This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എപ്‌സം സാള്‍ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:38, 17 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എപ്‌സം സാള്‍ട്‌

Epsom Salt

മഗ്നീഷ്യം സള്‍ഫേറ്റ്‌ ഹെപ്‌റ്റാഹൈഡ്രറ്റ്‌ (Mg SO4. 7H2O) എന്ന ക്രിസ്റ്റലീയലവണം. ഇംഗ്ലണ്ടിൽ സറേ(Surrey)യിലെ ഒരു വിപണനകേന്ദ്രമായ എപ്‌സം എന്ന സ്ഥലത്തുള്ള നീരുറവകളിൽ ഔഷധപ്രാധാന്യമുള്ള ഈ ലവണം 1695-ൽ ആദ്യമായി കണ്ടുപിടിക്കപ്പെട്ടു; തന്മൂലം എപ്‌സം സാള്‍ട്‌ (എപ്‌സം ലവണം) എന്ന പേരുണ്ടായി. പ്രകൃതിയിൽ കടൽവെള്ളത്തിലും കീസറൈറ്റ്‌ എന്ന ധാതുവിന്റെ രൂപത്തിലും ഇതു ലഭ്യമാണ്‌. പരീക്ഷണശാലയിൽ മഗ്നീഷ്യം കാർബണേറ്റ്‌ നേർത്ത സള്‍ഫൂരിക്കമ്ലത്തിൽ അലിയിച്ച്‌ ലായനി സാന്ദ്രീകരിച്ചാൽ വെളുത്ത പരലുകളായി ഈ ലവണം ലഭിക്കുന്നതാണ്‌. ജലലേയമായ ഈ ലവണപ്പരലുകള്‍ ചൂടാക്കിയാൽ പരൽജലം നഷ്‌ടപ്പെടുകയും നിർജല മഗ്നീഷ്യം സള്‍ഫേറ്റ്‌ (Mg SO4) വെളുത്ത പൊടിയായി അവശേഷിക്കുകയും ചെയ്യും. ഈ നിർജലലവണം എണ്ണകളിൽനിന്നും മറ്റും ജലാംശം നീക്കുവാനും ഗ്ലിസറിനുമായിക്കലർത്തി കുഴമ്പാക്കി പൊള്ളലേർപ്പെടുമ്പോള്‍ ലേപനം ചെയ്യുവാനും ഉപയോഗിക്കുന്നു. പ്രമേഹക്കുരു, തൊലിപ്പുറമെയുള്ള വ്രണങ്ങള്‍ എന്നിവയ്‌ക്കും ഈ കുഴമ്പ്‌ ഫലവത്തായ ഔഷധമാണ്‌.

ചികിത്സാരംഗത്തിൽ എപ്‌സം ലവണം മറ്റു വിധത്തിലും പ്രയോജനപ്പെടുത്താറുണ്ട്‌. ഇത്‌ ഒരു നല്ല വിരേചകം (cathartic) ആണ്‌; പക്ഷേ വലിയ മാത്രയിൽ അടിക്കടി ഇതു സേവിക്കുന്നത്‌ നന്നല്ലതാനും. കുടലിനു തളർച്ചയുണ്ടാക്കും എന്നതാണ്‌ അതിനു കാരണം. ദഹനക്കുറവ്‌, അമ്ലീയത (acidity), വാതരോഗം എന്നീ വൈഷമ്യങ്ങൽക്കു ചൂടുവെള്ളത്തിൽ ഒരു നുള്ള്‌ അലിയിച്ച്‌ പ്രഭാത ഭക്ഷണത്തിനു മുമ്പും അത്താഴത്തിനുശേഷവും കഴിക്കുന്നത്‌ നന്ന്‌. 5.25 ശതമാനം എപ്‌സംലവണലായനി വാതരോഗികള്‍ക്കു വേദനയുള്ള സ്ഥാനങ്ങളിൽ പുരട്ടാനുപയോഗിക്കുന്നു. ലെഡ്‌ (ഈയം), കാർബോളിക്‌ ആസിഡ്‌ എന്നിവ മൂലമുണ്ടാകുന്ന വിഷബാധയ്‌ക്ക്‌ ഈ ലവണം ഒരു മറുമരുന്നാണ്‌. അന്തഃസിരാകമായി (intravenous) ഈ ലവണലായനി കുത്തിവച്ചാൽ സുഷുപ്‌തികാരകമായി (narcotic) പ്രവർത്തിക്കുന്നതാണ്‌. മോർഫീന്‍ എന്ന മയക്കുമരുന്നിന്റെ വീര്യം കൂട്ടുന്നതിനു എപ്‌സംലവണം ചേർത്തു കുത്തിവയ്‌ക്കാറുണ്ട്‌. കുളിക്കുന്ന ചൂടുവെള്ളത്തിൽ ഒരു പിടി എപ്‌സം ലവണം അലിയിച്ചു ചേർത്ത്‌ അതിൽ മുക്കി നനച്ച കൈകൊണ്ടു രണ്ടുമിനിട്ടുനേരം ശരീരം തിരുമ്മുന്നത്‌ വാതരോഗികള്‍ക്കു ഗുണകരമാണ്‌. പ്രാണികളുടെ കടി കൊണ്ടോ, രോഗാണുബാധ കൊണ്ടോ തടിച്ച കണ്‍പോളകളെ നേരിയ ചൂടുള്ള എപ്‌സംലവണ ലായനിയിൽ തുണിമുക്കി ഒപ്പി ചികിത്സിക്കാവുന്നതാണ്‌. വ്യവസായരംഗത്ത്‌ പരുത്തിവസ്‌ത്രങ്ങളുടെ നിർമാണത്തിനും അവയ്‌ക്ക്‌ ചായം പിടിപ്പിക്കുന്നതിനും വിപുലമായി ഈ ലവണം ഉപയോഗിച്ചുവരുന്നു. നോ. വിരേചകങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍