This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉജ്ജൽസിങ്‌ (1895 - 1983)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉജ്ജല്‍സിങ്‌ (1895 - 1983)

സിക്കുനേതാവും തമിഴ്‌നാട്ടിലെ മുന്‍ ഗവര്‍ണറും. ഷാപൂര്‍ ജില്ലയിലെ (ഇപ്പോള്‍ പാകിസ്‌താന്‍) ഹദല്‍ ഗ്രാമത്തില്‍ സര്‍ദാര്‍ സുജന്‍സിങ്ങിന്റെയും ലക്ഷ്‌മീദേവിയുടെയും പുത്രനായി 1895-ഡി. 27-ന്‌ ഉജ്ജല്‍സിങ്‌ ജനിച്ചു. ലാഹോര്‍ ഗവണ്‍മെന്റ്‌ കോളജില്‍ നിന്നു ചരിത്രം ഐച്ഛികവിഷയമായെടുത്ത്‌ മാസ്റ്റര്‍ബിരുദം നേടി (1916). രാഷ്‌ട്രീയത്തിലും സിക്കുകാരുടെ പ്രശ്‌നങ്ങളിലും താത്‌പര്യം പ്രകടിപ്പിച്ച ഉജ്ജല്‍ സിക്കുകാരുടെ അന്നത്തെ ഏറ്റവും വലിയ സംഘടനയായ ചീഫ്‌ ഖല്‍സ ദിവാനില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. ലണ്ടനില്‍, പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ സിക്കുകാരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാനായി നിയോഗിച്ച നാലുപേരില്‍ ഒരാളായിരുന്നു ഉജ്ജല്‍സിങ്‌. 1926-ല്‍ പഞ്ചാബ്‌ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഉജ്ജല്‍സിങ്‌ തുടര്‍ന്ന്‌ ധനകാര്യ മന്ത്രിയായി. സൈമണ്‍ കമ്മിഷന്‍ മുമ്പാകെ തെളിവുനല്‍കുവാന്‍ പഞ്ചാബ്‌ ലെജിസ്ലേറ്റീവ്‌ കൗണ്‍സില്‍ രൂപീകരിച്ച കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്നു ഇദ്ദേഹം. കമ്മിഷന്റെ ശിപാര്‍ശകളെപ്പറ്റി ചര്‍ച്ചചെയ്യുവാന്‍ ലണ്ടനിലേക്കു ക്ഷണിക്കപ്പെട്ട ഇന്ത്യാക്കാരില്‍ ഉജ്ജല്‍സിങ്ങും ഉള്‍പ്പെട്ടിരുന്നു. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ സിക്കുകാരെ പ്രതിനിധീകരിച്ചത്‌ ഉജ്ജല്‍സിങ്ങും സംപൂരന്‍സിങ്ങുമാണ്‌. സംയുക്ത നിയോജകമണ്ഡലങ്ങളോട്‌ സിക്കുകാര്‍ക്കെതിര്‍പ്പുണ്ടായിരുന്നില്ലെങ്കിലും, മുസ്‌ലിങ്ങള്‍ക്കു പ്രത്യേക പ്രാതിനിധ്യം അനുവദിക്കുന്ന പക്ഷം അതേ ആനുകൂല്യം സിക്കുകാരും ആവശ്യപ്പെടുമെന്ന കാര്യം ഉജ്ജല്‍സിങ്‌ സമ്മേളനത്തില്‍ വ്യക്തമാക്കി. പഞ്ചാബില്‍ 30-ഉം കേന്ദ്രത്തില്‍ 5-ഉം ശതമാനം പ്രാതിനിധ്യത്തിനുപുറമേ, എറ്റവും കുറഞ്ഞത്‌ ഒരു സിക്കുകാരനെയെങ്കിലും കേന്ദ്രമന്ത്രിസഭയിലേക്കെടുക്കുവാനും ഉജ്ജല്‍സിങ്‌, സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പഞ്ചാബില്‍ ചില പ്രാദേശിക നീക്കുപോക്കുകള്‍ക്കു വേണ്ടിയുള്ള ഒരു ബദല്‍നിര്‍ദേശവും ഉജ്ജല്‍സിങ്‌ മുന്നോട്ടു വച്ചെങ്കിലും സമ്മേളനം ഇതു പരിഗണിക്കുകയുണ്ടായില്ല. 1932-ലെ "കമ്യൂണല്‍ അവാര്‍ഡി'നെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട്‌ ഉജ്ജല്‍സിങ്ങും സംപൂരന്‍സിങ്ങും ചേര്‍ന്ന്‌ ഒരു സംയുക്ത പ്രസ്‌താവന പുറപ്പെടുവിച്ചു. സുപ്രധാന ന്യൂനപക്ഷമെന്ന നിലയില്‍ സിക്കുകാരുടെ താത്‌പര്യങ്ങളെ കമ്യൂണല്‍ അവഗണിച്ചു എന്നതായിരുന്നു വിമര്‍ശനത്തിന്റെ കാതല്‍. 1942-ലെ "ക്രിപ്‌സ്‌മിഷനു'മായുള്ള കൂടിയാലോചനകളിലെ സിക്ക്‌ പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു ഉജ്ജല്‍സിങ്‌.

ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ പാകിസ്‌താന്‍ വാദത്തിന്‌ ഒരു തിരിച്ചടിയെന്നോണം "ആസാദ്‌ പഞ്ചാബ്‌' എന്ന വാദം ഉജ്ജല്‍സിങ്‌ ഉയര്‍ത്തി. പഞ്ചാബിന്റെ വിഭജനത്തെ അതിശക്തമായി എതിര്‍ത്തിരുന്ന ഇദ്ദേഹം വര്‍ഗീയ പ്രശ്‌നപരിഹാരത്തിനു സപ്രു കമ്മിറ്റിയുമായി സഹകരിക്കുവാന്‍ മുസ്‌ലിങ്ങള്‍ വിസമ്മതിച്ചപ്പോള്‍, സിക്കുകാരുടെ നിലപാട്‌ വിശദമാക്കിക്കൊണ്ടുള്ള ഒരു നിവേദനം തയ്യാറാക്കുകയും തങ്ങളുടെ താത്‌പര്യത്തിനുവേണ്ടി ശക്തിയായി വാദിക്കുകയും ചെയ്‌തു. 1945-46-ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം പഞ്ചാബ്‌ നിയമസഭയില്‍ പങ്‌തിക്‌ പാര്‍ട്ടി(കമ്യൂണിസ്റ്റുകള്‍ ഒഴിച്ചുള്ള, പാകിസ്‌താന്‍ വാദവിരോധികളുടെ ഒരു സംയുക്ത സംഘടന)യുടെ രണ്ട്‌ ഉപനേതാക്കളില്‍ ഒരാളായിരുന്നു ഉജ്ജല്‍സിങ്‌. തുടര്‍ന്നുണ്ടായ സിക്ക്‌ ആക്ഷന്‍ കൗണ്‍സിലിലും ഇദ്ദേഹം അംഗമായിരുന്നു. 1946 മാ. 6-ന്‌ ഉജ്ജല്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഒരു സംഘം, ഗവര്‍ണര്‍ ഇവാന്‍ ജെങ്കിന്‍സിനെ കാണുകയും പട്ടണവാസികളായ ഹിന്ദു-സിക്ക്‌ വിഭാഗങ്ങളുടെ രക്ഷയ്‌ക്കായി പട്ടാളത്തെ നിയോഗിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.

ശിരോമണി ഗുരുദ്വാര പ്രബന്ധക്‌ കമ്മിറ്റിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്ന ഇദ്ദേഹം 1955 വരെ സിക്കു രാഷ്‌ട്രീയത്തില്‍ സജീവമായി പങ്കെടുത്തു. 1965-ല്‍ പഞ്ചാബ്‌ ഗവര്‍ണറായി നിയമിതനായി. തുടര്‍ന്ന്‌ 1966 ജൂണില്‍ തമിഴ്‌നാട്‌ ഗവര്‍ണറായി (1966-71). 1983 ഫെ. 15-ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍