This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ക്രൂമ, ക്വാമെ (1909-72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എന്‍ക്രൂമ, ക്വാമെ (1909-72)

Neruma, Quame

ക്വാമെ എന്‍ക്രൂമ

ഘാനയിലെ ആദ്യ പ്രധാനമന്ത്രിയും പ്രസിഡന്റും. 1909 സെപ്‌. 21-ന്‌ ഘാനയില്‍ എന്‍ക്രാഫുള്‍ എന്ന സ്ഥലത്ത്‌ ഒരു സ്വര്‍ണപ്പണിക്കാരന്റെ മകനായി ജനിച്ചു. 1930-ല്‍ അക്കിമോട്ടോ കോളജില്‍ നിന്നു ബിരുദം നേടിയശേഷം എല്‍മിനയിലെയും ആക്‌സിമിലെയും കത്തോലിക്‌ ജൂനിയര്‍ സ്‌കൂളുകളില്‍ അധ്യാപകനായി. പിന്നീട്‌ യു.എസ്സിലും ലണ്ടന്‍ സ്‌കൂള്‍ ഒഫ്‌ എക്കണോമിക്‌സിലും വിദ്യാഭ്യാസം തുടര്‍ന്നു. ഘാനയില്‍ നിലവിലിരുന്ന ബ്രിട്ടീഷ്‌ ഭരണത്തോട്‌ എതിര്‍പ്പു പ്രകടിപ്പിച്ചുകൊണ്ട്‌ 1947-ല്‍ റ്റുവേഡ്‌സ്‌ കൊളോണിയല്‍ ഫ്രീഡം (Towards Colonial Freedom) എന്ന പുസ്‌തകം രചിച്ചു. 1948-ല്‍ എന്‍ക്രൂമ സ്വാതന്ത്യ്രസമരം ശക്തിപ്പെടുത്തുന്നതിനുള്ള ജിഹ്വയായി അക്രാ ഈവനിങ്‌ ന്യൂസ്‌ എന്ന ദിനപത്രം ആരംഭിച്ചു. 1949-ല്‍ കണ്‍വന്‍ഷന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി എന്ന കക്ഷി രൂപവത്‌കരിച്ചു. ബ്രിട്ടീഷ്‌ ഭരണത്തോട്‌ നിസ്സഹകരിക്കുന്നതിനുവേണ്ടി ഒരു പ്രസ്ഥാനത്തിന്‌ 1950-ല്‍ എന്‍ക്രൂമ ആഹ്വാനം ചെയ്‌തു. 1951-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ക്രൂമ വിജയിക്കുകയും 1952-ല്‍ ഘാനയിലെ ആദ്യത്തെ പ്രധാനമന്ത്രിയാവുകയും ചെയ്‌തു. 1957-ല്‍ ഘാന സ്വതന്ത്രയായതോടെ പ്രാദേശിക പ്രതിപക്ഷ കക്ഷികളെ ഭരണകക്ഷിയുമായി യോജിക്കുവാന്‍ ഇദ്ദേഹം നിര്‍ബന്ധിച്ചു. 1958-ല്‍ കരുതല്‍ തടങ്കല്‍ നിയമവും പാസ്സാക്കി; അതിലെ വ്യവസ്ഥകളനുസരിച്ച്‌ രാജ്യരക്ഷയെ മുന്‍നിര്‍ത്തി വിചാരണകൂടാതെ ഘാനയിലെ ഏതു പൗരനെയും തടവിലാക്കാമെന്ന സ്ഥിതിയുണ്ടായി. 1960-ല്‍ ഘാന റിപ്പബ്ലിക്കായപ്പോള്‍ എന്‍ക്രൂമ ആദ്യത്തെ പ്രസിഡന്റായി. രണ്ടാം വികസനപദ്ധതിയുടെ പാളിച്ചയും (1961) 1962-ല്‍ തന്റെ നേര്‍ക്കു നടന്ന വധശ്രമവും ആഭ്യന്തരസുരക്ഷിതത്വനിയമം കര്‍ശനമാക്കാന്‍ എന്‍ക്രൂമയെ പ്രരിപ്പിച്ചു. 1964-ല്‍ ഘാന ഏകകക്ഷി രാഷ്‌ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1966-ല്‍ എന്‍ക്രൂമ ചൈനയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ സൈന്യം അധികാരം പിടിച്ചെടുത്തു. ഗിനിയയാണ്‌ പിന്നീട്‌ എന്‍ക്രൂമയ്‌ക്കു രാഷ്‌ട്രീയാഭയം നല്‍കിയത്‌. 1972 ഏ. 27-ന്‌ ബുക്കാറസ്റ്റില്‍ നിര്യാതനായി. എ ഹാന്‍ഡ്‌ ബുക്ക്‌ ഒഫ്‌ റവല്യൂഷണറി വാര്‍ഫെയര്‍, ക്ലാസ്‌ സ്‌ട്രഗ്‌ള്‍ ഇന്‍ ആഫ്രിക്ക എന്നിവയും ഇദ്ദേഹത്തിന്റെ കൃതികളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍