This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എം.ആർ.ബി. (1908 - 2001)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:23, 16 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എം.ആർ.ബി. (1908 - 2001)

മലയാള നാടകകൃത്തും സാമൂഹിക പരിഷ്‌കർത്താവും പത്രപ്രവർത്തകനും. പൂർണനാമധേയം എം. രാമന്‍ ഭട്ടതിരിപ്പാട്‌. 1908 ജൂണ്‍ 8-ന്‌ വന്നേരിയിൽ ജനിച്ചു. നമ്പൂതിരി സമുദായത്തിലെ സാമൂഹിക പരിവർത്തനത്തിനു നേതൃത്വം നല്‌കി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലും പ്രവർത്തിച്ചു. കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരണ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു. കേളി മാസികയുടെ എഡിറ്ററുമായിരുന്നു.

മുഖച്ഛായ, കവിസപര്യ, എം.ആർ.ബി.യുടെ ഉപന്യാസങ്ങള്‍ (ലേഖനങ്ങള്‍), മഴവില്ല്‌ (കഥകള്‍), എന്റെ ഓമന, മറക്കുടയ്‌ക്കുള്ളിലെ മഹാനരകം (നാടകങ്ങള്‍) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. സ്‌നാപ്‌ഷോട്ടുകള്‍, രസക്കുടുക്കകള്‍, ജീക്കും അറുപത്‌, കവിസപര്യ എന്നിങ്ങനെയുള്ള 18 നർമ ലേഖനങ്ങളുടെ സമാഹാരമാണ്‌ കവിസപര്യ. നമ്പൂതിരിഫലിതം ഇവയിൽ തുളുമ്പി നില്‌ക്കുന്നു.

എം.ആർ.ബി.യുടെ ഏറ്റവും പ്രധാനപ്പെട്ട കൃതി മറക്കുടയ്‌ക്കുള്ളിലെ മഹാനരകം (1930) ആണ്‌. നമ്പൂതിരി സമുദായത്തിലെ അന്തർജനങ്ങള്‍ അനുഭവിച്ചുവന്ന നരകയാതനകള്‍ ചിത്രീകരിക്കുന്ന ദുരന്തനാടകമാണ്‌ ഇത്‌. വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക്‌, സഹോദരനായ എം.പി. ഭട്ടതിരിപ്പാടിന്റെ (പ്രംജി) ഋതുമതി എന്നീ നാടകങ്ങളോടൊപ്പം എം.ആർ.ബി.യുടെ ഈ കൃതിയും കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിൽ കോളിളക്കം സൃഷ്‌ടിക്കുകയുണ്ടായി. ഇല്ലത്തെ അകത്തളങ്ങളുടെ ഇരുളിൽ മരിച്ചു ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ ബാഹ്യലോകത്തിന്റെ പ്രകാശധാരയിൽ പുതിയൊരു ജീവിതം നല്‌കാന്‍ പ്രരിപ്പിക്കുന്ന വിജയപ്രദമായ പരീക്ഷണമെന്ന നിലയിൽ ഈ നാടകം പ്രാധാന്യമർഹിക്കുന്നു.

ബന്ധുക്കളുടെ എതിർപ്പിനെ വിഗണിച്ച്‌ ഒരു വിധവയെ വിവാഹം കഴിച്ച്‌, താന്‍ നാടകത്തിലൂടെ അവതരിപ്പിച്ച ആദർശം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന വിപ്ലവകാരിയാണിദ്ദേഹം.

കേരള സാഹിത്യ അക്കാദമി 1992-ൽ സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരം ഇദ്ദേഹത്തിനു നല്‌കി. 2001 ഒ. 8-ന്‌ എം.ആർ.ബി. അന്തരിച്ചു.

(ഡോ. എഴുമറ്റൂർ രാജരാജ വർമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍