This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപ്‌സാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:58, 13 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉപ്‌സാല

uppasala

സ്വീഡനിലെ നാലാമത്തെ വലിയ നഗരവും ഉപ്‌സാല കൗണ്ടിയുടെ തലസ്ഥാനവും. സ്വീഡനിലെ ആദ്യത്തെ സർവകലാശാലയുടെ ആസ്ഥാനവും ഉപ്‌സാലയാണ്‌. സ്റ്റോക്ക്‌ഹോമിന്‌ 64 കി.മീ. വടക്കായി ഫിറിസ്‌നദിയുടെ തീരത്തുള്ള ഈ നഗരത്തിലെ ജനസംഖ്യ: 1,52,655 (2011) ആണ്‌. 1164 മുതൽ സ്വീഡനിലെ ലൂഥറന്‍ ആർച്ച്‌ബിഷപ്പിന്റെ ആസ്ഥാനവും ഉപ്‌സാല തന്നെയാണ്‌. ഓസ്റ്റ്ര ആറോസ്‌ എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന ഈ പ്രദേശം സ്വിയാ എന്ന പ്രാചീന രാജവംശത്തിന്റെ രാഷ്‌ട്രീയ-സാംസ്‌കാരികാസ്ഥാനമായിരുന്നു.

സ്വീഡനിലെ ഏറ്റവും വലിയ ഗോഥിക്‌ ദേവാലയം ഇവിടെയാണ്‌ നിർമിച്ചിട്ടുള്ളത്‌. 1200-ാമാണ്ട്‌ പണി ആരംഭിച്ചുവെങ്കിലും 1435-ൽ മാത്രമാണ്‌ ഇതിന്റെ നിർമാണം പൂർത്തിയായത്‌. പല തവണ അഗ്നിക്കിരയായ ഈ ദേവാലയം 19-ാം നൂറ്റാണ്ടിന്റെ അവസാനം ജീർണോദ്ധാരണം ചെയ്യപ്പെട്ടു. ഗുസ്റ്റാവസ്‌ ക, കാള്‍ ലിനായസ്‌, എമ്മാനുവർ സ്വീഡന്‍ബർഗ്‌ എന്നിവരുടെ ശവകുടീരങ്ങള്‍ ഈ പള്ളിവളപ്പിലാണുള്ളത്‌.

ആർച്ച്‌ബിഷപ്പ്‌ യാക്കോബ്‌ ഉള്‍ഫ്‌സണ്‍ 1477-ൽ സ്ഥാപിച്ച ഉപ്‌സാല സർവകലാശാല സ്വീഡനിലെ വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രമായി പ്രവർത്തിക്കുന്നു. സ്വീഡനിലെ ആദ്യത്തെ സർവകലാശാലയാണ്‌ ഇത്‌. വൈദ്യശാസ്‌ത്രം, നിയമം, ദൈവശാസ്‌ത്രം, അടിസ്ഥാന-മാനവികശാസ്‌ത്രങ്ങള്‍ എന്നീ വിഷയങ്ങള്‍ക്ക്‌ ഇവിടെ പ്രതേ്യക പ്രാധാന്യം നല്‌കിവരുന്നുണ്ട്‌.

സ്വീഡനിലെ രണ്ടാമത്തെ വലിയ ഗ്രന്ഥശാലയായ കരോലിനാറെഡിവിവാ (യൂണിവേഴ്‌സിറ്റി ലൈബ്രറി-1841) ഇവിടെയാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌. സ്വീഡീഷ്‌ രാജാവായ ഗുസ്റ്റാവസ്‌ വാസായുടെ കൊട്ടാരം ഉപ്‌സാലയിലെ പ്രധാന ആകർഷണമാണ്‌. ഈ കൊട്ടാരത്തിൽ വച്ചാണ്‌ 1654-ൽ ക്രിസ്റ്റീനാ രാജ്ഞി അധികാരമൊഴിഞ്ഞത്‌. ഉപ്‌സാലയിലെ മറ്റു പ്രധാന കേന്ദ്രങ്ങളാണ്‌ കാള്‍ ഫൊണ്‍ ലിനായസ്‌ സ്ഥാപിച്ചിട്ടുള്ള ബൊട്ടാണിക്‌ ഗാർഡന്‍, ആന്‍ഡേഴ്‌സ്‌ സെൽസിയുസ്‌ സ്ഥാപിച്ച വാനനിരീക്ഷണാലയം, ഈജിപ്‌ഷ്യന്‍ പുരാവസ്‌തു ശേഖരങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വിക്‌റ്റോറിയാമ്യൂസിയം എന്നിവ. കാർഷിക പ്രദേശമായിരുന്ന ഉപ്‌സാല റെയിൽവേയുടെ ആവിർഭാവത്തോടെ, 1860-ൽ വ്യവസായികനഗരമായിത്തീർന്നു. അച്ചടിയന്ത്രനിർമാണം, വ്യാവസായിക യന്ത്രനിർമാണം, ഭക്ഷ്യസംസ്‌കരണം എന്നീ വ്യവസായങ്ങള്‍ ഇവിടെ വികാസം പ്രാപിച്ചിട്ടുണ്ട്‌. സ്റ്റോക്ക്‌ഹോം, റിംബോ, ഗേവ്‌ൽ, ക്രിൽബോ, എന്‍കോപിംഗ്‌ എന്നീ നഗരങ്ങളുമായി റെയിൽവേമൂലം ബന്ധപ്പെടുത്തിയിരിക്കുന്നു. ഒരു സൈനികകേന്ദ്രംകൂടിയാണ്‌ ഉപ്‌സാല. പേഗണ്‍ (Pagan) കാലഘട്ടത്തിൽ സ്വീഡന്റെ തലസ്ഥാനമായിരുന്ന "ഗാംല ഉപ്‌സാല'യുടെ ഭഗ്നാവശിഷ്‌ടങ്ങള്‍ ഇന്നത്തെ നഗരത്തിൽനിന്നു നാല്‌ കി.മീ. അകലത്തു കാണപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AA%E0%B5%8D%E2%80%8C%E0%B4%B8%E0%B4%BE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍