This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിമൂസ (? - 1799)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉണ്ണിമൂസ (? - 1799)

18-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ ടിപ്പുവോടൊത്ത്‌ ബ്രിട്ടീഷുകാരെ എതിര്‍ത്ത ഒരു മലബാര്‍ മുസ്‌ലിം നേതാവ്‌. ഉണ്ണിമൂസയുടെ ആദ്യകാലജീവിതത്തെക്കുറിച്ച്‌ കാര്യമായ വിവരമൊന്നും ലഭ്യമല്ല. ഒരു ജനനേതാവെന്ന നിലയില്‍ ഇദ്ദേഹത്തിന്റെ കഴിവും ഭരണസാമര്‍ഥ്യവും മനസ്സിലാക്കിയ അര്‍ഷദ്‌ബെഗ്‌ഖാന്‍ (ടിപ്പുസുല്‍ത്താന്റെ പ്രതിനിധി) 1786-ല്‍ ഉണ്ണിമൂസയ്‌ക്ക്‌ അദ്ദേഹത്തിന്റെ കീഴില്‍ നല്ലൊരു ഉദ്യോഗം നല്‌കുകയും സഹായത്തിനായി ടിപ്പുസുല്‍ത്താന്റെ സ്ഥിരം ഉദ്യോഗസ്ഥന്മാരില്‍ നിന്ന്‌ 100 പേരെ അനുവദിച്ചുകൊടുക്കുകയും ചെയ്‌തു.

1792-ലാണ്‌ മലബാറിന്റെ ഭരണസാരഥ്യം ബ്രിട്ടീഷുകാര്‍ കൈയടക്കുന്നത്‌. അന്നുമുതല്‍ പല പ്രലോഭനങ്ങളും നടത്തി ഉണ്ണിമൂസയെ സ്വാധീനിക്കുവാന്‍ കമ്പനിക്കാര്‍ ശ്രമിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. പശ്ചിമഘട്ടത്തിന്റെ അടിവാരത്തില്‍ സുരക്ഷിതമായ ഒരു കോട്ടയായിരുന്നു ഉണ്ണിമൂസയുടെ പ്രവര്‍ത്തനകേന്ദ്രം. തിരിയങ്കനൂര്‍ എന്ന പേരിലായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്‌. ആയുധധാരികളായ നൂറു ഭടന്മാര്‍ എപ്പോഴും ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ബ്രിട്ടീഷുകാരുമായി തെറ്റിയ പഴശ്ശിരാജാവിനെ സഹായിക്കുവാന്‍ മുന്നോട്ടുവന്ന ഉണ്ണിമൂസയെയും ഇദ്ദേഹത്തിന്റെ സഹചാരിയായ ഹൈദ്രാസിനെയും പിന്തിരിപ്പിക്കുവാന്‍ തീവ്രശ്രമങ്ങള്‍ നടന്നു. മേജര്‍ ഡവ്‌ ആയിരുന്നു ഇതിനുവേണ്ടി നിയുക്തനായത്‌. ആ നീക്കവും പരാജയപ്പെട്ടപ്പോള്‍ ക്യാപ്‌റ്റന്‍ ബര്‍ച്ചല്‍ ഒരു സായുധസൈന്യവുമായി ഉണ്ണിമൂസയെ ആക്രമിച്ചു. അവര്‍ വീടുവളഞ്ഞെങ്കിലും ഇദ്ദേഹം രക്ഷപ്പെടുകയാണുണ്ടായത്‌.

1793-ല്‍ സാമൂതിരി കമ്പനിക്കാരുമായി ഇടഞ്ഞ സാഹചര്യത്തില്‍ ഉണ്ണിമൂസ സാമൂതിരിയുടെ സഹായത്തിനെത്തി. 1794-ല്‍ ഉണ്ണിമൂസയുമായി ഒരു സന്ധിസംഭാഷണത്തിന്‌ കമ്പനിക്കാര്‍ തയ്യാറായി; കരാറനുസരിച്ച്‌ ഇലംപുളാശ്ശേരി ഗ്രാമം ഉണ്ണിമൂസയ്‌ക്കു വിട്ടുകൊടുക്കാമെന്നും പ്രതിവര്‍ഷം 1,000 രൂപ പെന്‍ഷന്‍ നല്‌കാമെന്നും കമ്പനിക്കാര്‍ സമ്മതിച്ചുവെങ്കിലും ഉണ്ണിമൂസമൂപ്പന്‍ അതു നിരാകരിക്കുകയാണു ചെയ്‌തത്‌. ഇതോടുകൂടി കമ്പനിക്കാര്‍ക്കു വിദ്വേഷം വര്‍ധിച്ചു. ഇദ്ദേഹത്തെ പിടിച്ചുകൊടുക്കുന്നവര്‍ക്ക്‌ കമ്പനി 5,000 രൂപ വാഗ്‌ദത്തം ചെയ്‌തു. ക്യാപ്‌റ്റന്‍ മക്ക്‌ഡനോള്‍ഡിന്റെ നേതൃത്വത്തില്‍ ഒരു സായുധസേന ഉണ്ണിമൂസയുടെ പ്രവര്‍ത്തനകേന്ദ്രമായ പന്തലൂര്‍മലയും അവരുടെ രക്ഷാഭവനങ്ങളും വളഞ്ഞു നശിപ്പിച്ചു. ഉണ്ണിമൂസ അപ്പോഴും അവരുടെ പിടിയില്‍നിന്ന്‌ വഴുതിപ്പോയി. തുടര്‍ന്ന്‌ കമ്പനിക്കാര്‍ അടവൊന്നു മാറ്റി. ഉണ്ണിമൂസയ്‌ക്ക്‌ മാപ്പുനല്‌കുവാന്‍ അവര്‍ തയ്യാറായി. പഴയ വാഗ്‌ദാനങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചെങ്കിലും ഉണ്ണിമൂസ അതെല്ലാം നിരസിച്ചു.

മുമ്പ്‌ ടിപ്പുസുല്‍ത്താനുവേണ്ടി നികുതി പിരിച്ച സ്ഥലങ്ങളില്‍ ഉണ്ണിമൂസ വീണ്ടും നികുതി പിരിവാരംഭിച്ചതോടെ കമ്പനിക്കാര്‍ കൂടുതല്‍ രോഷാകുലരായി. മാപ്പിളമാര്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള പുതിയങ്ങാടിത്തങ്ങളെ കമ്പനിക്കാര്‍ വശീകരിച്ചു. അദ്ദേഹത്തിന്റെ സ്വത്തുനികുതികള്‍ കമ്പനി ഇളവുചെയ്‌തു കൊടുത്തു. പുതിയങ്ങാടിത്തങ്ങളുടെ സഹകരണത്തോടെ ഉണ്ണിമൂസയ്‌ക്കെതിരായി നാട്ടുകാരെ അണിനിരത്താനുള്ള ശ്രമമായിരുന്നു അത്‌. ഉണ്ണിമൂസയുടെ പങ്കാളിയായിരുന്ന ചെമ്പന്‍പോക്കറെ അവര്‍ പാലക്കാട്ടുകോട്ടയില്‍ ബന്ധനസ്ഥനാക്കിയെങ്കിലും അവിടെനിന്നു രക്ഷപ്പെട്ട പോക്കര്‍ കൂടുതല്‍ ശക്തിയാര്‍ജിച്ച്‌ കമ്പനിസൈന്യവുമായി ഏറ്റുമുട്ടി; അവരെ തുരത്തി.

ഉണ്ണിമൂസയുടെയും അനുയായികളുടെയും പേരില്‍ എന്തെങ്കിലും കുറ്റങ്ങള്‍ ചുമത്തി നാട്ടുകാരെ വശീകരിക്കുവാനുള്ള പരിശ്രമവും കമ്പനിക്കാര്‍ ആരംഭിച്ചു. മണ്ണാറില്‍നിന്ന്‌ ഭീമനാട്ടിലേക്ക്‌ യാത്രചെയ്യുന്നവരില്‍ നിന്ന്‌ ഉണ്ണിമൂസ പരസ്യമായി ചുങ്കം പിരിക്കുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണങ്ങളെക്കുറിച്ച്‌ എന്തെങ്കിലും തെളിവുനല്‍കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. 1799-ല്‍ ഉണ്ണിമൂസയും ചെമ്പന്‍ പോക്കറും അത്തന്‍കുരുക്കളും തങ്ങളെ ആക്രമിക്കുവാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന്‌ കമ്പനിക്കാര്‍ പ്രസ്‌താവിച്ചു. ഇക്കാലത്ത്‌ കുറ്റ്യാടിയിലെത്തി ഇംഗ്ലീഷുകാരുമായി യുദ്ധമാരംഭിച്ച പഴശ്ശിരാജാവിന്‌ ഉണ്ണിമൂസയുടെ സഹായം ലഭ്യമായി. യുദ്ധത്തില്‍ ഉണ്ണിമൂസമൂപ്പന്‍ ബ്രിട്ടീഷുകാരുടെ വെടിയേറ്റുമരിച്ചു.

(പ്രാഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍