This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എപിക്‌ടീറ്റസ്‌ (എ.ഡി. 50-130)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:48, 20 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എപിക്‌ടീറ്റസ്‌ (എ.ഡി. 50-130)

Epictetus

എപിക്‌ടീറ്റസ്‌

ഗ്രീക്കു ദാർശനികന്‍. ജനനം പ്രിജിയയിലെ (ഏഷ്യാ മൈനർ) ഹൈറാപോളിസ്സിലാണെന്നു കരുതപ്പെടുന്നു. ജന്മനാ മുടന്തനായിരുന്ന ഇദ്ദേഹത്തിന്‌ ശാരീരികശേഷി കുറവായിരുന്നു. ബാല്യകാലത്ത്‌ ഒരടിമയായിരുന്നപ്പോള്‍ ഇദ്ദേഹത്തിന്‌ സ്റ്റോയിക്‌ ദാർശനികനായ മുസോണിയസ്‌ റൂഫസിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കുവാന്‍ സന്ദർഭം ലഭിച്ചു. കുറേനാള്‍ കഴിഞ്ഞ്‌ എപിക്‌ടീറ്റസ്‌ സ്വതന്ത്രനായി. ഡൊമിഷ്യന്റെ മർദനഭരണത്തെ സ്റ്റോയിക്‌ ദാർശനികർ എതിർത്തതിനെത്തുടർന്ന്‌ എ.ഡി. 90-ൽ മറ്റു സ്റ്റോയിക്‌ ദാർശനികരോടൊപ്പം റോമിൽ നിന്ന്‌ ഇദ്ദേഹം നാടുകടത്തപ്പെടുകയും ശേഷിച്ചകാലം നിക്കോപോളിസ്സിൽ (വ.പ. ഗ്രീസ്‌) കഴിച്ചുകൂട്ടുകയും ചെയ്‌തു.

എപിക്‌ടീറ്റസിന്‌ കൂടുതൽ താത്‌പര്യം നീതിശാസ്‌ത്രത്തോടായിരുന്നു. മനുഷ്യന്റെ സത്ത ഇച്ഛാശക്തിയാണെന്നും അതു മനസ്സിലാക്കുന്നതാണു ശരിയായ വിദ്യാഭ്യാസമെന്നും ഇദ്ദേഹം സിദ്ധാന്തിച്ചു. ബാഹ്യശക്തികള്‍ക്കു തട്ടിമാറ്റാന്‍ കഴിയാത്ത ഈ ഇച്ഛാശക്തി നമുക്ക്‌ ഈശ്വരന്‍ ഒരു പിതാവെന്ന നിലയ്‌ക്കോ രാജാവെന്ന നിലയ്‌ക്കോ നൽകിയിട്ടുള്ളതാണ്‌. നമ്മുടെ ബോധമണ്ഡലത്തിലുദിക്കുന്ന ആശയങ്ങള്‍ക്ക്‌ നാം ഉത്തരവാദികളല്ല; എന്നാൽ അവയെ ഉപയോഗിക്കുന്ന സമ്പ്രദായത്തിന്‌ ഉത്തരവാദികളാണ്‌. ഇച്ഛാശക്തി ഒഴികെ നല്ലതും ചീത്തയുമായി വേറെ ഒന്നുമില്ല; സംഭവങ്ങളെ മുന്‍കൂട്ടി കാണാനോ സംഭവങ്ങളുടെ ഗതി നിർണയിക്കുവാനോ നാം പുറപ്പെടരുത്‌. സംഭവങ്ങളെ ബുദ്ധിപൂർവം നേരിടുകയാണു വേണ്ടത്‌. ഇതാണ്‌ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളിൽ മുഖ്യമായത്‌.

എപിക്‌ടീറ്റസ്‌ കൃതികളൊന്നും രചിച്ചിട്ടില്ല; ഇദ്ദേഹത്തിന്റെ ശിഷ്യനായ ആറിയന്‍ എഴുതിയിട്ടുള്ള ഡിസ്‌കോഴ്‌സ്‌, മാനുവൽ എന്നീ ഗ്രന്ഥങ്ങളിൽ നിന്നാണ്‌ എപിക്‌ടീറ്റസിന്റെ ദാർശനിക സിദ്ധാന്തത്തെപ്പറ്റി സാമാന്യമായെങ്കിലും മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍