This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡ്വേഡ്‌സ്‌, ജൊനാഥന്‍ (1703-58)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:20, 13 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എഡ്വേഡ്‌സ്‌, ജൊനാഥന്‍ (1703-58)

Edwards, Jonathan

ജൊനാഥന്‍ എഡ്വേഡ്‌സ്‌

അമേരിക്കന്‍ ദൈവശാസ്‌ത്രജ്ഞന്‍. 1703 ഒ. 5-ന്‌ ഈസ്റ്റ്‌ വില്‍സറില്‍ ജനിച്ചു. പിതാവ്‌ തിമോത്തി അവിടത്തെ പട്ടക്കാരന്‍ (Pastor) ആയിരുന്നു; നോര്‍താംപ്‌ടണ്‍ പള്ളിയിലെ പട്ടക്കാരനായ സോളമന്‍ സ്റ്റൊഡാര്‍ഡിന്റെ പുത്രിയായ എസ്‌തര്‍ ആയിരുന്നു മാതാവ്‌. സ്‌നേഹത്തിന്റെയും ഭക്തിയുടെയും അന്തരീക്ഷത്തിലാണ്‌ ജൊനാഥന്‍ വളര്‍ന്നത്‌. വീട്ടിലെ വിദ്യാഭ്യാസത്തിനുശേഷം 13-ാമത്തെ വയസ്സില്‍ യേല്‍ സര്‍വകലാശാലയില്‍ പ്രവേശിച്ചു; 1723-ല്‍ എം.എ. ബിരുദം നേടി. 1724-26 കാലത്ത്‌ യേല്‍ സര്‍വകലാശാലയില്‍ അധ്യാപകനായി ജോലിനോക്കി. 1727-ല്‍ നോര്‍താംപ്‌ടണില്‍ തന്റെ മുത്തച്ഛന്റെ കൂടെ മതപ്രബോധനം ആരംഭിച്ചു.

ന്യൂട്ടണ്‍, ലോക്ക്‌, കേംബ്രിജ്‌ പ്ലേറ്റോണിക്കുകള്‍, മതപരിഷ്‌കര്‍ത്താക്കള്‍ എന്നിവരുടെ സ്വാധീനതയുടെ ഫലമായി കാല്‍വിനിസ(Calvinism)ത്തെക്കുറിച്ച്‌ സമകാലികദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ഒരു പ്രബന്ധം തയ്യാറാക്കി. പൂര്‍ണമായ ശൂന്യത അചിന്ത്യമാണെന്നും, അതുകൊണ്ടുമാത്രമാണ്‌ ചിലതെല്ലാം സ്ഥിതിചെയ്യുന്നതെന്നും യാഥാര്‍ഥ്യം ഈശ്വരന്റെ ധിഷണ (Intelligence) യിലും ഇച്ഛാശക്തിയിലും മാത്രമാണ്‌ നിക്ഷിപ്‌തമായിരിക്കുന്നതെന്നും ഈ പ്രബന്ധത്തിലൂടെ ഇദ്ദേഹം വാദിച്ചു. സൃഷ്‌ടിയിലും മറ്റും ഈശ്വരന്റെ മഹത്ത്വത്തെ വാഴ്‌ത്തുന്നതിലാണ്‌ മനുഷ്യന്റെ സന്തോഷം ഉപസ്ഥിതമായിരിക്കുന്നതെന്ന്‌ ഇദ്ദേഹം വ്യക്തമാക്കി. സൃഷ്‌ടികളില്‍ ഉന്നതസ്ഥാനം മനുഷ്യനാണെന്നാണ്‌ ജൊനാഥന്റെ മതം.

തന്റെ ആത്മീയാനുഭൂതികളില്‍ നിന്നാണ്‌ ജൊനാഥന്റെ ദൈവശാസ്‌ത്രം ഉടലെടുത്തത്‌. 1729-ല്‍ സ്റ്റൊഡാര്‍ഡിന്റെ മരണത്തെത്തുടര്‍ന്ന്‌ ജൊനാഥന്‍ നോര്‍താംപ്‌ടണിലെ മതപ്രചാരകനായി. 1740-41 കാലത്ത്‌ കോളണികളില്‍ ജോര്‍ജ്‌ വൈറ്റ്‌ഫീല്‍ഡ്‌, ഗില്‍ബര്‍ട്ട്‌ ടെന്റ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊതുവേ "മഹത്തായ ഉണര്‍വ്‌' ഉണ്ടായി. തത്‌ഫലമായി വന്‍തോതിലുള്ള മതപരിവര്‍ത്തനങ്ങള്‍ നടന്നു. ഇതോടൊപ്പം ജീവിതരീതിയില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ സംഭവിച്ചു.

കാലക്രമേണ ജൊനാഥന്റെ അനുയായികള്‍ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെ എതിര്‍ക്കാന്‍ തുടങ്ങി. 1754-ല്‍ ജൊനാഥന്‍ സഭയില്‍നിന്നു പുറന്തള്ളപ്പെട്ടു. 1751-ല്‍ ഇദ്ദേഹം സ്റ്റോക്‌ബ്രിഡ്‌ജിലെ പട്ടാളക്കാരനും അവിടത്തെ ഇന്ത്യാക്കാരുടെ മിഷനറിയുമായി നിയമിതനായി. 1757 ഒടുവില്‍ ഇദ്ദേഹം പ്രിന്‍സ്‌ടണ്‍ സര്‍വകലാശാലയിലെ അധ്യക്ഷപദം സ്വീകരിച്ചു. സ്വയം നിര്‍ണയ ഇച്ഛാശക്തി (self determining will) എന്ന വാദത്തെ ഇദ്ദേഹം തന്റെ ഇച്ഛാ സ്വാതന്ത്യ്രം (Freedom of the Will)എന്ന പുസ്‌തകത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്‌. 1758 മാ. 22-ന്‌ വസൂരി പിടിപെട്ട്‌ ജൊനാഥന്‍ മൃതിയടഞ്ഞു.

അമേരിക്കന്‍ പ്യൂരിട്ടനിസത്തിന്റെ പ്രമുഖ ദൈവശാസ്‌ത്രജ്ഞനെന്ന്‌ ജൊനാഥനെ വിശേഷിപ്പിക്കാം. ഇദ്ദേഹത്തിന്റെ കൃതികള്‍ ഇന്‍ഫന്റ്‌ ഇവാഞ്‌ജലിക്കല്‍ മിഷനറി പ്രസ്ഥാനത്തിന്‌ വഴിതെളിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍