This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉമ്മന്‍ പീലിപ്പോസ്‌ (1838 - 80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉമ്മന്‍ പീലിപ്പോസ്‌ (1838 - 80)

ആദ്യകാല മലയാള പത്രപ്രവർത്തകരിലൊരാളും എഴുത്തുകാരനും. തിരുവല്ലാ താലൂക്കിലുള്ള കല്ലൂപ്പാറയിൽ 1838 (കൊ.വ. 1013) നടുപ്പിച്ച്‌ ഇദ്ദേഹം ജനിച്ചു. കേരള ക്രിസ്‌ത്യാനികളെ സംബന്ധിച്ച ഒരു ചരിത്രകൃതിയെഴുതിയ ജോർജ്‌ കുര്യന്‍ എന്ന മാതുലന്റെ സംരക്ഷണയിലാണ്‌ പീലിപ്പോസ്‌ വളർന്നത്‌. കൊച്ചിയിലും കോട്ടയത്തും വിദ്യാഭ്യാസം നടത്തുകയും കുറേക്കാലം കൊച്ചിയിൽ സി.എം.എസ്‌. വൈദികനായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. അക്കാലത്ത്‌ കൊച്ചിയിൽനിന്നു പ്രസിദ്ധീകരിച്ചുവന്ന പശ്ചിമതാരക എന്ന ആനുകാലികപ്രസിദ്ധീകരണത്തിന്റെ പത്രാധിപത്യം മരണംവരെ പീലിപ്പോസാണ്‌ വഹിച്ചുവന്നത്‌. 1880 ജൂല. 20-ന്‌ ഇദ്ദേഹം കോട്ടയത്ത്‌ ഒളശ്ശയിൽവച്ച്‌ അന്തരിച്ചു.

സാഹിത്യചരിത്രപരമായി ഉമ്മന്‍ പീലിപ്പോസിനുള്ള പ്രാധാന്യം അദ്ദേഹം സ്വതന്ത്രമായി ഭാഷാന്തരപ്പെടുത്തിയ ഒരു ഷെയ്‌ക്‌സ്‌പിയർ നാടക(കോമഡി ഒഫ്‌ എറേഴ്‌സ്‌)ത്തിൽ കുടികൊള്ളുന്നു. 1866-ൽ ആള്‍മാറാട്ടം അഥവാ ഒരു നല്ല കേളീസല്ലാപം എന്ന പേരിൽ പ്രസിദ്ധീകൃതമായ ഈ കൃതിയുടെ ആമുഖത്തിൽ "ഇംഗ്ലീഷ്‌ കവിശ്രഷ്‌ഠന്‍ വില്യം ഷെയ്‌ക്‌സ്‌പിയർ എന്ന ജഗത്‌പ്രസിദ്ധന്‍ വകഞ്ഞുണ്ടാക്കിയിരിക്കുന്ന നാടകങ്ങളിൽനിന്നുള്ള ഒരു സ്വതന്ത്രാഖ്യാനമാണിത്‌' എന്ന്‌ ഗ്രന്ഥകാരന്‍ പറയുന്നു. ആള്‍മാറാട്ടം ആണ്‌ മലയാളത്തിലെ ആദ്യത്തെ നോവൽ എന്നു പറയപ്പെടുന്നു. "ഇങ്ങനെയുള്ള പ്രബന്ധങ്ങളിൽ വായനക്കാർക്ക്‌ ഇമ്പവും താത്‌പര്യവും തോന്നുന്നുണ്ടെങ്കിൽ ഇതിനെക്കാള്‍ വലുപ്പവും വിശേഷവും കൂടിയ കൃതികള്‍ പലതും കുറ്റം തീർത്തുവച്ചിട്ടുള്ളതും താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതുമാകുന്നു'വെന്ന്‌ ഇദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിലും അവയൊന്നും പ്രസിദ്ധീകരിച്ചതായി കാണുന്നില്ല. പീലിപ്പോസിന്റെ സ്വന്തം കൃതിയായി പറയപ്പെടുന്ന അമരകോശപ്രദീപിക ഇപ്പോള്‍ ലഭ്യമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍