This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:10, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈറി

1. വടക്കേ അമേരിക്കയിലെ "ഗ്രറ്റ്‌ ലേക്‌സ്‌' എന്നു വിശേഷിപ്പിക്കപ്പെടുന്ന ജലാശയശൃംഖലയിൽ ഉള്‍പ്പെട്ട ഒരു ശുദ്ധജല തടാകം; ലോകത്തിലെ ഏറ്റവും വലിയ തടാകങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ്‌ ഈറി. വടക്ക്‌ അക്ഷാംശം 41o 23' മുതൽ 42o 53' വരെയും, പടിഞ്ഞാറ്‌ രേഖാംശം 78o 50' മുതൽ 83o 30' വരെയും വ്യാപിച്ചുകിടക്കുന്നു. ഏറ്റവും കൂടിയ നീളം 386 കിലോമീറ്ററും വീതി 91 കിലോമീറ്ററുമാണ്‌. വിസ്‌തീർണം: 25720 ച.കി.മീ.; മൊത്തം ചുറ്റളവ്‌ 1,051 കി.മീ. പടിഞ്ഞാറുനിന്നും കിഴക്കോട്ട്‌ സുപ്പീരിയർ, മിഷിഗണ്‍, ഹ്യൂറണ്‍, ഈറി, ഒണ്ടാറിയോ എന്നീ ക്രമത്തിലുള്ള തടാകശൃംഖലയിൽ മിഷിഗണ്‍ ഒഴിച്ചുള്ള നാലെച്ചവും യു.എസ്‌.-കാനഡാ അതിർത്തിയുടെ ഇരുപുറവുമായി വ്യാപിച്ചുകിടക്കുന്നു. സുപ്പീരിയർ, മിഷിഗണ്‍ എന്നീ തടാകങ്ങളിൽനിന്നു ഹ്യൂറണിലേക്കും തുടർന്ന്‌ ഈറിയിലേക്കും ജലം ഒഴുകുന്നു. ഹ്യൂറണ്‍ തടാകത്തിൽനിന്ന്‌ 67 കി.മീ. നീളമുള്ള സെന്റ്‌ ക്ലെയർ നദിയിലൂടെയാണ്‌ ജലം സെന്റ്‌ ക്ലെയർ തടാകത്തിലെത്തുന്നത്‌. ഈ തടാകത്തിന്‌ 46 കി.മീ. നീളം ഉണ്ട്‌. ഇവിടെനിന്ന്‌ ഡിട്രായിറ്റ്‌ നദിയിലൂടെ ഈറി തടാകത്തിലേക്ക്‌ ഒഴുകുന്നു. ഈറി തടാകത്തിലെ ജലം ഒണ്ടാറിയോ തടാകത്തിലേക്കു പ്രവഹിക്കുന്നത്‌ 42 കി.മീ. നീളമുള്ള നയാഗ്രാ നദിയിലൂടെയാണ്‌. ഈ ഭാഗത്താണ്‌ വിശ്വപ്രസിദ്ധമായ നയാഗ്രാ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്‌. ഈറിതടാകത്തിൽനിന്നും ഒണ്ടാറിയോയിലേക്കുള്ള കപ്പൽഗതാഗതം സുസാധ്യമാക്കുന്നതിനായി (42 കി.മീ.) നിർമിക്കപ്പെട്ട വെല്ലന്‍ഡ്‌ കനാൽ ഈറി തടാകതീരത്തുള്ള കോള്‍ബോണ്‍ തുറമുഖത്തെ ഒണ്ടാറിയോയിലെ ഡൽഹൂസി തുറമുഖവുമായി ബന്ധിക്കുന്നു.

ഈറി തടാകത്തിലെ ബഫലോ തുറമുഖത്തുനിന്നും മൊഹാക്‌, ഹഡ്‌സണ്‍ എന്നീ നദികളുമായി കൂട്ടിയിണക്കി ന്യൂയോർക്ക്‌ തുറമുഖത്തിലെത്തിച്ചേരുന്ന ഒരു കപ്പൽച്ചാല്‌ നിർമിക്കപ്പെട്ടിടുണ്ട്‌. ഗ്രറ്റ്‌ലേക്‌സ്‌ തുറമുഖങ്ങള്‍ക്ക്‌ ന്യൂയോർക്കുമായി നേരിട്ടു ബന്ധം പുലർത്തുവാന്‍ ഈ ചാല്‌ (ന്യൂയോർക്ക്‌ സ്റ്റേറ്റ്‌ കനാൽ) ഉപകരിക്കുന്നു. പ്രതിവർഷം കോടിക്കണത്തിനു ടണ്‍ ചരക്കുകള്‍ ഈ ചാലിലൂടെ നീങ്ങുന്നു. ടോളിഡോ, ക്ലീവ്‌ലന്‍ഡ്‌, ബഫലോ എന്നിവയാണ്‌ ഈറി തടാകതീരത്തെ തുറമുഖങ്ങള്‍. ഇവയിൽ ഏറ്റവും വലുത്‌ ക്ലീവ്‌ലന്‍ഡ്‌ ആണ്‌.

2. യു.എസ്സിലെ ഒരു തുറമുഖ നഗരം. ഈറി തടാകത്തിലെ ഒരു നൈസർഗികതുറമുഖമായ ഈ നഗരം പെന്‍സിൽവേനിയാ സ്റ്റേറ്റിൽ ഉള്‍പ്പെടുന്നു. ഉദ്ദേശം 18 കിലോമീറ്ററോളം നീളംവരുന്ന പ്രസ്‌ക്‌ ഐൽ എന്ന മുനമ്പിനാൽ ഈറിതുറമുഖം സംരക്ഷിതമായിരിക്കുന്നു. പ്രസ്‌ക്‌ ഐലിൽ 3,116 ഹെക്‌ടർ വിസ്‌തീർണമുള്ള ഒരു ഉപവനം സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്‌. ഫ്രഞ്ചുകാരാൽ നിർമിതമായ ഒരു പഴയകോട്ടയാണ്‌ ഇപ്പോള്‍ ഉപവനമാക്കി മാറ്റിയിരിക്കുന്നത്‌. ഈറി നഗരത്തിൽ മൊത്തം 19 ഉപവനങ്ങളുണ്ട്‌. പള്‍പ്പ്‌ നിർമാണത്തിനുള്ള തടി, വാസ്‌തുനിർമാണത്തിനുള്ള ചരലും മണലും, കൽക്കരി, ഇരുമ്പയിര്‌, പെട്രാളിയം, മത്സ്യം തുടങ്ങിയവയും എന്‍ജിനുകള്‍, യന്ത്രസാമഗ്രികള്‍, കടലാസ്‌, മച്ചുവാരിയന്ത്രങ്ങള്‍ മുതലായ ഉത്‌പാദിതവസ്‌തുക്കളും ഈറി തുറമുഖത്തിൽ നിന്ന്‌ വന്‍തോതിൽ കയറ്റി അയയ്‌ക്കപ്പെടുന്നു. വ്യാപാരത്തിൽ അധികപങ്കും യു.എസ്സിലെയും കാനഡയിലെയും തടാകതീര തുറമുഖങ്ങളുമായിട്ടാണ്‌.

3. ന്യൂയോർക്ക്‌ സ്റ്റേറ്റ്‌ കനാലിലെ ബഫലോ മുതൽ ആൽബനി വരെയുള്ള ഭാഗം ഈറികനാൽ എന്നു വിളിക്കപ്പെടുന്നു. ഈറിതടാകത്തിൽനിന്നു ഹഡ്‌സണ്‍ നദിയിലേക്കു വെട്ടിയിട്ടുള്ള ഈ കനാൽ 1825-ലാണ്‌ പൂർത്തിയാക്കപ്പെട്ടത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍