This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദ്ദാമ്‌സിങ്‌ ഷഹീദ്‌ (സർദാർ) (1899 - 1940)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദ്ദാമ്‌സിങ്‌ ഷഹീദ്‌ (സർദാർ) (1899 - 1940)

ഉദ്ദാമ്‌സിങ്‌ ഷഹീദ്‌

അമൃതസരസ്സിൽ ജാലിയന്‍വാലാ ബാഗ്‌ കൂട്ടക്കൊലയ്‌ക്ക്‌ (1919 ഏ. 13) നേതൃത്വം നല്‌കിയ പഞ്ചാബ്‌ ഗവർണർ മൈക്കേൽ ഒ ഡയറെ, അക്കാരണംകൊണ്ട്‌ 1940-ൽ ഇംഗ്ലണ്ടിലെ ഡവണ്‍ഷയറിൽ വച്ച്‌ വെടിവച്ചുകൊന്ന ഇന്ത്യന്‍ വിപ്ലവകാരി. പഞ്ചാബിലെ സാങ്‌രൂർ ജില്ലയിലുള്‍പ്പെട്ട സുനാംഗ്രാമത്തിൽ സർദാർ തേഹൽസിങ്‌ കാംഭോജ എന്ന ഒരു റയിൽവേഗേറ്റ്‌ കാവൽക്കാരന്റെ പുത്രനായി 1899 ഡി. 28-ന്‌ ഉദ്ദാമ്‌സിങ്‌ ജനിച്ചു. ഉദ്ദാമിന്‌ 20 വയസ്സുള്ളപ്പോഴാണ്‌ ജാലിയന്‍വാലാ ബാഗ്‌ കൂട്ടക്കൊല നടക്കുന്നത്‌. ആ ഭീകരമായ വെടിവയ്‌പിൽ ചില പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും തുടർന്നുണ്ടായ കേസിൽ ഉദ്ദാമ്‌സിങ്ങിന്‌ അഞ്ചുകൊല്ലത്തെ ജയിൽവാസം അനുഭവിക്കേണ്ടിവന്നു. ജയിൽമോചിതനായശേഷവും രഹസ്യപ്പൊലീസുകാർ പിന്തുടർന്നതിനാൽ പ്രതികാരവാഞ്‌ഛയോടെ ഇദ്ദേഹം ഇന്ത്യവിട്ട്‌ യൂറോപ്പിലെത്തി. പിന്നീട്‌ യു.എസ്സിലേക്കു പോവുകയും ആധുനികവിദ്യാഭ്യാസം ആർജിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും അത്‌ പൂർത്തിയാക്കാതെ 1937-ൽ ഇംഗ്ലണ്ടിലെത്തിയ ഉദ്ദാമ്‌ ഒ ഡയറെ വധിക്കാനുള്ള അവസരം പാർത്തുകഴിഞ്ഞു. ഇന്ത്യയിൽ ജോലിയിൽനിന്ന്‌ വിരമിച്ചതിനുശേഷം ഒ ഡയർ സ്ഥിരതാമസമാക്കിയ ഡവണ്‍ഷയറിലെ തെള്‍സ്റ്റണിൽ ഉദ്ദാമ്‌സിങ്ങും രഹസ്യമായി ചെന്നെത്തി. 1940 മാ. 13-ന്‌ സെറ്റ്‌ലാന്‍ഡ്‌ പ്രഭുവിന്റെ അധ്യക്ഷതയിൽ കാക്‌സ്റ്റണ്‍ ഹാളിൽ കൂടിയ റോയൽ സെന്‍ട്രൽ ഏഷ്യന്‍ സൊസൈറ്റിയുടെ യോഗത്തിലാണ്‌ ഉദ്ദാമ്‌സിങ്ങിന്‌ ചിരപ്രതിഷ്‌ഠിതമായ അവസരം കൈവന്നത്‌. പ്രഭാഷണത്തിനുശേഷം മൈക്കേൽ ഒ ഡയർ ഇരിക്കാന്‍ ഭാവിച്ചപ്പോള്‍ സദസ്സിന്റെ മുന്‍വരികള്‍ക്കടുത്ത്‌ നിലയുറപ്പിച്ചിരുന്ന ഉദ്ദാമ്‌സിങ്‌ ഡയറിനുനേരെ വെടിയുതിർക്കുകയായിരുന്നു. ഓള്‍ഡ്‌ ബെയ്‌ലി കോടതിയിലെ വിധിയനുസരിച്ച്‌ 1940 ജൂല. 31-ന്‌ വെന്‍റോണ്‍വില്ലി ജയിലിൽവച്ച്‌ ഉദ്ദാമ്‌സിങ്ങിനെ തൂക്കിക്കൊന്നു. മുപ്പതിലേറെ വർഷങ്ങള്‍ക്കുശേഷം ഉദ്ദാമ്‌സിങ്ങിന്റെ ഭൗതികാവശിഷ്‌ടങ്ങള്‍ അപൂർവദേശീയ ബഹുമതികളോടുകൂടി ഇന്ത്യയിൽ കൊണ്ടുവന്ന്‌ അദ്ദേഹത്തിന്റെ ജന്മദേശത്തു സംസ്‌കരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍