This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡിന്‍ബറോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:08, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എഡിന്‍ബറോ

Edinburgh

സ്‌കോട്ട്‌ലന്‍ഡിന്റെ തലസ്ഥാനമായ പ്രാചീന നഗരം. സ്‌കോട്ട്‌ലന്‍ഡിന്റെ പാർലമെന്റ്‌ മന്ദിരം ഇവിടെയാണ്‌ സ്ഥിതിചെയ്യുന്നത്‌. നിമ്‌നോന്നതമായ ഒരു താഴ്‌വരയിലാണ്‌ എഡിന്‍ബറോനഗരം സ്ഥിതി ചെയ്യുന്നത്‌. നിർജീവമായ അഞ്ചിലേറെ അഗ്നിപർവതങ്ങളും വിജനമായ മേടുകളും ഉള്‍ക്കൊള്ളുന്ന ഈ നഗരം "ഫേർത്ത്‌ ഒഫ്‌ ഫോർത്ത്‌' തീരത്തുള്ള ലേയ്‌ത്ത്‌ തുറമുഖത്തിൽ അവസാനിക്കുന്നു. നഗരകേന്ദ്രത്തിൽനിന്ന്‌ 3 കി.മീ. ദൂരത്തിലാണ്‌ തുറമുഖത്തിന്റെ സ്ഥാനം. ജനസംഖ്യ: 486,120 (2009). ക്രിസ്‌ത്യാനികള്‍ 54 ശതമാനവും മുസ്‌ലിങ്ങള്‍ ഒന്നരശതമാനവുമാണ്‌. 1706-ലെയും 1707-ലെയും "ആക്‌റ്റ്‌സ്‌ ഒഫ്‌ യൂണിയന്‍'വഴി ഇംഗ്ലണ്ടും സ്‌കോട്ട്‌ലന്‍ഡും രൂപംകൊള്ളുകയും ചെയ്‌തു.

എഡിന്‍ബറോ കാസിൽ

എഡിന്‍ബറോയുടെ ഹൃദയഭാഗത്ത്‌ 135 മീ. ഉയരമുള്ള വിസ്‌തൃതമായ പാറക്കെട്ടുകള്‍ കാണാം. ഇവയ്‌ക്കു മുകളിൽ നിരവധി ഹർമ്യങ്ങള്‍ നിർമിതമായിരിക്കുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ എഡിന്‍ബറോ കാസിൽ ആണ്‌. തൂക്കായി അവസാനിക്കുന്ന പാറക്കെട്ടിന്‌ തൊട്ടുതാഴെയുള്ള താഴ്‌വരയ്‌ക്ക്‌ സമുദ്രനിരപ്പിൽനിന്ന്‌ 82 മീ. ഉയരമേ ഉള്ളൂ. ഇവിടെ നോർത്ത്‌ ലോക്ക്‌ എന്ന തടാകം സ്ഥിതിചെയ്യുന്നു. ആരാമങ്ങളുടെയും ഉപവനങ്ങളുടെയും ആസ്ഥാനമായ തടാകതീരത്തുനിന്ന്‌ വടക്ക്‌ കടൽത്തീരം ലക്ഷ്യമാക്കി നീളുന്ന നഗരാധിവാസമാണ്‌ ജോർജിയന്‍ ടൗണ്‍. ഈ നഗരഭാഗം 18-ാം ശതകത്തിലാണ്‌ നിർമിക്കപ്പെട്ടത്‌. നോർത്ത്‌ലോക്ക്‌ താഴ്‌വരയിൽനിന്ന്‌ കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി വ്യാപിച്ചിട്ടുള്ള നഗരഭാഗങ്ങള്‍ യഥാക്രമം റോയൽമൈൽ, പ്രിന്‍സെസ്‌ സട്രീറ്റ്‌ എന്നീ പേരുകളിൽ അറിയപ്പെടുന്നു. റോയൽ മൈലിനെ തുടർന്നാണ്‌ ഓള്‍ഡ്‌ ടൗണ്‍ എന്നു വിളിക്കപ്പെടുന്ന പ്രാചീന നഗരഭാഗം. 16-ാം ശതകത്തിലെ ശൈലിയിൽ നിർമിതമായ നിരവധി വാസ്‌തുശില്‌പങ്ങള്‍ ഇവിടെ കണ്ടെത്താം.

പ്രിന്‍സെസ്‌ സ്‌ട്രീറ്റ്‌ ഗാർഡന്‍

എഡിന്‍ബറോയിലെ താരതമ്യേന ഉയരം കൂടിയ ഭാഗങ്ങളിലാണ്‌ പഴയ നഗരം വളർച്ച പ്രാപിച്ചിരുന്നത്‌; ആധുനിക നഗരത്തിന്റെ വികാസം താഴ്‌വാരങ്ങളിലുമാണ്‌. 19-ാം ശതകത്തിന്റെ ആദ്യദശകങ്ങളിൽ വറ്റിവരണ്ടുപോയ നഗരമധ്യത്തെ ചുരം ഇപ്പോള്‍ "പ്രിന്‍സെസ്‌ സ്‌ട്രീറ്റ്‌ ഗാർഡന്‍' എന്ന മനോഹരമായ ഉദ്യാനമായി മാറിയിരിക്കുന്നു. ജലപ്രവാഹം നിലച്ച പ്രാക്കാല നദീമാർഗങ്ങളാണ്‌ നോർത്ത്‌ലോക്ക്‌, സൗത്ത്‌ലോക്ക്‌ എന്നീ താഴ്‌വരകള്‍. സൗത്ത്‌ലോക്ക്‌ താഴ്‌വര ആധുനിക രീതിയിലുള്ള നഗരവിധാനം ഉള്‍ക്കൊള്ളുന്നു. ഈ ഭാഗത്തിന്‌ ന്യൂടൗണ്‍ എന്നാണ്‌ പേര്‌. സെന്റ്‌ ജോർജ്‌ സ്‌ക്വയറിൽ നിന്നു കിഴക്കോട്ട്‌ സെന്റ്‌ ആന്‍ഡ്രൂസ്‌ സ്‌ക്വയർ വരെ നീളുന്ന പ്രധാന വീഥിയെ കേന്ദ്രീകരിച്ച്‌ ജാലികാരീതിയിലാണ്‌ ന്യൂടൗണ്‍ സജ്ജീകരിച്ചിട്ടുള്ളത്‌. പ്രധാനവീഥിയുടെ ഇരുപുറവും സമാന്തരമായി ഈ രണ്ട്‌ വീഥികളും ഇവയെ അഞ്ചിനെയും നെടുകേ മുറിച്ചുകൊണ്ടുള്ള ഏഴ്‌ തെരുവുകളുമാണ്‌ "ന്യൂടൗണ്‍' ഉള്‍ക്കൊള്ളുന്നത്‌. ആധുനിക മുഖച്ഛായയുള്ള ന്യൂടൗണിനെ തുടർന്നുള്ള മേടുകളിലാണ്‌ പെന്റ്‌ലാന്‍ഡ്‌ ഹിൽസ്‌ (579 മീ.) തുടങ്ങിയ മനോജ്ഞദൃശ്യങ്ങള്‍. സമീപസ്ഥങ്ങളായ ഗ്രാമങ്ങളെയും ഫെർത്ത്‌ ഒഫ്‌ ഫോർത്ത്‌ തീരത്തെ തുറമുഖങ്ങളെയും ഗ്രസിച്ച്‌ നഗരം വികസിച്ചിരിക്കുന്നുവെങ്കിലും എഡിന്‍ബറോയിലെ ജനസാന്ദ്രമായ പ്രദേശം ഓള്‍ഡ്‌ ടൗണ്‍-ന്യൂടൗണ്‍ ഭാഗങ്ങള്‍ തന്നെയാണ്‌. 1995-ൽ എഡിന്‍ബറോയിലെ ഓള്‍ഡ്‌ ടൗണ്‍, ന്യൂടൗണ്‍ എന്നീ ജില്ലകളെ 1995-ൽ യുണെസ്‌കോയുടെ ലോകപൈതൃകസ്ഥാനപട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

എഡിന്‍ബറോ ഫെസ്റ്റിവലിൽ നിന്നുള്ള ഒരു ദൃശ്യം

ബ്രിട്ടീഷ്‌ ദ്വീപുകളിലെ നഗരങ്ങളിൽ ലണ്ടന്‍ കഴിഞ്ഞാൽ ഏറ്റവും അധികം സന്ദർശകരെ ആകർഷിക്കുന്നത്‌ എഡിന്‍ബറോ ആണ്‌; പ്രതിവർഷം ശരാശരി 44 ലക്ഷം (2010) സന്ദർശകർ ഈ നഗരത്തിലെത്തുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. സ്‌കോട്ട്‌ലന്‍ഡിലെ നീതിന്യായം, ആരോഗ്യസംരക്ഷണം, ധനവിനിമയം, ഇന്‍ഷുറന്‍സ്‌ എന്നിവയുടെയൊക്കെ കേന്ദ്രം എഡിന്‍ബറോ ആണ്‌; എന്നാൽ വ്യാവസായികമായി മുന്‍പന്തിയിലാണെന്നു പറഞ്ഞുകൂടാ. നഗരത്തിലെ ജനങ്ങളിൽ നാലിലൊരുഭാഗം മാത്രമേ ഉത്‌പാദന പ്രക്രിയകളിൽ ഏർപ്പെടുന്നവരായുള്ളൂ. ഭക്ഷ്യ-പേയ പദാർഥങ്ങള്‍, സിഗററ്റ്‌, ചുരുട്ട്‌, വൈദ്യുതോപകരണങ്ങള്‍, കടലാസ്‌, ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍, ചെറുകിട യന്ത്രങ്ങള്‍ എന്നിവയുടെ നിർമാണമാണ്‌ പ്രധാന വ്യവസായങ്ങള്‍. കപ്പൽ നിർമാണവും, കപ്പലുകളുടെ കേടുപാടുകള്‍ തീർക്കലുമാണ്‌ മറ്റൊരു ഘനവ്യവസായം. എഡിന്‍ബറോയോട്‌ അനുബന്ധിച്ചുള്ള ലേയ്‌ത്ത്‌ തുറമുഖം പുറങ്കടലിൽനിന്ന്‌ 48 കി.മീ. ഉള്ളിലാണ്‌. 1970-ൽ ഈ തുറമുഖത്തിന്റെ ആധുനിക രീതിയിലുള്ള വികസനം പൂർത്തിയായി. കൽക്കരി, വിസ്‌കി, ഇരുമ്പുരുക്ക്‌ എന്നിവയുടെ കയറ്റുമതി കേന്ദ്രമാണ്‌ ലേയ്‌ത്ത്‌. ധാന്യങ്ങള്‍, മറ്റു ഭക്ഷ്യപദാർഥങ്ങള്‍, തടിയും തടിയുരുപ്പടികളും എന്നിവ ഇവിടെ ഇറക്കുമതി ചെയ്യപ്പെടുന്നു. ഇതൊരു മത്സ്യബന്ധനകേന്ദ്രവുമാണ്‌.

1582-ൽ ജെയിംസ്‌ VI സ്ഥാപിച്ച എഡിന്‍ബറോ സർവകലാശാലയും അതിനോടനുബന്ധിച്ചുള്ള വിദ്യാകേന്ദ്രങ്ങളും ഈ നഗരത്തിന്‌ ആഥന്‍സ്‌ ഒഫ്‌ നോർത്ത്‌ എന്ന പേര്‌ ലഭ്യമാക്കി. എഡിന്‍ബറോയ്‌ക്കു പുറമേ മറ്റു മൂന്നു സർവകലാശാല കൂടി ഇവിടെയുണ്ട്‌. ഈ നഗരത്തിലെ വാനനിരീക്ഷണശാലയും കാഴ്‌ചബംഗ്ലാവും ആഗോളപ്രാധാന്യം വഹിക്കുന്നവയാണ്‌.

1996-ൽ സ്‌കോട്ട്‌ലന്‍ഡിനെ ഭരണതലത്തിൽ 36 പ്രവിശ്യകളായി വേർതിരിച്ചതിൽ ഒന്നാണ്‌ എഡിന്‍ബറോ. ഹൗസ്‌ ഒഫ്‌ കോമണ്‍സിൽ എഡിന്‍ബറോയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച്‌ പാർലമെന്റംഗങ്ങള്‍ പങ്കെടുക്കുന്നു. 2004-ൽ ആദ്യത്തെ യുണെസ്‌കോസിറ്റിയായി എഡിന്‍ബറോ തിരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ ഭാഗമായുള്ള "എഡിന്‍ബറോ ഫ്രിന്‍ജ്‌' ലോകത്തിലെ ഏറ്റവും വലിയ നാട്യ-നൃത്തകലോത്സവമാണ്‌. ഗ്രയ്‌ക്കോ-റോമന്‍ വാസ്‌തുശില്‌പശൈലിയിലുള്ള പ്രാചീന കെട്ടിടങ്ങളെ 2010-ൽ നാല്‌പതു "കണ്‍സർവേഷന്‍ മേഖലകള്‍' ആയി തരംതിരിച്ചിട്ടുണ്ട്‌. നാലാഴ്‌ചക്കാലത്തെ എഡിന്‍ബറോ ഫെസ്റ്റിവൽ ഇവിടത്തെ ഒരു സവിശേഷതയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍