്ഷാവിധിയുടെ ഭാഗമായി വധം, കൂട്ടത്തിൽനിന്നു പുറത്താക്കൽ, പിഴ ചുമത്തൽ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്‌. കേസുകള്‍ ന്യായവിചാരണ ചെയ്യൽ, സമൂഹത്തിലെ സമാധാനാന്തരീക്ഷം നിലനിർത്തൽ എന്നിവയിലൂടെ ഗോത്രപ്രമുഖർ എഫിക്‌ ഗവണ്‍മെന്റിന്റെ നിർവഹണ അധികാരികളായി വർത്തിക്കുന്നു. വന്‍ തുകകള്‍ ഒടുക്കാന്‍ കഴിവുള്ളവർക്കു മാത്രമേ എപ്‌കേയിലെ ഉന്നതശ്രണികളിൽ എത്തപ്പെടാന്‍ സാധിക്കുകയുള്ളൂ. ഒരു വില്ലേജിലെ അംഗങ്ങളെ മറ്റൊരു വില്ലേജിലെ അംഗങ്ങളായും സ്വീകരിക്കുന്നതാണ്‌. എപ്‌കേ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ഇവയുടെ നിയമനിർമാണം, നീതിനിർവഹണം സാമ്പത്തികം എന്നിവയിലുള്ള അധികാരങ്ങള്‍ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്‌. പ്രകൃത്യതീത ശക്തികളിലുള്ള ഇവരുടെ വിശ്വാസവും നഷ്‌ടമായിത്തുടങ്ങിയിരിക്കുന്നു.

പരമ്പരാഗത എഫിക്‌ മതക്കാർ ദൈവത്തിൽ വിശ്വസിക്കുന്നതോടൊപ്പം പൂർവിക-പ്രകൃത്യതീശക്തികള്‍, മാജിക്‌, ആഭിചാരം, മന്ത്രവാദം എന്നിവയിലും വിശ്വസിക്കുന്നു. ഇപ്പോള്‍ ഇവരിലധികം പേരും വിദ്യാസമ്പന്നരും പാശ്ചാത്യരീതികള്‍ പിന്തുടരുന്നവരുമാണ്‌. ഭൂരിഭാഗം എഫിക്കുകളും ക്രിസ്‌തുമതാനുയായികളായി മാറിക്കഴിഞ്ഞു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%AB%E0%B4%BF%E0%B4%95%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍