This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉമ്മിണിത്തമ്പി ദളവ (ഭ.കാ. 1809 - 11)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉമ്മിണിത്തമ്പി ദളവ (ഭ.കാ. 1809 - 11)

പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദിവാന്‍. കാർത്തികതിരുനാള്‍ രാമവർമ(ധർമരാജാവ്‌) മഹാരാജാവിന്റെ അനുജനായ മകയിരം തിരുനാള്‍ രവിവർമയുടെ ദൗഹിത്രനാണ്‌ ഉമ്മിണിത്തമ്പി എന്നറിയപ്പെടുന്ന മാർത്താണ്ഡന്‍ ഇരവി. ബാലരാമവർമയുടെ ഭരണകാലത്ത്‌ ഉമ്മിണിത്തമ്പിയെ 1809 മാ. 18-ന്‌ തിരുവിതാംകൂർ ദിവാനായി നിയമിച്ചു. റസിഡന്റിന്റെ പ്രീതിക്കായി വേലുത്തമ്പിദളവയെയും കൂട്ടരെയും കണ്ടുപിടിക്കുക എന്നതായിരുന്നു ഉമ്മിണിത്തമ്പിയുടെ ആദ്യത്തെ പരിശ്രമം. പ്രഗല്‌ഭതന്ത്രജ്ഞനായിരുന്നു ഉമ്മിണിത്തമ്പി. ഭരണസംവിധാനം അടിമുടി അഴിച്ചുപണിയാന്‍ സന്നദ്ധനായി. ബാലരാമപുരം എന്ന ചെറുപട്ടണം സ്ഥാപിച്ച്‌ അവിടെ നെയ്‌ത്തുകാരെക്കൊണ്ടുവന്ന്‌ പാർപ്പിച്ചത്‌ ഇദ്ദേഹമാണ്‌. നീതിന്യായവ്യവസ്ഥിതി കാര്യക്ഷമമാക്കി ഓരോ ജില്ലയിലും കാരാഗൃഹങ്ങള്‍ സ്ഥാപിച്ചതും മറ്റൊരു ഭരണനേട്ടമായിരുന്നു. വിഴിഞ്ഞത്തെ ഒരു തുറമുഖവും വ്യവസായകേന്ദ്രവുമാക്കി ഉയർത്താന്‍ പദ്ധതി തയ്യാറാക്കിയതും ഇദ്ദേഹമാണ്‌. എങ്കിലും ഭരണരംഗത്ത്‌ അധികാരദുർവിനിയോഗവും ക്രമക്കേടും വ്യാപകമായതിനാൽ കപ്പക്കുടിശ്ശികയും ശമ്പളക്കുടിശ്ശികയും തീർക്കാന്‍ കഴിയാതെവന്നു. ഈ സമയം മഹാരാജാവ്‌ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ, വളരെ സാമ്പത്തിക ബാധ്യതയുള്ള, മുറജപം എന്ന ചടങ്ങ്‌ നടത്തുവാനൊരുങ്ങി. മുറജപം വേണ്ടെന്നുവച്ചിട്ട്‌ കപ്പക്കുടിശ്ശിക തീർക്കണമെന്ന ദിവാന്റെ ഉപദേശം മഹാരാജാവിൽ നീരസമുളവാക്കി. റസിഡന്റ്‌ ദിവാന്റെ അഭിപ്രായത്തോട്‌ യോജിച്ചെങ്കിലും മഹാരാജാവ്‌ നിർബന്ധിച്ചതിന്റെ അടിസ്ഥാനത്തിൽ മുറജപം നടത്താന്‍ അനുവദിച്ചു. വേലുത്തമ്പിദളവയുടെ സംരംഭങ്ങളിൽ അനുകൂലിയായിരുന്ന ഇളയരാജാവായ കേരളവർമയെ കൊട്ടാരത്തിൽനിന്നു മാറ്റാന്‍ ദിവാന്‍ ശ്രമിച്ചത്‌ മഹാരാജാവിന്‌ ഇഷ്‌ടമായില്ല. അപ്പോഴേക്കും മഹാരാജാവ്‌ ചരമം പ്രാപിച്ചു (1810 ന. 7).

ഇതിനിടയ്‌ക്ക്‌ റസിഡന്റ്‌ മെക്കാളെ ഉദ്യോഗമൊഴിയുകയും പകരം കേണൽ മണ്‍റോ നിയമിതനാകുകയും ചെയ്‌തു. രാജ്യാവകാശത്തെപ്പറ്റിയുള്ള തർക്കത്തിൽ, ഇളയരാജാവായ കേരളവർമയെയാണ്‌ ഒരു വലിയ ജനവിഭാഗം അനുകൂലിച്ചത്‌. ഇക്കാരണത്താൽ അദ്ദേഹത്തെ അകറ്റാന്‍ ഉമ്മിണിത്തമ്പി പല ശ്രമങ്ങളും നടത്തി. പ്രബലനായ ഒരു വ്യക്തിയെ രാജസ്ഥാനത്തു പ്രതിഷ്‌ഠിക്കുന്നത്‌ ഇംഗ്ലീഷുകാർക്കും ഇഷ്‌ടമായിരുന്നില്ല. മണ്‍റോയും ഉമ്മിണിത്തമ്പിയുംകൂടി ഗൂഢതന്ത്രങ്ങള്‍ നടത്തിയതിന്റെ ഫലമായി യഥാർഥ അവകാശിക്ക്‌ അവകാശമില്ലെന്ന നിലവന്നു. മണ്‍റോ കേരളവർമയെ കോലത്തുനാട്ടിലേക്ക്‌ നാടുകടത്തുകയും ലക്ഷ്‌മീബായിയെ റാണിയായി പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. എന്നാൽ റാണിയുടെ ആജ്ഞകളെ തമ്പി വകവച്ചിരുന്നില്ല. റാണി റസിഡന്റിന്റെ പേർക്ക്‌ (1811) തമ്പിക്കെതിരായി പരാതി നല്‌കി.

അധികം താമസിയാതെ ഉമ്മണിത്തമ്പി ദിവാന്‍ സ്ഥാനത്തുനിന്നും ബഹിഷ്‌കൃതനായി. ദിവാന്‍ ഉദ്യോഗത്തിൽനിന്നു തന്നെ പിരിച്ചുവിട്ടത്‌ റസിഡന്റിന്റെ പ്രരണകൊണ്ടാണെന്ന്‌ തെറ്റിദ്ധരിച്ച തമ്പി റസിഡന്റിന്റെ പേരിൽ പല കുറ്റങ്ങളും ആരോപിക്കുകയും അവ സ്വബന്ധുവായ അന്നത്തെ സർവാധികാര്യക്കാർ മുഖേന ബ്രിട്ടീഷ്‌ അധികാരികളെ അറിയിക്കുകയും ചെയ്‌തു. തനിക്കെതിരായി ഉപജാപങ്ങള്‍ നടത്തി എന്ന കുറ്റംചുമത്തി റസിഡന്റ്‌ ഉമ്മിണിത്തമ്പിയെ കൊല്ലത്ത്‌ വീട്ടുതടങ്കലിലാക്കി. കൊല്ലത്തുണ്ടായിരുന്ന ബ്രിട്ടീഷ്‌ സൈന്യത്തിലെ യൂറോപ്യന്‍ ഉദ്യോഗസ്ഥന്മാരെയും റസിഡന്റിനെയും വധിക്കുന്നതിന്‌ തമ്പിയുടെ അറിവോടെ ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്ന വിവരം 1812 മേയിൽ പുറത്തായി.

കാര്യം വെളിപ്പെട്ടതോടുകൂടി സൈന്യനായകന്മാരും റസിഡന്റും കൂടി സൈനികമുറപ്രകാരമുള്ള വിചാരണ നടത്തി കുറ്റക്കാർക്ക്‌ വധശിക്ഷ നല്‌കി. സംസ്ഥാനത്തെ കോടതി ഉമ്മിണിത്തമ്പിക്കും പഴശ്ശിരാജാവിനും മരണശിക്ഷ വിധിച്ചു. മദ്രാസ്‌ ഗവണ്‍മെന്റിന്റെ ഇടപെടൽ നിമിത്തം പഴശ്ശിരാജാവിന്‌ മാപ്പുനൽകി. ഇത്രയുമായപ്പോഴേക്ക്‌ റസിഡന്റ്‌ തമ്പിക്കുവേണ്ടി വാദിച്ചു; തമ്പി ആയുശ്ശേഷം നെല്ലൂർജയിലിൽ കഴിച്ചുകൂട്ടി.

(പി.ആർ. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍