This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉബികൊ, കസ്റ്റാനെഡാ ജോർജെ (1878 - 1946)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉബികൊ, കസ്റ്റാനെഡാ ജോർജെ (1878 - 1946)
== Ubico, Castaneda Jorge ==
ഗ്വാട്ടെമാലയിലെ മുന്‍ ഭരണാധികാരി. ടാറ്റാ എന്ന ഇരട്ടപ്പേരുള്ള ഉബികൊ 1878 ന. 10-ന് ഗ്വാട്ടെമാലാസിറ്റിയിൽ ജനിച്ചു. ഗ്വാട്ടെമാലയിലെ സൈനിക അക്കാദമിയിൽനിന്നു ബിരുദം നേടിയശേഷം 1897-ൽ ലഫ്‌റ്റനന്റായി ജീവിതം ആരംഭിച്ചു ഉബികൊ. പല യുദ്ധങ്ങളിലും പ്രശസ്‌തമായ സേവനം അനുഷ്‌ഠിച്ചുകൊണ്ട് കേണൽപദവി വരെ ഉയർന്നു. 1907-ൽ അള്‍ട്ടാവെറാപാസിലെയും 1911-ൽ റ്റെറാൽഹുളൂവിലെയും ഗവർണറായി നിയമിതനായി. നാഷണൽ അസംബ്ലിയിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഉബികൊ 1922-26 കാലത്ത് പ്രസിഡന്റ് ജോസെ മറിയ ഒറെല്ലനയുടെ കീഴിൽ യുദ്ധകാര്യമന്ത്രിയായി. 1931-ൽ പുരോഗമനവാദികളുടെ പിന്തുണയോടെ ഗ്വാട്ടെമാലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1944 വരെ ഈ സ്ഥാനത്തു തുടർന്നു.
ഗ്വാട്ടെമാലയ്‌ക്ക് അന്താരാഷ്‌ട്രതലത്തിലൊരു സ്ഥാനം സ്വായത്തമാക്കാനുള്ള യത്‌നം ആരംഭിച്ചത് ഉബികൊ ആണ്. ഗതാഗതം, പൊതുമരാമത്ത്, പൊതുജനാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനുപുറമേ അഴിമതി നിർമാർജനം ചെയ്യാനുള്ള ശ്രമവും ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. യു.എസ്സുമായി ഉറ്റ സമ്പർക്കം പുലർത്തുകയും യു.എസ്സിൽ നിന്നുള്ള ഇറക്കുമതികള്‍ക്ക് ഉദാരമായ സൗകര്യങ്ങള്‍ നല്‌കുകയും ചെയ്‌തിരുന്നു. എന്നാൽ ഭരണം സ്വേച്ഛാധിപത്യത്തിന്റെ തലത്തിലേക്ക് ഉയർന്നതോടെ ജനങ്ങള്‍ ക്ഷുഭിതരായി. 1944 ജൂണ്‍ 22-ന് പ്രസംഗസ്വാതന്ത്യ്രവും പത്രസ്വാതന്ത്യ്രവും നിർത്തലാക്കിയതോടെ പ്രതിപക്ഷം പൊതുപണിമുടക്കിന് ആഹ്വാനം ചെയ്‌തു. 1944 ജൂല. 1-ന് ഉബികൊ രാജിവയ്‌ക്കുവാന്‍ നിർബന്ധിതനായി. തുടർന്ന് ഗ്വാട്ടെമാല വിടുകയും ന്യൂഓർലിന്‍സിൽ എത്തുകയും ചെയ്‌തു. 1946 ജൂണ്‍ 14-ന് ന്യൂഓർലിന്‍സിൽ ഉബികൊ നിര്യാതനായി.