This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈസ്റ്റ്‌ ഇന്ത്യാ കമ്പനികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:39, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈസ്റ്റ്‌ ഇന്ത്യാ കമ്പനികള്‍

ഇന്ത്യ, വിദൂരപൂർവദേശങ്ങള്‍ എന്നിവിടങ്ങളുമായി വാണിജ്യബന്ധത്തിൽ ഏർപ്പെടുന്നതിന്‌ 16, 17 ശതകങ്ങളിൽ യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ ആരംഭിച്ച കമ്പനികള്‍. വാണിജ്യബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും നടത്തിയ ശ്രമത്തിൽ അന്തിമമായി വിജയിച്ചത്‌ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയാണ്‌.

പോർച്ചുഗീസ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി. തുർക്കികള്‍ 1453-ൽ കോണ്‍സ്റ്റാന്റിനോപ്പിള്‍ കൈയടക്കിയത്‌ കരമാർഗം ഇന്ത്യയുമായി വാണിജ്യം നടത്തിയിരുന്ന യൂറോപ്യന്‍ രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ്‌ കടൽമാർഗം ഇന്ത്യയിലെത്തുവാനുള്ള ശ്രമങ്ങള്‍ അവർ ആരംഭിക്കുന്നത്‌. ഈ മത്സരത്തിൽ മുന്‍കൈ നേടിയത്‌ പോർച്ചുഗലാണ്‌. പോർച്ചുഗൽ രാജാവായ ഹെന്‌റി കഢന്റെ പ്രാത്സാഹനംമൂലം കോഴിക്കോട്ടുള്ള കാപ്പാട്ട്‌ വന്നിറങ്ങിയ വാസ്‌കോ ദെ ഗാമയുടെ നേതൃത്വത്തിൽ ഒരു സംഘം ഇന്ത്യയുമായുള്ള വാണിജ്യത്തിൽ ഗണ്യമായ ലാഭമുണ്ടാക്കി. എന്നാൽ വാണിജ്യകാര്യങ്ങളിൽ ഔദ്യോഗികതലത്തിലുണ്ടായ അജാഗ്രതമൂലം പോർച്ചുഗലിലെ ഒരു സംഘം വണിക്കുകള്‍ മുന്‍കൈയെടുത്ത്‌ പോർച്ചുഗീസ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി രൂപീകരിക്കുന്നത്‌ 1587-ലാണ്‌. ഒരു നിശ്ചിതതുക, വർഷന്തോറും ഇതിലേക്കായി അവർ ഗവണ്‍മെന്റിന്‌ നല്‌കേണ്ടിയിരുന്നു. 1947-ൽ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്യ്രം ലഭിച്ചെങ്കിലും ഇന്ത്യയിൽ അവർ കൈയടക്കിയിരുന്ന ഗോവ, ദാമന്‍, ദിയൂ എന്നീ പ്രദേശങ്ങളിൽ ആധിപത്യം തുടർന്നു. 1961 ഡിസംബറിൽ ഇന്ത്യന്‍ സൈനികനീക്കത്തിലൂടെയാണ്‌ പോർച്ചുഗീസ്‌ വാഴ്‌ച അവസാനിച്ചത്‌.

ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി. കിഴക്കുമായി കച്ചവടം ചെയ്യാന്‍ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി എന്ന സംഘടന 1599-ൽ രൂപീകരിക്കപ്പെട്ടു. സാഹസികരായ ഒരു കൂട്ടം കച്ചവടക്കാരാണ്‌ ഇതിന്‌ നേതൃത്വം നൽകിയത്‌. ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നീ വന്‍കരകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിൽ വാണിജ്യം നടത്തുന്നതിനുള്ള അനുമതി എലിസബത്ത്‌ രാജ്ഞി കമ്പനിക്ക്‌ നല്‌കുന്നത്‌ 1600 ഡി. 31-നാണ്‌. ഓഹരി ഉടമകളുടെ പൊതുസഭ (Court of Proprietors) കമ്പനിയുടെ ഭരണനിർവഹണത്തിനുവേണ്ടി ഒരു ഗവർണറും 24 ഡയറക്‌ടർമാരും അടങ്ങിയ ഒരു സമിതിയെ (Court of Directors) തെരഞ്ഞെടുക്കുകയായിരുന്നു പതിവ്‌.

സദ്‌ഭരണം, ഔദ്യോഗികക്ഷേമം, വാണിജ്യാഭിവൃദ്ധി എന്നിവ ലക്ഷ്യമാക്കി നിയമങ്ങള്‍ ഉണ്ടാക്കുന്നതിനും ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനും ജയിൽശിക്ഷ ഉള്‍പ്പെടെ ആവശ്യമായ പിഴശിക്ഷകള്‍ നല്‌കുന്നതിനും 1600-ൽ എലിസബത്ത്‌ രാജ്ഞി നല്‌കിയ ചാർട്ടർ കമ്പനിയെ അനുവദിച്ചിരുന്നു. കമ്പനിനിയമങ്ങള്‍ ബ്രിട്ടീഷ്‌ നിയമങ്ങള്‍ക്ക്‌ അതീതമാകരുതെന്ന്‌ ചാർട്ടർ വ്യവസ്ഥ ചെയ്‌തു. കമ്പനിയുടെ കാലാവധി ആരംഭത്തിൽ 15 വർഷമായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും അതു റദ്ദാക്കുകയോ നീട്ടി പുതുക്കുകയോ ചെയ്യുവാനുള്ള അധികാരം നിലനിർത്തിയിരുന്നു. തുടക്കത്തിൽത്തന്നെ വാണിജ്യാഭിവൃദ്ധി കൈവരിച്ചതിന്റെ ഫലമായി 1609-ൽ കമ്പനി സ്ഥിരപ്പെടുത്തി.

ജഹാംഗീർ ചക്രവർത്തിയുടെ ഭരണകാലത്താണ്‌ കമ്പനി പ്രതിനിധികള്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ പ്രവേശിക്കുന്നത്‌. സൂറത്തിലെ ഭരണാധികാരിയുടെ അനുമതിയോടെ 1612-ൽ ആദ്യത്തെ ഫാക്‌ടറി (വാണിജ്യകേന്ദ്രം) സ്ഥാപിതമായി. കമ്പനിപ്രവർത്തനങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ വ്യാപിപ്പിക്കുന്നതിന്‌ മുഗള്‍ ചക്രവർത്തിയുടെ അനുമതി ആവശ്യമാണെന്ന്‌ മനസ്സിലാക്കിയതിനെത്തുടർന്ന്‌ 1615-ൽ ജെയിംസ്‌ ക തന്റെ പ്രതിപുരുഷനായി തോമസ്‌ റോയെ അയച്ച്‌ ചക്രവർത്തിയിൽ നിന്ന്‌ ആവശ്യമായ അംഗീകാരം നേടി. ഇതോടെ ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ ജീവനും സ്വത്തിനും കച്ചവടപ്രവർത്തനങ്ങള്‍ക്കും വേണ്ട സുരക്ഷിതത്വവും സഹായവും ലഭിച്ചു.

താമസിയാതെ ബോംബെയിലേക്കും കൽക്കത്തയിലേക്കും വാണിജ്യബന്ധങ്ങള്‍ വ്യാപിപ്പിക്കുവാന്‍ കമ്പനിക്കു കഴിഞ്ഞു. കച്ചവടകേന്ദ്രങ്ങളും അവയുടെ പരിസരങ്ങളും അതതു പ്രദേശത്തെ ഭരണാധികാരികളിൽ നിന്നും തീറുവാങ്ങുകയും ഭൂമി കൈവശക്കാരെ തങ്ങളുടെ കുടിയാന്മാരോ ആശ്രിതരോ ആക്കി ത്തീർക്കുകയും ചെയ്യുന്ന രീതിയാണ്‌ കമ്പനി അവലംബിച്ചത്‌. കമ്പനിയുടെ പ്രവർത്തനങ്ങള്‍ വിപുലമായതോടുകൂടി നിയമസമാധാന പ്രശ്‌നങ്ങള്‍ സങ്കീർണമാവുകയും അവ നേരിടുന്നതിന്‌ കമ്പനിയിൽ നിക്ഷിപ്‌തമായ അധികാരങ്ങള്‍ അപര്യാപ്‌തമാകുകയും ചെയ്‌തു. ഇതിനെത്തുടർന്ന്‌ 1661-ൽ ചാള്‍സ്‌ കക പുറപ്പെടുവിച്ച മറ്റൊരു ചാർട്ടർ അനുസരിച്ച്‌ ഓരോ അധിവാസപ്രദേശത്തിലെയും ഗവർണർക്കും ഭരണസമിതിക്കും വിപുലമായ അധികാരങ്ങള്‍ ലഭ്യമായി. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി വെറും ഒരു വാണിജ്യസ്ഥാപനം മാത്രമല്ലെന്നും മറിച്ച്‌ ഒരു പ്രാദേശിക ശക്തിയായി വളർന്നിരിക്കുകയാണെന്നും 1661-ലെ ചാർട്ടർ ഇദംപ്രഥമമായി വ്യക്തമാക്കി. ഭരണനിർവഹണ സമിതിക്കുതന്നെ നീതിന്യായാധികാരങ്ങളും ലഭിക്കുകയുണ്ടായി. 1687-ൽ കമ്പനിയുടെ ആസ്ഥാനം സൂററ്റിൽ നിന്നു ബോംബെയിലേക്കു മാറ്റിയതോടുകൂടി സൂറത്തിന്റെ പ്രാധാന്യം ക്രമേണ കുറഞ്ഞു.

മദ്രാസിൽ. 1639-ൽ ഫ്രാന്‍സിസ്‌ ഡേ സ്ഥലത്തെ ഹിന്ദുരാജാവിൽനിന്ന്‌ മദ്രാസ്‌ കടൽത്തീരത്ത്‌ അല്‌പം ഭൂമി സമ്പാദിച്ച്‌ അവിടെ സെന്റ്‌ ജോർജ്‌ കോട്ട കെട്ടി. കച്ചവട-തൊഴിൽ സൗകര്യങ്ങള്‍ ലക്ഷ്യമാക്കി കോട്ടയ്‌ക്കു തൊട്ടുവെളിയിലുള്ള പ്രദേശങ്ങളിൽ ധാരാളം ഇന്ത്യക്കാർ താമസമുറപ്പിക്കുകയുണ്ടായി. മദ്രാസ്‌പട്ടണം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പ്രദേശം പിന്നീട്‌ "ബ്ലാക്‌ ടൗണ്‍' ആയും, കോട്ടയ്‌ക്കകത്ത്‌ ഇംഗ്ലീഷുകാർ വസിച്ചിരുന്ന ഭാഗങ്ങള്‍ "വൈറ്റ്‌ടൗണ്‍' ആയും അറിയപ്പെട്ടു. വാണിജ്യബന്ധത്തിനു വേണ്ടി ആരംഭിച്ച കമ്പനിക്ക്‌ പിന്നീട്‌ ഭരണാധികാരം കൂടി ലഭിച്ചതോടെ ഭരണരംഗത്തും നീതിന്യായപരിപാലനരംഗത്തും പല സങ്കീർണപ്രശ്‌നങ്ങളെയും നേരിടേണ്ടിവന്നു. വൈറ്റ്‌ ടൗണ്‍സിൽ മദ്രാസിലെ ഏജന്റും കൗണ്‍സിലും ബ്ലാക്ക്‌ ടൗണിൽ ചൗള്‍ട്രി കോടതിയും നീതിനിർവഹണം നടത്തി. 1665-86 കാലങ്ങളിൽ കമ്പനിയുടെ നീതിനിർവഹണാധികാരങ്ങള്‍ വിപുലമാക്കപ്പെട്ടു. 1686-ലെ ചാർട്ടർ അനുസരിച്ച്‌ ഒരു നിയമജ്ഞന്‍ നീതിപാലകനായുള്ള അഡ്‌മിറാൽറ്റി കോടതി രൂപവത്‌കൃതമായി. നീതിപൂർവവും സമർഥവുമായ നിലയിൽ പ്രവർത്തിച്ചുവെങ്കിലും കാലാന്തരത്തിൽ ഉണ്ടായ സംഭവങ്ങള്‍ പ്രസ്‌തുത കോടതിയുടെ പ്രവർത്തനം നിർവീര്യമാക്കി. നീതിനിർവഹണം വീണ്ടും ഗവർണറും കൗണ്‍സിലും ചേർന്ന ഭരണനിർവഹണ സമിതിയിൽ നിക്ഷിപ്‌തമായി.

ചാള്‍സ്‌ ചക്രവർത്തി 1668-ൽ തനിക്കു സ്‌ത്രീധനമായി പോർച്ചുഗലിൽ നിന്നു കിട്ടിയ ബോംബെ പ്രദേശം പ്രതിവർഷം 10 പവന്‍ പാട്ടത്തിനു കമ്പനിക്കു വിട്ടുകൊടുക്കുകയും അവിടത്തെ ഭരണക്രമീകരണങ്ങളും നീതിന്യായവ്യവസ്ഥകളും ഏർപ്പെടുത്തുവാന്‍ കമ്പനിയെ അധികാരപ്പെടുത്തുകയും ചെയ്‌തു. തങ്ങളുടെ സങ്കേതങ്ങളുടെ രക്ഷയ്‌ക്കായി ഏഷ്യയിലെ ക്രസ്‌തവേതരുമായി യുദ്ധം ചെയ്യുവാനും സൈന്യസജ്ജീകരണം നടത്തുവാനും 1683-ൽ മറ്റൊരു ചാർട്ടറും ചാള്‍സ്‌ കമ്പനിക്കു നല്‌കി. നീതിന്യായകോടതികളുടെ ചുമതല വഹിക്കുവാന്‍ ഒരു നിയമജ്ഞനെ നിയമിക്കുവാനും കമ്പനിയെ അധികാരപ്പെടുത്തി. 1690 ആഗ. 24-ന്‌ ആണ്‌ കൽക്കത്തയിൽ ഫാക്‌ടറി സ്ഥാപിച്ചത്‌. ഹൂഗ്ലി നദിയുടെ തീരത്ത്‌ സുതാനതിയിൽ ജോബ്‌ചാർണോക്കിന്റെ നേതൃത്വത്തിലാണ്‌ വില്യം കോട്ട നിർമിക്കപ്പെട്ടത്‌. കൽക്കത്ത, സുതാനതി, ഗോവിന്ദ്‌പൂർ എന്നിവിടങ്ങളിലെ ജമീന്ദാരി അവകാശങ്ങള്‍ കമ്പനി കരസ്ഥമാക്കുന്നത്‌ 1698-ലാണ്‌. 1699-ൽ കൽക്കത്ത ഒരു പ്രസിഡന്‍സിയായി. 1726-ലെ ചാർട്ടർ. കൽക്കത്ത, മദ്രാസ്‌, ബോംബെ എന്നീ പ്രസിഡന്‍സി പട്ടണങ്ങളിൽ കമ്പനിയുടെ വാണിജ്യ-വ്യാപാരബന്ധങ്ങള്‍ വിപുലമായിത്തീർന്നു. ഭരണമണ്ഡലത്തിൽ ഉയർന്നുവന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ആവശ്യമായ അധികാരവും സംവിധാനവും കമ്പനിക്കു നല്‌കണമെന്ന്‌ ഇംഗ്ലണ്ടിലെ ഭരണാധികാരികളോട്‌ കമ്പനി ആവശ്യപ്പെടുകയുണ്ടായി. 1726-ലെ ചാർട്ടർ അനുസരിച്ച്‌ മൂന്നു പ്രസിഡന്‍സി പട്ടണങ്ങളെയും കോർപ്പറേഷനുകളായി രൂപാന്തരപ്പെടുത്തി. ഒരു മേയറും ഒമ്പത്‌ അൽഡെർമെനും ഉള്‍പ്പെട്ട സമിതികളാണ്‌ ഓരോ കോർപ്പറേഷന്റെയും ഭരണം നിർവഹിച്ചത്‌. ഈ സമിതി മേയർകോടതിയുടെ കർത്തവ്യങ്ങളും നിർവഹിക്കേണ്ടതാണെന്ന്‌ ചാർട്ടർ പ്രഖ്യാപിച്ചു. മേയർക്കോടതികള്‍ക്ക്‌ രാജാവ്‌ നേരിട്ട്‌ അധികാരം നല്‌കിയിട്ടുള്ളതിനാൽ അവയ്‌ക്ക്‌ രാജകീയ കോടതികളുടെ പദവിയും അവയുടെ തീരുമാനങ്ങള്‍ക്ക്‌ ഇംഗ്ലണ്ടിലെ നീതിന്യായക്കോടതികളുടെ തീരുമാനങ്ങള്‍ക്കുള്ള അംഗീകാരവും സാധുതയും ഉണ്ടായിരുന്നു.

പുതിയ സംവിധാനം പല പ്രശ്‌നങ്ങളും സൃഷ്‌ടിച്ചു. നീതിന്യായപീഠവും ഭരണനിർവഹണസമിതിയുമായുള്ള ഉരസലുകള്‍ പ്രതിസന്ധികളുണ്ടാക്കി. 1746-ൽ ഫ്രഞ്ചുകാർ മദ്രാസ്‌ കീഴടക്കിയെങ്കിലും 1749-ൽ മദ്രാസ്‌ വീണ്ടും ബ്രിട്ടീഷുകാർക്ക്‌ ലഭിച്ചു. 1746 മുതൽ 1749 വരെയുള്ള കാലത്ത്‌ ഫ്രഞ്ചുകാർ മദ്രാസ്‌ കീഴടക്കിയതിന്റെ ഫലമായി 1726-ലെ ചാർട്ടർ നിലവിലില്ലാതായെന്നും അതിനാൽ പുതിയ ചാർട്ടർ പ്രഖ്യാപിക്കേണ്ടതാണെന്നും കമ്പനി ബ്രിട്ടീഷ്‌ ഭരണാധികാരികളോട്‌ അപേക്ഷിച്ചു. അതനുസരിച്ച്‌ 1753-ൽ ജോർജ്‌ കക പുതിയ ചാർട്ടർ വിളംബരം ചെയ്‌തു. 1726-ലെ ചാർട്ടറിലെ ന്യൂനതകള്‍ പരിഹരിച്ചുകൊണ്ടുള്ള പുതിയ ചാർട്ടർ ഭരണനിർവഹണസമിതിക്ക്‌ മുന്‍തൂക്കം നല്‌കുകയും നീതിപീഠത്തെ രണ്ടാം നിരയിലേക്കു തള്ളുകയും ചെയ്‌തു. കമ്പനി സർക്കാർ പദവിയിലേക്ക്‌. ബ്രിട്ടീഷ്‌ ആധിപത്യം ബംഗാളിൽ വേരുറയ്‌ക്കുന്നുവെന്നു തോന്നിയ നവാബ്‌ സിറാജുദ്ദൗള 1756-ൽ കൽക്കത്ത പിടിച്ചടക്കി. 1757-ൽ ക്ലൈവിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ കൽക്കത്ത തിരിച്ചെടുത്തതോടെ ബംഗാളിലെ ഭരണാധികാരം കമ്പനിയിൽ നിക്ഷിപ്‌തമായി. പരമാധികാരം നേരിട്ട്‌ ഏറ്റെടുക്കാതെ, മിർ ജാഫറെ നാമമാത്ര നവാബായി വാഴിച്ചുകൊണ്ട്‌ കമ്പനി അധികാരം പ്രയോഗിച്ചു. 1765-ൽ ഷാ ആലം ചക്രവർത്തി 26 ലക്ഷം രൂപയ്‌ക്ക്‌ ബംഗാള്‍, ബിഹാർ, ഒറീസ എന്നീ സംസ്ഥാനങ്ങളിലെ ദിവാനി അധികാരം കമ്പനിക്കു തീറെഴുതിയതോടെ കമ്പനിക്ക്‌ ഇന്ത്യയിൽ പ്രായോഗികമായുണ്ടായിരുന്ന പരമാധികാരം നിയമാധിഷ്‌ഠിതമായി. ദിവാനി അനുസരിച്ച്‌ നികുതി പിരിക്കൽ, തർക്കങ്ങള്‍ തീരുമാനിക്കൽ, സിവിൽ ഭരണം എന്നിവ കമ്പനിയിൽ നിക്ഷിപ്‌തമായതോടെ ഭരണകാര്യങ്ങളിൽ കമ്പനിയുടെ പാളിച്ചകള്‍ പുറത്താകുകയും ഭരണസംവിധാനം പോരായ്‌മയുടെയും അതൃപ്‌തിയുടെയും കൈക്കൂലിയുടെയും രംഗമായി അധഃപതിക്കുകയും ചെയ്‌തു. ഈ സംഭവങ്ങള്‍ 1773-ലെ റഗുലേറ്റിങ്‌ ആക്‌റ്റിനു വഴിതെളിച്ചു.

1773-ലെ റഗുലേറ്റിങ്‌ ആക്‌റ്റ്‌. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ഘടനയിലും അധികാരപരിധിയിലും സമ്പൂർണമാറ്റങ്ങള്‍ വരുത്തി, അടിസ്ഥാനപരമായ പല പോരായ്‌മകളും ഇല്ലായ്‌മ ചെയ്‌ത്‌, ബ്രിട്ടീഷ്‌ പാർലമെന്റിന്റെ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി ശുദ്ധവും ശക്തവുമായ ഒരു ഭരണസംവിധാനമാണ്‌ 1773-ലെ ആക്‌റ്റ്‌ വിഭാവനം ചെയ്‌തത്‌. ഇതനുസരിച്ച്‌ കമ്പനിയുടെ പ്രധാന നിയന്ത്രണഘടകങ്ങളായ ഡയറക്‌ടർ ബോർഡിലും പ്രാപ്രറ്റർ ബോർഡിലും തെരഞ്ഞെടുക്കപ്പെടുന്നതിനും അംഗമാകുന്നതിനും ഉള്ള കുറഞ്ഞ ഓഹരിമൂലധനം യഥാക്രമം 2000-വും 1000-വും പവനായി ഉയർത്തി. ഭരണമേഖലയിലും ഔദ്യോഗികമണ്ഡലങ്ങളിലും സുപ്രധാനമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. കൽക്കത്ത, ബോംബെ, മദ്രാസ്‌ പ്രസിഡന്‍സികളിൽ ഒരേ രീതിയിലുള്ള ഭരണക്രമം സംവിധാനം ചെയ്‌തെങ്കിലും കൽക്കത്താ പ്രസിഡന്‍സിക്കു കൂടുതൽ അധികാരം നല്‌കി. അവിടത്തെ ഗവർണറെ ഗവർണർ ജനറലായി ഉയർത്തി. ഈ ആക്‌റ്റിലെ വ്യവസ്ഥകള്‍ അനുസരിച്ച്‌ കമ്പനി ഉദ്യോഗസ്ഥന്മാർക്ക്‌ മാന്യമായ പ്രതിഫലം ഉറപ്പുവരുത്തുകയും മറ്റു മാർഗങ്ങളിൽക്കൂടിയുള്ള ധനാർജനം കുറ്റകരവും ശിക്ഷാർഹവുമാക്കുകയും ചെയ്‌തു. ഭരണനിർവഹണ സമിതിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും മറ്റുമായി കൂടുതൽ അധികാരങ്ങളുള്ള ഒരു സുപ്രീംകോടതി കൽക്കത്തയിൽ സ്ഥാപിതമായി. ഗവർണർ ജനറലും കൗണ്‍സിലും പുറപ്പെടുവിക്കുന്ന ചട്ടങ്ങള്‍ സുപ്രീം കോടതിയിൽ പട്ടികചേർത്ത്‌ വേണ്ട അനുവാദത്തോടുകൂടി പ്രസിദ്ധീകരിക്കണമെന്ന്‌ വ്യവസ്ഥ ചെയ്യപ്പെട്ടു. 1773-ലെ ആക്‌റ്റിൽ പല പ്രായോഗിക വൈകല്യങ്ങളും അടങ്ങിയിരിക്കുന്നു. കൗണ്‍സിലിന്റെ ഭൂരിപക്ഷ തീരുമാനങ്ങള്‍ക്ക്‌ ഗവർണർ ജനറൽമാർ വിധേയരാണെന്ന വ്യവസ്ഥ അവരുടെ കാര്യശേഷിയെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. വാറന്‍ ഹേസ്റ്റിങ്‌സിന്റെ ആദ്യത്തെ രണ്ടുവർഷം അധികാരമില്ലായ്‌മ മൂലമുണ്ടായ നിസ്സഹായതയുടെ കാലമായിരുന്നു. ബംഗാള്‍ ഗവർണർ ജനറലിന്‌ മറ്റു പ്രസിഡന്‍സികളിന്മേലുള്ള അധികാരത്തിന്റെ വ്യാപ്‌തി 1773-ലെ നിയമം വ്യക്തമാക്കിയിരുന്നില്ല; സുപ്രീംകോടതിയുടെ അധികാര മേഖലകളും അവ്യക്തമായിരുന്നു. ബ്രിട്ടീഷ്‌ പൗരന്മാരെ കൂടാതെ സ്വദേശികളും സുപ്രീം കോടതിയുടെ അധികാരത്തിനു വിധേയരാണെന്ന കോടതി തീരുമാനങ്ങള്‍ ഭരണനിർവഹണ സമിതിയുമായി പല സംഘട്ടനങ്ങള്‍ക്കും വഴിതെളിച്ചു.

1773-ലെ നിയമം ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിന്‌ പര്യാപ്‌തമായിരുന്നില്ല. കമ്പനിയുടെ ദുർഭരണത്തിനെതിരായ ശബ്‌ദം ഇംഗ്ലണ്ടിൽ അലയടിച്ചു തുടങ്ങി. ഇന്ത്യാഭരണത്തെപ്പറ്റി വിശദമായി അന്വേഷണം നടത്തുന്നതിനുവേണ്ടി രൂപവത്‌കരിച്ച രണ്ടു പാർലമെന്ററി സമിതികള്‍ സമർപ്പിച്ച റിപ്പോർട്ടിൽ ഗവർണർ ജനറലിനെയും സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനെയും തിരിച്ചു വിളിക്കുവാന്‍ ശിപാർശ ചെയ്‌തു. കമ്പനിയുടെ പൊതുസഭ അന്നത്തെ ഗവർണർ ജനറലായ ഹേസ്റ്റിങ്‌സിനെ തിരിച്ചു വിളിക്കുന്നതിനെതിരായിരുന്നതിനാൽ ഈ തർക്കങ്ങള്‍ ഭരണസംബന്ധമായ പ്രതിസന്ധിയിലേക്കു നയിച്ചു. ഇതു പരിഹരിക്കുന്നതിന്‌ ഇംഗ്ലണ്ടിൽ അന്നു ഭരണത്തിലിരുന്ന കൂട്ടുമന്ത്രിസഭ ചില നടപടികള്‍ സ്വീകരിക്കുകയുണ്ടായി. കമ്പനിയുടെ ഭരണപരവും വാണിജ്യപരവുമായ പ്രവർത്തനങ്ങളെ വേർതിരിച്ചു; കമ്പനിക്ക്‌ വാണിജ്യകാര്യങ്ങളും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ ഭരണകാര്യങ്ങളും നല്‌കിക്കൊണ്ടുള്ള ഒരു കരടുനിയമം പാർലമെന്റിൽ അവതരിപ്പിച്ചു. പ്രഭുസഭ ഈ ബിൽ അംഗീകരിച്ചുവെങ്കിലും കോമണ്‍സ്‌ സഭ അതു തള്ളിക്കളയുകയാണുണ്ടായത്‌. ഇതിന്റെ ഫലമായി കൂട്ടുകക്ഷി മന്ത്രിസഭ രാജിവച്ചതിനെത്തുടർന്ന്‌ പിറ്റ്‌ ദ്‌ യങ്ങർ പുതിയ മന്ത്രിസഭ രൂപവത്‌കരിച്ചു. പിറ്റ്‌ ദ്‌ യങ്ങർ അല്‌പം ചില ഭേദഗതികളോടുകൂടി വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ച ഈ ബില്ലാണ്‌ പ്രസിദ്ധമായ പിറ്റ്‌സ്‌ ഇന്ത്യാ ആക്‌റ്റ്‌ (1784). ഈ നിയമമനുസരിച്ച്‌ വാണിജ്യകാര്യങ്ങള്‍ കമ്പനിയുടെ ഡയറക്‌ടർ ബോർഡിലും ഭരണകാര്യങ്ങള്‍ ആറംഗങ്ങളുള്ള ഒരു സമിതിയിലും നിക്ഷിപ്‌തമാക്കി. ബ്രിട്ടനിലെ ധനകാര്യമന്ത്രി, സ്റ്റേറ്റ്‌ സെക്രട്ടറി, നാലു പ്രിവി കൗണ്‍സിലർമാർ എന്നിവർ ചേർന്നതായിരുന്നു ഈ സമിതി. 1784-ലെ നിയമം കമ്പനിയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തി. കമ്പനിയും ഇന്ത്യയിലെ നാട്ടുരാജാക്കന്മാരും പരസ്‌പരം ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്നും ഈ നിയമം അനുശാസിച്ചെങ്കിലും ഈ നയം അധികനാള്‍ തുടരാന്‍ കഴിഞ്ഞില്ല. ടിപ്പുവിന്റെ ബ്രിട്ടീഷ്‌ വിരുദ്ധനയം നിസാമും മഹാരാഷ്‌ട്രവുമായി ഒരു ത്രികക്ഷി കൂട്ടുകെട്ടുണ്ടാക്കുവാന്‍ ഗവർണർ ജനറലായ കോണ്‍വാലിസിനെ പ്രരിപ്പിച്ചു. ടിപ്പുവിനെ പരാജയപ്പെടുത്തിയതോടെ മലബാർ, കൂർഗ്‌ തുടങ്ങിയ പ്രദേശങ്ങള്‍ കമ്പനിയുടെ ഭരണത്തിന്‍കീഴിലായി.

വെല്ലസ്ലിയുടെ ഭരണകാലം (1798-1805) ബ്രിട്ടീഷു ശക്തിയുടെ വ്യാപനത്തിൽ നിർണായകമായ ഒരു കാലഘട്ടമായിരുന്നു. ടിപ്പുസുൽത്താന്‍, ഹൈദരാബാദ്‌ നിസാം, മറാത്താഭരണാധിപർ എന്നിവരെ ബ്രിട്ടീഷുകാർ കീഴടക്കി. വെല്ലസ്ലിയുടെ സാമ്രാജ്യവികസനനയം ഭാരിച്ച ധനദുർവിനിയോഗത്തിനിടയാക്കിയത്‌ ഡയറക്‌ടർ ബോർഡിനെ പരിഭ്രാന്തരാക്കി. തുടർന്ന്‌ വെല്ലസ്ലി ഗവർണർ ജനറൽ പദവിയിൽനിന്നു തിരിച്ചു വിളിക്കപ്പെട്ടു. വെല്ലസ്ലിക്കുശേഷം നിയമിതരായ പല ഗവർണർ ജനറൽമാരും വികസനനയം പിന്തുടർന്നില്ല. എന്നാൽ മിന്റോ പ്രഭുവിനുശേഷം വന്ന ഹേസ്റ്റിങ്‌സ്‌ പ്രഭു വെല്ലസ്ലിയുടെ നയം പിന്തുടർന്ന്‌ കമ്പനിയുടെ നേരിട്ടുള്ള ഭരണം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിപ്പിച്ചു; പഞ്ചാബ്‌ മുഴുവനും ബർമയുടെ ചില ഭാഗങ്ങളും പിടിച്ചടക്കി. കൂടാതെ ദത്താപഹാരനയം (doctrine of lapse) എന്ന മാർഗം ഉപയോഗിച്ച്‌ ഉത്തരമധ്യ മേഖലകളിലെ പല നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ്‌ ആധിപത്യത്തിൽ കൊണ്ടുവന്നു. ഭരണാധികാരം ദുർവിനിയോഗം ചെയ്‌തുവെന്ന പേരിൽ അവധ്‌ 1856-ൽ ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴിലായി.

കമ്പനിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ വിപുലപ്പെടുത്തുന്നതിനനുസരിച്ച്‌ ബ്രിട്ടീഷ്‌ പാർലമെന്റിന്റെ നിയന്ത്രണവും വർധിച്ചുകൊണ്ടിരുന്നു. കമ്പനിയുടെ ചാർട്ടർ പുതുക്കുന്ന സന്ദർഭങ്ങളിൽ ആവശ്യമായ നിയന്ത്രണങ്ങളും വ്യവസ്ഥകളും ഉള്‍പ്പെടുത്തുന്നതിന്‌ പാർലമെന്റ്‌ ശ്രദ്ധ ചെലുത്തി. 1786-ലെ ആക്‌റ്റനുസരിച്ച്‌ കൗണ്‍സിലിന്റെ ഭൂരിപക്ഷ തീരുമാനം മറികടക്കുന്നതിന്‌ ഗവർണർ ജനറലിന്‌ അധികാരം ലഭിച്ചു. 1773-ലെ നിയമത്തിലുള്ള ന്യൂനത പരിഹരിക്കാന്‍ ഇതിലൂടെ സാധ്യമായി. 1813-ലെ ചാർട്ടർ പല പുതിയ മാറ്റങ്ങളും വരുത്തി. കമ്പനിയുടെ നിലനില്‌പിനെപ്പറ്റി അന്വേഷിച്ച്‌ വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കാന്‍ കോമണ്‍സ്‌ സഭ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ 1813-ലെ നിയമം പാസായത്‌. ഇതനുസരിച്ച്‌ കമ്പനിയുടെ വ്യാപാരക്കുത്തക ഇല്ലാതാക്കി. കമ്പനിയുടെ വാണിജ്യവും രാജ്യഭരണപരവുമായ കാര്യങ്ങളിലുള്ള കണക്കുകള്‍ വെണ്ണേറെ സൂക്ഷിക്കണമെന്നും വ്യവസ്ഥ ചെയ്‌തു. കമ്പനിച്ചെലവിൽ ഇന്ത്യയിൽ നിലനിർത്താവുന്ന ബ്രിട്ടീഷ്‌ സൈന്യത്തിന്റെ എച്ചം വെട്ടിച്ചുരുക്കി. 1833-ലെ ചാർട്ടർ ശ്രദ്ധേയമായ പല മാറ്റങ്ങളും വരുത്തി. വ്യാപാരരംഗത്ത്‌ കമ്പനിയിൽ അവശേഷിച്ചിരുന്ന കുത്തകയുടെ അവശിഷ്‌ടങ്ങളെല്ലാം ഈ നിയമം ഇല്ലായ്‌മ ചെയ്‌തു. ഇന്ത്യയിൽ യൂറോപ്യന്‍ കുടിയേറ്റത്തിനുണ്ടായിരുന്ന തടസ്സങ്ങള്‍ നീക്കി.തുടർന്നുണ്ടായ സങ്കീർണപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുന്നതിനുള്ള അധികാരം ഗവർണർ ജനറൽ ഉള്‍പ്പെട്ട കൗണ്‍സിലിൽ നിക്ഷിപ്‌തമായി. മെക്കാളെയുടെ നേതൃത്വത്തിൽ ഒരു നിയമകമ്മിഷന്‍ രൂപവത്‌കരിച്ചു.

മുന്‍പതിവിനു വിപരീതമായി കമ്പനിയുടെ ചാർട്ടർ പുതുക്കുന്നതിനു പകരം കമ്പനി ഭരണത്തിലുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍, പാർലമെന്റ്‌ മറിച്ചു തീരുമാനിക്കുന്നതുവരെ, ബ്രിട്ടീഷ്‌ രാജാവിനുവേണ്ടി, രാജാവിന്റെ പേരിൽ കമ്പനി ഭരണത്തിന്‍ കീഴിലായിരിക്കുമെന്ന്‌ 1853-ലെ ചാർട്ടർ വ്യക്തമാക്കി. കമ്പനി ഡയറക്‌ടർമാരുടെ എച്ചം 24-ൽനിന്നും 18 ആയി കുറച്ചു. ഇവരിൽ 6 പേരെ രാജാവ്‌ നിയമിക്കുവാനും വ്യവസ്ഥ ചെയ്‌തു. അങ്ങനെ ഡയറക്‌ടർബോർഡിനുണ്ടായിരുന്ന നിയമനാധികാരം ഇല്ലാതാക്കി.

ആദ്യത്തെ ഇന്ത്യന്‍ സ്വാതന്ത്യ്രസമരം എന്നു വിശേഷിപ്പിക്കാവുന്ന 1857-ലെ കലാപം ബ്രിട്ടീഷ്‌ ഭരണാധികാരികളെ പരിഭ്രാന്തരാക്കി. ഇന്ത്യന്‍ ദേശീയരംഗത്ത്‌ അലയടിച്ചുതുടങ്ങിയ സ്വാതന്ത്യ്രപ്രസ്ഥാനത്തെ അടിച്ചമർത്തുന്നത്‌ കമ്പനിഭരണത്തിന്‌ അസാധ്യമായിരിക്കുമെന്ന്‌ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ മനസ്സിലാക്കി. അതിന്റെ ഫലമായാണ്‌ 1858-ലെ നിയമം രൂപംകൊണ്ടത്‌; ഇതനുസരിച്ച്‌ രാജ്യഭരണവും കമ്പനിവക ആസ്‌തികളും ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. നാട്ടുരാജാക്കന്മാരുടെ അന്തസ്സും അവകാശങ്ങളും അംഗീകരിച്ചതോടൊപ്പം സാമൂഹിക ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി ആഭ്യന്തരസമാധാനവും സദ്‌ഭരണവും നിലനിർത്തേണ്ടതാണെന്നും നിയമം പ്രഖ്യാപനം ചെയ്‌തു. അങ്ങനെ കമ്പനിഭരണം അവസാനിപ്പിച്ചുകൊണ്ട്‌ ബ്രിട്ടീഷ്‌ ഭരണകർത്താക്കളുടെ നേരിട്ടുള്ള ഭരണം ഇന്ത്യയിൽ തുടങ്ങി. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി കേരളത്തിൽ. 1636-ൽ കമ്പനി ആദ്യമായി കൊച്ചിയിൽ നിന്ന്‌ ഇംഗ്ലണ്ടിലേക്കു കുരുമുളക്‌ കയറ്റി അയച്ചു. വേണാട്‌ രാജാവിന്റെ അനുവാദത്തോടെ വിഴിഞ്ഞം കേന്ദ്രമാക്കി ഒരു ഫാക്‌ടറി സ്ഥാപിതമാകുന്നത്‌ 1644-ലാണ്‌. 1680-ൽ ആറ്റിങ്ങൽ റാണി അഞ്ചുതെങ്ങിൽ കടലോരത്തുള്ള ഒരു മണൽപ്രദേശം ഇംഗ്ലീഷുകാർക്ക്‌ നല്‌കി. 1690-ൽ അവിടെ കോട്ട കെട്ടുവാന്‍ അനുമതി ലഭിച്ചു. തിരുവിതാംകൂറിൽ ഇംഗ്ലീഷുകാരുടെ ഏറ്റവും പ്രധാന വാണിജ്യകേന്ദ്രം ഇതായിരുന്നു. 1723-ൽ കമ്പനിയും തിരുവിതാംകൂർ രാജാവുമായി ഒരു സന്ധിയുണ്ടാക്കി. 1793-ലും 1795-ലും രാഷ്‌ട്രീയ-വാണിജ്യപ്രാധാന്യമുള്ള സന്ധികളിൽ ഇരുകൂട്ടരും ഒപ്പുവയ്‌ക്കുകയുണ്ടായിട്ടുണ്ട്‌. 1805-ൽ ഉണ്ടായ മറ്റൊരു ഉടമ്പടിപ്രകാരം തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നതിനുപോലും കമ്പനിക്ക്‌ അധികാരം ലഭിച്ചു. തുടർന്ന്‌ സ്വേച്ഛാധിപതികളായിത്തീർന്ന ബ്രിട്ടീഷുകാരെ എതിർക്കുന്നതിന്‌ സമരങ്ങള്‍ തന്നെ വേണ്ടിവന്നു. ഇത്തരത്തിൽ സമരം സംഘടിപ്പിച്ചവരാണ്‌ പഴശ്ശിരാജ, വേലുത്തമ്പി ദളവ, പാലിയത്തച്ചന്‍ മുതലായവർ. ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി. നെതർലന്‍ഡ്‌സിലെ ഗവണ്‍മെന്റിന്റെ ഉത്തരവനുസരിച്ച്‌ 1602 മാ. 20-ന്‌ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിതമായി. ഇന്ത്യാസമുദ്രതീരങ്ങളിലെ വാണിജ്യം നിലനിർത്തുക, സ്‌പെയിനിനെതിരായ സമരം ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. ദക്ഷിണപൂർവേഷ്യയിലെ "സ്‌പൈസ്‌ ദ്വീപുകളി'ലാണ്‌ ഇവർ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്‌. 1623-ൽ അംബോയ്‌നായിൽ ഡച്ചുകാർ കൂട്ടക്കൊല നടത്തിയതിന്റെ ഫലമായി ബ്രിട്ടീഷുകാർക്ക്‌ ഒഴിഞ്ഞുപോകേണ്ടിവന്നു. ഡച്ചുകമ്പനിയുടെ കേന്ദ്രങ്ങളായിരുന്നു പുലിക്കാട്‌, മഛ്‌ലിപട്ടണം, ചിന്‍സുറ എന്നിവ. 1759-ൽ ഡച്ചുകാർക്ക്‌ ചിന്‍സുറ നഷ്‌ടപ്പെട്ടു. ഇന്ത്യയിൽ ഒരു സാമ്രാജ്യശക്തിയായി വളരാന്‍ ഡച്ചുകാർക്ക്‌ കഴിഞ്ഞില്ല.

മധ്യകാലചരിത്രത്തിൽ ഡച്ചുകാർക്ക്‌ ഒരു പ്രധാനപങ്കുണ്ട്‌. പോർച്ചുഗീസ്‌ വാണിജ്യകുത്തകയെ വെല്ലുവിളിച്ചുകൊണ്ട്‌ കേരളവുമായി വ്യാപാരബന്ധം സ്ഥാപിച്ച യൂറോപ്പിലെ ആദ്യത്തെ പ്രാട്ടസ്റ്റന്റ്‌ ജനതയാണ്‌ ഡച്ചുകാർ. 1662-ൽ ഡച്ചുകാർ കൊല്ലം കരസ്ഥമാക്കി. 1663-ൽ അവർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചിയും പിടിച്ചെടുത്തു. എന്നാൽ 1741-ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ ഡച്ചുകാരെ തോല്‌പിച്ചതോടെ ഡച്ചുശക്തി ക്ഷയിച്ചുതുടങ്ങി. 1753 ആഗ. 15-നു തിരുവിതാംകൂറുമായി മാവേലിക്കരവച്ച്‌ അവർ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ഡച്ചുകാരുടെ താത്‌പര്യങ്ങള്‍ക്ക്‌ ഹാനികരമായിരുന്നു. ഡാനിഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി. 1616 മാ. 17-ന്‌ ഡാനിഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കുവാന്‍ ഡെന്മാർക്കിലെ രാജാവായ ക്രിസ്‌ത്യന്‍ കഢ അനുവാദം നല്‌കി. ട്രാന്‍ക്വെബാറിൽ താമസിക്കുവാനും വ്യാപാരം നടത്തുവാനും തഞ്ചാവൂരിലെ നായിക്‌ ഡെന്മാർക്കുകാർക്ക്‌ അനുമതി നല്‌കുന്നത്‌ 1620 നവംബറിലാണ്‌. പ്രതിഫലമായി അവർ നായിക്കിനു പ്രതിവർഷം 3,111 രൂപ നല്‌കേണ്ടിയിരുന്നു. പില്‌ക്കാലത്ത്‌ ഹൂഗ്ലിനദീമുഖത്തുള്ള സെറാംപൂരിലും ഇവർ ഒരു വാണിജ്യകേന്ദ്രം തുടങ്ങി.

കേരളത്തിൽ കോഴിക്കോട്ടും ഇടവയിലും കുളച്ചലിലും ഇവർ വാണിജ്യകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. പരിമിതമായ സാമ്പത്തികനിലയും ഡച്ച്‌-ഇംഗ്ലീഷ്‌ കമ്പനികളെപ്പോലെ നാട്ടുരാജ്യങ്ങളുടെ രാഷ്‌ട്രീയത്തിൽ ഇടപെടാന്‍ ശ്രമിക്കാതിരുന്നതും വാണിജ്യാഭിവൃദ്ധിയെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. അഞ്ചുതെങ്ങിലെയും തലശ്ശേരിയിലെയും ഇംഗ്ലീഷുകമ്പനി ഉദ്യോഗസ്ഥന്മാരുമായുള്ള രഹസ്യധാരണയും തിരുവിതാംകൂറിന്റെ സഹകരണവും മാത്രമായിരുന്നു അവരുടെ ആലംബം. തിരുവിതാംകൂറിനുവേണ്ട വെടിക്കോപ്പുകളും മറ്റും രഹസ്യമായി നല്‌കുകയും പകരം കുരുമുളകു സംഭരിച്ച്‌ ഡെന്മാർക്കിലേക്ക്‌ അയയ്‌ക്കുകയും ആയിരുന്നു ഇവർ ചെയ്‌തിരുന്നത്‌. വിഴിഞ്ഞം, കോവളം, കോട്ടാർ എന്നീ കേന്ദ്രങ്ങളിൽ ഇവർ ഇത്തരം ക്രയവിക്രയങ്ങളിൽ ഏർപ്പെട്ടിരുന്നു. മാർത്താണ്ഡവർമയുടെ ഭരണകാലത്ത്‌ (1729-58) തിരുവിതാംകൂറിനാവശ്യമായിരുന്ന വെടിക്കോപ്പുകള്‍ യഥാസമയം നല്‌കുവാന്‍ വിസമ്മതിച്ചിരുന്ന ബ്രിട്ടീഷുകാരെ അവഗണിക്കുവാനും അവരുടെ സമ്മർദതന്ത്രങ്ങളെ പരാജയപ്പെടുത്തുവാനും ഡെന്മാർക്കുമായുള്ള ബന്ധങ്ങള്‍ തിരുവിതാംകൂറിന്‌ സഹായകരമായിരുന്നു.

1726-ൽ ബ്രിട്ടീഷുകാർ ഇടവയിൽ ഒരു വാണിജ്യകേന്ദ്രം സ്ഥാപിച്ചതോടെ ഡെന്മാർക്കുകാർക്ക്‌ കുളച്ചലിൽ മാത്രമായി കേന്ദ്രീകരിക്കേണ്ടിവന്നു. ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന കാസ്‌പർ ടോപ്പ്‌ എന്ന ഡാനിഷുകാരന്റെ തന്ത്രത്തിലും സാമർഥ്യത്തിലും മാത്രമായി തങ്ങളുടെ കച്ചവടത്തെ പരിമിതപ്പെടുത്തുവാന്‍ പില്‌ക്കാലത്ത്‌ ഇവർ നിർബന്ധിതരായി. 1808-ൽ ട്രാന്‍ക്വെബാറിലും സെറാംപൂരിലുമുണ്ടായിരുന്ന ഡാനിഷ്‌ വാണിജ്യകേന്ദ്രങ്ങള്‍ ബ്രിട്ടീഷുകാർ ആക്രമിച്ചു. 1845-ൽ ഈ കേന്ദ്രങ്ങള്‍ ബ്രിട്ടീഷുകാർ 12 ലക്ഷം രൂപയ്‌ക്ക്‌ ഡെന്മാർക്കുകാരിൽനിന്നും വിലയ്‌ക്കു വാങ്ങുകയുണ്ടായി.

ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി. ഫ്രഞ്ച്‌ ധനകാര്യമന്ത്രിയായിരുന്ന കോള്‍ബർട്ടിന്റെ ശ്രമഫലമായി 1664-ൽ പ്രവർത്തനം തുടങ്ങിയ ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പിയുടെ ആദ്യത്തെ വാണിജ്യകേന്ദ്രം സൂറത്തിൽ സ്ഥാപിതമായി (1668). 1673-ൽ പോണ്ടിച്ചേരിയും 1674-ൽ ഭാഗീരഥി നദീതീരത്തുളള കുറച്ചു സ്ഥലവും ഫ്രഞ്ചുകാർക്ക്‌ ലഭ്യമായി. ചന്ദ്രനഗറിൽ ഒരു ഫാക്‌ടറി സ്ഥാപിക്കപ്പെടുന്നത്‌ 1690-92 കാലയളവിലാണ്‌. ഫ്രഞ്ചു കമ്പനിയും ഇംഗ്ലീഷ്‌ കമ്പനിയും തമ്മിലുള്ള മത്സരത്തിൽ ഫ്രഞ്ചുകാർ പരാജയപ്പെടുകയാണുണ്ടായത്‌. 1746-ൽ ഫ്രഞ്ചുകാർ മദ്രാസ്‌ പിടിച്ചെടുത്തെങ്കിലും മദ്രാസ്‌ പിന്നീട്‌ ബ്രിട്ടീഷുകാർക്ക്‌ തിരിച്ചുകിട്ടി. യൂറോപ്പിലെ സപ്‌തവത്സര യുദ്ധകാലത്ത്‌ ഇന്ത്യയിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ വീണ്ടും യുദ്ധം തുടങ്ങി. തുടർന്നുള്ള വർഷങ്ങളിൽ ഫ്രഞ്ചുകാർക്ക്‌ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും നഷ്‌ടപ്പെട്ടു. 1763-ലെ പാരിസ്‌ സന്ധിയനുസരിച്ച്‌ പിടിച്ചെടുത്ത സ്ഥലങ്ങള്‍ ഫ്രഞ്ചുകാർക്ക്‌ തിരിച്ചുകിട്ടി.

1779-ൽ ഫ്രാന്‍സ്‌, അമേരിക്കന്‍ സ്വാതന്ത്യ്രസമരത്തെ അംഗീകരിച്ചതോടെ ഇംഗ്ലീഷ്‌-ഫ്രഞ്ച്‌ ബന്ധങ്ങള്‍ ശിഥിലമായി. ഇന്ത്യയിലും അതിന്റെ പ്രതികരണങ്ങളുണ്ടായി. മയ്യഴി ഒഴികെയുള്ള ഫ്രഞ്ചുസങ്കേതങ്ങള്‍ മുഴുവന്‍ ബ്രിട്ടീഷുകാർ കൈയടക്കി. 1783-ലെ വേഴ്‌സയിൽസ്‌ സന്ധിപ്രകാരം ഈ സങ്കേതങ്ങള്‍ ഫ്രഞ്ചുകാർക്ക്‌ തിരിച്ചുകിട്ടി. 1793-ൽ ഫ്രഞ്ചുസങ്കേതങ്ങള്‍ വീണ്ടും ഇംഗ്ലീഷ്‌ ആക്രമണങ്ങള്‍ക്കു വിധേയമായി. എന്നാൽ 1814-ലെ പാരിസ്‌ സമാധാനസന്ധിപ്രകാരം അവ ഫ്രഞ്ച്‌ അധീനതയിൽത്തന്നെ വന്നുചേർന്നു.


ഇന്ത്യയുടെ സ്വാതന്ത്യ്രസമ്പാദനത്തിനു ശേഷവും ഇന്ത്യന്‍ പ്രദേശങ്ങളിൽനിന്ന്‌ ഫ്രഞ്ചുകാർ വിട്ടുപോയിരുന്നില്ല. 1948 മുതൽ ശക്തിപ്പെട്ട സ്വാതന്ത്യ്ര സമരപ്രക്ഷോഭണങ്ങളുടെ ഫലമായി 1954 ന. 1-ന്‌ ഈ പ്രദേശങ്ങള്‍ അവർ ഇന്ത്യയ്‌ക്കു കൈമാറി. എങ്കിലും നിയമപരമായ കൈമാറ്റം 1962 ആഗ. 16-ന്‌ മാത്രമാണ്‌ നടന്നത്‌.

(പ്രാഫ. കെ. മാധവന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍