This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്‌സിമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:52, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എക്‌സിമ

Eczema

എക്‌സിമ രോഗം ബാധിച്ച കൈമുട്ട്‌

ഒരു ചർമരോഗം. തിളച്ചു മറിയുന്ന എന്നർഥമുള്ള ഒരു ഗ്രീക്കുപദ(എക്‌)ത്തിൽ നിന്നാണ്‌ "എക്‌സിമ' നിഷ്‌പന്നമായിട്ടുള്ളത്‌. ശോഥസംബന്ധമായ ഈ രോഗം അസാംക്രമികമാണ്‌. എന്നാൽ ഇത്‌ രോഗമല്ലെന്നും ബന്ധപ്പെട്ട അനേകം രോഗങ്ങളുടെ ഒരു സമാഹാരമാണെന്നും ചില ഡോക്‌ടർമാർ അഭിപ്രായപ്പെടുന്നു. വിസർപ്പം എന്ന്‌ നാട്ടുവൈദ്യന്മാർ ഇതിനെ വിളിക്കുന്നു. അജ്ഞാതമൂലകങ്ങളായ പല ചർമശോഥങ്ങളെയും ചിലപ്പോള്‍ എക്‌സിമയിൽ ഉള്‍പ്പെടുത്തിക്കാണുന്നുണ്ട്‌.

മുഖം, കഴുത്ത്‌, കൈമുട്ടുകള്‍, കാൽമുട്ടുകള്‍ എന്നിവയുടെ ഒടിഭാഗങ്ങള്‍ മുതലായ സ്ഥാനങ്ങളിലാണ്‌ ഇതാരംഭിക്കുന്നത്‌. ഇരുപത്തഞ്ചുവയസ്സുവരെ കൂടുതൽ സാധാരണമായി ഇതു കണ്ടുവരുന്നു. ചൊറിച്ചിൽ, ചുവപ്പ്‌, ചുട്ടുനീറൽ എന്നിവ സാമാന്യലക്ഷണങ്ങളാണ്‌. എന്നാൽ ചുവപ്പുള്ള സ്ഥാനങ്ങളിൽ ചിലപ്പോള്‍ ചെറിയ കുമിളകള്‍ ഉണ്ടാകും. അവയിൽ പലതും പൊട്ടിയൊലിക്കും; ഒലിച്ചു വരുന്നത്‌ ചിലപ്പോള്‍ തെളിഞ്ഞ ദ്രാവകമാണെങ്കിൽ മറ്റുചിലപ്പോള്‍ ചലമായിരിക്കും. അപ്പോള്‍ അതിനെ "കരയുന്ന എക്‌സിമ' (weeping eczema) എന്നു പറയാറുണ്ട്‌. കുമിളകള്‍ പിന്നീട്‌ ഉണങ്ങി പൊറ്റന്‍ കെട്ടിക്കിടക്കും. ഈ അവസ്ഥ കുറച്ചുകാലത്തേക്കു നീണ്ടുനില്‌ക്കാം. രോഗം ബാധിച്ച ഭാഗങ്ങള്‍ക്കു കരിവാളിപ്പുമുണ്ടാകും.

ചില ചായങ്ങള്‍, സോപ്പുകള്‍, ആന്റിസെപ്‌റ്റിക്കുകള്‍ മുതലായ രാസവസ്‌തുക്കളും ചില ചെടികളുമായുള്ള സമ്പർക്കവും നല്ല തണുപ്പ്‌, നല്ല വെയിൽ മുതലായ കാലാവസ്ഥകളും ചില പരാദങ്ങളുടെയും ബാക്‌റ്റീരിയകളുടെയും പ്രവർത്തനങ്ങളും എക്‌സിമയ്‌ക്കു കാരണമാകാറുണ്ട്‌. മാനസികവും വൈകാരികവുമായ സമ്മർദങ്ങള്‍, വിശ്രമഹാനി, ഭക്ഷണത്തകരാറുകള്‍, വിസർജന പ്രക്രിയയിലെ പിശകുകള്‍, ശരീരത്തിന്റെ പ്രതിരോധ ശക്തിയിൽ കുറവ്‌, വൃക്കസംബന്ധമായ ശോഥം, പ്രമേഹം, അലർജി മുതലായവകൊണ്ടും പ്രസ്‌തുത ചർമരോഗമുണ്ടാകാം. പലരിലും വൈയക്തികവും പരമ്പരാഗതവുമായ ചർമീയ സുഗ്രാഹിത(skin sensitivity)മൂലം ഈ രോഗമുണ്ടാകാറുണ്ട്‌. കുടുംബചരിത്രമറിയുന്നത്‌ ഇത്തരക്കാരെ ഫലപ്രദമായി ചികിത്സിക്കുന്നതിനു സഹായകമാണ്‌.

എക്‌സിമ രോഗം ബാധിച്ച മുഖഭാഗം

എക്‌സിമ ഏതവസ്ഥയിലും നിയന്ത്രണാധീനമാക്കാം. ചിലപ്പോള്‍ ചില അവസ്ഥകള്‍ കൃച്ഛ്രസാധ്യവും (chronic) ആകാം. രോഗഹേതു ഒഴിവാക്കിയും, രോഗസ്ഥാനമായ ചർമഭാഗം മയപ്പെടുത്തിയും ക്രാണിക്‌ അവസ്ഥകളിൽ ശോഥം ഉണങ്ങുന്നതിനായി ചർമത്തെ ഉത്തേജിപ്പിച്ചും ഈ രോഗത്തെ ചികിത്സിക്കാറുണ്ട്‌. ക്ഷോഭജനകങ്ങളായ ഔഷധങ്ങള്‍ ചർമത്തിൽ പുരട്ടുന്നത്‌ ദോഷം ചെയ്യാം. ശതക്കണക്കിനു പ്രതിവിധികള്‍ എക്‌സിമയ്‌ക്കുണ്ടെങ്കിലും ഒന്നും പരിപൂർണഫലപ്രദമാണെന്നു പറയുകവയ്യ. ഒരു സാധാരണ രോഗമാണ്‌ ഇതെങ്കിലും വൈദ്യശാസ്‌ത്രത്തോടുള്ള ഒരു വെല്ലുവിളിയായിത്തന്നെ ഇതിനെ കണക്കാക്കാം. നാരങ്ങ, തക്കാളി മുതലായ ചില ഫലങ്ങള്‍ ഒഴിവാക്കിയും മറ്റുതരം പച്ചക്കറികള്‍ ധാരാളം കഴിച്ചും ദഹിക്കാന്‍ വിഷമമായ ഭക്ഷണപദാർഥങ്ങള്‍ വർജിച്ചും മധുരപലഹാരങ്ങള്‍, ചോക്കലേറ്റ്‌, ശർക്കര, കൊക്കൊ, ഉപ്പ്‌ മുതലായവ കുറച്ചും മറ്റും ഈ രോഗം നിയന്ത്രണാധീനമാക്കാം. രോഗം ബാധിച്ച ചർമഭാഗങ്ങളിൽ സോപ്പും വെള്ളവും തട്ടിക്കാതിരിക്കുന്നത്‌ നന്ന്‌. ആവശ്യമുള്ള വിശ്രമവും ഉറക്കവും ഉപേക്ഷിക്കുന്നത്‌ ഈ രോഗം വർധിക്കാന്‍ ഇടയാക്കും. ബോറിക്‌ ആസിഡ്‌, സിങ്ക്‌ ഓക്‌സൈഡ്‌, ടാൽക്കം പൗഡർ, സാലിസിലിക്‌ ആസിഡ്‌, കോള്‍ടാർ, റെസോർസിനോള്‍, ഗന്ധകം, ഇക്‌ത്തിയോള്‍, സ്റ്റാർച്ച്‌, പെട്രാലാറ്റം മുതലായ പദാർഥങ്ങള്‍ യഥോചിതം മിശ്രണം ചെയ്‌ത്‌ രോഗശാന്തിക്കായി തൊലിപ്പുറത്ത്‌ ഉപയോഗിക്കാം. വൈദ്യോപദേശത്തോടുകൂടിയ ചികിത്സിക്കയാണ്‌ അഭികാമ്യം. മാറിയ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടുകൂടായ്‌കയില്ല.

എക്‌സിമയുമായി ബന്ധപ്പെട്ട ചൊറിച്ചിലിനു കാരണമായ രക്തത്തിലെ രണ്ട്‌ പ്രത്യേക രാസപദാർഥങ്ങള്‍ സമീപകാലത്ത്‌ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2000-2005 കാലയളവിൽ ഇംഗ്ലണ്ടിലെ എക്‌സിമ രോഗികളുടെ എണ്ണം 42 ശതമാനം വർധിച്ചതായി കണക്കാക്കപ്പെട്ടിരിക്കുന്നു.

(ഡോ. പി. സരോജിനി; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%95%E0%B5%8D%E2%80%8C%E0%B4%B8%E0%B4%BF%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍