This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയഭാനു, കെ.പി. (1936 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദയഭാനു, കെ.പി. (1936 - )

കെ.പി. ഉദയഭാനു

പിന്നണി ഗായകന്‍. പാലക്കാട്‌ ജില്ലയിലെ തരൂരിൽ 1936 ജൂണ്‍ 6-ന്‌ എന്‍.എസ്‌. വർമയുടെയും അമ്മു നേത്യാരമ്മയുടെയും മകനായി ജനിച്ചു. സ്വാതന്ത്യ്ര സമരനേതാവും മാതൃഭൂമി സ്ഥാപകനുമായ കെ.പി. കേശവമേനോന്‍ അമ്മാവനാണ്‌.

സിംഗപ്പൂരാണ്‌ ഉദയഭാനു കുട്ടിക്കാലം ചെലവഴിച്ചത്‌. ഏഴാം വയസ്സിൽ അമ്മയെ നഷ്‌ടപ്പെട്ടതോടെ നാട്ടിൽ തിരിച്ചെത്തിയ ഉദയഭാനു അമ്മാവന്‍ കെ.പി. അപ്പുക്കുട്ടമേനോന്റെ മേൽനോട്ടത്തിൽ സഹോദരങ്ങളോടൊപ്പം വളർന്നു. കൽപ്പാത്തിയിലെ ത്യാഗരാജ സംഗീത വിദ്യാലയത്തിൽ ചേർന്ന ഉദയഭാനുവിന്‌ സംഗീത ഇതിഹാസങ്ങളായ ഓടക്കുഴൽ കൃഷ്‌ണ അയ്യർ, പാലക്കാട്‌ മണി അയ്യർ, എം.ഡി. രാമനാഥന്‍ തുടങ്ങിയവരുടെ ശിക്ഷണം ലഭിച്ചു. നല്ല രീതിയിലുള്ള ശിക്ഷണം പരമ്പരാഗത ശാസ്‌ത്രീയ സംഗീതത്തിൽ ലഭിച്ചെങ്കിലും ലളിതഗാനവും പിന്നണി പാടുന്നതും ആയിരുന്നു അദ്ദേഹം തെരഞ്ഞെടുത്ത മേഖല.

കോഴിക്കോട്‌ ആകാശവാണിയിൽ 1955-ൽ അനൗണ്‍സർ ആയിട്ടാണ്‌ ഉദയഭാനു തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. ആകാശവാണിയിലെ ജോലി പി. ഭാസ്‌കരന്‍, കെ. രാഘവന്‍, തിക്കോടിയന്‍, ശാന്ത പി. നായർ, കെ. പദ്‌മനാഭന്‍ നായർ തുടങ്ങിയ അനുഗ്രഹീതരായ ഒരു കൂട്ടം എഴുത്തുകാരും സംഗീതജ്ഞരുമായി അടുത്ത ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായകമായി. ചലച്ചിത്ര ഗാനരംഗത്തേക്കുള്ള വഴി തുറന്നു കിട്ടുന്നതിനും ഇതു കാരണമായി. ഗാന രചയിതാവ്‌ എന്നതിനൊപ്പംതന്നെ മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ക്ക്‌ സ്വരം പകരുകയും ചെയ്‌തിട്ടുണ്ട്‌ ഉദയഭാനു.

1958-ൽ നായരുപിടിച്ച പുലിവാല്‌ എന്ന ചിത്രത്തിലൂടെയാണ്‌ ഉദയഭാനു പിന്നണിഗായകനായി തുടക്കം കുറിക്കുന്നത്‌. "എന്തിനിത്ര പഞ്ചസാര' എന്ന തുടങ്ങുന്ന ഒരു സോളോ പി. ലീലയോടൊപ്പം "വെളുത്ത പെച്ചേ' എന്നു തുടങ്ങുന്ന ഒരു യുഗ്മഗാനം എന്നിവ ആ ചിത്രത്തിൽ അദ്ദേഹം പാടിയ പാട്ടുകളാണ്‌. ഉദയഭാനു പാടിയ 60-ഓളം ഗാനങ്ങള്‍ സൂപ്പർ ഹിറ്റുകളായി മാറി. അദ്ദേഹത്തിന്റെ ഗാനലോകം കാലാതീതമായ "കാനനച്ഛായയിലാടുമേയ്‌ക്കാന്‍' (പി. ലീലയോടൊപ്പം രമണനിൽ), "അനുരാഗ നാടകത്തിന്‍' (നിണമണിഞ്ഞ കാൽപ്പാടുകള്‍), ""താമരത്തുമ്പീ വാ വാ (ലീലയോടൊപ്പം പുതിയ ആകാശം പുതിയ ഭൂമി) തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്‌. സമസ്യ, മയിൽപ്പീലി എന്നിങ്ങനെ ഏതാനും ചിത്രങ്ങളിൽ സംഗീതസംവിധായകനായും ഇദ്ദേഹം പ്രവർത്തിച്ചു. സമസ്യ എന്ന ചിത്രത്തിനു ഒ.എന്‍.വി. എഴുതി കെ.ജെ. യേശുദാസ്‌ ആലപിച്ച "കിളി ചിലച്ചു' എന്ന ഗാനം അദ്ദേഹം സംഗീതസംവിധാനം ചെയ്‌തവയിൽ മറക്കാനാവാത്ത ഒന്നാണ്‌. 1984-ൽ മലയാള ചലച്ചിത്ര സംഗീതത്തിന്റെ സുവർണകാലത്തിന്റെ പുനർജീവനത്തിനുവേണ്ടി "ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌' ഗാനമേള ട്രൂപ്പ്‌ രൂപീകരിച്ചു. കേരള സ്റ്റേറ്റ്‌ സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം എന്നിവയിൽ അംഗമായിരുന്നു.

(പി. സന്ദീപ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍