This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഗ്രവിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:38, 14 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്‍ഗ്രേവിങ്‌

Engraving

ലോഹത്തകിടില്‍ എന്‍ഗ്രവിങ്‌ രൂപകല്‌പന ചെയ്യുന്നു

ഉയര്‍ന്ന സങ്കേതത്തിലുള്ള ഒരു തരം കൊത്തുപണിയായ "എന്‍ഗ്രേവിങ്‌' ഒരു കലാവിദ്യയാണ്‌. വിവിധ ലോഹത്തകിടിന്മേലോ പ്രത്യേകം പ്രതലത്തിലെ പരുപരുപ്പുമാറ്റി സജ്ജമാക്കിയ മരത്തടിക്കട്ടയിലോ ഏതാനും നിര്‍ദിഷ്‌ട ആകൃതിയില്‍ നിര്‍മിച്ചിട്ടുള്ള അഗ്രങ്ങളോടുകൂടിയ ബുറിന്‍സ്‌ (BURINS)എന്നു പറയുന്ന ഉളികളും മറ്റും ഉപയോഗിച്ചു പ്രതലത്തില്‍ ചെറിയ രേഖകള്‍ ഉണ്ടാക്കി ചിത്രണം ചെയ്യുന്ന കലാപരവും സാങ്കേതികമായ വൈദഗ്‌ധ്യം വേണ്ടതായ ഒരു ചിത്രനിര്‍മാണ സമ്പ്രദായമാണിത്‌. ഇതിന്‌ ഉച്ചിത്രണം (etching) ചെയ്യുന്ന സമ്പ്രദായവുമായി സാദൃശ്യവും വ്യത്യസ്‌തതകളും ഉണ്ട്‌. (എച്ചിങ്‌ നോ.) ആവശ്യമുള്ള രൂപങ്ങള്‍ മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ കൊണ്ട്‌ വകഞ്ഞു മാറ്റി വൃത്തിയാക്കുന്നു. ഫലകങ്ങള്‍ സജ്ജമാക്കുക, അനുയോജ്യമാവയ തെരഞ്ഞെടുക്കുക തുടങ്ങിയ മൂന്നുപാധികളും എന്‍ഗ്രവിങ്ങിന്‌ ആവശ്യമാണ്‌. ഈ സമ്പ്രദായത്തിന്‌ ഇനിയും കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്ത ഒരു നീണ്ടചരിത്രവുമുണ്ട്‌. ഒരിക്കല്‍ സാങ്കേതികവിദ്യയില്‍ മുന്നേറ്റം ഇല്ലാതിരുന്ന കാലത്തുപോലും പാറയിലും, പിന്നീട്‌ വിലയേറിയ കല്ലുകളിന്മേലും (on precious stones) കൌതുകകരവും ചാരുതയുമുള്ള രൂപങ്ങള്‍കൊത്തി അവയെ ആഭരണങ്ങളില്‍ കൊരുത്തും പതിപ്പിച്ചും എന്‍ഗ്രവിങ്‌ ചെയ്‌തിട്ടുള്ള ജനതകളുണ്ട്‌. എന്‍ഗ്രവിങ്‌ ഒരു ഗൗരവമുള്ള കലാവസ്‌തുനിര്‍മിതിയെന്നനിലയില്‍ എത്തുവാനും അതിന്‌ സാങ്കേതികമായ സമ്പ്രദായങ്ങള്‍ ആവിഷ്‌കരിക്കാനും തുടങ്ങുന്നത്‌ ഏതാണ്ട്‌ എ.ഡി. 1410 ലാണ്‌ എന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. യൂറോപ്പിലെ നോര്‍ത്ത്‌സീ'(North sea) യുടെയും ആല്‍പ്‌സ്‌പര്‍വതത്തിന്റെയും ഇടയ്‌ക്കുള്ള ഭൂമിശാസ്‌ത്രത്തില്‍ "റെയിന്‍ബോ' എന്നു പറയുന്ന പ്രദേശത്താണത്ര ഇതിന്റെ ആരംഭം. ദക്ഷിണജര്‍മനിയിലോ, സ്വിറ്റ്‌സര്‍ലണ്ടിലോ ജീവിച്ചിരുന്ന അജ്ഞാതനമായ ഒരു സ്വര്‍ണപ്പണിക്കാരന്‍ (goldsmith) ആണ്‌ ഇതിന്റെ ഉപജ്ഞാതാവ്‌. അതിനുശേഷം നാം കാണുന്നത്‌ വിശ്രുതരായ ലോകചിത്രകാരന്മാരുടെ പ്രശസ്‌തരചനകളുടെ മികച്ച പ്രിന്റുകള്‍/പകര്‍പ്പുകള്‍ നിര്‍മിക്കുന്ന ഈ രസകരമായ വിദ്യയുടെ സാര്‍വത്രികമായ പ്രചാരമാണ്‌. മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക്‌ അനുസരണമായി, സാംസ്‌കാരികവികാസപരിണാമങ്ങളുമായി സമരസപ്പെട്ടു മുന്നേറിയ എന്‍ഗ്രവിങ്‌ എന്ന കലാപ്രവര്‍ത്തനത്തിലും ഓരോരോ മാറ്റങ്ങളും കാലക്രമത്തില്‍ വന്നുചേര്‍ന്നു. നൂറ്റാണ്ടുകളിലൂടെയുള്ള ഈ പുരോഗതിയില്‍ അത്യന്തം സങ്കീര്‍ണമായ ഡിസൈനുകളും, പാറ്റേണുകളും പറയത്തക്ക യാതൊരു പിഴവും വരുത്താതെ നിര്‍മിക്കുവാനുള്ള ശേഷിലോകമെമ്പാടും ഈ സവിശേഷ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ആര്‍ജിച്ചുകഴിഞ്ഞിട്ടുണ്ട്‌. വിസ്‌മകരമായ രിതിയില്‍ നിരവധി മാസ്റ്റര്‍പീസുകളുടെ പകര്‍പ്പുകള്‍ ഇന്നു നമുക്ക്‌ കാണുവാന്‍ കഴിയുന്നു.

എന്‍ഗ്രവിങ്‌ (ഇന്റാഗ്ലിയോ) (Intaglio) പ്രക്രിയ, ഒരുതരം ""ഇന്‍സൈസ്‌ഡ്‌ പ്രിന്റിങ്‌ പ്രാസസ്സ്‌ (incised printingആണ്‌. ഇതെങ്ങനെ ചെയ്യുന്നു എന്നുനോക്കാം. ഒരു പ്രതലം തെരഞ്ഞെടുത്ത്‌ അതിനാവശ്യമായ റിഫൈന്‍മെന്റ്‌ (refinement)ശേുദ്ധിയും മിനുസവും വരുത്തി അതിന്റെമേല്‍ ഉപകരണങ്ങള്‍ കൊണ്ട്‌ കൊത്തിയും വരഞ്ഞും രൂപരേഖ തയ്യാറാക്കുന്നതിന്‌ നിയതമായ ഒരു ക്രമമുണ്ട്‌. ശ്രദ്ധാപൂര്‍വം പ്രതലോപരി നിര്‍മിച്ച രേഖകളില്‍ നിര്‍ദിഷ്‌ടരീതിയില്‍ അനുയോജ്യമായ മഷികള്‍ പൂശി, മെഴുകും, പ്ലാസ്റ്റര്‍ ഓഫ്‌ പാരീസും ഉപയോഗിച്ച്‌ പകര്‍പ്പുകള്‍ നിര്‍മ്മിക്കുന്നു. വിവിധ ആകൃതിയില്‍ വിവിധമുനകള്‍ ഉള്ള "ഉളികള്‍' ആണിവിടെ രേഖ കൊത്തിയുണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത്‌ എന്നു പറഞ്ഞുവല്ലോ. കൊത്തുപണി തുടങ്ങുംമുമ്പ്‌ ചിത്രണം നടത്തപ്പെടേണ്ട ഫലകം/തടി ഒരു കുഷന്റെയോ പാഡിന്റെയോ പുറത്ത്‌ വയ്‌ക്കുന്നു. ഈ സ്ഥിതിയില്‍ ഇരിക്കുന്ന ഫലകത്തെ രേഖാനിര്‍മാതാവിന്‌ ഏതുദിശയിലേക്കും തിരിക്കുവാന്‍ സാധിക്കണം. കൊത്തുപണിക്കിടയില്‍ ഉണ്ടാകാവുന്ന പിശകുകള്‍ "സ്‌ക്രാപ്പര്‍' എന്നും "ബേര്‍ണിഷര്‍' എന്നും പറയുന്ന ഉപകരണം കൊണ്ട്‌ നീക്കം ചെയ്യുന്നു.

എന്‍ഗ്രവിങ്‌ ഉപകരണങ്ങള്‍

ഉപകരണങ്ങള്‍. ഉപകരണങ്ങള്‍ കാലക്രമത്തില്‍ കൂടുതല്‍ സുകരമായി രേഖകള്‍ കൊത്തി ഉണ്ടാക്കുവാനായി മാറ്റിമാറ്റി നിര്‍മിക്കുന്നുണ്ട്‌. വളരെ സങ്കീര്‍ണതകള്‍ നിറഞ്ഞ ചില ഡിസൈനുകള്‍ എന്‍ഗ്രവുചെയ്യുവാന്‍ കൊത്തുളിയും-മുനയുളിയും ചെറിയ പരന്ന ഉളിയും മാത്രം മതിയാവുകയില്ല. വിവിധതരത്തിലും വലുപ്പത്തിലുമുള്ള പ്രതലങ്ങളിന്മേല്‍ പല ആകൃതിയിലും വലുപ്പത്തിലും ആഴത്തിലും രേഖകള്‍, ചാലുകള്‍, രൂപരേഖകള്‍, അവയുടെ സന്ധികള്‍ ഒക്കെയും നിര്‍മിക്കണം. ഇതിനായി പല വണ്ണത്തിലും രൂപത്തിലും ഉള്ള ലോഹക്കഷണങ്ങളില്‍ നിരവധി പിരികള്‍, തുളകള്‍, ദീര്‍ഘസുഷിരങ്ങള്‍, വിടവുകള്‍, ചുഴികള്‍ എന്നിവ വളരെ വ്യക്തമായും ഉരുത്തിരിഞ്ഞു വരുവാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാവുന്ന മില്ലിങ്‌ യന്ത്രം മാതിരിയുള്ള എന്‍ഗ്രവിങ്‌ യന്ത്രങ്ങള്‍ രൂപകല്‌പനചെയ്‌ത്‌ നിര്‍മിച്ചിട്ടുണ്ട്‌. അവയുടെ ഉചിതമായ പ്രയോഗമാണാവശ്യം. വാസ്‌തവത്തില്‍ മൂലമാതൃകയില്‍(original model) ഉള്ളതായ രൂപസംവിധാനം കറങ്ങുന്ന കൊത്തുളികൊണ്ടുണ്ടാക്കിയ ഒരു ഒറിജിനലിന്റെ തനിപ്പകര്‍പ്പുകളാണ്‌ ഈ യന്ത്രം കൊണ്ടുണ്ടാക്കുന്നത്‌. രണ്ടുതരം യന്ത്രങ്ങളുണ്ട്‌ - ഡ്യൂപ്ലിക്കേറ്ററുകളും പാന്റോഗ്രാഫുകളും. ഒരു കലാസൃഷ്‌ടിയുടെ അതേവലുപ്പത്തില്‍ തന്നെ പുനര്‍സൃഷ്‌ടിക്കുന്നതിനുള്ള യന്ത്രമാണ്‌ ഡ്യൂപ്ലിക്കേറ്റര്‍. വ്യത്യസ്‌തമായ വലുപ്പത്തിലുള്ളതിന്റെ പകര്‍പ്പെടുക്കാനാണ്‌ പാന്റോഗ്രാഫ്‌ യന്ത്രം. ഇവയുടെ പകര്‍പ്പിന്റെയും മൂലമാതൃകയുടെയും വലുപ്പത്തിന്റെ അനുപാതം 1:1 മുതല്‍ 1:40 വരെയാകാം.

ഡ്യൂപ്ലിക്കേറ്റര്‍. കൈകൊണ്ടാണ്‌ ഡ്യൂപ്ലിക്കേറ്ററുകള്‍ നിയന്ത്രിക്കുന്നത്‌. ഇതിന്‌ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ലംബരൂപമായ മില്ലിങ്‌ യന്ത്രങ്ങളോട്‌ സാദൃശ്യമുണ്ട്‌. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മില്ലിങ്‌ യന്ത്രങ്ങളില്‍ കൊത്തുളിക്ക്‌ സമാന്തരമായി ഘടിപ്പിക്കുന്ന അനുരേഖി എന്ന ഭാഗത്തിലും രേഖപ്പെടുത്തല്‍ നടത്തേണ്ട പ്രതലത്തിന്റെ സംവിധാനത്തിലുമാണ്‌. കൈകൊണ്ടുപ്രവര്‍ത്തിപ്പിക്കുന്ന ഡ്യൂപ്ലിക്കേറ്ററിന്റെ പ്രതലത്തിന്‌ തിരശ്ചീനതലത്തില്‍ എല്ലാദിശയിലും ചലിക്കുവാന്‍ കഴിയുന്നു. അതേസമയം മില്ലിങ്‌ യന്ത്രത്തിന്റെ പ്രതലത്തിന്‌ തിരശ്ചീനതലത്തില്‍ രണ്ടുദിശകളില്‍ മാത്രമേ ചലിക്കുവാന്‍ സാധിക്കുകയുള്ളൂ. ഡ്യൂപ്ലിക്കേറ്ററുകള്‍ക്കുള്ള ഒരു മെച്ചം അവയ്‌ക്ക്‌ ദ്വിമാന(two dimentional)തലപ്രവര്‍ത്തനത്തിനും ത്രിമാന (three dimentional)തലത്തിനും യോജിച്ചവണ്ണം പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നു എന്നതാണ്‌. കൊത്തുളിയുടെ ഫീഡ്‌ എന്നഭാഗം കൈകൊണ്ടും, യന്ത്രശക്തികൊണ്ടും പ്രവര്‍ത്തിപ്പിക്കാം. ത്രിമാന യന്ത്രങ്ങളില്‍ ലംബദിശയിലെ ചലനം സ്‌പിന്റിലിന്റെ മേലോട്ടും താഴോട്ടുമുള്ള നീക്കം കൊണ്ട്‌ മറ്റു രണ്ടു ദിശകളിലേക്കുള്ള ചലനം പ്രവര്‍ത്തനതലത്തിന്റെ തിരശ്ചീനമായുള്ള നീക്കം കൊണ്ടും സാധിക്കുന്നു. മൂലമാതൃകയുടെ രൂപരേഖയിലൂടെ അനുരേഖി എന്ന യന്ത്രഭാഗം നീങ്ങുമ്പോള്‍ത്തന്നെ മൂന്നു ദിശകളിലൂടെയുള്ള ചലനങ്ങളും നിയന്ത്രിക്കപ്പെടുന്നു.

പാന്റോഗ്രാഫ്‌ യന്ത്രം

പാന്റോഗ്രാഫ്‌. പാന്റോഗ്രാഫ്‌ യന്ത്രങ്ങളാകട്ടെ പ്രവര്‍ത്തനത്തിലും രൂപത്തിലും, ആകൃതിയിലും ഡ്യൂപ്ലിക്കേറ്ററുകളില്‍ നിന്നു തീര്‍ത്തും വ്യത്യസ്‌തമാണ്‌; പ്രവര്‍ത്തനഫലകത്തെ പ്രവര്‍ത്തനതലത്തില്‍ ഉറപ്പിക്കുന്നതിന്‌ പറ്റിയ മുട്ട്‌-സ്‌തംഭഘടന (knee and column) ആണുണ്ടാവുക. കൊത്തുപണിനടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രവൃര്‍ത്തിഫലകം നിശ്ചലമായിരിക്കും; കൊത്തുളിയുടെ ചലനം മാത്രമാണ്‌ നടക്കുന്നത്‌. പാന്റോഗ്രാഫുയന്ത്രങ്ങള്‍ ഉപയോഗിച്ച്‌ വലിയ മൂലമാതൃകകളില്‍ നിന്നും ചെറിയ എന്‍ഗ്രവിങ്ങുകള്‍ നിര്‍മിക്കുകയാണ്‌ സാധാരണയെങ്കിലും ചില അവസരങ്ങളില്‍ മറിച്ച്‌ ചെറിയ മൂലമാതൃകയില്‍ നിന്ന്‌ വലിയ എന്‍ഗ്രവിങ്‌ പതിപ്പുകളും നിര്‍മിക്കാവുന്നതാണ്‌. ഇപ്രകാരം ചെയ്യുന്നതിന്‌ യന്ത്രത്തിലെ (പാന്റോഗ്രാഫ്‌) കൊത്തുളിയുടെയും അനുരേഖിയുടെയും സ്ഥാനങ്ങള്‍ പരസ്‌പരം മാറ്റിയാല്‍ മതിയാവുന്നതാണ്‌. വലിയ മൂലമാതൃകയില്‍ നിന്നും ചെറിയ എന്‍ഗ്രവിങ്‌ ഉണ്ടാക്കുമ്പോള്‍ ന്യൂനതകള്‍ ആനുപാതികമായി കുറയുന്നതു കാണാം. സൂക്ഷ്‌മമായ എന്‍ഗ്രവിങ്‌ പണികള്‍ക്ക്‌ ദ്വിമാന പാന്റോഗ്രാഫ്‌ യന്ത്രങ്ങളാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌. എന്നാല്‍ ചെറിയതും സങ്കീര്‍ണവുമായ ഡിസൈനുകളുടെ പകര്‍പ്പുകള്‍ വേഗത്തിലും കൃത്യതയോടുകൂടിയും നിര്‍മിക്കുവാനുള്ള ത്രിമാന പാന്റോഗ്രാഫുയന്ത്രങ്ങളും ലഭ്യമാണ്‌. ഇത്തരം ത്രിമാന പാന്റോഗ്രാഫ്‌ യന്ത്രങ്ങളുടെ ന്യൂനകാരിയായ ഗുണാങ്കം (Reduction Ratio) 1:2 മുതല്‍ 1:8 വരെയാണ്‌. ഗുണാങ്കത്തിന്റെ ഈ പരിധിമൂലം ത്രിമാന പാന്റോഗ്രാഫുയന്ത്രങ്ങളും ലഭ്യമാണ്‌. ഇത്തരം ത്രിമാന പാന്റോഫ്‌ യന്ത്രത്തിന്‌ ദ്വിമാന യന്ത്രങ്ങള്‍ക്ക്‌ ചെയ്യാനാവുന്നതൊക്കെയും ചെയ്യാനാവുമെന്നതുകൂടാതെ അനിയമിത പ്രതലത്തിന്മേലും, ഒന്നില്‍ക്കൂടുതല്‍ പ്രതലങ്ങളിന്മേലും പ്രവര്‍ത്തിക്കുവാനും സാധിക്കുന്നു. കൊത്തുളി ഘടിപ്പിച്ചിരിക്കുന്ന സ്‌പിന്‍ഡിലിന്റെ ലംബദിശയിലുള്ള ചലനം സ്‌പിന്‍ഡിലില്‍ ഘടിപ്പിച്ചിട്ടുള്ള സ്‌പ്രിങ്ങിന്റെ വലിവിന്‌ അനുസരിച്ച്‌ നിയന്ത്രിക്കാം. അതിലേക്കായി കൊത്തുളിയുടെയും അനുരേഖിയുടെയും സ്‌പില്‍ഡിലുകള്‍ തമ്മില്‍ ഒരു മോഡലിങ്‌ ബാര്‍ (Modeling Bar) ഘടിപ്പിച്ചിരിക്കുന്നു. അതുപോലെ ലംബദിശയിലും തിരശ്ചീനദിശയിലും രൂപരേഖനിര്‍മിക്കുവാന്‍ പറ്റിയതായ രീതിയിലാണ്‌ അനുരേഖി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്‌. ഇതിനാല്‍ എത്രസങ്കീണതയുള്ള ആകൃതിയും സൂക്ഷ്‌മമായ അംശങ്ങളും ഉള്ളതായ മൂലമാതൃകകളുടെ ശരിയായ പകര്‍പ്പുകള്‍ എത്ര വേണമെങ്കിലും എടുക്കുവാന്‍ പ്രയാസമില്ല. എന്‍ഗ്രവിങ്‌ യന്ത്രം കൊണ്ടു രൂപരേഖ നിര്‍മിക്കാന്‍, യന്ത്രമില്ലാതെ രൂപരേഖ നിര്‍മിക്കാന്‍ വേണ്ടതിന്റെ മൂന്നിലൊന്നു സമയം മാത്രമേ വേണ്ടിവരുന്നുള്ളൂ.

പാന്റോഗ്രാഫ്‌ യന്ത്രം പാന്റോഗ്രാഫിന്റെ തത്ത്വത്തിനനുസരമായി പ്രവര്‍ത്തിപ്പിക്കപ്പെടുന്ന ഒന്നാണ്‌. ഏതെങ്കിലും ചിത്രം, പ്ലാന്‍, രൂപരേഖ, ഡിസൈന്‍, ഡയഗ്രം എന്നിവയുടെ യാന്ത്രികമായി നിര്‍മിക്കപ്പെടുന്ന പകര്‍പ്പുകള്‍ എടുക്കുവാനുളള ഉപകരണമായ പാന്റോഗ്രാഫിന്റെ ഒരു രേഖാചിത്രം താഴെ കൊടുക്കുന്നു. ചിത്രം നോക്കുക. എബി, ബിസി, സിഡി, ഡിഎ എന്നീ ലിങ്കുകള്‍ എ ബി സി ഡി എന്നീബിന്ദുക്കളില്‍ പിന്നുകള്‍ ഉപയോഗിച്ച്‌ ബന്ധിപ്പിച്ചിരിക്കുന്നു. എബി ലിങ്ക്‌ സിഡിക്കും ബിസി ലിങ്ക്‌ എഡിക്കും സമാന്തരമാണ്‌. എഡി ലിങ്ക്‌ ബിഎ യുടെ തുടര്‍ച്ചയാണ്‌. ഒ ലിങ്ക്‌ ബിസി യുടെ തുടര്‍ച്ചയായ ഒരു സ്ഥിരബിന്ദുവാണ്‌. ക്യൂആര്‍പി നേര്‍രേഖയാകത്തക്കരീതിയില്‍ എഡി യില്‍ സ്ഥിതിചെയ്യുന്ന ഒരു ബിന്ദുവാണ്‌ ക്യൂ. ഇത്തരമൊരു സജ്ജീകരണത്തില്‍ പി യുടെ ചലനപഥം ക്യൂ വിന്റെ ചലനപഥത്തിനു സമാന്തരമായിരിക്കും. അതായത്‌ ക്യൂ വിന്റെ ചലനപഥം പി യുടെ ചലനപഥത്തിന്റെ വ്യത്യസ്‌ത സ്‌കെയിലിലുള്ള ആവര്‍ത്തനം അഥവാ പകര്‍പ്പ്‌ ആയിരിക്കും. സാധാരണയായി അനുരേഖി ഘടിപ്പിച്ചിരിക്കുന്ന സ്‌പിന്‍ഡില്‍ പി എന്ന ബിന്ദുവിലും കൊത്തുളിഘടിപ്പിച്ചിരിക്കുന്ന സ്‌പിന്‍ഡില്‍ ക്യൂ എന്ന ബിന്ദുവിലും വരയ്‌ക്കത്തക്കരീതിയിലാണ്‌ പാന്റോഗ്രാഫ്‌ യന്ത്രത്തിന്റെ പ്രവര്‍ത്തനം സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്‌.

എന്‍ഗ്രവിങ്‌ എന്ന സമ്പ്രദായം സാങ്കേതികമായ ഒന്നാണെങ്കിലും അതിനെ മൗലികമായ സര്‍ഗാത്മകപ്രവര്‍ത്തനം തന്നെയായി കരുതി എച്ചിങ്‌ ചെയ്‌ത്‌ പലകലാകാരന്മാരും യശസ്വികളായിട്ടുണ്ട്‌. ഒരു കലാപ്രസ്ഥാനമായും എന്‍ഗ്രവിങ്‌ വികസിച്ചിട്ടുണ്ട്‌-രണ്ട്‌ പ്രധാനശാഖകള്‍ കാണാം - ഒന്നാമത്തേതാണ്‌ റിലീഫ്‌ വര്‍ക്കുകള്‍, പതിപ്പുനിര്‍മ്മിക്കേണ്ട ചിത്രത്തിന്റെ ഒരു രൂപരേഖ മാത്രം ലോഹത്തകിടിന്റെ പ്രതലത്തില്‍ നിലനിര്‍ത്തുന്നു. മറ്റുഭാഗങ്ങള്‍ ഒക്കെയും ചെത്തിയും ചുരണ്ടിയും മറ്റും മാറ്റിയെടുത്ത്‌ ഒരു പകര്‍പ്പുണ്ടാക്കുന്നു. ഇതാണ്‌ റിലീഫ്‌. മറ്റൊന്നാണ്‌ ലൈനോകട്ട്‌. ഇത്‌ തടിക്കട്ടകളുടെ പരന്നപ്രതലത്തില്‍ രൂപങ്ങള്‍ കൊത്തിയുണ്ടാക്കുന്ന വുഡ്‌ എന്‍ഗ്രവിങ്‌ എന്ന സമ്പ്രദായമാണ്‌. ഇതിനാണ്‌ ഇന്റാഗ്ലിയോ(Intanglio)എന്ന്‌ പറയുന്നത്‌. രേഖകള്‍ ലോഹത്തകിടുകളിര്‍ വാര്‍ത്തോ, പണിതോ ഉണ്ടാക്കി അതായത്‌, അടിച്ചും കുഴിച്ചും മറ്റും രൂപങ്ങള്‍ നിര്‍മിച്ചതിനുശേഷം അതില്‍ മഷിപുരട്ടി ശക്തിയായി അമര്‍ത്തി പതിപ്പുകള്‍ നിര്‍മിക്കുന്ന രീതിയും വളരെ പ്രചാരത്തിലിരിക്കുന്നു. ഒരു പ്ലേറ്റില്‍ത്തന്നെ ഒന്നിലധികം എന്‍ഗ്രവിങ്‌ സമ്പ്രദായങ്ങളെ അവലംബിച്ച്‌ പകര്‍പ്പുകള്‍ എടുക്കുന്ന രീതിയും നിലവിലുണ്ട്‌.

പുരാതനകാലത്തെ ഒരു എന്‍ഗ്രവിങ്‌ രചന

ഒരുകാലത്ത്‌ എല്‍ഗ്രവിംങ്‌ നല്ലൊരു കലാവിഷ്‌കാര തന്ത്രമായിരുന്നു. ഒരു രീതിയില്‍ പറഞ്ഞാല്‍ ചരിത്രാതീതകാലത്തെ എന്‍ഗ്രവിങ്ങുകള്‍ ഗുഹാഭിത്തികളിന്മേല്‍ നടത്തിയ ആദ്യകാല സര്‍ഗാത്മകരചനകള്‍ തന്നെയായിരുന്നു. ലോഹത്തിന്മേല്‍ നടത്തപ്പെട്ട എന്‍ഗ്രവിങ്ങിന്റെ കാര്യത്തില്‍, ആദ്യം ഉണ്ടായത്‌ 1440 കളിലെപ്പോഴോ ആണ്‌. ഒരു ജര്‍മന്‍കലാകാരന്‍ ആല്‍ബ്രഷ്‌ട്‌ ദൂറര്‍ (Albrest Durer 1471-1523) ആയിരുന്നു ആദ്യത്തെ മികച്ച എന്‍ഗ്രവര്‍ എന്ന്‌ ഒരു ചരിത്രകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. മാര്‍ട്ടിന്‍ ഷോവന്‍ഗോവന്‍ (ജര്‍മന്‍), ആന്റ്‌ട്രിയാ മാന്റെഗ്‌താ, അന്റോണിയോ പൊള്ളയ്‌ ഒനാലോ (ജര്‍മന്‍) എന്ന ഇറ്റലിക്കാരനും, വാന്‍ലെയ്‌ഡന്‍ എന്ന നെതര്‍ലന്‍സുകാരനും ആയിരുന്നു. മറ്റു ആദ്യകാല എന്‍ഗ്രവിങ്‌ വിദഗ്‌ധര്‍. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച എന്‍ഗ്രവിങ്‌ കലാകാരന്‍, പ്രശസ്‌തനായ ഛായാചിത്രകാരനായ വില്യം ഹോഗാര്‍ത്തും കവികൂടിയായ വില്യം ബ്ലേക്കും ആയിരുന്നു. ബ്ലേക്ക്‌ ഇറ്റാലിയന്‍ മഹാകവിയായ ദാന്തെയുടെ പ്രസിദ്ധ ഇതിഹാസമായ ദിവൈന്‍ കോമഡിക്ക്‌ "ഇല്ലസ്‌ട്രഷന്‍' വരച്ച ചിത്രകാരനും കൂടിയാണ്‌. 1800-ന്റെ ആദ്യദശകങ്ങളില്‍ വില്യം ബ്ലേക്കിന്റെ നിരവധി എന്‍ഗ്രവിങ്ങുകള്‍ കലാസ്‌നേഹികളുടെ മനം കുളിര്‍പ്പിച്ചു. 1900-കളില്‍ ഇംഗ്ലണ്ടില്‍ പരക്കെ പ്രശസ്‌തി പിടിച്ചുപറ്റിയ ഈ രംഗത്തെ രണ്ടുപേരുകളാണ്‌ സ്റ്റാന്‍ലി വില്യം ഹെയ്‌റ്ററും, ഗാബൊര്‍ പിറ്റേര്‍ഡിയും.

നവോത്ഥാനകാലത്തെ ഒരു എന്‍ഗ്രവിങ്‌ അതിന്‌ കൈവരിക്കാന്‍ കഴിഞ്ഞ ശില്‌പപരമായ ഗുണപൗഷ്‌കല്യം കൊണ്ട്‌ വലിയ പ്രശംസനേടിയത്‌ ആന്ദ്രിയ മാന്റഗ്നായുടെ ""മറിയവും ഉണ്ണി ഈശോയും ആണ്‌. എന്‍ഗ്രവിന്റെ സുദീര്‍ഘമായ ചരിത്രം നോക്കിയാല്‍ നിരവധി മാസ്റ്റര്‍പീസുകള്‍ നമുക്ക്‌ കണ്ടെത്താം. ആദ്യകാല എന്‍ഗ്രവിങ്ങുകളില്‍ ചിലതിന്റെ നിര്‍മാതാക്കളായ കലാകാരന്മാരുടെ പേര്‌ അജ്ഞാതമായിരുന്നു. ഉദാഹരണം നെതര്‍ലന്‍സിലോ, ബര്‍ഗണ്ടിയിലോ ജീവിച്ചിരുന്ന ഒരു കലാകാരന്റെ സൃഷ്‌ടിയായ ""മേരിയുടെ മരണം എന്ന എന്‍ഗ്രവിങ്ങാണ്‌. ആധുനികകാലത്ത്‌ എന്‍ഗ്രവിങ്‌ ലോകമെമ്പാടും പരിശീലിപ്പിക്കപ്പെടുന്നതും, വ്യാപകമായി നിര്‍മിക്കപ്പെടുകയും ചെയ്‌തുവരുന്നു. ജീവിതത്തിലെ മനുഷ്യന്റെ നാനാവസ്ഥാന്തരങ്ങളുടെ വിവിധരംഗങ്ങളുടെ ചിത്രീകരണങ്ങള്‍ നാം ചിത്രകലയില്‍ കാണുന്നു. അവയില്‍ മികച്ച പലതിന്റെയും എന്‍ഗ്രവിങ്‌ പതിപ്പുകള്‍ നമുക്ക്‌ ലഭ്യമാണ്‌.

(പ്രാഫ: എം. ഭാസ്‌കരപ്രസാദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍