This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംപ്‌സന്‍, വില്യം (1906 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:39, 18 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എംപ്‌സന്‍, വില്യം (1906 - 84)

Empson, William

ബ്രിട്ടീഷ്‌ (ഇംഗ്ലീഷ്‌) നിരൂപകനും കവിയും. 1906 സെപ്‌. 27-ന്‌ യോക്‌ഫ്‌ളീറ്റിൽ ജനിച്ചു. ഹാംപ്‌ഷയറിലെ വിഞ്ചസ്റ്റർ കോളജിലും കേംബ്രിജിലെ മോഡ്‌ലിന്‍ കോളജി(Magdalene College)ലുമായിരുന്നു വിദ്യാഭ്യാസം. 1929-ൽ ഗണിതശാസ്‌ത്രത്തിൽ ബി.എ.യും 1935-ൽ എം.എ.യും കരസ്ഥമാക്കി. 1931 മുതൽ 34 വരെ ടോക്യോ നാഷണൽ യൂണിവേഴ്‌സിറ്റിയിലും 1937 മുതൽ 39 വരെ പീക്കിങ്ങിലെ നാഷണൽ യൂണിവേഴ്‌സിറ്റിയിലും ഇംഗ്ലീഷ്‌ അധ്യാപകനായിരുന്നു. 1940-ൽ ബി.ബി.സിയിലെ മോണിറ്ററിങ്‌ സർവീസിൽ അംഗമായും 1941 മുതൽ 46 വരെ വിദൂരപൗരസ്‌ത്യവിഭാഗത്തിൽ ചൈനീസ്‌ എഡിറ്ററായും സേവനമനുഷ്‌ഠിച്ചു. 1953 മുതൽ 71 വരെ ഷെഫീൽഡ്‌ യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെ പ്രാഫസറായും അവിടെ എമറിറ്റസ്‌ പ്രാഫസറായും ജോലി നോക്കി. ലെറ്റർ ഫോർ (Letter IV, 1929), പോയംസ്‌ (1935), ദ്‌ ഗാദറിഹ്‌ സ്റ്റോം (1940) എന്നിവയാണ്‌ എംപ്‌സന്റെ കവിതാസമാഹാരങ്ങള്‍. ഇദ്ദേഹത്തിന്റെ കവിതകളെല്ലാംചേർത്ത്‌ കളക്‌റ്റഡ്‌ പോയംസ്‌ ഒഫ്‌ വില്യം എംപ്‌സന്‍ എന്ന പേരിൽ 1949-ൽ പ്രസിദ്ധീകരിച്ചു. തനിക്കേറ്റവും ഇഷ്‌ടപ്പെട്ട കവി ഡണ്‍ (Donne)ആണെന്ന്‌ എംപ്‌സന്‍ ഒരിക്കൽ പറയുകയുണ്ടായി. പോയംസിലെ കവിതകളിൽ ഡണ്ണിന്റെ സ്വാധീനം പകൽപോലെ വ്യക്തമാണ്‌-കാച്ചിക്കുറുക്കിയ ശൈലി; ജ്യോതിശ്ശാസ്‌ത്രത്തിലും സസ്യശാസ്‌ത്രത്തിലും മറ്റു പ്രകൃതിശാസ്‌ത്രത്തിലും നിന്നുള്ള ദൂരാരൂഢകല്‌പനക(Conceits)ളുടെ നിർലോപമായ പ്രയോഗം. മിക്കതും പ്രമകവിതകളാണ്‌. മനുഷ്യന്റെ ദുരവസ്ഥയ്‌ക്കു നേരെയുള്ള പ്രകൃതിയുടെ നിസ്സംഗതയെക്കുറിച്ചുള്ള കവിതകളുണ്ട്‌. എ.ഇ. ഹുസ്‌മാന്റെ കവിതകളിൽക്കാണുന്ന തരത്തിലുള്ള നൈരാശ്യവാദം ചില കവിതകളുടെ മുഖമുദ്രയായി വർത്തിക്കുന്നു. ഹുസ്‌മാനും എംപ്‌സന്റെ ഇഷ്‌ടകവികളിലൊരാളായിരുന്നു.

അഞ്ചുവർഷത്തിനുശേഷം പ്രസിദ്ധീകരിച്ച ഗാതറിങ്‌ സ്റ്റോംസിലെ കവിതകളുടെ ഭാവവും രൂപവും തികച്ചും വ്യത്യസ്‌തമാണ്‌. സമകാലിക സാമൂഹിക രാഷ്‌ട്രീയ സാഹചര്യത്തിന്റെ സൃഷ്‌ടിയാണ്‌ ഈ കവിതകള്‍. ജപ്പാന്‍, മഞ്ചൂറിയ ആക്രമിച്ച ഇക്കാലത്ത്‌ എംപ്‌സന്‍ ചൈനയിലും ജപ്പാനിലുമായിരുന്നു. യൂറോപ്പിലെ അവ്യവസ്ഥിതിയിലും അനീതിയിലും നിന്നൊളിച്ചോടിയ കവിയെ അവിടെയും എതിരേറ്റത്‌ യുദ്ധത്തിന്റെ കെടുതികളായിരുന്നു. എന്നാൽ മാനുഷികതയുടെ ആത്യന്തികവിജയത്തിലുള്ള വിശ്വാസം കവി കൈവിട്ടില്ല. പാശ്ചാത്യസംസ്‌കാരം നാശത്തിലേക്കു കുതിക്കുകയാണെന്ന മട്ടിലുള്ള ഓഡന്റെ നൈരാശ്യവാദമൊന്നും എംപ്‌സനെ ബാധിച്ചില്ല. ആദ്യകാല കവിതകളിലെ നൈരാശ്യം ഇവിടെ ആത്മസംയമനത്തിനു വഴിമാറുന്നതായിക്കാണാം.

ഇക്കാര്യത്തിൽ ഡണ്ണിനെക്കാള്‍ ഡ്രഡണ്‍, റോച്ചസ്റ്റർ, മാർവെൽ തുടങ്ങിയ റെസ്റ്ററേഷന്‍ കവിക(Restoration poets)ളോടാണ്‌ എംപ്‌സനു കൂടുതൽ സാദൃശ്യം. ഒരു കവി എന്നതിനെക്കാള്‍ സൈദ്ധാന്തികനിരൂപകന്‍ എന്ന നിലയിലാണ്‌ എംപ്‌സന്‍ ആധുനികസാഹിത്യത്തെ കൂടുതൽ സ്വാധീനിച്ചതെന്നു പറയാം. സെവന്‍ റ്റൈപ്‌സ്‌ ഒഫ്‌ ആംബിഗ്വിറ്റി (1930), സം വേർഷന്‍സ്‌ ഒഫ്‌ പാസ്റ്റർ (1935), ദ്‌ സ്‌ട്രക്‌ചർ ഒഫ്‌ കോംപ്‌ളക്‌സ്‌ വേഡ്‌സ്‌ (1951), മിൽറ്റന്‍സ്‌ ഗോഡ്‌ (Milton's God, 1965) എന്നിവയാണ്‌ നിരൂപണഗ്രന്ഥങ്ങളിൽ പ്രധാനം. ആധുനികകാലത്തെ ഏറ്റവുംകൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നിരൂപണഗ്രന്ഥങ്ങളിലൊന്നാണ്‌ "സന്ദിഗ്‌ധാർഥ'ത്തെക്കുറിച്ചുള്ള ഗ്രന്ഥം. കവിതയിലെ ദ്വയാർഥങ്ങള്‍ ദുരൂഹസമസ്യകളല്ല. കവിചിത്തത്തിലെ യഥാർഥ സന്ദേഹത്തിന്റെ സൂചകങ്ങളാണെന്നതത്ര എംപ്‌സന്റെ സിദ്ധാന്തം. റോബർട്ട്‌ ഗ്രവ്‌സ്‌, എ.എ.റിച്ചേഡ്‌സ്‌ തുടങ്ങിയവരുടെ സ്വാധീനം ഇവിടെക്കാണാം. ദ്‌ സ്‌ട്രക്‌ച്ചർ ഒഫ്‌ കോംപ്ലക്‌സ്‌ വേഡ്‌സിൽ കാവ്യമൂല്യത്തെപ്പറ്റിയുള്ള റിച്ചേഡ്‌സിന്റെ സിദ്ധാന്തത്തെ അംഗീകരിച്ചുകൊണ്ടുതന്നെ കവിതയുടെ വൈകാരികഭാഷ (Emotive Language) യെയും സംജ്ഞാനാന്മകഭാഷ (Congnitive Language)യെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ എംപ്‌സണ്‍ നിരാകരിക്കുന്നു. ഒരേ പദത്തിൽത്തന്നെ വൈകാരികവും സംജ്ഞാനാത്മകവുമായ തലങ്ങളെ അപഗ്രഥിക്കാനുള്ള നൂതനസങ്കേതങ്ങള്‍ മുന്നോട്ടുവയ്‌ക്കുകയാണ്‌ ഇദ്ദേഹം ചെയ്യുന്നത്‌. ഹ്യൂ കെന്നർ (Hugh Kenner) ഇതിനെ ഭാഷാസംബന്ധിയായ ആണവസിദ്ധാന്തം (atomic theory of language) എന്നുവിളിക്കുന്നു. 1984 ഏ. 15-ന്‌ എംപ്‌സന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍