This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിമേനോന്‍ (1957 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:19, 21 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉണ്ണിമേനോന്‍ (1957 - )

ഉണ്ണിമേനോന്‍

പിന്നണി ഗായകന്‍. തൃശൂർജില്ലയിലെ ഗുരുവായൂരിൽ 1957 ഡി. 2-ന്‌ ജനിച്ചു. തമിഴ്‌നാട്‌ പൊലീസിൽ ഉദ്യോഗസ്ഥനായിരുന്ന വി.കെ.എസ്‌. മേനോനും മാലതിയുമാണ്‌ മാതാപിതാക്കള്‍. ഗുരുവായൂരും പാലക്കാടുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട്‌ പാലക്കാട്‌ ഗവണ്‍മെന്റ്‌ വിക്‌ടോറിയ കോളജിൽനിന്നും ഫിസിക്‌സിൽ ബിരുദം കരസ്ഥമാക്കി. ബാല്യത്തിലേ സംഗീതാഭിരുചി പ്രകടിപ്പിച്ച ഉണ്ണിമേനോന്‍ സ്‌കൂള്‍-കോളജ്‌ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. മലയാള ചലച്ചിത്ര പിന്നണി ഗായകനായി രംഗത്തുവന്ന ഉണ്ണിമേനോന്‍ തമിഴ്‌, തെലുഗു, കന്നഡ ചലച്ചിത്രങ്ങളിലായി 3000-ത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്‌. 1981-82-ൽ ബി.എ. ചിദംബരനാഥിന്റെ സംഗീതസംവിധാനത്തിൽ പാടിയ "അമുധും തേനും' ആണ്‌ ഇദ്ദേഹത്തിന്റെ ആദ്യഗാനം. "കടത്ത്‌' എന്ന ചിത്രത്തിൽ പാടിയ "ഓളങ്ങള്‍ താളം തുള്ളുമ്പോള്‍', "പുന്നാരേ പൂന്തിങ്കളേ' തുടങ്ങിയ ഗാനങ്ങളിലൂടെയാണ്‌ മലയാളസിനിമാരംഗത്ത്‌ ശ്രദ്ധിക്കപ്പെട്ടത്‌. "കടത്തി'ലെ ഗാനങ്ങള്‍ വിജയമായതോടെ ശ്യാം സംഗീതസംവിധാനം നിർവഹിച്ച "ഈനാട്‌', "മുന്നേറ്റം', "ആരോരുമറിയാതെ', "അക്ഷരങ്ങള്‍' തുടങ്ങി നിരവധി ചിത്രങ്ങളിൽ ഉണ്ണിമേനോന്‌ പാടാന്‍ അവസരം ലഭിച്ചു. ചലച്ചിത്രരം ഗത്തുനിന്നും ശ്യാമിന്റെ പിന്മാറ്റം ഉണ്ണിമേനോന്റെ കരിയറെയും ബാധിച്ചു. ഈ കാലയളവിൽ രാഗഗീതി, രാഗലഹരി തുടങ്ങി നിരവധി സ്വകാര്യ ആൽബങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഉണ്ണിമേനോന്‍ ഇടംനേടി.

ഇളയരാജയുമായുണ്ടായ സൗഹൃദം 1980-കളിൽ ചില ഹിറ്റ്‌ ഗാനങ്ങള്‍ ഉണ്ണിമേനോന്‌ നല്‌കി. ഉണ്ണിമേനോന്റെ സംഗീതജീവിതത്തിലെ വഴിത്തിരിവ്‌ 1992-ൽ എ.ആർ. റഹ്‌മാന്റെ സംഗീതസംവിധാനത്തിൽ "റോജ' എന്ന ചലച്ചിത്രത്തിനുവേണ്ടി പാടിയ "പുതുവെള്ളൈ മഴൈയ്‌...' എന്നു തുടങ്ങുന്ന ഗാനമായിരുന്നു. റഹ്‌മാന്റെ സംഗീതത്തിൽ 25-ഓളം ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചതോടെ തമിഴിലും തെലുഗുവിലും നിരവധി ചലച്ചിത്രഗാനങ്ങള്‍ പാടാനുള്ള അവസരം ലഭിച്ചു. 2003-ൽ ഉണ്ണിമേനോന്‍ "സ്ഥിതി' എന്ന മലയാള ചലച്ചിത്രത്തിൽ ഗാനരചന നിർവഹിക്കുകയും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്‌. 90-കളിൽ മലയാള ചലച്ചിത്രരംഗത്ത്‌ അത്ര സജീവമല്ലായിരുന്നെങ്കിലും ആൽബങ്ങളിലൂടെയും സ്റ്റേജ്‌ഷോകളിലൂടെയും ഉണ്ണിമേനോന്‍ മലയാളികള്‍ക്കിടയിൽ സാന്നിധ്യമറിയിച്ചു. 2011-ൽ മലയാള ചലച്ചിത്രങ്ങളായ "സ്‌പിരിറ്റ്‌', "ബ്യൂട്ടിഫുള്‍' എന്നിവയിലൂടെ തിരിച്ചുവരവ്‌ അറിയിച്ച ഉണ്ണിമേനോന്‌ 2011-ലെ മികച്ച പിന്നണി ഗായകനുള്ള ഫിലിം ഗൈഡന്‍സ്‌ സൊസൈറ്റി അവാർഡ്‌ ലഭിച്ചു (ബ്യൂട്ടിഫുള്ളിലെ "മഴനീർത്തുള്ളികള്‍' എന്ന ഗാനം). തമിഴ്‌നാട്‌ സർക്കാരിന്റെ 1996-ലെയും 2002-ലെയും മികച്ച പിന്നണിഗായകനുള്ള അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍