This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദ്യോതകരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:04, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉദ്യോതകരന്‍

പ്രാചീന നൈയായികന്‍. "ഭാരദ്വാജന്‍', "പാശുപതാചാര്യന്‍' എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. ഉദ്യോതകരന്‍ പാശുപതശൈവനായതുകൊണ്ടാണു പാശുപതാചാര്യന്‍ എന്നു പേരു കിട്ടിയത്‌. ന്യായവാർത്തികം മാത്രമാണ്‌ ഇദ്ദേഹത്തിന്റെ കൃതി. സുബന്ധു വാസവദത്തത്തിൽ ഉദ്യോതകരനെ ന്യായത്തിന്റെ പരിരക്ഷകനായി സ്‌മരിച്ചിട്ടുണ്ട്‌. ന്യായഭാഷ്യത്തിനുശേഷമാണ്‌ ന്യായവാർത്തികം എഴുതിയതെന്ന്‌ ഉദ്യോതകരന്‍ തന്നെ അതിന്റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നു. ബാണന്‍ ഹർഷചരിതത്തിൽ വാസവദത്തയെക്കുറിച്ചു പരാമർശിക്കുന്നതുകൊണ്ട്‌ ബാണനു മുമ്പാണ്‌ ഉദ്യോതകരന്റെ ജീവിതകാലമെന്നു നിശ്ചയിക്കാം. രാജാവായ ഹർഷവർധനന്റെ കാലത്താണ്‌ ബാണന്‍ ജീവിച്ചിരുന്നത്‌. അക്കാലത്തുതന്നെയാണ്‌ ഹ്യുയാന്‍ത്‌സാങ്‌ ഭാരതം സന്ദർശിച്ചതും. ഇക്കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്‌ എ.ഡി. 635-ന്‌ അടുത്താണ്‌ ഉദ്യോതകരന്റെ കാലമെന്ന്‌ കരുതാം. ന്യായവാർത്തികത്തിൽ ശ്രുഘ്‌നദേശത്തെക്കുറിച്ച്‌ പരാമർശമുണ്ട്‌. ശ്രുഘ്‌നനഗരവുമായി അക്കാലത്ത്‌ റോഡുകൊണ്ടു ബന്ധിച്ചിരുന്ന താനേശ്വരത്താണ്‌ ഉദ്യോതകരന്‍ സ്വജീവിതം നയിച്ചിരുന്നതെന്ന്‌ ഇതിൽ നിന്ന്‌ ഊഹിക്കപ്പെടുന്നു. ഇദ്ദേഹം താനേശ്വരത്തെ ആസ്ഥാനപണ്ഡിതനായിരുന്നെന്ന അഭിപ്രായവും സംഗതമാണ്‌. കാശ്‌മീരാണ്‌ ഉദ്യോതകരന്റെ ജന്മസ്ഥലമെന്ന്‌ വിചാരിക്കുന്ന പണ്ഡിതന്മാരുമുണ്ട്‌.

ന്യായവാർത്തികത്തിനു ന്യായശാസ്‌ത്രത്തിൽ സമുന്നതമായ സ്ഥാനമാണുള്ളത്‌. ന്യായസൂത്രവും അതിനുള്ള വാത്സ്യായനഭാഷ്യവും നന്നായി ഉള്‍ക്കൊണ്ട്‌ ശാസ്‌ത്രത്തിന്റെ പോരായ്‌മകള്‍ പരിഹരിച്ചു രചിച്ചതാണ്‌ ന്യായവാർത്തികം. വാർത്തികമെന്നത്‌ ഒരു പ്രത്യേകതരം രചനയാണ്‌. പറഞ്ഞതും പറയാത്തതും ആവർത്തിച്ചു പറഞ്ഞതുമായ കാര്യങ്ങളെപ്പറ്റി ഹേതുക്കളുടെയും പ്രമാണങ്ങളുടെയും സഹായത്തോടെ ചെയ്യുന്ന പരിചിന്തനമാണ്‌ വാർത്തികം; ന്യായവാർത്തികത്തിന്‌ ഈ ലക്ഷണം നന്നായി ചേരും.

യുക്തിയുടെ വെളിച്ചത്തിൽ വേദത്തിനും ഈശ്വരനും പ്രാമാണ്യം കാണാന്‍ ശ്രമിച്ച ന്യായശാസ്‌ത്രത്തിനു ബൗദ്ധ പക്ഷത്തു നിന്നു ശക്തമായ എതിർപ്പു നേരിടേണ്ടി വന്നു. ബൗദ്ധന്മാർ സ്വന്തമായി ഒരു ന്യായശാഖതന്നെ സ്ഥാപിച്ച്‌ അക്ഷപാദദർശനത്തെ അസ്‌തപ്രഭമാക്കാന്‍ ശ്രമിച്ചു. അവരിൽ പ്രമുഖരായ ദിങ്‌നാഗന്‍, വസുബന്ധു, നാഗാർജുനന്‍ എന്നിവരുടെ വാദഗതികളെ ഖണ്ഡിക്കാനാണ്‌ ഉദ്യോതകരന്‍ ന്യായവാർത്തികം രചിച്ചത്‌. കുതാർക്കികന്മാരുടെ അജ്ഞാനത്തിനു മറുമരുന്നായാണ്‌ ഈ കൃതി രചിക്കുന്നതെന്ന്‌ തുടക്കത്തിൽ പ്രസ്‌താവമുണ്ട്‌ (കുതാർക്കികാജ്ഞാനനിവൃത്തിഹേതുകരിഷ്യതേ തസ്യ മയാ നിബന്ധ).

വിപരീതദൃഷ്‌ടാന്തത്തെ അപഗ്രഥിക്കുന്ന വാർത്തികഭാഗത്ത്‌ വസുബന്ധുവിനെ സ്വതഃസിദ്ധമായ സോലുണ്‌ഠനശൈലിയിലാണ്‌ ഉദ്യോതകരന്‍ വിമർശിച്ചിരിക്കുന്നത്‌. "ഈ വാക്യംകൊണ്ടു താന്‍ മഹാനൈയായികനാണെന്നു പ്രഖ്യാപിച്ചിരിക്കുന്നു'. (അനേനവാക്യേന മഹാനൈയായികത്വമാത്മനഃ ഖ്യാപിതം ഭവതി). പ്രതിജ്ഞയും ഹേതുവും ഉദാഹരണവും ശരിയായ രീതിയിലല്ല അക്ഷപാദന്‍ വിവേചിപ്പിച്ചിരിക്കുന്നതെന്നാണ്‌ വസുബന്ധുവിന്റെ പക്ഷം. അവയെക്കുറിച്ച്‌ തനിക്കു പറയാനുള്ളത്‌ പറഞ്ഞിരിക്കെ ഒരു തിരിച്ചടി മാത്രമേ ഉദ്യോതകരന്‍ ആവശ്യമായി കാണുന്നുള്ളൂ. അതു സരസമായും ശക്തമായും നിർവഹിച്ചിട്ടുണ്ടുതാനും. ഈ പ്രകരണത്തിലാണ്‌ നാഗാർജുനന്റെ ദൃഷ്‌ടാന്തനിർവചനത്തെയും ഖണ്ഡിച്ചിട്ടുള്ളത്‌.

ഉദ്യോതകരന്‍ ദിങ്‌നാഗനെ "ഭദന്തന്‍' (മാന്യനായ ബുദ്ധസന്ന്യാസി) എന്നാണു വിളിക്കുന്നത്‌. ന്യായവാർത്തികത്തിൽ ദിങ്‌നാഗന്റെ പ്രത്യക്ഷപ്രമാണത്തെ നിശിതമായി വിമർശിക്കുകയും പ്രത്യക്ഷത്തിനു കാരണമായ ഇന്ദ്രിയാർഥസന്നികർഷത്തെ വിശദമായി അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്‌. ഇന്ദ്രിയാർഥസന്നികർഷം ആറുവിധത്തിലാണ്‌. സംയോഗം, സംയുക്തസമവായം, സംയുക്തസമവേതസമവായം, സമവായം, സമവേതസമവായം, വിശേഷണത എന്നിവയാണ്‌ അവ. ഘടം പ്രത്യക്ഷമാകുന്നതു ചക്ഷുരിന്ദ്രിയവും ഘടവും തമ്മിലുള്ള സംയോഗം കൊണ്ടാണ്‌. ഘടത്തിന്റെ രൂപം കാണാന്‍ സംയുക്തസമവായം വേണം. രൂപത്തിലെ രൂപത്വപ്രതീതിക്കു സംയുക്തസമവേതസമവായമാണ്‌ വേണ്ടത്‌. കർണശഷ്‌കുലിയിലുള്ള ശബ്‌ദത്തെ അറിയുന്നത്‌ സമവായത്തിലൂടെയാണ്‌. ശബ്‌ദത്തിലെ ശബ്‌ദത്തെ ഗ്രഹിക്കാന്‍ സമവേതസമവായമാണ്‌ ഉതകുക. അഭാവത്തിന്റെ പ്രത്യക്ഷത്തിനാണ്‌ വിശേഷണത ആവശ്യം.

ന്യായവാർത്തികത്തിൽ ബൗദ്ധന്മാരുടെ ആത്മനിഷേധവാദത്തെ ഇങ്ങനെ നിരാകരിക്കുന്നു. "ഞാന്‍' എന്നതു രൂപം (ആകൃതി), വേദന (ഇന്ദ്രിയാനുഭൂതി), സംജ്ഞ (മാനസികാനുഭൂതി), സംസ്‌കാരം (മനോമുദ്ര), വിജ്ഞാനം (അറിവ്‌) എന്നിവ ഒന്നുമല്ലെന്ന്‌ ബൗദ്ധന്മാർ പറയുന്നു. പഞ്ചസ്‌കന്ധബാഹ്യമായ ആ തത്ത്വം തന്നെയാണ്‌ ആത്മാവ്‌. ആത്മാവിനെ നിരസിക്കയാണെങ്കിൽ ബൗദ്ധന്മാർക്ക്‌ അവരുടെ വാക്യത്തിന്‌ അർഥം പറയാന്‍ കഴിയാതെ വരും'. ഉദ്യോതകരന്‍ ചർച്ച ഇങ്ങനെ അവസാനിപ്പിക്കുന്നു: "അല്ലയോ ഭിക്ഷുക്കളേ, ഭാരവും ഭാരഹരനും ആരെന്നു ഞാന്‍ പഠിപ്പിക്കാം. പഞ്ചസ്‌കന്ധമാണ്‌ ഭാരം; ഭാരഹരന്‍ (ഭാരം പേറുന്നവന്‍) പുദ്‌ഗലവും (ആത്മാവും)'.

(കെ. വിജയന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍