This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉച്ചതാപസഹങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:06, 8 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉച്ചതാപസഹങ്ങള്‍

Refractories

ചൂളകള്‍, മൂശകള്‍, പുകക്കുഴലുകള്‍ മുതലായവയുടെ നിർമാണത്തിനുപയോഗിക്കുന്ന, ഉയർന്ന താപനിലകളെ ചെറുക്കാന്‍ ശേഷിയുള്ള പദാർഥങ്ങള്‍. ഇവ പ്രായേണ അലോഹവസ്‌തുക്കളാണ്‌. മാതൃകാപരമായ ഒരു ഉച്ചതാപസഹത്തിനു താഴെപ്പറയുന്ന അവസ്ഥകളെ ചെറുത്തുനില്‌ക്കാന്‍ കഴിയണം: (1) അഭിമുഖീകരിക്കുന്ന താപനില, (2) ചൂളയിൽ വയ്‌ക്കുന്ന പദാർഥങ്ങളുടെയും മറ്റും മർദം, (3) പ്രകമ്പനങ്ങള്‍-വിശേഷിച്ചും തിരിയുന്ന ചൂളകളിൽ, (4) ആകസ്‌മികമായി ഉണ്ടാകുന്ന ആഘാതങ്ങള്‍, (5) ചൂളയിൽ, വയ്‌ക്കുന്ന പദാർഥങ്ങളുമായി കൂടിച്ചേർന്ന്‌ കിട്ടം (ഹെമഴ) ഉണ്ടാകൽ (6) അഗ്നിജ്വാലകള്‍, ധൂമധൂളികള്‍ എന്നിവ തട്ടി ക്ഷതപ്പെടൽ, (7) താപനിലയിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങള്‍.

പക്ഷേ എല്ലാ ഗുണങ്ങളും തികഞ്ഞ ഉച്ചതാപസഹപദാർഥങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ആകയാൽ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉച്ചതാപസഹങ്ങളെ തെരഞ്ഞെടുക്കുകയാണ്‌ സാധാരണ പതിവ്‌. ചൂളയ്‌ക്കകത്തു നടക്കുവാനിടയുള്ള രാസമാറ്റങ്ങളെ പ്രത്യേകം പരിഗണിച്ചായിരിക്കണം തെരഞ്ഞെടുപ്പു നടത്തേണ്ടത്‌. ഉദാഹരണമായി ബേസികങ്ങളായ (basic)പദാർഥങ്ങള്‍ വച്ചു ചൂടാക്കുന്നതിന്‌ മണൽ മുതലായ അസിഡിക ഉച്ചതാപസഹങ്ങള്‍ കൊണ്ടു നിർമിച്ച ചൂളകള്‍ പറ്റുകയില്ല. മറിച്ചായാലും ശരിയാവുകയില്ല. രണ്ടും തമ്മിൽ പ്രതിപ്രവർത്തിച്ച്‌ ഉച്ചതാപസഹത്വം രണ്ടിനെക്കാളും കുറഞ്ഞ പുതിയ ലവണമുണ്ടാക്കും എന്നതാണ്‌ കാരണം. സാധാരണയായി വ്യവസായശാലകളിലും ലോഹനിഷ്‌കർഷണച്ചൂളകളിലും മറ്റും കൈകാര്യം ചെയ്യേണ്ടിവരുന്ന താപനില540oC മുതൽ 2200oC വരെ ആയിരിക്കും. ഇക്കാര്യവും ഉച്ചതാപസഹപദാർഥങ്ങളുടെ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ സംഗതിയാണ്‌. ആവശ്യമനുസരിച്ചുള്ള വലുപ്പത്തിൽ ഇഷ്‌ടികാരൂപത്തിലും ചരൽപ്രായത്തിലും പൊടിച്ച അവസ്ഥയിലും ഉച്ചതാപസഹങ്ങള്‍ ലഭ്യമാണ്‌. ഉച്ചതാപസഹങ്ങളെ അസിഡികങ്ങള്‍, ബേസികങ്ങള്‍, ഉദാസീനങ്ങള്‍ എന്നിങ്ങനെ മൂന്നായി വർഗീകരിക്കാറുണ്ട്‌. തീക്കല്ല്‌, സ്‌ഫടികക്കല്ല്‌, മണൽക്കല്ല്‌, ഗാനിസ്റ്റർ മുതലായ പല രൂപത്തിലുള്ള സിലിക്കകള്‍ അസിഡികങ്ങളാണ്‌; ബോക്‌സൈറ്റ്‌, ചുച്ചാമ്പുകല്ല്‌, മഗ്നീഷ്യ, സിർക്കോണിയ മുതലായ ഖനിജങ്ങള്‍ ബേസികങ്ങളാണ്‌; ക്രാമൈറ്റ്‌, ഗ്രാഫൈറ്റ്‌, പ്ലംബാഗോ, കാർബണ്‍ എന്നിവ ഉദാസീനങ്ങളും. ഉച്ചതാപസഹമായി കാർബണ്‍ ഉപയോഗിക്കുമ്പോള്‍ ഓക്‌സിജന്‍ സമ്പർക്കം ഒഴിവാക്കേണ്ടതാണ്‌. മാഗ്നസൈറ്റ്‌, ഡോളമൈറ്റ്‌ എന്നീ ഖനിജങ്ങള്‍ ഏറ്റവും പ്രചാരത്തിലുള്ള ഉച്ചതാപസഹങ്ങളാണ്‌. അതുപോലെതന്നെയാണ്‌ ഫയർക്ലേ, ക്വാർട്‌സൈറ്റ്‌ എന്നിവയും. ഇരുമ്പ്‌, ചെമ്പ്‌, അലുമിനിയം മുതലായ ലോഹങ്ങളുടെ നിഷ്‌കർഷണം; ഗ്ലാസ്‌, പോർട്ട്‌ലന്‍ഡ്‌ സിമന്റ്‌, പോർസലേന്‍ മുതലായവയുടെ നിർമാണം; ആവിശക്തികൊണ്ട്‌ വിദ്യുച്ഛക്തിയുടെ ഉത്‌പാദനം എന്നീ രംഗങ്ങളിൽ ഉച്ചതാപസഹങ്ങളുടെ ഉപയോഗം അനുപേക്ഷണീയമാണ്‌.

അണുശക്തിയുമായി ബന്ധപ്പെട്ട സംവിധാനങ്ങളിൽ രാസപരമായും ഭൗതികപരമായും നല്ല സ്ഥിരതയുള്ള ഓക്‌സൈഡുകള്‍, സള്‍ഫൈറ്റുകള്‍, നൈട്രഡുകള്‍ മുതലായ പ്രത്യേക നിർമിതങ്ങളായ ഉച്ചതാപസഹങ്ങള്‍ പ്രയോജനപ്പെടുത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍