This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്കിള്‍സ്‌, ജോണ്‍ കാര്യൂ (1903-97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:51, 11 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എക്കിള്‍സ്‌, ജോണ്‍ കാര്യൂ (1903-97)

Eccles, John Carew

ആസ്റ്റ്രലിയന്‍ നാഡീശാസ്‌ത്രജ്ഞന്‍. മെൽബോണിൽ 1903 ജനു. 27-നു ജനിച്ചു. 1925-ൽ മെൽബോണ്‍ സർവകലാശാലയിൽനിന്നു ബിരുദം നേടിയശേഷം എക്കിള്‍സ്‌ ഉപരിപഠനാർഥം ഓക്‌സ്‌ഫഡിലേക്കു പോയി. അവിടത്തെ മാക്‌ദലന്‍ കോളജിൽനിന്ന്‌ 1927-ൽ പ്രകൃതിശാസ്‌ത്രത്തിൽ ഓണേഴ്‌സ്‌ ബിരുദം നേടി. അതിനുശേഷം ഗവേഷണരംഗത്തേക്കു പ്രവേശിച്ച എക്കിള്‍സിന്‌ 1929-ൽ പിഎച്ച്‌.ഡി. ബിരുദം ലഭിച്ചു. ഓക്‌സ്‌ഫഡിൽ പ്രശസ്‌ത ബ്രിട്ടീഷ്‌ പ്രകൃതി ശാസ്‌ത്രജ്ഞനായിരുന്ന ഷെരിങ്‌ടന്റെ കൂടെയാണ്‌ ഇദ്ദേഹം ഗവേഷണം നടത്തിയത്‌. നാഡിപ്രതിവർത്തനങ്ങളുടെ സൈനാപ്‌സുകളിലൂടെയുള്ള പ്രഷണത്തെ (transmission)പ്പറ്റിയാണ്‌ പ്രധാനമായും ഗവേഷണങ്ങള്‍ നടത്തിയിരുന്നത്‌. നാഡി-ആവേഗങ്ങള്‍ സൈനാപ്‌സുകള്‍ വഴി രാസമാധ്യമത്തിലൂടെയാണ്‌ സഞ്ചരിക്കുന്നതെന്ന്‌ ലീവി, ഡെയ്‌ൽ എന്നീ ശാസ്‌ത്രകാരന്മാരുടെ പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. നാഡീകോശങ്ങള്‍ക്കുള്ളിൽ മൈക്രാഇലക്‌ട്രാഡുകളെ കയറ്റിവച്ച്‌ എക്കിള്‍സ്‌ ഈ പ്രവർത്തനത്തെപ്പറ്റി കൂടുതലായി പഠനം നടത്തി. ഇതുമായി ബന്ധപ്പെട്ട രാസമാറ്റങ്ങളെപ്പറ്റി വളരെ വിശദമായ പഠനങ്ങളാണ്‌ എക്കിള്‍സ്‌ നടത്തിയത്‌. ഈ പഠനങ്ങളെ ആധാരമാക്കി 1963-ലെ വൈദ്യശാസ്‌ത്രത്തിനും ശരീരശാസ്‌ത്രത്തിനുമുള്ള നൊബേൽസമ്മാനം എക്കിള്‍സ്‌, എ.എൽ.ഹോജ്‌കിന്‍, എ.എഫ്‌. ഹക്‌സ്‌ലി എന്നിവർക്കു ലഭിക്കുകയുണ്ടായി.

1937-ൽ എക്കിള്‍സ്‌ ആസ്റ്റ്രലിയയിലേക്കു മടങ്ങി. അവിടെ കനെമാറ്റ്‌സന്‍ മെമ്മോറിയൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ പത്തോളജിയുടെ ഡയറക്‌ടറായി കുറച്ചുകാലം സേവനമനുഷ്‌ഠിക്കുകയുണ്ടായി. 1944-ൽ ന്യൂസിലന്‍ഡിലെ ഒട്ടാഗോ സർവകലാശാലയിൽ പ്രാഫസറായി എക്കിള്‍സിനെ നിയമിച്ചു. അവിടെനിന്ന്‌ 1951-ൽ കാന്‍ബറയിലെ ആസ്റ്റ്രലിയന്‍ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ ഫിസിയോളജി പ്രാഫസറായി നിയമിതനായി. 1957 മുതൽ 61 വരെ ഇദ്ദേഹം ആസ്റ്റ്രലിയന്‍ അക്കാദമി ഒഫ്‌ സയന്‍സിന്റെ അധ്യക്ഷനായിരുന്നു. 1958-ൽ എക്കിള്‍സിന്‌ പ്രഭുപദവി ലഭിച്ചു. 1966-ൽ യു.എസ്സിൽ എത്തിയ ഇദ്ദേഹം ചിക്കാഗോയിലെ ബയോ കെമിക്കൽ റിസെർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്‌ഠിച്ചു. 1968-75 കാലയളവിൽ ബഫലോ സർവകലാശാലയിൽ പ്രാഫസറാവുകയും അവിടെനിന്ന്‌ വിരമിക്കുകയും ചെയ്‌തു.

ദ്‌ ന്യൂറോഫിസിയോളജിക്കൽ ബേസിക്‌ ഒഫ്‌ ദ്‌ മൈന്‍ഡ്‌: ദ്‌ പ്രിന്‍സിപ്പിള്‍സ്‌ ഒഫ്‌ ന്യൂറോഫിസിയോളജി (1953), ദ്‌ ഫിസിയോളജി ഒഫ്‌ സൈനാവ്‌സസ്‌ (1964), ദി അണ്ടർസ്റ്റാന്റിങ്‌ ഒഫ്‌ ദ്‌ ബ്രയ്‌ന്‍ (1973), ദ്‌ ഹ്യുമന്‍മിസ്റ്ററി (1979), ദ്‌ ഹ്യൂമന്‍ സൈക്കി (1980), എവല്യൂഷന്‍ ഒഫ്‌ ദ്‌ ബ്രയ്‌ന്‍: ക്രിയേഷന്‍ ഒഫ്‌ ദ്‌ സെൽഫ്‌ (1989), ഹൗ ദ്‌ സെൽഫ്‌ കണ്‍ട്രാള്‍സ്‌ ദ്‌ ബ്രയ്‌ന്‍ (1994) എന്നിവയാണ്‌ എക്കിള്‍സിന്റെ പ്രധാന കൃതികള്‍.

1997 മേയ്‌ 2-ന്‌ സ്വിറ്റ്‌സർലണ്ടിലെ ലൊകാമോയിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍