This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉടുക്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:52, 20 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉടുക്ക്‌

ഉടുക്ക്‌

ഒരു കേരളീയചർമവാദ്യം. അയ്യപ്പന്‍പാട്ടിന്റെ പക്കമേളമായാണ്‌ ഉടുക്ക്‌ കേരളത്തിൽ പ്രധാനമായും ഉപയോഗിച്ചുവരുന്നത്‌. മധ്യം ഇടുങ്ങി അഗ്രത്തേക്കു വികസിച്ചുവരുന്ന ഉടുക്കിന്റെ ആകൃതിക്ക്‌ ഇടയ്‌ക്കയോടു സാദൃശ്യമുണ്ട്‌. എന്നാൽ വലുപ്പത്തിൽ ഇടയ്‌ക്കയെക്കാള്‍ വളരെ ചെറുതാണ്‌ ഉടുക്ക്‌. രണ്ട്‌ ചിരട്ട പരസ്‌പരം പുറംതിരിച്ചു വച്ചാൽ ഉടുക്കിന്റെ ആകൃതിയാകും. ഇതിന്റെ വായ്‌വട്ടം തോലുകൊണ്ട്‌ മൂടിയിരിക്കും. രണ്ടഗ്രത്തുള്ള വായ്‌വട്ടങ്ങളെ തമ്മിൽ ബന്ധിക്കുന്നത്‌ ചരടുകൊണ്ടാണ്‌. ഈ വാറിന്റെ മധ്യത്തിൽ ഒരു കുടുക്കുചരടു ചുറ്റിയതിൽനിന്ന്‌ അരച്ചാണ്‍ നീളമുള്ള ഒരു പൊടിപ്പ്‌ തൂക്കിയിട്ടിരിക്കും. ഇതിൽ കരിവളകള്‍ ഇടുന്നു. ഈ കുടുക്കുചരടമർത്തിയും അയച്ചും വാറിന്‌ മുറുക്കവും അയവുംകൊടുത്താണ്‌ ശബ്‌ദവിഭേദങ്ങള്‍ ഉണ്ടാക്കുന്നത്‌. ഇടയ്‌ക്കയുടെ ശബ്‌ദത്തെക്കാള്‍ സ്‌നിഗ്‌ധമാണ്‌ ഉടുക്കിന്റേത്‌. ഈറമ്പനയുടെ നേരിയ നാര്‌ ഉടുക്കിന്റെ പിന്‍വായ്‌വട്ടത്തിന്റെ പുറമേ ഇരട്ടവരിയായി വിലങ്ങനെ ബന്ധിച്ചിരിക്കും. ഇടത്തുകൈവിരലുകൊണ്ട്‌ കുടുക്കുചരട്‌ അമർത്തുകയും ഒപ്പം മുന്‍വട്ടത്തിൽ കൊട്ടുകയും ചെയ്യുമ്പോള്‍ പിന്‍വട്ടത്തിനു പുറത്തുള്ള ഇരട്ടനാര്‌ പ്രകമ്പനം കൊള്ളുകയും നാദം പുറപ്പെടുവിക്കുകയും ചെയ്യും.

ശിവന്റെ ഇഷ്‌ടപ്പെട്ട വാദ്യമാണ്‌ ഉടുക്കെന്ന സങ്കല്‌പമുണ്ട്‌. നടരാജവിഗ്രഹങ്ങളിലും ചിത്രങ്ങളിലും ഒരു കൈയിൽ ഉടുക്കു കാണാം. ശിവന്റെ പ്രദോഷ നൃത്തസമയത്ത്‌ ഉടുക്കിൽനിന്ന്‌ ഉതിർന്ന നാദതരംഗങ്ങളാണ്‌ സംസ്‌കൃതഭാഷയുടെ അക്ഷരപ്രപഞ്ചത്തിന്റെ മൂലധ്വനി എന്നാണ്‌ ഐതിഹ്യം. ശ്രുതിക്കും മേളത്തിനും ഒരു പോലെ ഉടുക്ക്‌ പ്രയോജനപ്പെടുന്നു. സംഘഗാനങ്ങളുടെ പശ്ചാത്തലസംഗീതത്തിന്‌ സാധാരണയായി ഉടുക്ക്‌ ഉപയോഗിച്ചുവരുന്നതുകൊണ്ട്‌ ഇതൊരു വൃന്ദവാദ്യോപകരണം കൂടിയായിട്ടുണ്ട്‌. മാരിയമ്മന്‍ വിളക്കിന്‌ തമിഴ്‌നാട്ടുകാർ ഉടുക്കുപയോഗിക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍