This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈദി അമീന്‍ (1925 - 2003)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:25, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈദി അമീന്‍ (1925 - 2003)

Idi Amin

ഈദി അമീന്‍

ഉഗാണ്ടയുടെ മുന്‍ പ്രസിഡന്റ്‌. മർദക/ഭീകര ഭരണത്തിന്റെ പേരിലാണ്‌ ചരിത്രത്തിൽ ഈദി അമീന്‍ അടയാളപ്പെട്ടത്‌. ബ്രിട്ടീഷ്‌ കോളനിയായിരുന്ന ഉഗാണ്ടയിൽ ജനിച്ചു (1925). ചെറുപ്പകാലത്ത്‌ പട്ടാളത്തിൽ ചേർന്ന ഇദ്ദേഹം രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്തിരുന്നു; ക്വീന്‍സ്‌ കമ്മിഷന്‍ ലഭിച്ച ചുരുക്കം ഉഗാണ്ടക്കാരിൽ ഒരാളായിരുന്നു അമീന്‍. 1966-ലാണ്‌ സ്വതന്ത്ര ഉഗാണ്ടയുടെ സേനാത്തലവനായി ഈദി അമീന്‍ നിയമിക്കപ്പെട്ടത്‌. ഉഗാണ്ടന്‍ പ്രധാനമന്ത്രിയായ ഒബോട്ടയുമായുള്ള അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതോടെ സൈനിക അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കിയ ഈദി അമീന്‍ ഉഗാണ്ടയുടെ പ്രസിഡന്റായി അധികാരമേറ്റു (1971). അധികാരവികേന്ദ്രീകരണം ഒഴിവാക്കി നേരിട്ട്‌ ഭരിക്കുന്ന രീതിയാണ്‌ ഇദ്ദേഹം സ്വീകരിച്ചത്‌. ഉഗാണ്ടന്‍ സമ്പദ്‌ഘടനയെ നിയന്ത്രിച്ചത്‌ ഏഷ്യാക്കാരാണ്‌ എന്ന്‌ ആരോപിച്ച്‌ അവരെ ഉഗാണ്ടയിൽ നിന്നും പുറത്താക്കിയതും ഇസ്രയേലുമായുള്ള പരമ്പരാഗത സൗഹൃദബന്ധം അവസാനിപ്പിച്ചതും പ്രധാന സംഭവവികാസങ്ങളായിരുന്നു. എതിരാളികളെ നിർഭയം വധിച്ച ഈദി അമീന്‍ ശവശരീരം ഭക്ഷിച്ചതായിട്ടുള്ള അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഉഗാണ്ടയുടെ കശാപ്പുകാരന്‍ എന്നാണ്‌ വിശേഷിപ്പിക്കപ്പെട്ടത്‌. ഏതാണ്ട്‌ 50,000 പേർ വധിക്കപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 1972-ൽ ഈദി അമീന്റെ നയത്തിൽ പ്രതിഷേധിച്ച യു.എസ്‌. സർക്കാർ ഉഗാണ്ടയ്‌ക്കുള്ള ധനസഹായം നിർത്തലാക്കി. അയൽരാജ്യമായ താന്‍സാനിയയിൽ നടത്തിയ ആക്രമണങ്ങളാണ്‌ ഇദ്ദേഹത്തിന്റെ പതനത്തിന്‌ വഴിതെളിച്ചത്‌; താന്‍സാനിയ തിരിച്ചടിച്ചതിനെത്തുടർന്ന്‌ ഗത്യന്തരമില്ലാതെ ആദ്യം ലിബിയയിലും പിന്നീട്‌ സൗദിഅറേബ്യയിലും അഭയംതേടി. 2003 ആഗ. 16-ന്‌ സൗദി അറേബ്യയിൽ വച്ചായിരുന്നു അന്ത്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍