This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഋതുമതി (നാടകം)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഋതുമതി (നാടകം)
കേരളബ്രാഹ്മണസമുദായം അനുവർത്തിച്ചുവന്ന ചില അനാചാരങ്ങളെ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെ 1940-ൽ രചിതമായ ഒരു ഗദ്യനാടകം. ഇതിന്റെ കർത്താവ്, പ്രംജി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എം.പി. ഭട്ടതിരിപ്പാട്, ഒരു കവിയും നാടകകൃത്തും നടനുമായിരുന്നു. പെണ്‍കുട്ടികള്‍ ഋതുവായികഴിഞ്ഞാൽ പിന്നെ പൂർണമായും ഘോഷാസമ്പ്രദായത്തിന്റെ അടിമകളായിത്തീരുന്ന പതിവാണ് മലയാളബ്രാഹ്മണർക്കിടയിൽ നടപ്പുണ്ടായിരുന്നത്. മറക്കുടകൊണ്ട് ദേഹം മറച്ചുമാത്രമേ അവർക്കു പുറമേ എവിടെയും പോകാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. സ്‌കൂളിൽ പഠിക്കുന്നവരാണെങ്കിൽ ഉടന്‍ അത് അവസാനിപ്പിച്ചുകൊള്ളണം. കുടുംബനാഥന്മാർ നിശ്ചയിക്കുന്ന ഏതെങ്കിലും വൃദ്ധവരനെ ഭർത്താവായി സ്വീകരിച്ച് ജീവിതം മുഴുവന്‍ നരകിച്ചുകഴിയുകയേ അവർക്ക് ഗതിയുണ്ടായിരുന്നുള്ളൂ. അങ്ങനെയുള്ള തേതി (ദേവകി) എന്ന ബാലികയുടെ ദുരിതാനുഭവങ്ങളെയും ഒടുവിൽ ഉത്‌പതിഷ്‌ണുത്വശക്തികള്‍ അവളെ മോചിപ്പിക്കുന്നതിന്റെയും കഥ മൂന്ന് അങ്കങ്ങളിലായി നീണ്ടുകിടക്കുന്ന 16 രംഗങ്ങളിൽ ഈ നാടകത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അബദ്ധധാരണകളും സൃഷ്‌ടിക്കുന്ന അസൂര്യംപശ്യതയും പരിഷ്‌കരണത്വരയിൽ അദമ്യശക്തിയോടെ മുന്നോട്ടുകുതിക്കുന്ന ഉദാരമായ ഉത്‌പതിഷ്‌ണുത്വബോധവും തമ്മിലുള്ള സംഘട്ടനങ്ങളെ ശക്തമായി ചിത്രീകരിക്കുന്ന ഋതുമതി എച്ചമറ്റ നമ്പൂതിരി സമാജസമ്മേളനങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രസ്‌തുത സമുദായത്തിന്റെ ഭാവരൂപങ്ങളിലും ചിന്താസരണികളിലും ജീവിതചര്യകളിലും 20-ാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ വന്ന വിപ്ലവകരമായ വ്യതിയാനങ്ങള്‍ക്ക് ഈ നാടകം അവസരോചിതമായ അധ്വനിർദേശം നല്‌കിയിട്ടുണ്ട്.