This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍സൈക്ലോപീഡിസ്റ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:04, 26 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എന്‍സൈക്ലോപീഡിസ്റ്റുകള്‍

Encyclopaedists

പ്രബുദ്ധതാപ്രസ്ഥാനകാലത്ത്‌ (18-ാം ശ.-ത്തിന്റെ ഉത്തരാർധം) ഫ്രാന്‍സിൽ തയ്യാറാക്കപ്പെട്ട പ്രശസ്‌ത ഫ്രഞ്ച്‌ എന്‍സൈക്ലോപീഡിയയുടെ (Encylopedie ou Dictionnaire raisonne des Sciences, des Arts et des metiers) നിർമാണത്തിൽ പങ്കെടുത്ത പണ്ഡിതന്മാർ. 1751 മുതൽ 72 വരെയുള്ള കാലങ്ങളിൽ ദെനിസ്‌ ദിദ്‌റോ (Diderot)യുടെ നേതൃത്വത്തിലാണ്‌ ഈ എന്‍സൈക്ലോപീഡിയ പ്രസിദ്ധീകരിച്ചത്‌. ആരംഭംമുതൽ അന്ത്യംവരെ ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരാണ്‌ ചീഫ്‌ എഡിറ്ററായിരുന്ന ദെനിസ്‌ ദിദറോയും സഹായിയായി പ്രവർത്തിച്ച ഷെവലിയാർ ദെ ഷാക്കോറും. ദിദ്‌റോയോടു സഹകരിച്ചിരുന്ന ദ ആലംബെർ 1758-ൽ ഈ പ്രസ്ഥാനത്തിൽ നിന്നു വിരമിച്ചു. പ്രബുദ്ധതാപ്രസ്ഥാനത്തിന്റെ നേതാക്കന്മാരായിരുന്ന പലരും ഈ എന്‍സൈക്ലോപീഡിയയിൽ ലേഖനങ്ങള്‍ എഴുതിയും മറ്റുവിധത്തിൽ പിന്തുണനൽകിയും സഹകരിച്ചിട്ടുണ്ട്‌. ഇതിൽ പ്രമുഖരാണ്‌ വോള്‍ട്ടയർ, റൂസ്സോ, മൊണ്ടെസ്‌ക്യൂ, ദാ ബെന്റണ്‍, ബാർതെസ്‌, ടർഗോ, ട്രാന്‍യിന്‍, ലൂയി ദെലാന്റെ, ബ്ലോന്‍ഡെൽ, ബഫണ്‍, ഡ്യൂക്ലസ്‌ എന്നിവർ.

രാജഭരണത്തിനും മതാധിപത്യത്തിനും എതിരായുള്ള പ്രവർത്തനങ്ങള്‍ക്കു നേതൃത്വം നൽകുന്ന ഒന്നാണ്‌ ഈ പ്രസിദ്ധീകരണം എന്ന കുറ്റം ചുമത്തി എന്‍സൈക്ലോപീഡിയ പ്രവർത്തകരെ അധികൃതർ പീഡിപ്പിച്ചിരുന്നു. എഡിറ്ററായ ദിദറോയെ ജയിലിലടയ്‌ക്കുകയും അച്ചടിച്ച വാല്യങ്ങളും കൈയെഴുത്തുപ്രതികളും കണ്ടുകെട്ടുകയും ചെയ്‌തു. പീഡനങ്ങളിൽനിന്നു രക്ഷനേടുന്നതിനുവേണ്ടി പ്രസാധകനു പുരോഗമനാശയങ്ങള്‍ കൈയെഴുത്തു പ്രതിയിൽ നിന്നു നീക്കം ചെയ്‌ത്‌ അച്ചടി തുടരേണ്ടിവന്നു.

ഈ എന്‍സൈക്ലോപീഡിസ്റ്റുകളിൽ ഭൗതികവാദികളും മിതവാദികളും ഉള്‍പ്പെട്ടിരുന്നു. പ്രത്യയശാസ്‌ത്രത്തിനെതിരായുള്ള സമരത്തിനാണ്‌ ഭൗതികവാദികള്‍ മുന്‍കൈയെടുത്തത്‌. സ്വേച്ഛാധിപത്യത്തെ വിമർശിക്കാനും പീഡനങ്ങളിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും മനുഷ്യരാശിയെ രക്ഷിക്കുന്നതിനുവേണ്ട വിജ്ഞാനം പകരാനുമാണ്‌ മിതവാദികള്‍ ശ്രമിച്ചത്‌. വിപ്ലവാശയങ്ങളുടെ പ്രചാരണോപാധി എന്നനിലയിൽ ഈ എന്‍സൈക്ലോപീഡിയ പ്രശസ്‌തിനേടി. ഫ്രഞ്ചുവിപ്ലവത്തിനു കളമൊരുക്കുന്നതിനും ഈ ഗ്രന്ഥപരമ്പര പങ്കുവഹിച്ചിട്ടുണ്ട്‌.

പില്‌ക്കാലത്ത്‌ മതത്തിനും രാഷ്‌ട്രീയസ്വേച്ഛാധിപത്യത്തിനും എതിരായി നിൽക്കുന്ന പുരോഗമനവാദികളെയും എന്‍സൈക്ലോപീഡിസ്റ്റുകള്‍ എന്നു വിളിച്ചുതുടങ്ങി. വിജ്ഞാനകോശനിർമാതാക്കളെ പൊതുവേ എന്‍സൈക്ലോപീഡിസ്റ്റുകള്‍ എന്ന്‌ ഇക്കാലത്തു പറയാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍