This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്കൈനോഡെർമേറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:13, 13 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എക്കൈനോഡെര്‍മേറ്റ

Echinodermata

പഞ്ച-ആരീയ സമമതി ശരീരഘടനയിൽ കാണാന്‍ കഴിയുന്ന സമുദ്രജലജീവികളായ, അകശേരുകികളുടെ ഒരു ഫൈലം. എകൈനോഡെർമേറ്റ, പെൽമെറ്റാസോവ, എല്യുത്തെറോസോവ എന്നീ രണ്ട്‌ ഉപഫൈലങ്ങളായി വിഭജിച്ചിട്ടുണ്ട്‌. പെൽമെറ്റാസോവയിലെ മിക്ക അംഗങ്ങളും വിലുപ്‌തങ്ങളാണ്‌. ജീവിച്ചിരിക്കുന്ന പെൽമെറ്റാസോവ സ്‌പീഷിസുകള്‍ ക്രനോയ്‌ഡിയ എന്ന വർഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവയെ കടൽ ലില്ലികള്‍ എന്ന്‌ അറിയപ്പെടുന്നു.

എല്യുത്തെറോസോവയെ ഈ സബ്‌ഫൈലത്തെ ഹോളോത്തുറിഡിയ (ഉദാ. കടൽ വെള്ളരികള്‍), എക്കിനോയ്‌ഡിയ (ഉദാ. കടൽ അർച്ചിനുകള്‍), ആസ്റ്ററോയ്‌ഡിയ (ഉദാ. നക്ഷത്രമത്സ്യങ്ങള്‍), ഓഫിയൂറോയ്‌ഡിയ (ഉദാ. ബ്രിട്ടിൽ സ്റ്റാറുകള്‍) എന്നിങ്ങനെ നാലു വർഗങ്ങളായി തിരിച്ചിരിക്കുന്നു.

"മുള്ളുള്ള ത്വക്കോടുകൂടിയത്‌' (spiny-skinned) എന്ന്‌ അർഥം വരുന്ന ഒരു ഗ്രീക്ക്‌ പദത്തിൽ നിന്നാണ്‌ എക്കൈനോഡെർമേറ്റ എന്ന വാക്കിന്റെ നിഷ്‌പത്തി. 1734-ൽ ജെ.റ്റി. ക്ലെയ്‌ന്‍ എന്ന ശാസ്‌ത്രകാരനാണ്‌ ഈ പദം ആദ്യമായി ഉപയോഗിച്ചത്‌. കടൽ അർച്ചിനുകളുടെ തോടിനെ കുറിക്കുന്നതിനായിട്ടായിരുന്നു ഈ വാക്ക്‌ ആദ്യം ഉപയോഗിക്കപ്പെട്ടത്‌. ക്ലെയ്‌ന്‍ ഉപയോഗിച്ച എക്കൈനോഡെർമേറ്റ എന്ന പദം പില്‌ക്കാലത്ത്‌ ഈ ഫൈലത്തിലെ എല്ലാ ജന്തുക്കളെയും സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു.

കാംബ്രിയന്‍ കല്‌പത്തിലെ ആദ്യഘട്ടത്തിലാണ്‌ എക്കൈനോഡെർമേറ്റുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌. അന്നുമുതൽ ഈ ഫൈലത്തിലെ അംഗങ്ങളിൽ വമ്പിച്ചതോതിലുള്ള ഘടനാമാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി. ഇക്കാരണത്താൽ ഇന്നുള്ള സ്‌പീഷീസുകള്‍ പ്രാഥമിക ജീവികളുമായി അധികമൊന്നും ഘടനാസാദൃശ്യം പ്രകടിപ്പിക്കുന്നില്ല.

പൊതുസ്വഭാവങ്ങള്‍ എക്കൈനോഡേമുകളുടെ അടിസ്ഥാനപരമായ സവിശേഷതകള്‍ താഴെ പറയുന്നവയാണ്‌: പഞ്ച-ആരീയ സമമിതി (five rayed symmetry), ആന്തരിക കാത്സ്യമയ-അസ്ഥി വ്യവസ്ഥ, സവിശേഷ ജലസംവഹനീവ്യൂഹം (water vascular system), ദ്വിപാർശ സമമിതിയുള്ള ഒരു മുക്തപ്ലവി(free swimming)യായ ലാർവ. ഈ സ്വഭാവവിശേഷങ്ങള്‍ എക്കൈനോഡെർമേറ്റയുടെ അടിസ്ഥാന സവിശേഷതകളായി കണക്കാക്കാമെങ്കിലും വിവിധ വർഗങ്ങളിൽ അല്‌പവ്യതിയാനങ്ങളും ദൃശ്യമാണ്‌. ചില സ്‌പീഷീസുകളിൽ ലാർവാഘട്ടം കാണാറില്ല. ഇവയുടെ വലിയ അണ്ഡങ്ങള്‍ വിരിഞ്ഞ്‌ ലാർവാഘട്ടം കൂടാതെ തന്നെ വളർച്ച പൂർത്തിയാക്കുന്നു. അതുപോലെതന്നെ ചില സ്‌പീഷീസുകളിൽ പഞ്ച-ആരീയ സമമിതിക്കുമേൽ ഒരു ദ്വിതീയ ദ്വിപാർശസമമിതി അധ്യാരോപിതാവസ്ഥയിൽ കാണപ്പെടാറുണ്ട്‌. ചില കടൽ അർച്ചിനുകള്‍, കടൽ വെള്ളരികള്‍ എന്നിവയിൽ ഈ അവസ്ഥ പ്രകടിതമാണ്‌. ചില കടൽവെള്ളരികളിൽ കാൽസിയമയ അസ്ഥിവ്യൂഹവും കാണാറില്ല.

ശരീരാകൃതിയിൽ എക്കൈനോഡേമുകള്‍ വൈവിധ്യം പുലർത്തുന്നു. നക്ഷത്രമത്സ്യങ്ങള്‍ക്ക്‌ അഞ്ച്‌ കൈകളുണ്ട്‌. കൈകളുടെ ചലനശേഷി പരിമിതമാണ്‌. ശരീരം പരന്നതാണ്‌. ബ്രിട്ടിൽ സ്റ്റാറുകളിൽ കൈകള്‍ നീണ്ടതും വിവിധ ദിശകളിൽ ചലിപ്പിക്കാന്‍ കഴിയുന്നതുമാണ്‌. സമുദ്ര അർച്ചിനുകള്‍ക്ക്‌ കൈകളില്ല. ശരീരം ഉരുണ്ടതോ, ഹൃദയത്തിന്റെയോ മുട്ടയുടെ ആകൃതിയിലുള്ളതാവാം. ത്വക്കിലെ അസ്ഥിഫലകള്‍ ഒന്നുചേർന്ന്‌ ഒരു പുറംതോട്ട്‌ രൂപപ്പെട്ടിരിക്കുന്നു. പല സ്‌പീഷീസുകളിലും പുറംതോടു നീണ്ട മുള്ളോടുകൂടിയതാണ്‌. കടൽവെള്ളരിക്കകളുടെ ശരീരം നീണ്ടതും ത്വക്ക്‌ കട്ടിയേറിയതുമാണ്‌. കൈകള്‍ ഇല്ല. കടൽ ലില്ലികളിൽ കൈകള്‍ പല ശാഖകളായി പിരിഞ്ഞിരിക്കുന്നു. കൈകളുടെ ചലനശേഷി വളരെ കൂടുതലാണ്‌. അപമുഖ ഭാഗത്ത്‌ (aboral side) കാണപ്പെടുന്ന സ്റ്റാക്ക്‌ (stalk) കൊണ്ട്‌ ശരീരം പാറകളിലോ സമുദ്ര അടിത്തട്ടിലോ ഉറപ്പിച്ചു നിർത്തുന്നു.

സാന്റ്‌ ഡോളർ

ത്വക്ക്‌ എക്കൈനോഡേമുകളുടെ ത്വക്കിനെ ബാഹ്യചർമം ആവരണം ചെയ്‌തിരിക്കുന്നു. ഇതിനെ പൊതിഞ്ഞ്‌ രോമസദൃശ സിലിയകളും കാണപ്പെടാറുണ്ട്‌. ഒഫിയൂറോയ്‌ഡുകളിൽ വളർച്ചയോടൊപ്പം ബാഹ്യചർമം അപ്രത്യക്ഷമാവും. ഈ സ്ഥിതിയിൽ അസ്ഥിശകലങ്ങള്‍ അനാവൃതമാകുന്നു. ത്വക്കിന്റെ ഉള്‍ഭാഗങ്ങള്‍ പേശീകലയും അസ്ഥികലയും ചേർന്നാണ്‌ രൂപപ്പെട്ടിട്ടുള്ളത്‌.

കടൽ അർച്ചിന്‍

അസ്ഥിവ്യൂഹം. മൊളസ്‌കുകള്‍ (Mollusca) കീടങ്ങള്‍ (insects)എന്നീ അകേശരുകികളിൽ ബാഹ്യ അസ്ഥികൂടമാണ്‌ (exoskeleton) ഉള്ളത്‌. എന്നാൽ എക്കൈനോഡേമുകളിൽ ആന്തരിക അസ്ഥികൂടമാണ്‌ (endoskeleton) കാണപ്പെടുന്നു. ഓരോ അസ്ഥിഫലകവും ഒരു പ്രത്യേക കാത്സ്യമയപരലിൽ നിന്നാണ്‌ രൂപമെടുക്കുന്നത്‌.

പചനവ്യൂഹം. വായ്‌ മുതൽ ഗുദദ്വാരംവരെ നീണ്ടു കിടക്കുന്ന പചനനാളമാണ്‌ മുഖ്യമായുള്ളത്‌. പചനനാളത്തെ അന്തഃചർമം ആവരണം ചെയ്യുന്നു. എക്കൈനോഡെർമേറ്റയിലെ വിവിധ വർഗങ്ങളിൽ വായയുടെ സ്ഥാനം വ്യത്യസ്‌തഭാഗങ്ങളിലായാണ്‌ കണ്ടുവരുന്നത്‌. അതുപോലെതന്നെ ഗുദദ്വാരം ഉള്ളവയും ഇല്ലാത്തവയും ഉണ്ട്‌.

നാഡീവ്യൂഹം. നാഡീജാലം ആരീയസ്ഥിതിയിലുള്ളതും ഗുച്ഛികകളോടു കൂടിയതുമായ നാഡികളായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഇപ്രകാരമുള്ള മൂന്നിനം ജാലികാവ്യൂഹം എക്കൈനോഡേമുകളിൽ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്നു. ഇവയിൽ വായുമായി ബന്ധപ്പെട്ട വ്യൂഹമാണ്‌ പ്രാധാന്യമർഹിക്കന്നത്‌.

ജലസംവഹനീവ്യൂഹം ഒരു ദ്രവത്തെ ഉള്‍ക്കൊള്ളുന്നതും സംവൃതവും (closed) ആയ ആന്തരികനാളികളുടെ ഒരു വ്യൂഹത്തെയാണ്‌ ജലസംവഹനീവ്യൂഹം എന്നുപറയുന്നത്‌. ഇത്‌ എക്കൈനോഡേമുകളുടെ ഒരു പ്രത്യേകതയായി കണക്കാക്കാം. മാഡ്രിപൊറൈറ്റ്‌ എന്ന പേരിലറിയപ്പെടുന്ന, അരിപ്പ പോലെയുള്ള, ഒരു ഫലകത്തിലൂടെ ചുറ്റുപാടിൽ നിന്നും വലിച്ചെടുക്കപ്പെടുന്ന ജലമാണ്‌ ഈ വ്യൂഹത്തിലൂടെ പരിസഞ്ചരണം നടത്തുന്നത്‌. മാഡ്രിപൊറൈറ്റിൽനിന്ന്‌ ഉള്ളിലേക്കു നീളുന്ന സ്റ്റോണ്‍ കനാലിലൂടെ ദ്രവം ഗ്രസിക(oesophagus)യെ ചുറ്റിയുള്ള വളയവാഹി(ring canal)യിലേക്കു പ്രവേശിക്കുന്നു. ഇതിൽനിന്നും ഒരു ആരീയവാഹി (radial canal) പുറപ്പെടുന്നു. ഇവയിൽനിന്നും ശരീരത്തിനും പുറത്തേക്ക്‌ തള്ളാവുന്ന ധാരാളം ചെറുവാഹികള്‍ കാണാം. ഇവയെ നാളപദങ്ങള്‍ (tube feet)എന്നു വിളിക്കുന്നു. നാളപദങ്ങള്‍ കൈകളുടെ മുഖഭാഗത്ത്‌ (oral side) ക്രമീകരിച്ചിരിക്കുന്നു. നാളപദങ്ങളുമായി ബന്ധപ്പെട്ട പേശികളുടെ സങ്കോചഫലമായി നാളപദങ്ങള്‍ക്കുള്ളിലെ ജലമർദം കൂട്ടുമ്പോള്‍ ഇവ പുറത്തേക്ക്‌ തള്ളപ്പെടുന്നു. ജലമർദം കുറയ്‌ക്കുമ്പോള്‍ നാളപദങ്ങള്‍ ഉള്‍വലിക്കപ്പെടുന്നു. ആഹാര സമ്പാദനം, ചലനം, സംവേദനം എന്നീ കർമങ്ങളാണ്‌ നാളപദങ്ങള്‍ക്കുള്ളത്‌.

നക്ഷത്രമത്സ്യം

ഹീമൽ ആന്‍ഡ്‌ പെരിഹീമൽ സിസ്റ്റം (Haemal and Perihaemal System). ജലസംവഹനീവ്യൂഹത്തിലേതെന്ന പോലെ കാണപ്പെടുന്ന രണ്ടു നാളീവ്യൂഹങ്ങളാണ്‌ ഹീമൽ വ്യൂഹവും പെരിഹീമൽ വ്യൂഹവും. ഇവ ഗ്രസികയുടെ ചുറ്റും സ്ഥിതിചെയ്യുന്ന ഒരു ഹീമൽ വളയവാഹിയിൽനിന്നും ആരംഭിക്കുന്ന ചില ആരീയ വാഹികള്‍ അടങ്ങിയതാണ്‌. ഹീമൽ വളയവാഹിയുമായി ബന്ധപ്പെട്ട്‌ കാണപ്പെടുന്ന ഓവൽ ആകൃതിയിലുള്ള ഒരു അവയവമാണ്‌ ആക്‌സിയൽ ഓർഗന്‍. ഇത്‌ ഒരു പ്രാരംഭദിശയിലുള്ള ഹൃദയമാണെന്ന്‌ കരുതുന്നു. ഹീമൽ വ്യൂഹം സീലോമ (coelomocytes)കോശങ്ങള്‍ അടങ്ങിയ ഒരു ദ്രവത്തെ ചലിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒരു നാളിവ്യവസ്ഥയായി പ്രവർത്തിക്കുന്നു. പോഷണ വസ്‌തുക്കളും (Nutrients) മറ്റു പദാർഥങ്ങളും വിവിധ അവയവങ്ങളിലും കലകളിലും എത്തിക്കുക എന്ന ധർമമാണ്‌ ഇതിനുള്ളത്‌. പെരിമഹീമൽ വ്യൂഹം ഹീമൽ വ്യൂഹത്തിനു ചുറ്റും കാണപ്പെടുന്ന നാളി വ്യവസ്ഥയാണ്‌ ഹീമൽ വ്യൂഹവുമായി ബന്ധപ്പെട്ട ധർമങ്ങള്‍ തന്നെയാണ്‌ പെരിഹീമൽ വ്യൂഹത്തിനും ഉള്ളതെന്നു കരുതപ്പെടുന്നു.

സീലോം. എക്കൈനൊഡേമുകളുടെ ശരീരത്തിന്റെ ഉള്‍ഭാഗത്തായി സീലോം (ദേഹഗുഹ) കാണപ്പെടുന്നു. ഇത്‌ പ്രാരംഭ ഘട്ടത്തിലെ ആഹാരനാളിയി (Archenteron)-ൽ നിന്നും വേർപെട്ട ചെറു അറകള്‍ വികസിച്ചുണ്ടായതാണ്‌ ഇത്തരത്തിൽ രൂപപ്പെടുന്ന സീലോം അറിയപ്പെടുന്നത്‌ എന്റെറോ സീലിക്‌ (enterocoelic) സീലോം എന്നാണ്‌. ദേഹഗുഹയ്‌ക്കു പ്രധാനമായും രണ്ടു ഭാഗങ്ങളുണ്ട്‌: പരിഅന്തരാംഗഗുഹയും (pervisceral coelom) ജല-ഗുഹയും (hydroco-ele). പരിഅന്തരാംഗഗുഹ ആന്തരികാംഗങ്ങള്‍ക്കു ചുറ്റുമായുള്ളതും സീലോമികദ്രവം നിറഞ്ഞതുമായ ഭാഗമാണ്‌. ജലസംവഹനീവ്യൂഹം ഉടലെടുക്കുന്നത്‌ ജല ഗുഹയിൽനിന്നാണ്‌.

കടൽവെള്ളരി

ചലനം. ആസ്റ്ററോയ്‌ഡുകളും എക്കിനോയ്‌ഡുകളും ശൂലങ്ങളുടെയും (spines) നാളപദങ്ങളുടെയും സഹായത്തോടെയാണ്‌ സഞ്ചരിക്കുന്നത്‌. മുമ്പോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന ജീവിക്ക്‌ ശരീരത്തെ തിരിക്കാതെതന്നെ പുറകോട്ടു നീങ്ങാനും കഴിയും. നാളപദങ്ങള്‍ പിടിച്ചു കയറാനും മറ്റു വസ്‌തുക്കളെ തങ്ങളുടെ നേർക്ക്‌ വലിച്ചടുപ്പിക്കാനും ഉപയോഗിക്കാറുണ്ട്‌. ഒഫിയുറോയ്‌ഡുകള്‍ കൈകള്‍ ചലിപ്പിച്ചാണ്‌ ചലനം സാധിക്കുന്നത്‌. ഹോളോത്തുറിഡേയിൽ വായ്‌ഭാഗം മുന്‍പോട്ടാക്കി നാളപദങ്ങളെയും ശരീരപേശികളുടെ സങ്കോചവികാസങ്ങളെയും ആധാരമാക്കിയുള്ള ചലനവ്യവസ്ഥയാണുള്ളത്‌. കടൽലില്ലികളെപ്പോലുള്ളവ ഒരു സ്ഥലത്ത്‌ ഉറപ്പിക്കപ്പെട്ട നിലയിലാണ്‌ കഴിയുന്നത്‌. ചില സ്‌പീഷീസുകള്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക്‌ ചലിക്കാറുണ്ടായിരുന്നെന്നു കരുതപ്പെടുന്നു. ക്രനോയ്‌ഡ, ഒഫിയൂറോയ്‌ഡ, ഹോളോത്തുറിഡ എന്നിവ നീന്തി നടക്കാറുണ്ട്‌.

ക്രിനോയ്‌ഡ്‌

ആഹാരരീതി. കടൽസസ്യങ്ങള്‍, സമുദ്രജീവികള്‍, അടിത്തട്ടിലെ ചെളി എന്നിവ വരെ ഇവ ആഹാരപദാർഥങ്ങളായി ഉപയോഗിക്കാറുണ്ട്‌. ക്രനോയ്‌ഡുകള്‍ ഒഴുകി നടക്കുന്ന പ്ലവകങ്ങളെയാണ്‌ ഇരയാക്കുന്നത്‌. ഇവയുടെ നാളപദങ്ങള്‍ പുറപ്പെടുവിക്കുന്ന ഒരു തരം ശ്ലേഷ്‌മപദാർഥം കൊണ്ട്‌ ഇരയെ ശേഖരിച്ചെടുക്കുന്നു. ഒഴുക്കിന്‌ എതിരായി വിടർത്തുന്ന കൈകളിലെ നാളപദങ്ങളുടെയും സീലിയകളുടെയും ചലനംമൂലം ചെറുജീവികള്‍ വായ്‌ക്കുള്ളിലേക്ക്‌ ആനയിക്കപ്പെടുന്നു. ആസ്റ്ററോയ്‌ഡുകള്‍ മിക്കവയും ഇരപിടിയന്മാരാണ്‌. ചിപ്പികളാണ്‌ ഇവയുടെ മുഖ്യ ആഹാരവസ്‌തുക്കള്‍. മറ്റു ചെറിയ നക്ഷത്രമത്സ്യങ്ങളെക്കൂടി ഇവ ഇരയാക്കാറുണ്ട്‌. ചില ആസ്റ്ററോയ്‌ഡുകള്‍ ആഹാരം കഴിക്കുമ്പോള്‍ വായിലൂടെ പചനനാളത്തെ വെളിയിലേക്കു തള്ളാറുണ്ട്‌. ഇരയുടെ മുകളിൽ പതിക്കുന്ന പചനനാളം ആവശ്യം കഴിയുമ്പോള്‍ തിരികെ ഉള്ളിലേക്കു വലിക്കുന്നു. ദഹനം പൂർണമാകുന്നത്‌ ജീവിയുടെ ഉള്ളിൽവച്ചാണ്‌. മിക്ക ഒഫിയുറോയ്‌ഡുകളും സൂക്ഷ്‌മജീവികളെ ആഹാരമാക്കുന്നു. കൈകളുടെ സഹായത്താലാണ്‌ ഇവ ഇരതേടാറുള്ളത്‌.

കടൽ അർച്ചിനുകളുടെ പ്രധാന ആഹാരം ആൽഗകളും ചെറുജീവികളുമാണ്‌. പാറയിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരവസ്‌തുക്കളെ ബലമുള്ള പല്ലുകളുടെ സഹായത്താൽ കാർന്നെടുക്കുന്നു. എന്നാൽ ഉയർന്ന പരിണാമനിലയിലുള്ള എക്കൈനോയ്‌ഡുകളിൽ പല്ലുകള്‍ കാണാറില്ല; ഇവ ചെറുജീവികളെ നാളപദങ്ങളുടെ സഹായത്താൽ ഇരയാക്കുന്നു.

ഹോളോത്തുറിഡേയിൽ പ്ലവകങ്ങളാണ്‌ പ്രധാന ഭക്ഷ്യവസ്‌തുക്കള്‍. ചിലവ അടിത്തട്ടിലെ ചെളിയും വിഴുങ്ങാറുണ്ട്‌. ഈ ചെളിയിലെ ജൈവാംശത്തെ ദഹിപ്പിച്ചെടുത്തശേഷം ബാക്കിയുള്ളവയെ വിസർജിക്കുകയാണ്‌ പതിവ്‌. നഷ്‌ടപ്പെട്ടുപോകുന്ന ശാരീരികഭാഗങ്ങളെ പുനരുദ്‌ഭവിപ്പിക്കാനുള്ള കഴിവ്‌ എക്കൈനോഡേമുകളിൽ കണ്ടുവരുന്നു. കടൽലില്ലികള്‍, നക്ഷത്രമത്സ്യങ്ങള്‍, ബ്രിട്ടിൽ സ്റ്റാറുകള്‍ എന്നിവയിൽ പുനരുദ്‌ഭവക്ഷമത (regeneration) വികസിതാവസ്ഥയിലാണ്‌. ഇവയുടെ നഷ്‌ടപ്പെട്ടുപോകുന്ന കൈകളുടെ സ്ഥാനത്ത്‌ പുതിയവ വീണ്ടും വളർന്നു വരാറുണ്ട്‌. ചില കടൽവെള്ളരികള്‍ക്ക്‌ ആന്തരികാംഗങ്ങളെ ചില പ്രത്യേക സാഹചര്യത്തിൽ പുറത്തേക്കു തള്ളാന്‍ കഴിവുണ്ട്‌. നഷ്‌ടപ്പെടുന്ന ഭാഗങ്ങള്‍ പുനരുദ്‌ഭവിക്കുകയും ചെയ്യും.

പ്രത്യുത്‌പാദന വ്യൂഹം. ലളിതഘടനയോടുകൂടിയ പ്രത്യുത്‌പാദനവ്യൂഹമാണ്‌ എക്കൈനോഡേമുകള്‍ക്കുള്ളത്‌. ബാഹ്യലക്ഷണങ്ങള്‍മൂലം ആണ്‍-പെണ്‍ ജീവികളെ തിരിച്ചറിയാനാവില്ല, അന്തരാ-ആരീയ (inter-radial) ജനനാംഗങ്ങളാണുള്ളത്‌. ഇവയ്‌ക്ക്‌ വെളിയിലേക്കു തുറക്കുന്ന പ്രത്യേക നാളികളുണ്ട്‌. ലിംഗകോശങ്ങളെ നാളികളിലൂടെ സമുദ്രജലത്തിലേക്കു വിക്ഷേപിക്കുന്നു. ബീജസങ്കലനം അവിടെവച്ചാണ്‌ നടക്കുക. ഇവ ഒരു ലാർവാദശയിലൂടെ പൂർണ വളർച്ച പ്രാപിക്കുന്നു. എക്കൈനോഡേമുകളിൽ വിസർജന-ശ്വസനവ്യൂഹങ്ങള്‍ വികസിതങ്ങളല്ല. ഹോളോത്തുറിഡേവർഗത്തിൽ മാത്രമേ ശ്വസനവ്യൂഹം ചെറിയ തോതിലെങ്കിലും കാണപ്പെടുന്നുള്ളൂ.

പ്രാധാന്യം. സമുദ്രത്തിനുള്ളിലെ പാരിസ്ഥിതിക വിജ്ഞാനത്തിന്‌ എക്കൈനോഡേമുകള്‍ കനത്ത സംഭാവന നല്‌കുന്നുണ്ട്‌. കടലിന്റെ അടിത്തട്ടിൽ അടിഞ്ഞു കൂടുന്ന വസ്‌തുക്കളെ ഭക്ഷിച്ചുതീർത്ത്‌ ഇവ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. ഇവ വളരെയധികം ലാർവകളെ ഉത്‌പാദിപ്പിക്കുന്നു. ഈ ലാർവകള്‍ പ്ലവകങ്ങള്‍ക്ക്‌ നല്ല ആഹാരവസ്‌തുക്കളായി പരിണമിക്കുന്നു. കടലിന്റെ അടിത്തട്ടിന്റെ ഘടനയുടെ രൂപീകരണത്തിൽ എക്കൈനോഡേമുകള്‍ക്ക്‌ കാര്യമായ പങ്കുണ്ട്‌. അവിടെ ഉടലെടുക്കുന്ന ഭീമാകാരമായ ചുണ്ണാമ്പുകല്ലുകള്‍ ജീവാശ്‌മ വിജ്ഞാനപഠനങ്ങള്‍ക്ക്‌ വമ്പിച്ച സഹായമായി ഭവിക്കുന്നു.

വലിയ ചില കടൽവെള്ളരികളെ ഉണക്കിയെടുത്ത്‌ സൂപ്പിനും മറ്റും ഉപയോഗപ്പെടുത്താറുണ്ട്‌. യൂറോപ്പ്‌, മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍, ചിലി എന്നിവിടങ്ങളിൽ കടൽ അർച്ചിനുകളുടെ ജനനാംഗങ്ങള്‍ സ്വാദിഷ്‌ഠമായ ഒരു ആഹാരവസ്‌തുവാണ്‌. പാകപ്പെടുത്തിയും അല്ലാതെയും ഇത്‌ ഭക്ഷണത്തിനുപയോഗിക്കുന്നു, ഉഷ്‌ണമേഖലാസമുദ്രങ്ങളിൽ കാണപ്പെടുന്ന ചിലയിനം കടൽവെള്ളരികള്‍ ഒരു പ്രത്യേക ടോക്‌സിന്‍ ഉത്‌പാദിപ്പിക്കുന്നു. "ഹോളോത്തൂറിന്‍' എന്നറിയപ്പെടുന്ന ഈ ടോക്‌സിന്‍ പല ജന്തുക്കള്‍ക്കും ഒരു മാരക വിഷമാണ്‌. പസിഫിക്‌ ദ്വീപുകളിലെ നിവാസികള്‍ കടൽവെള്ളരിയുടെ ശരീരഭാഗങ്ങള്‍ വെള്ളത്തിൽ കലർത്തി മത്സ്യങ്ങളെ കൊല്ലാറുണ്ട്‌. ഈ ടോക്‌സിന്‍ മനുഷ്യർക്ക്‌ അപകടകാരിയല്ല. ചിലയിനം ട്യൂമറുകളുടെ വളർച്ചയെ തടയുവാന്‍ ഇത്‌ ഉപയോഗപ്പെടുത്താമെന്നു കരുതുന്നു. ജീവശാസ്‌ത്രരംഗത്തെ നിരവധി പരീക്ഷണങ്ങള്‍ക്കായി കടൽ അർച്ചിനുകളുടെ അണ്ഡം ഉപയോഗപ്പെടുത്താറുണ്ട്‌.

ബ്രിട്ടിൽസ്റ്റാർ

പ്രയോജനങ്ങളെപ്പോലെതന്നെ എക്കൈനോർഡേമുകള്‍മൂലം മനുഷ്യന്‌ നാശനഷ്‌ടങ്ങളും സംഭവിക്കാറുണ്ട്‌. നക്ഷത്രമത്സ്യങ്ങള്‍ മുത്തുച്ചിപ്പിയുടെ പ്രധാന ശത്രുക്കളാണ്‌. കാലിഫോർണിയ തീരത്ത്‌ സുലഭമായി കണ്ടുവരുന്ന കടൽഅർച്ചിനുകള്‍ സാമ്പത്തിക പ്രാധാന്യമുള്ള കടൽച്ചെടികളെ തിന്നു നശിപ്പിക്കുന്നു. പസിഫിക്‌-ഇന്ത്യന്‍ സമുദ്രങ്ങളിലെ പവിഴപ്പുറ്റുനിരയിലെ പോളിപ്പുകളെ നക്ഷത്രമത്സ്യങ്ങള്‍ ഇരയാക്കുന്നതു വഴി പവിഴപ്പുറ്റു നിരയുടെ വളർച്ച താറുമാറാകാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍