This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈജിയന്‍ സംസ്‌കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:20, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈജിയന്‍ സംസ്‌കാരം

Aegean Culture

ഗ്രീസിനു തെക്കും ഈജിപ്‌തിനു വടക്കു പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന ഈജിയന്‍ ദ്വീപുകളിലെ പ്രാചീന സംസ്‌കാരം. ഈ ദ്വീപസമൂഹത്തിൽപ്പെട്ട ക്രീറ്റിൽ ഉദ്‌ഭവിച്ചതുകൊണ്ട്‌ ക്രീറ്റന്‍ സംസ്‌കാരം എന്നും ക്രീറ്റിലെ രാജാവിന്‌ "മിനോസ്‌' എന്ന സ്ഥാനപ്പേരുണ്ടായിരുന്നതുകൊണ്ട്‌ മിനോവന്‍ സംസ്‌കാരം എന്നും ഇത്‌ അറിയപ്പെടുന്നു.

ഈജിയന്‍ കടൽത്തീരപ്രദേശങ്ങളും ഈജിയന്‍ ദ്വീപസമൂഹങ്ങളും അടങ്ങിയ ഭൂവിഭാഗങ്ങളായിരുന്നു ഈജിയന്‍ ജനതയുടെ പ്രഭവകേന്ദ്രം. ഈ ജനത ആദ്യകാലത്തുതന്നെ സമുദ്രയാത്രയിൽ പ്രഗല്‌ഭരായിത്തീർന്നു. നാട്‌ കാർഷികപ്രവർത്തനങ്ങള്‍ക്കനുയോജ്യമല്ലാതിരുന്നതുകൊണ്ട്‌ കടലിനെ ആശ്രയിക്കുന്നതിൽ അവർ ആദ്യംമുതല്‌ക്കേ ശ്രദ്ധിച്ചുപോന്നു. ഊർജസ്വലരായ ഒരു ജനവിഭാഗത്തെ സൃഷ്‌ടിക്കുന്നതിനുതകുന്നതായിരുന്നു ഈജിയന്‍ കാലാവസ്ഥ. അതുകൊണ്ട്‌ തങ്ങളുടെ നിലനില്‌പിനു വേണ്ടത്ര ഭക്ഷണപദാർഥങ്ങള്‍-ഗോതമ്പ്‌, ബാർലി, ഒലിവെച്ച, മുന്തിരി മുതലായവ-ഉത്‌പാദിപ്പിക്കുന്നതിൽ അവർ ശ്രദ്ധിച്ചു. എങ്കിലും കടലിനെയാണ്‌ അവർ കൂടുതൽ ആശ്രയിച്ചിരുന്നത്‌. ക്രീറ്റന്‍ സംസ്‌കാരം തഴച്ചു വളരുന്നതിനു വേണ്ടത്ര സന്ദർഭങ്ങള്‍ ഒരുക്കിയത്‌ കടൽ മാത്രമായിരുന്നുവെന്നതിന്‌ പുരാവസ്‌തുഗവേഷണവും ആധുനിക ചരിത്രപഠനങ്ങളും സാക്ഷ്യം വഹിക്കുന്നു. പല വ്യത്യസ്‌ത ജനപദങ്ങളുടെയും ആദ്യകാല സംസ്‌കാരങ്ങളുടെയും ഒരു സങ്കലനമായിത്തീരാന്‍ ക്രീറ്റ്‌ കേന്ദ്രമായ പൗരസ്‌ത്യ മെഡിറ്ററേനിയന്‍ പ്രദേശത്തിനു കഴിഞ്ഞതും ഇക്കാരണം കൊണ്ടുതന്നെയാണ്‌.

പ്രാചീനജനത. ഈജിയന്‍ ജനത ഏതുവർഗത്തിൽപ്പെട്ടവരായിരുന്നുവെന്ന്‌ തീർത്തുപറയുക സാധ്യമല്ല. ഏഷ്യയിലെ സെമിറ്റിക്‌ വർഗത്തിൽനിന്നും വ്യത്യസ്‌തരായ അവർ മെഡിറ്ററേനിയന്‍ ഗോത്രത്തിൽപ്പെട്ട ഒരു ഉപവർഗമാണെന്ന്‌ സാമാന്യേന കരുതപ്പെട്ടുവരുന്നു. ബി.സി. 3000 -ാമാണ്ടോടെ അവർ ഈജിയന്‍ കടലിന്‌ അധിപരായി തീരുകയും അനേകം ശതാബ്‌ദങ്ങളോളം ആ ആധിപത്യം നിലനിർത്തുകയും ചെയ്‌തു. മെലിഞ്ഞ ശരീരം, ഇടുങ്ങിയ അരക്കെട്ട്‌, ഒത്ത ഉയരം, നീണ്ട തലയോട്‌, കറുത്ത തലമുടി എന്നിവ ചേർന്ന ശരീരപ്രകൃതിയുള്ള അവർ ഊർജസ്വലരും അരോഗദൃഢഗാത്രരുമായിരുന്നതുകൊണ്ട്‌ ഏതു സാഹസത്തിനും യാതനയ്‌ക്കും തയ്യാറായിരുന്നു. പലരും മിനുസമായി ക്ഷൗരം ചെയ്യുക പതിവായിരുന്നു. എങ്കിലും നീണ്ടുവളർന്ന തലമുടിയോടുകൂടിയാണ്‌ സാധാരണയായി ഈജിയന്‍ ജനത ചിത്രീകരിക്കപ്പെടാറുള്ളത്‌.

അതിപുരാതനകാലത്തുതന്നെ ക്രീറ്റന്‍ ജനത ശിലായുഗത്തിൽനിന്നു മോചനം നേടിയെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. ഹോമറിന്റെ കാലഘട്ടത്തിൽ സമ്പന്നമായ താമ്രയുഗത്തിലായിരുന്ന ഈജിയന്മാർ അക്കാലത്തുതന്നെ നഗരവാസികളായിത്തീർന്നിരുന്നു. ഹെന്‌റി ഷ്‌ളീമാന്‍ എന്ന പുരാവസ്‌തുഗവേഷകന്‍ 1875-ൽ ട്രായ്‌, മൈസീന്‍ ടിറന്‍സ്‌ എന്നീ പൗരാണിക നഗരസങ്കേതങ്ങള്‍ കണ്ടെത്തി. ആർതർ ഇവാന്‍സ്‌ എന്ന ചരിത്രകാരന്‍ 1894-ൽ ക്രീറ്റിന്റെ തലസ്ഥാനമായിരുന്ന നോസസ്സിന്റെയും മറ്റു നൂറോളം നഗരങ്ങളുടെയും ഭഗ്നാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതോടെയാണ്‌ ഈജിയന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാന സ്വഭാവവിശേഷങ്ങള്‍ വെളിച്ചത്തു വന്നത്‌. ഈജിയന്‍ ഭാഷയെക്കുറിച്ച്‌ ഇന്നും കാര്യമായ വിവരങ്ങള്‍ കിട്ടിയിട്ടില്ല. അവർ സാംസ്‌കാരികമായി പൗരാണിക ഈജിപ്‌തിലെയും ബാബിലോണിയയിലെയും ജനതകളോളം തന്നെ ഉയർന്നവരായിരുന്നു എന്നതിൽ സംശയമില്ല; സാംസ്‌കാരികമായി ആധുനിക ശിലായുഗം (ബി.സി. 6000-3000); ആദ്യമിനോവന്‍ യുഗം (3000-2100) മധ്യമിനോവന്‍യുഗം (2100-1500); താമ്രയുഗം (3000-2400); വെങ്കലയുഗം (2400-1200) എന്നീ വിവിധഘട്ടങ്ങളിലൂടെയും കടന്നുവന്നിരിക്കണം.

സുവർണകാലം. സു. ബി.സി 2000-ൽ നോസസ്‌ നഗരം പല രംഗങ്ങളിലും ഔന്നത്യം നേടി. ബി.സി. 1700-നുശേഷം നോസസ്സിലെ സംസ്‌കാരസമ്പത്ത്‌ അതിവേഗം മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലാകമാനം വ്യാപിക്കുകയും ചെയ്‌തു. ക്രീറ്റന്‍ സംസ്‌കാരത്തിന്റെ സുവർണയുഗം ബി.സി. 1580-1400 കാലഘട്ടത്തിലായിരുന്നുവെന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. സാംസ്‌കാരികകേന്ദ്രവും കച്ചവടകേന്ദ്രവും ആയ ഒരു മനോഹര നഗരമായിരുന്നു നോസസ്‌. മെഡിറ്ററേനിയന്‍ ഭൂവിഭാഗങ്ങളിലെ ആദ്യത്തെ രാജകൊട്ടാരം ഉയർന്നുവന്നത്‌ ഇവിടെയായിരുന്നു. ഇവിടെനിന്നു തന്നെയായിരുന്നു സൈപ്രസ്‌, ഈജിയന്‍ദ്വീപുകള്‍, ഗ്രീസ്‌ മുതലായ പ്രദേശങ്ങളിലേക്ക്‌ ഈജിയന്‍ സംസ്‌കാരസരണികള്‍ പ്രവഹിച്ചെത്തി ആ പ്രദേശങ്ങളെ കൂടി ഉദ്‌ബുദ്ധമാക്കിയത്‌. മൈസീന്‍, ടിറന്‍സ്‌ എന്നീ നഗരങ്ങള്‍ സ്ഥാപിച്ച്‌ അവയെ സാംസ്‌കാരിക കേന്ദ്രങ്ങളാക്കി വളർത്തിയെടുത്തതും നോസസ്‌ ആണ്‌. പിന്നീട്‌ നോസസ്സിനെ മൈസീന്‍ നിഷ്‌പഭ്രമാക്കിയെങ്കിലും തുടർന്ന്‌ ട്രായ്‌നഗരവും ദക്ഷിണനഗരങ്ങളുടെ ശത്രുവായി മാറി. എന്നാൽ കണ്ടെത്തിയതെല്ലാം നശിപ്പിച്ചും കീഴടക്കിയും ഏഷ്യാമൈനർ തീരത്തുകൂടി മുന്നേറിവന്ന ഹിറ്റൈറ്റുകളെ തടഞ്ഞുനിർത്തുന്നതിന്‌ ഈ നഗരങ്ങള്‍ക്കു കഴിഞ്ഞില്ല.

ബി. സി. 1400-നോടടുപ്പിച്ച്‌ നോസസ്‌ നഗരത്തെയും 1200-ൽ മൈസീന്‍ നഗരത്തെയും ഡോറിയന്‍ജനത പരിപൂർണമായി നശിപ്പിച്ചു. ഈജിയന്‍ സാമ്രാജ്യത്തിന്റെ പെട്ടെന്നുള്ള വളർച്ച മാതൃരാജ്യത്തെ ക്ഷീണിപ്പിക്കുകയും അതിന്റെ അധികാരശക്തിക്ക്‌ ക്ഷതമേല്‌പിക്കുകയും ചെയ്‌തു. ക്രമാതീതമായ ജനപ്പെരുപ്പം ഭക്ഷണാവശ്യത്തിന്‌ ഈജിപ്‌തിനെ ആശ്രയിക്കേണ്ട ഘട്ടത്തിലെത്തിച്ചു. മൈസീന്‍ നഗരം സാമ്പത്തിക രാഷ്‌ട്രീയ ശക്തികളുടെ കേന്ദ്രമായതോടെ ക്രീറ്റിന്റെ പ്രാധാന്യം കുറച്ചു കാണിക്കുന്നതിന്‌ അവിടത്തെ ഭരണാധികാരികള്‍ മനഃപൂർവം ശ്രമിച്ചു. ഈജിയന്‍ സാമ്രാജ്യം ക്രമേണ ഒരു ഉദ്യോഗസ്ഥഭരണമേധാവിത്വത്തെ വളർത്തിയെടുത്തു. ഇത്‌ അവരുടെ സാംസ്‌കാരിക പ്രാമാണ്യത്തിന്‌ ആഘാതമേല്‌പിച്ചു. പ്രബുദ്ധമായ എല്ലാ സാംസ്‌കാരിക ജനതകള്‍ക്കും പറ്റിയതുപോലെതന്നെ സാംസ്‌കാരിക ബോധത്തിന്റെ അതിപ്രസരവും സമ്പദ്‌സമൃദ്ധി വരുത്തിവയ്‌ക്കുന്ന ദുശ്ശീലങ്ങളും ക്രീറ്റന്‍ ജനതയെ അലസരാക്കിത്തീർത്തു. ശതാബ്‌ദങ്ങളായി നിലനിന്നുപോന്ന സമാധാന ജീവിതം അവരുടെ ആയോധനവീര്യത്തെ ക്രമേണ നശിപ്പിക്കുകയും ചെയ്‌തു. സുരക്ഷിതത്വബോധവും സമ്പദ്‌സമൃദ്ധിയും ജനതയെ പൊതുവേ അലസരാക്കിത്തീർത്തതോടെ സൈനികച്ചുമതലകള്‍ നിറവേറ്റുന്നതിനുപോലും കൂലിപ്പട്ടാളത്തെ അവർക്ക്‌ ആശ്രയിക്കേണ്ടിവന്നു.

സ്‌ത്രീകളുടെ നില. ആദ്യകാലത്തെ സമൂഹജീവിതം പരിവർത്തനങ്ങള്‍ക്കു വിധേയമായി; ക്രീറ്റന്‍ സംസ്‌കാരത്തിന്റെ ഉച്ചകോടിയിൽ കുടുംബമെന്ന വ്യവസ്ഥ രൂപംകൊണ്ടു. അതോടെ സ്‌ത്രീക്ക്‌ സാമൂഹിക പ്രാധാന്യവും സ്വാതന്ത്യ്രവും ലഭിച്ചു. സ്‌ത്രീക്കു കൈവന്ന ഈ ഉയർച്ച അവിടെ നിലവിലിരുന്ന "മാതൃദേവി' വിശ്വാസത്തെയും സ്‌ത്രീപൗരോഹിത്യത്തെയുമാണ്‌ സൂചിപ്പിക്കുന്നത്‌. സഗോത്രവിവാഹത്തിനു മാത്രമായിരുന്നു അംഗീകാരം; വിവാഹജീവിതത്തിൽ സ്‌ത്രീക്കും പുരുഷനും തുല്യപദവി അനുവദിക്കപ്പെട്ടിരുന്നു. ബന്ധങ്ങള്‍ വിവക്ഷിച്ചിരുന്നത്‌ അമ്മയിൽക്കൂടിയാണ്‌. സ്‌ത്രീകള്‍ ഗൃഹജീവിതത്തിൽ മുഴുകിക്കഴിഞ്ഞിരുന്നെങ്കിലും നൂൽനൂല്‌പ്‌, നെയ്‌ത്ത്‌, ധാന്യം പൊടിക്കൽ എന്നീ തൊഴിലുകളിലും പ്രാവീണ്യം നേടിയിരുന്നു. അതോടൊപ്പം മണ്‍പാത്രനിർമാണത്തിലും തേരോടിക്കൽ, കാളപ്പോർ എന്നീ അധ്വാനപ്രധാനങ്ങളായ വിനോദങ്ങളിലും നായാട്ടിലും അവർ സജീവമായിത്തന്നെ പങ്കെടുത്തിരുന്നുവെന്ന്‌ പുരാവസ്‌തുഗവേഷണം വ്യക്തമാക്കുന്നു. ഉത്‌പന്നപ്രദർശനങ്ങളും ഉത്സവാദികളും മുന്‍കൈ എടുത്തു നടത്തിക്കുന്നതിൽ സ്‌ത്രീകള്‍ ഉത്സുകരായിരുന്നതായി കരുതേണ്ടിയിരിക്കുന്നു.

കൃഷി. കൃഷിഭൂമി ചെറുഖണ്ഡങ്ങളാക്കുകയായിരുന്നു പതിവ്‌. അവരുടെ കാർഷികോപകരണങ്ങള്‍ താരതമ്യേന അപരിഷ്‌കൃതങ്ങളായിരുന്നു. ബാർലി, ഗോതമ്പ്‌, ഒലീവ്‌, ഫലവൃക്ഷങ്ങള്‍, മുന്തിരി എന്നിവ കൃഷി ചെയ്‌തിരുന്നു. കോഴിവളർത്തലും തേനീച്ചവളർത്തലും സർവസാധാരണമായിരുന്നു. കോലാട്‌, ചെമ്മരിയാട്‌, കന്നുകാലികള്‍, പന്നി, കുതിര എന്നീ മൃഗങ്ങളെയും അവർ വളർത്തിയിരുന്നു. നായാട്ടും മത്സ്യബന്ധനവും ഭക്ഷണക്ഷാമം പരിഹരിക്കുന്നതിന്‌ ഉപകരിച്ചു. മരപ്പണി, ലോഹപ്പണി. കപ്പൽനിർമാണം ഒരു പ്രധാന തൊഴിലായിരുന്നിരിക്കാന്‍ സാധ്യതയുണ്ട്‌. ഈജിയന്‍ ദ്വീപുകളിൽ സമൃദ്ധമായി ഉണ്ടായിരുന്ന സൈപ്രസ്‌ മരങ്ങളും ലെബനനിൽനിന്ന്‌ ഇറക്കുമതി ചെയ്‌ത സെഡാർമരങ്ങളുമാണ്‌ അവർ അതിനുപയോഗിച്ചത്‌. ലോഹങ്ങളും ഉപകരണനിർമാണത്തിനുതകുന്ന നല്ലതരം കല്ലുകളും അവർ ഇറക്കുമതി ചെയ്‌തിരുന്നിരിക്കണം; പ്രത്യേകിച്ച്‌ സൈപ്രസിൽ നിന്നു ചെമ്പും ബ്രിട്ടനിൽ നിന്ന്‌ തകരവും. ഇറക്കുമതിക്ക്‌ ഐബീരിയന്‍ തുറമുഖങ്ങളെ ആശ്രയിച്ചിട്ടുണ്ടാവാം. മിനോസ്‌ രാജാവിന്റെ കൊട്ടാരത്തോടനുബന്ധിച്ച്‌ വിശാലമായൊരു കപ്പൽ പണിപ്പുര സദാ പ്രവർത്തിച്ചുപോന്നിരുന്നതായി സൂചനകളുണ്ട്‌.

ഗതാഗതം. നഗരവാസികളുടെ എച്ചം ക്രമേണ വർധിച്ചു വന്നു. ചില നഗരങ്ങള്‍ കാർഷികപ്രധാനങ്ങളും മറ്റുള്ളവ വ്യവസായ-വാണിജ്യപ്രധാനങ്ങളും ആയിരുന്നു. ഇത്തരത്തിലുള്ള 90 നഗരങ്ങളെപ്പറ്റി ഹോമർ പ്രസ്‌താവിക്കുന്നുണ്ട്‌. പുരാവസ്‌തുഗവേഷണം കൂടുതൽ നഗരങ്ങളെക്കുറിച്ച്‌ അറിവു നല്‌കുന്നു. നഗരങ്ങളിലെ ജനസംഖ്യ ക്രമാതീതമായിരുന്നു. നോസസ്‌നഗരത്തിൽ ഒരു ലക്ഷത്തിലധികം ജനങ്ങള്‍ ഉണ്ടായിരുന്നു. പ്രധാന നഗരങ്ങളിൽ എല്ലാംതന്നെ നാണയം, തൂക്കം, അളവ്‌ എന്നിവയുടെ മാനങ്ങള്‍ നിർബന്ധമായും പാലിക്കപ്പട്ടു. കണക്കു സൂക്ഷിക്കുന്നതിനുള്ള സംഖ്യാശാസ്‌ത്രവും എഴുത്തുവിദ്യയും അവർ വളരെ നേരത്തേ തന്നെ സ്വായത്തമാക്കിയിരുന്നു. ബി. സി. 2000-ത്തോടെ ഈജിയന്‍ കടൽ അവരുടെ കച്ചവടകേന്ദ്രമായിത്തീർന്നെന്നു മാത്രമല്ല ക്രീറ്റ്‌-മൈസീന്‍ പ്രാമാണികത്വം പരിപൂർണമായും നശിക്കുന്നതുവരെ ഈജിപ്‌തുമായുള്ള കച്ചവടം തുടരുകയും ചെയ്‌തു. വേണ്ടത്ര വികസിച്ച രാജപാതകളും കപ്പൽമാർഗങ്ങളും ക്രീറ്റിലെ വിവിധ തുറമുഖങ്ങളെ കൂട്ടിയിണക്കി. പ്രധാനരാജപാത ഫേസ്റ്റസ്‌-നോസസ്‌ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നു.

എഴുത്തും വായനയും. ക്രീറ്റിലെ പുരോഹിതർ ഇസാപർവതഗുഹകളിൽ പോറ്റിവളർത്തിയ സിയൂസ്‌ ദേവന്റെ 9 പുത്രിമാരാണ്‌ മ്യൂസസ്‌ എന്ന പേരിലറിയപ്പെടുന്ന കലാദേവതകള്‍ എന്ന്‌ ഗ്രീക്കു ചരിത്രപണ്ഡിതനായ ഡയോറസ്‌ അഭിപ്രായപ്പെടുന്നു. ക്രീറ്റ്‌ ദ്വീപിൽ വിപുലമായതോതിൽ എഴുത്തും വായനയും പ്രചരിച്ചിരുന്നതിന്‌ തെളിവുകള്‍ ഉണ്ട്‌. ക്രമേണ ഈ അക്ഷരമാല ക്രീറ്റുമായി വാണിജ്യബന്ധത്തിലേർപ്പെട്ടിരുന്ന പ്രദേശങ്ങളിലെല്ലാം പ്രചരിച്ചു. ഐബീരിയന്‍ അക്ഷരമാല ക്രീറ്റിൽ നിന്ന്‌ ഉദ്‌ഭവിച്ചതായിരിക്കണം എന്നു പോലും പുരാവസ്‌തു ഗവേഷകനായ ഇവാന്‍സ്‌ വിശ്വസിക്കുന്നു. പേനയും മഷിയും അവർ പതിവായി ഉപയോഗിച്ചിരുന്നുവെന്നും പ്രധാന രേഖകള്‍ തയ്യാറാക്കിയിരുന്നത്‌ ഈജിപ്‌തിൽ നിന്ന്‌ ഇറക്കുമതി ചെയ്‌ത പാപ്പിറസുകളിൽ ആയിരുന്നുവെന്നും കരുതപ്പെടുന്നു. ആയവ്യയക്കണക്കുകള്‍, വിലവിവരങ്ങള്‍, സാധനവിവരണങ്ങള്‍, കത്തുകള്‍ മുതലായവ രേഖപ്പെടുത്താന്‍ കളിമണ്‍ ഫലകങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. സുവ്യക്തമായ സംഖ്യാശാസ്‌ത്രവും അവർക്കുണ്ടായിരുന്നു. അതു പോലെതന്നെ ക്രീറ്റിലാകെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നുവെന്ന്‌ ഗോള്‍റ്റ്‌സ്‌ എന്ന പണ്ഡിതന്‍ വിശ്വസിക്കുന്നു.

ആയുധപ്രയോഗം. നോസസ്‌കൊട്ടാരത്തില സമൃദ്ധമായ ചുമർച്ചിത്രങ്ങളിൽ നിന്ന്‌ അന്നത്തെ ആയുധങ്ങളെക്കുറിച്ച്‌ അറിവു ലഭിക്കുന്നു. വലുതല്ലെങ്കിലും ഒരു സ്ഥിരം സൈന്യം അവർക്കുണ്ടായിരുന്നു. നീഗ്രാവംശജരായിരുന്നിരിക്കണം കൊട്ടാരംകാവൽസേനയിലെ ഭടന്മാർ. യുദ്ധക്കപ്പലുകളും വിവിധതരം തോണികളും അവർക്കുണ്ടായിരുന്നു. 28 ജോടി തുഴകളുള്ള തോണികളായിരുന്നു അവയിൽ പ്രധാനം. ബി. സി. 3000 -ത്തിനു മുമ്പുതന്നെ തോണിയാത്രയ്‌ക്ക്‌ അവർ പ്രശസ്‌തരായിത്തീർന്നു. യുദ്ധങ്ങളിൽ വളരെയേറെ പൊക്കമുള്ളതും വീതിയേറിയതും ആയ പരിചകളായിരുന്നു പ്രതിരോധത്തിന്‌ ഉപയോഗിച്ചിരുന്നത്‌. ഈ പരിചകള്‍ യോദ്ധാവിന്റെ ശരീരം മറയ്‌ക്കുമായിരുന്നു. മരം കൊണ്ടുള്ള പരിചക്കൂട്‌ തോൽകൊണ്ടു പൊതിയുകയായിരുന്നു പതിവ്‌. ക്രമേണ ലോഹപ്പരിചകള്‍ സാധാരണയായി. അപൂർവമായി തുകൽത്തൊപ്പികളും അവർ ഉപയോഗിച്ചിരുന്നു. അമ്പ്‌, വില്ല്‌, കുന്തം, ചാട്ടുളി, കഠാര, വാള്‍ എന്നിവയായിരുന്നു അവരുടെ പ്രധാന ആയുധങ്ങള്‍. ലക്ഷ്യസ്ഥാനത്ത്‌ കുന്തം എറിഞ്ഞെത്തിക്കുന്നതിൽ അവർ സമർഥരായിരുന്നു. ഓടുകൊണ്ടും ചെമ്പുകൊണ്ടും ആണ്‌ അവർ കഠാരികള്‍ ഉണ്ടാക്കിയിരുന്നത്‌. ഡോറിയന്‍ ആക്രമണത്തോടെ ഇരുമ്പുകൊണ്ടുള്ള കഠാരികള്‍ ഉപയോഗത്തിൽ വന്നു. അവർ ആയുധങ്ങള്‍ കയറ്റി അയച്ചിരുന്നു. പൗരാണിക മെഡിറ്ററേനിയന്‍ ജനത അമ്പിന്‌ "ക്രീറ്റ്‌' എന്നാണ്‌ പറഞ്ഞിരുന്നത്‌. കാരണം അമ്പും വില്ലും കണ്ടുപിടിച്ചത്‌ അപ്പോളോ ദേവനാണെന്ന്‌ അവർ വിശ്വസിച്ചിരുന്നു. അന്യരാജ്യങ്ങളിൽ ക്രീറ്റന്‍ വില്ലാളികളുടെ സേവനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സുവർണദശയിൽ സിറിയയിൽ നിന്ന്‌ നല്ലയിനം കുതിരകളെ അവർ ഇറക്കുമതി ചെയ്‌തുപോന്നു.

നായാട്ട്‌. ക്രീറ്റന്‍ജനതയുടെ പ്രധാന വിനോദമായിരുന്നു നായാട്ട്‌. ക്രീറ്റിൽ മൃഗയാവിനോദത്തിന്‌ വളരെയേറെ സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. അവർ ആയുധങ്ങളിൽ നായാട്ടുരംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. സ്വർണം, വെള്ളി എന്നിവകൊണ്ടുള്ള ചിത്രശില്‌പങ്ങള്‍ പണിത്‌ ഈ ആയുധങ്ങളിൽ പതിക്കുകയും സാധാരണമായിരുന്നു. നായ, കാട്ടുപൂച്ച, ചെറിയ മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയെ മെരുക്കിയെടുത്തു പരിശീലിപ്പിച്ചിരുന്നു. താമരക്കുളങ്ങളിൽ താറാവുകളെ പിന്തുടർന്ന്‌ നായാടിപ്പിടിക്കുന്ന പുള്ളിപ്പുലികളെയും അവർ ചിത്രീകരിച്ചിരുന്നു. അത്‌ലാന്താദേവതയെ പ്പോലുള്ള നായാട്ടുകാരികളെയും ക്രീറ്റിലെ കലാകാരന്മാർ ആവിഷ്‌കരിച്ചിട്ടുണ്ട്‌. നായാട്ടു വസ്‌ത്രവും ആയുധവും ധരിച്ച്‌ തേർ തെളിച്ച്‌ പാഞ്ഞുപോകുന്ന നായാട്ടുകാരികളെയും കലാകാരന്മാർ ചിത്രീകരിച്ചിട്ടുണ്ട്‌.

കാളപ്പോര്‌. ബി. സി. 2100-നു മുമ്പു മുതൽ തന്നെ കാളപ്പോര്‌ ക്രീറ്റന്‍ സംസ്‌കാരത്തിന്റെ സജീവഭാഗമായിത്തീർന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. കലാകാരന്മാരും ശില്‌പികളും തങ്ങളുടെ സൃഷ്‌ടികളിൽ കാളപ്പോരിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്‌. കാളയുടെ കഴുത്തിൽ വാള്‍ കുത്തിയിറക്കുന്ന രംഗങ്ങളാണ്‌ അധികവും ആവിഷ്‌കൃതമായിരിക്കുന്നത്‌. തൗരിദോർ ചുവരുകളിൽ കാളപ്പോരിലെ ഒരു സാഹസികരംഗം ആവിഷ്‌കരിച്ചിട്ടുണ്ട്‌. മാതൃദേവിയുടെ ക്ഷേത്രങ്ങളിലെ വിശാലമായ വേദികളിൽ പുരോഹിതന്മാർ കാളകളുമായി മല്ലയുദ്ധം നടത്തി അവയെ കീഴടക്കി ദൈവപ്രസാദം നേടിയിരുന്നു. കാളകളെ വിലയേറിയ വസ്‌ത്രങ്ങള്‍ കൊണ്ട്‌ അലങ്കരിച്ചിരുന്നു. യോദ്ധാക്കള്‍ നീണ്ട മേലങ്കികളും അണിയാറുണ്ട്‌. സ്‌ത്രീകളും ഈ സാഹസികവിനോദത്തിൽ പങ്കെടുത്തിരുന്നു. ഗുസ്‌തി, മൽപ്പിടുത്തം എന്നിവയിലും സ്‌ത്രീകള്‍ പ്രസിദ്ധി നേടിയിരുന്നു. ഈ വിനോദവേദികളെയും ദേവാലയങ്ങളായിട്ടായിരുന്നു ക്രീറ്റുകാർ കരുതിയിരുന്നത്‌. ഫേസ്റ്റസിലെയും നോസസിലെയും പ്രദർശനവേദികള്‍ക്ക്‌ അഞ്ഞൂറോളം പേരെ ഉള്‍ക്കൊള്ളുന്നതിനു സൗകര്യമുണ്ടായിരുന്നു. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അരപ്പട്ടയും തൊപ്പിയും ധരിക്കുക പതിവായിരുന്നു. ജേതാവിനെ, ഇടതുകൈ പ്രതിരോധാത്മകമായി പിടിച്ച്‌, ശത്രുവിനെ അടിക്കുന്നതിനു വലതുകൈ ഉയർത്തി, അക്രമാസക്തനായി നില്‌ക്കുന്നതായും പരാജിതനെ മുട്ടുമടക്കി അഭയം തേടുന്ന മട്ടിലുമാണ്‌ ചിത്രീകരിച്ചുകാണുന്നത്‌.

മറ്റു പല വിനോദങ്ങളും അവർക്കുണ്ടായിരുന്നു. മൂന്നടി നീളവും ഒന്നരയടി വീതിയുമുള്ള ഒരു പലകയും ചെറിയ കൽക്കഷണങ്ങളും നോസസ്‌ കൊട്ടാരത്തിൽ നിന്നു കണ്ടുകിട്ടിയിട്ടുണ്ട്‌. കൽക്കഷണങ്ങള്‍ ഉരുട്ടിയും പകിടയെറിഞ്ഞും കോണാകൃതിയിലുള്ള മരക്കഷണങ്ങള്‍ നീക്കിയും ഉള്ള കളികള്‍ പ്രചാരത്തിലിരുന്നു. പിന്നീട്‌ ഗ്രീക്കുകാർ ഈ വിനോദം അവരുടെ നിത്യജീവിതത്തിൽ പകർത്തി. മറ്റൊരു വിനോദമായിരുന്നു നീന്തൽ. ഈജിയന്‍കാരിൽ നിന്നാണ്‌ ഗ്രീക്കുകാർ അടിസ്ഥാനപരമായ വിനോദങ്ങളെല്ലാംതന്നെ സ്വീകരിച്ചിട്ടുള്ളത്‌.

ശുചീകരണസംവിധാനങ്ങള്‍. ആരോഗ്യപരമായ ജീവിതാനുഷ്‌ഠാനങ്ങളിൽ അവർ അതീവ തത്‌പരരായിരുന്നുവെന്ന്‌ ക്രീറ്റിലെ കൊട്ടാരങ്ങളിലും മറ്റു പ്രധാനമന്ദിരങ്ങളിലും ഉണ്ടായിരുന്ന ശുചീകരണസൗകര്യങ്ങള്‍ വ്യക്തമാക്കുന്നു. ജലോപയോഗ സംവിധാനങ്ങളിൽ നിന്നും 10 മീ. ആഴമുള്ള വന്‍കിണറുകളിൽ നിന്നും അണകളും സംഭരണികളും വഴി നഗരങ്ങളിൽ അവർ വെള്ളം എത്തിച്ചത്‌ ചെറുതോണികളിലൂടെയാണ്‌. വെള്ളത്തിന്റെ ഗതി നിയന്ത്രിക്കുന്നതിന്‌ തോടുകളും സംവിധാനം ചെയ്യപ്പെട്ടിരുന്നു. അറ്റം കൂർത്ത ജലനിർഗമനക്കുഴലുകളും ചളി അടിഞ്ഞുകൂടുന്നതിനുള്ള പ്രത്യേക ഏർപ്പാടുകളും അവർക്കുണ്ടായിരുന്നു. സഞ്ചാരികളുടെ സൗകര്യാർഥം വഴിനീളെ വിശ്രമകേന്ദ്രങ്ങളും കളിസ്ഥലങ്ങളും നിർമിച്ചിരുന്നു. ആധുനികരീതിയിലുള്ള "ഫ്‌ളഷ്‌ ഔട്ട്‌' കക്കൂസുകളും അവർക്കുണ്ടായിരുന്നതായി കരുതപ്പെടുന്നു.

രാജവാഴ്‌ച. ഈജിയന്‍ജനതയുടെ രാഷ്‌ട്രീയ സംവിധാനം എന്തായിരുന്നുവെന്നു നിർണയിക്കുക എളുപ്പമല്ല. ഈജിപ്‌തിൽനിന്നു ലഭിച്ചിട്ടുള്ള തെളിവുകളും ക്രീറ്റന്‍ ജനതയുടെ ഭൗതികജീവിതാവശിഷ്‌ടങ്ങളും മാത്രമാണ്‌ ഇക്കാര്യത്തിൽ വെളിച്ചം നല്‌കുന്നത്‌. ഒരു ആസൂത്രിത കേന്ദ്രീകൃത രാഷ്‌ട്രീയ സംവിധാനം അവർക്കുണ്ടായിരുന്നിരിക്കാന്‍ സാധ്യതയില്ല. അനേകം നഗരരാഷ്‌ട്രങ്ങളായിട്ടാണ്‌ ഈജിയന്‍ ജനത കഴിഞ്ഞുപോന്നത്‌. അവയിൽ പ്രമുഖം നോസസ്‌ ആയിരുന്നു. സു. ബി.സി. 1400-ൽ മിനോസ്‌ രാജാവ്‌ നഗരരാജ്യങ്ങളെയെല്ലാം ഏകോപിപ്പിച്ച്‌ നോസസ്‌ തലസ്ഥാനമാക്കി ഒരു സാമ്രാജ്യം സ്ഥാപിച്ചു. മിനോസ്‌ എന്നത്‌ ഒരു രാജാവിന്റെയോ രാജവംശത്തിന്റെയോ പേരല്ലെന്നു കരുതേണ്ടിയിരിക്കുന്നു; ഈജിയന്‍ ഭരണാധികാരിയുടെ ഒരു ബിരുദം മാത്രമായിരുന്നിരിക്കണം അത്‌. ഋഷഭദൈവത്തിന്റെ പ്രതിപുരുഷനും പുരോഹിതനുമായിരുന്നു രാജാവ്‌. പില്‌ക്കാലങ്ങളിൽ സിയൂസ്‌ദേവന്റെ പുത്രനായി മിനോസ്‌ കരുതപ്പെട്ടു. രാജ്യം ഭരിക്കുന്നതിനുവേണ്ടി സൃഷ്‌ടിക്കപ്പെട്ട ദൈവപുത്രനായും അദ്ദേഹം വാഴ്‌ത്തപ്പെട്ടു വന്നു. 9 വർഷത്തെ ഭരണത്തിനുശേഷം ഭരണത്തെക്കുറിച്ചുള്ള വിശദമായ ന്യായീകരണം ദൈവസന്നിധിയിൽ സമർപ്പിക്കുവാന്‍ മിനോസ്‌ ബാധ്യസ്ഥനായിരുന്നു. ഈ ദേവാലയ സന്ദർശനം ജനങ്ങള്‍ക്കാകമാനം ഉത്‌കണ്‌ഠയുളവാക്കിയിരുന്നു. മിനോസിന്‌ ദൈവപ്രീതി ലഭിക്കുന്നതിനുവേണ്ടി കൂട്ടപ്രാർഥനയ്‌ക്കും വ്രതാനുഷ്‌ഠാനങ്ങള്‍ക്കും പുറമേ ജനങ്ങള്‍ ഏഴു യുവാക്കളെയും ഏഴു യുവതികളെയും ദൈവത്തിനു ബലിയർപ്പിക്കുമായിരുന്നു. പ്രാർഥനകള്‍കൊണ്ട്‌ ദൈവം പ്രീതനാകുന്നുവെങ്കിൽ 9 വർഷംകൂടി ഭരിക്കുന്നതിന്‌ മിനോസിന്‌ അവകാശം ലഭിക്കും. ദിവ്യനിയമങ്ങളനുസരിച്ച്‌ വ്യവസ്ഥാപിതവും അലംഘനീയങ്ങളുമായ ഉത്തരവുകള്‍ വഴി നീതിപുലർത്തുകയെന്നതായിരുന്നു മിനോസിന്റെ പ്രധാനചുമതല. രാജാവ്‌ ശക്തനായിരുന്നെങ്കിലും ഒരിക്കലും ഏകാധിപതിയായിരുന്നില്ല.

വാസ്‌തുവിദ്യ. ഈജിയന്‍ സംസ്‌കാരമഹിമ പ്രസരിച്ചു കാണുന്നത്‌ നോസസിലും മൈസീനിലും അവർ പടുത്തുയർത്തിയ രാജകൊട്ടാരങ്ങളിലാണ്‌. പല നിലകളിലുള്ള ഈ കൊട്ടാരങ്ങളിൽ വീതിയേറിയ ഏണിപ്പടികള്‍ ഘടിപ്പിച്ചിരുന്നു. മച്ചുകളെ താങ്ങിനിർത്തിയ ഉരുണ്ട മരത്തൂണുകള്‍ അടിഭാഗം ശോഷിച്ച്‌ വലുപ്പം കുറഞ്ഞ പീഠങ്ങളിലാണ്‌ ഉറപ്പിച്ചിരുന്നത്‌. ചെറുമെത്തയുടെ രൂപമുള്ള മകുടാഗ്രങ്ങള്‍ ഈ തൂണുകളുടെ പ്രത്യേകതയായിരുന്നു. ചുവരുകള്‍ വർണച്ചിത്രങ്ങള്‍കൊണ്ട്‌ അലങ്കരിച്ചിരുന്നു. ഇടയ്‌ക്കിടെ ഗാലറികളും കല്ലുകൊണ്ട്‌ അവയ്‌ക്കുള്ള മച്ചുകളും വാസ്‌തുശില്‌പകലയിൽ അവർക്കുണ്ടായിരുന്ന വൈദഗ്‌ധ്യത്തെ സൂചിപ്പിക്കുന്നു. കമാനങ്ങള്‍ പണിയുന്നതിനും അവർക്കു കഴിയുമായിരുന്നു. സാധാരണക്കാരുടെ ഗൃഹങ്ങളും വളരെയേറെ വിസ്‌തൃതിയും സൗകര്യങ്ങളും ഉള്ളവയായിരുന്നുവെന്നു ഗവേഷണം തെളിയിച്ചിട്ടുണ്ട്‌. പക്ഷേ ഉപയോഗക്ഷമതയ്‌ക്ക്‌ മുന്‍തൂക്കം നല്‌കിയിരുന്നതുകൊണ്ട്‌ പറയത്തക്ക കലാമേന്മ അവയ്‌ക്കില്ലാതെയായി.

ചിത്രരചന. ചിത്രരചനയിൽ, പ്രത്യേകിച്ച്‌ ചുവർച്ചിത്രങ്ങളിൽ, അവർ അതീവ തത്‌പരരായിരുന്നു. പൊതുസ്ഥാപനങ്ങളും രാജകൊട്ടാരങ്ങളും ദേവാലയങ്ങളും വർണശബളമായ ചായങ്ങള്‍ കൊണ്ടലങ്കരിച്ചിരുന്നു. നിറങ്ങളുടെ സൃഷ്‌ടിപരമായ കഴിവിനെക്കുറിച്ചുള്ള ബോധമോ യഥാതഥാവിഷ്‌കാരപടുതയോ ഈജിയന്‍ കലാകാരന്മാർക്ക്‌ ഇല്ലായിരുന്നു. അതുകൊണ്ടായിരിക്കണം മുഖത്തിന്റെ ഒരു വശത്തു കച്ചിന്റെ മുഴുവന്‍ ഭാഗവും വരച്ചു വയ്‌ക്കുന്നതിന്‌ അവർ ഒരുമ്പെട്ടത്‌. ഷേഡിങ്‌ (shading) കല അവർക്കജ്ഞാതമായിരുന്നതുപോലെ തന്നെ വസ്‌തുക്കളെ ശരിയായി നോക്കിക്കണ്ട്‌ ആവിഷ്‌കരിക്കുന്നതിനും അവർക്കു കഴിവില്ലായിരുന്നു. നായാട്ടു രംഗങ്ങള്‍, കപ്പൽയാത്ര, പിന്‍കാലുകളിൽ ഇരുന്നു വിശ്രമിക്കുന്ന വന്യജീവികള്‍, കാളപ്പോരിന്റെ രംഗങ്ങള്‍ എന്നിവയായിരുന്നു അവർക്ക്‌ കൂടുതൽ ഇഷ്‌ടപ്പെട്ട വിഷയങ്ങള്‍. കോപ്പവാഹകന്‍, "സ്വർണം കെട്ടിയ വെള്ളിപ്പാത്രം പിടിച്ചുകൊണ്ടു നില്‌ക്കുന്ന ക്രീറ്റന്‍ യുവാവ്‌', "കാളപ്പോര്‌', "പറക്കും മത്സ്യം' എന്നിവ ഇക്കൂട്ടത്തിൽ അവശേഷിച്ചിട്ടുണ്ട്‌.

പ്രതിമാശില്‌പം. പ്രതിമാനിർമാണത്തിലും അവർ നൈപുണ്യം നേടിയിരുന്നു. സുപ്രസിദ്ധമായ "സിംഹകവാട' ത്തിൽ കാവൽ നില്‌ക്കുന്ന സിംഹപ്രതിമകള്‍ അവരുടെ കലാപരമായ കഴിവുകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. മൃഗങ്ങളുടെ ചലനാത്മകവും ഭാവപൂർണവുമായ ജീവിതരീതികള്‍ അവർ ചായത്തിൽ പകർത്തി. കച്ചുകളുന്തി, വായ്‌ പൊളിച്ച്‌, തല കുടഞ്ഞുകൊണ്ട്‌ മുന്നോട്ടായുന്ന കാളക്കൂറ്റന്‍ ശത്രുവിന്റെ മാത്രമല്ല പ്രക്ഷകരുടെയും പേടിസ്വപ്‌നമാണ്‌. കല്ലുകൊണ്ടുള്ള പാത്രങ്ങളും മുദ്രകളും ആനക്കൊമ്പിൽ കൊത്തിയെടുത്ത പ്രതിമകളും മറ്റും അവരുടെ നിർമാണകലയുടെ സുന്ദരമായ ആവിഷ്‌കരണമായി ഗണിക്കപ്പെടുന്നു. ശരീരമാകെ പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞു നില്‌കുന്ന അവരുടെ "ഉരഗദേവത', ചായം കൊടുത്ത്‌ മിനുസപ്പെടുത്തിയ മണ്‍കോലങ്ങള്‍ സൃഷ്‌ടിക്കുന്നതിൽ അവർക്കുണ്ടായിരുന്ന വൈദഗ്‌ധ്യത്തിന്റെ ഉത്തമനിദർശനമാണ്‌. മണ്‍പാത്രനിർമാണത്തിലും ഇവർ പ്രഗല്‌ഭരായിരുന്നു. മുട്ടത്തോടുപോലെ ലോലമായ മണ്‍പാത്രങ്ങള്‍ക്ക്‌ കറുപ്പുനിറവും മിനുമിനുപ്പും നല്‌കിയിരുന്നു. പ്രകൃതിദൃശ്യങ്ങള്‍, ചെടികള്‍, കടൽജീവിതം, പറവകള്‍ എന്നിവയുടെ ചിത്രങ്ങള്‍ കടുത്തചായങ്ങളിൽ വരച്ച്‌ പാത്രങ്ങള്‍ മോടിപ്പിടിപ്പിക്കുകയും ചെയ്‌തിരുന്നു. അന്തരീക്ഷസമ്മർദങ്ങള്‍ക്ക്‌ തികച്ചും വഴങ്ങി ഇലകള്‍ ചലിപ്പിച്ചു നില്‌ക്കുന്ന ചെടികളും ചുറ്റുപാടുകള്‍ പുറപ്പെടുവിക്കുന്ന ശബ്‌ദങ്ങളെ തിരിച്ചറിഞ്ഞ്‌ പറന്നകലുവാന്‍ ജാഗരൂകരായി നില്‌ക്കുന്ന പക്ഷിമൃഗാദികളും അവരുടെ കലാസൃഷ്‌ടികള്‍ക്കു വിഷയീഭവിച്ചിരുന്നു.

മതവിശ്വാസങ്ങള്‍. ഈജിയന്‍ ജനതയുടെ ആദ്യകാല മതം തികച്ചും അപരിഷ്‌കൃതമായിരുന്നു. എന്തിനെയും ആരാധിക്കുന്ന മനോഭാവമായിരുന്നു അവരുടേത്‌. ഒലീവ്‌, പന, പൈന്‍ മുതലായ മരങ്ങള്‍, നദികള്‍, സ്‌തംഭങ്ങള്‍, പാറകള്‍, ആകാശം, നക്ഷത്രം, കടൽ, മൃഗങ്ങള്‍, ഇരട്ടക്കോടാലി, കാള, സ്വസ്‌തിക മുതലായവ അവരുടെ ദേവതകളായിത്തീർന്നു. വീടുകളിലും പൊതുസ്ഥലങ്ങളിലും സ്‌തൂപങ്ങള്‍ നിർമിച്ച്‌ അവയുടെ മീതെ ഏതെങ്കിലും ഒരു വിശിഷ്‌ട വസ്‌തു വയ്‌ക്കുക എന്നത്‌ അത്യാവശ്യമായി അവർ കരുതി. ഇടിവാളിന്റെയും മരണത്തിന്റെയും പ്രതീകമായിരുന്നു കോടാലി. ദൈവികശക്തിയുള്ള മൃഗമായി കാള കരുതപ്പെട്ടതുകൊണ്ട്‌ അതിനെ ബലിയർപ്പിക്കുന്നവന്‍ അനന്യസാധാരണമായ കായികശക്തി കൈവരിക്കുമെന്ന്‌ അവർ വിശ്വസിച്ചു. മാതൃദേവിയായിരുന്നു ഏറ്റവും പ്രാചീനവും പ്രധാനിയും ആയ ദൈവം. മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രഭവകാരകയായി മാതൃദേവി ആദരിക്കപ്പെട്ടു. മരങ്ങള്‍ വളരുന്നതും പൂവും കായും അണിയുന്നതും ഈ ദേവിയുടെ ഇച്ഛാശക്തി കൊണ്ടാണെന്ന്‌ അവർ കരുതി. ദിനരാത്രങ്ങളും ഫലഭൂയിഷ്‌ഠതയും ജനനമരണങ്ങളും ആ ദേവിയുടെ സൃഷ്‌ടിയത്ര; സർപ്പവും മാടപ്രാവും മാതൃദേവിയുടെ വ്യത്യസ്‌ത സ്വഭാവവിശേഷങ്ങളുടെ പ്രതീകങ്ങളാണ്‌. പാതാളലോകത്ത്‌ നാഗരൂപത്തിലും ഭൂമിയിൽ വന്യമൃഗരൂപത്തിലും സ്വർഗത്തിൽ കപോതരൂപത്തിലും ഈ ദേവത വിരാജിച്ചു. സൃഷ്‌ടിയുടെ പ്രതീകമാകുന്നതിലേക്കു ഒരു പുരുഷരൂപം എക്കാലവും അവർ ഇതിന്റെ കൂടെ ചേർത്തുവന്നിരുന്നു. കോലാടിന്റെ പാൽ കുടിക്കുന്ന ആ പുരുഷരൂപം ജന്മം കൊണ്ടത്‌ ഭൂമിദേവിയിൽ നിന്നാണെന്ന്‌ വിശ്വസിക്കപ്പെട്ടു. ആ പുരുഷരൂപത്തിന്റെ സന്തതസഹചാരി സിംഹമായിരുന്നു. മനുഷ്യരൂപവും മൃഗരൂപവും അതിനു സ്വീകാര്യമായി. മനുഷ്യരൂപത്തിൽ കാളയായും അതു പ്രത്യക്ഷപ്പെട്ടു. മിനോസ്‌ പിന്നീട്‌ "സിയൂസ്‌' ആയി രൂപാന്തരപ്പെട്ടു; ഭൂമിയെ ഫലഭൂയിഷ്‌ഠമാക്കിയതും ഈ ശക്തിവിശേഷം തന്നെയായി കരുതപ്പെട്ടു. അമരത്വത്തിന്റെ പ്രതീകമായ ഈ ചൈതന്യം മൃത്യു, പുനർജന്മം എന്നിവയിലൂടെ മുന്നോട്ടു നീങ്ങി. മാതൃദേവിക്ക്‌ അമിതമായ പ്രധാന്യം നല്‌കിയിരുന്നതുകൊണ്ട്‌ ഈജിയന്‍ സമുദായജീവിതത്തിലും മതാനുഷ്‌ഠാനങ്ങളിലും സ്‌ത്രീകള്‍ക്കു മാന്യമായ സ്ഥാനമാണ്‌ ഉണ്ടായിരുന്നത്‌.

മതപരമായ ചടങ്ങുകള്‍ നിർവഹിച്ചിരുന്ന വേളകളിൽ രാജാവ്‌ സ്‌ത്രണ വസ്‌ത്രങ്ങളാണ്‌ ധരിച്ചിരുന്നത്‌. പക്ഷേ പ്രത്യേക ദേവാലയങ്ങളോ അതിബൃഹത്തായ ബിംബങ്ങളോ അവർക്കില്ലായിരുന്നു. ചെറിയ ബിംബങ്ങളെയും സ്‌ത്രീകളെയും പൂജിക്കയായിരുന്നു പതിവ്‌. മൃഗബലി ദേവപ്രീതിക്ക്‌ അത്യാവശ്യമായിരുന്നു. കാളയും പന്നിയുമായിരുന്നു ബലിമൃഗങ്ങള്‍, സുഗന്ധവസ്‌തുക്കള്‍ പുകയ്‌ക്കുക, ദേവന്മാർക്ക്‌ ഭക്ഷണം നല്‌കുക, പാട്ടു പാടുക എന്നിവ സാധാരണ ചടങ്ങുകളിൽ പെട്ടിരുന്നതായി കരുതേണ്ടിയിരിക്കുന്നു. ഒലീവ്‌ മരം മുറിക്കുക, കാളപ്പോര്‌ നടത്തുക, നൃത്തം ചെയ്യുക, സദ്യ നടത്തുക മുതലായവയ്‌ക്ക്‌ മതപരമായ പ്രാധാന്യം അവർ കല്‌പിച്ചിരുന്നതായി കാണാം. കൊയ്‌ത്തുവേളകളിൽ സംഗീതവും നൃത്തവും അത്യാവശ്യമായിരുന്നു. സ്‌ത്രീകള്‍ കൈകോർത്തു പിടിച്ചുകൊണ്ട്‌ ചെയ്യുന്ന നൃത്തങ്ങളും പുരുഷന്മാർ ഒറ്റയ്‌ക്കും കൂട്ടായും ചെയ്യുന്ന നൃത്തങ്ങളും മതപരമായ ചടങ്ങുകളിൽ പെട്ടിരുന്നു. ഓടക്കുഴൽ വായനയിൽ അവർക്ക്‌ പ്രത്യേകാഭിരുചി ഉണ്ടായിരുന്നു. അപ്പോളോദൈവം ആവിഷ്‌കരിച്ചതാണത്ര പുല്ലാങ്കുഴൽ. പുല്ലാങ്കുഴൽ വായനയിൽ സ്‌ത്രീകളും അത്യധികം സാമർഥ്യം പ്രകടിപ്പിച്ചിരുന്നു.

പരേതാരാധന. മരിച്ചവരുടെ ആത്മാക്കള്‍ ഭൂമിയിൽ അവരുടെ ബന്ധുമിത്രാദികളുടെ സമീപം തങ്ങിനില്‌ക്കുമെന്നവർ വിശ്വസിച്ചു. പരേതാത്മാക്കളുടെ സുഖത്തിനുവേണ്ടി പ്രവർത്തിക്കേണ്ട ബാധ്യത ജീവിച്ചിരിക്കുന്നവർക്കുണ്ടായിരുന്നു. മൃതദേഹം വീടിനോടടുത്തു തന്നെയാണ്‌ മറവുചെയ്‌തിരുന്നത്‌. പഴയ രൂപം നിലനിർത്തുന്നതിനു വേണ്ടി മരിച്ചയാളുടെ മുഖത്ത്‌ സ്വർണം കൊണ്ടുള്ള മുഖാവരണം വയ്‌ക്കുക സാധാരണയായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന എല്ലാ ഉപകരണങ്ങളും മൃതദേഹത്തോടൊപ്പം കല്ലറകളിൽ നിക്ഷേപിക്കുക പതിവായിരുന്നു. മരിച്ചയാളിന്റെ അന്തസ്സനുസരിച്ചുള്ള പരിഗണനകള്‍ നല്‌കുകയായിരുന്നു പതിവ്‌.

ഈജിയന്‍ ജനതയുടെ ലേഖനകലയെപ്പറ്റി ഒന്നും അറിഞ്ഞു കൂടാ. കാരണം അവരുടെ ഭാഷ ഇന്നും അജ്ഞാതമാണ്‌. എ.ഡി. 13-ഉം 14-ഉം ശതകങ്ങളിൽ യൂറോപ്പിൽ വാണിരുന്ന ചക്രവർത്തിമാരുടെ പ്രൗഢിയും ആർഭാടജീവിതവും മിനോസ്‌ രാജാക്കന്മാർ പുലർത്തിയിരുന്നുവെന്ന്‌ ചില ചരിത്രവിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഏതായാലും ഗ്രീക്കുകാർക്ക്‌ മാർഗദർശനം നല്‌കുന്നതിന്‌ ഈജിയന്‍ ജനതയ്‌ക്കു കഴിഞ്ഞു എന്ന കാരണംകൊണ്ടു തന്നെ ഗ്രീക്കുസംസ്‌കാരത്തെ ഈജിയന്‍ സംസ്‌കാരത്തിന്റെ പുത്രി എന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌.

(പ്രാഫ. എ.ജി.മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍