This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഈശ്വരപിള്ള, ആർ. (1854 - 1940)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഈശ്വരപിള്ള, ആര്‍. (1854 - 1940)
ആദ്യകാലമലയാളോപന്യാസകാരന്മാരില്‍ ഒരാള്‍. വിവിധ ഹൈസ്‌കൂളുകളില്‍ ഹെഡ്‌മാസ്റ്ററായിരുന്ന ഈശ്വരപിള്ള റേഞ്ച് ഇന്‍സ്‌പെക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കോട്ടയത്ത് ഒളശ്ശയില്‍ ചെറുകര ഗോവിന്ദന്‍നായരുടെയും നാലാങ്കല്‍ കുഞ്ഞിയമ്മയുടെയും പുത്രനായി 1854-ല്‍ ഇദ്ദേഹം ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ബി.എ. ബിരുദം നേടി അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു.
ഇംഗ്ലീഷിലും മലയാളത്തിലും സംസ്‌കൃതത്തിലും തികഞ്ഞ പാണ്ഡിത്യമുണ്ടായിരുന്ന ഈശ്വരപിള്ളയുടെ പ്രധാനകൃതി ഏഴു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള ചിന്താസന്താനം എന്ന ഉപന്യാസസമാഹാരമാണ്. ഗ്രന്ഥങ്ങളും ഗ്രന്ഥശാലകളും, വൃദ്ധന്മാര്‍ക്ക് ചെറുപ്പമാകാനുള്ള മാര്‍ഗം, സാഹിത്യകാരന്മാരുടെ ദുരവസ്ഥ, നിയമവും നിയമനിര്‍മിതിയും, മതവും മനുഷ്യനും, തോമസ് കാര്‍ലൈല്‍ തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളെക്കുറിച്ചും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. സരസമായ ശൈലിയും കൗതുകമരുളുന്ന സമീപനവും ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങളുടെ സവിശേഷതകളാണ്.
ഷെയ്‌ക്‌സ്‌പിയര്‍ നാടകങ്ങളും മറ്റും ആദ്യമായി മലയാളികള്‍ക്കു പരിചയപ്പെടുത്തിയത് ഈശ്വരപിള്ളയാണ്. ഷെയ്‌ക്‌സ്‌പിയര്‍ നാടകകഥകള്‍, സൂക്തിമുക്താവലി, ശ്രീരാമന്‍, രാമാനുജനെഴുത്തച്ഛന്‍, ഉത്‌കര്‍ഷസോപാനം, ഹേമദത്തന്‍ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ഇതരകൃതികള്‍. അപ്രകാശിതങ്ങളായ ചില ഇംഗ്ലീഷ് കവിതകളും ഇദ്ദേഹത്തിന്റേതായുണ്ട്.
തിരുവിതാംകൂര്‍ നിയമസഭ, പാഠ്യപുസ്‌തക കമ്മിറ്റി തുടങ്ങിയവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പറവൂര്‍ നഗരസഭാധ്യക്ഷന്‍ എന്ന നിലയിലും ഇദ്ദേഹം ജനസേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 1909-ല്‍ സര്‍ക്കാരുദ്യോഗത്തില്‍ നിന്നു വിരമിച്ചശേഷം കുറേക്കാലം ഗുരുനാഥന്‍, ഉത്തരതാരക എന്നിവയുടെ പത്രാധിപത്യം നിര്‍വഹിച്ചു.
പ്രസിദ്ധ സാഹിത്യകാരനായ കൈനിക്കര കുമാരപിള്ള ഈശ്വരപിള്ളയുടെ ജാമാതാവാണ്. 1940 G. 18-ന് ഈശ്വരപിള്ള വടക്കന്‍ പറവൂരില്‍ അന്തരിച്ചു.